2026ഓടെ റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനം എസ്-400 ൻ്റെ രണ്ട് യൂണിറ്റുകൾ കൂടി ഇന്ത്യക്ക് ലഭിക്കും. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് കരാർ പ്രകാരം ശേഷിക്കുന്ന എസ്-400 യൂണിറ്റുകളുടെ കൈമാറ്റം വൈകിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുത്ത എസ്-400 സംവിധാനം രാജ്യത്തിന് ശക്തമായ പ്രതിരോധ കവചം തീർത്തിരുന്നു.
റഷ്യ വികസിപ്പിച്ച ദീര്‍ഘദൂര ഭൂതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്-400. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇന്ത്യ ഫലപ്രദമായി തകർത്തത് എസ്- 400 ഉപയോഗിച്ചായിരുന്നു.
2018 ഒക്ടോബറിലാണ് എസ്-400 സംവിധാനത്തിൻ്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി അഞ്ച് ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചത്. അമേരിക്കയുടെ കടുത്ത എതിർപ്പ് മറികടന്നായിരുന്നു കരാർ. 24 മാസത്തിനകം എസ്-400 യൂണിറ്റുകൾ ലഭ്യമാക്കുമെന്നായിരുന്നു റഷ്യ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ നിരവധി കാരണങ്ങളാല്‍ വിതരണം വൈകി. പിന്നീട് 2021ലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. മൂന്നെണ്ണം ഇതിനകം നൽകി. ഇനി കൈമാറാനുള്ള രണ്ട് യൂണിറ്റുകൾ അടുത്ത വർഷത്തോടെ ഇന്ത്യക്ക് കൈമാറും. വ്യോമപ്രതിരോധത്തിലും ആൻ്റി ഡ്രോൺ സംവിധാനങ്ങളിലും ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം വിപുലീകരിക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസിഡർ റോമൻ ബാബുഷ്കിൻ അറിയിച്ചു.
നിലവിലുള്ള എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ എസ്-400 യൂണിറ്റുകൾക്ക് ശേഷിയുണ്ട്. ഈ സംവിധാനത്തിൻ്റെ റഡാറുകൾക്ക് 600 കിലോമീറ്റർ അകലെയുള്ള വ്യോമഭീഷണികളെ ട്രാക്ക് ചെയ്യാൻ സാധിക്കും. 400 കിലോമീറ്റർ ദൂരത്തിൽ വെച്ച് തന്നെ ശത്രു ഡ്രോണുകളും മിസൈലുകളും തകർക്കാനാകും. സുദർശൻ ചക്ര എന്നാണ് എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് സായുധ സേന നൽകിയിരിക്കുന്ന പേര്. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന എസ്-400 സംവിധാനവും അടുത്ത വർഷം സേനയുടെ ഭാഗമായേക്കും.