WORLD

"ഹൈദറിന്റെ നാമത്തില്‍"; കൊല്ലപ്പെട്ടെന്ന് ട്രംപ് സ്ഥിരീകരിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഖമനേയിയുടെ എക്‌സില്‍ ആ പോസ്റ്റ് എങ്ങനെ വന്നു?

ആദ്യഘട്ടത്തില്‍ ഖമനേയി കൊല്ലപ്പെട്ടെന്ന യുഎസ്-ഇസ്രയേല്‍ വാദം ഇറാന്‍ മാധ്യമങ്ങള്‍ തള്ളിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണം സ്ഥിരീകരിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ചര്‍ച്ചയാകുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് എക്‌സില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെട്ട് മിനുട്ടുകള്‍ക്ക് മുമ്പാണ് ട്രംപ് ഖമനേയിയുടെ മരണം സ്ഥിരീകരിക്കുന്നത്.

"ഹൈദറിന്റെ (അലി ഇബ്നു അബീത്വാലിബ്) നാമത്തില്‍, അദ്ദേഹത്തിന്മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ," എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഇറാനിലെയും മറ്റ് ഷിയാ സമൂഹങ്ങളിലെയും പ്രസംഗകരും കവികളും തങ്ങളുടെ വാക്കുകള്‍ക്ക് കരുത്ത് പകരാന്‍ ഈ വാചകം ഉപയോഗിക്കാറുണ്ട്. അലി (റി)വിന്റെ ധീരതയെയും പാണ്ഡിത്യത്തെയും സ്മരിച്ചുകൊണ്ട് ഒരു കാര്യം ആരംഭിക്കുന്നു എന്നതാണ് ഇതിന്റെ അര്‍ഥം. ഇമാം അലിയോടുള്ള ആദരവും അദ്ദേഹത്തിന്റെ ധീരതയെ മാതൃകയാക്കുന്നതുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഖമനേയി കൊല്ലപ്പെട്ടെന്ന യുഎസ്-ഇസ്രയേല്‍ വാദം ഇറാന്‍ മാധ്യമങ്ങള്‍ തള്ളിയിരുന്നു. ഇറാനിയന്‍ മാധ്യമമായ ഐആര്‍എന്‍എ ആയിരുന്നു ഖമനേയിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ആദ്യം വാര്‍ത്ത നിഷേധിച്ചത്. മറ്റു ഇറാന്‍ ന്യൂസ് ഏജന്‍സികളായ തസ്‌നിം, മെഹര്‍ എന്നീ മാധ്യമങ്ങളും ഖമനേയി സുരക്ഷിതമാണെന്ന തരത്തില്‍ ആദ്യഘട്ടത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു.

അതേസമയം ഏറെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ഇതിന് പ്രതികാരം ചെയ്യാതടങ്ങില്ല എന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഐആര്‍ജിസി പറഞ്ഞു.

എന്നാല്‍ എക്‌സില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നില്ല. മറ്റാരെങ്കിലും പോസ്റ്റ് ചെയ്തതായിരിക്കാമെന്നാണ് പിന്നീടുള്ള വിലയിരുത്തല്‍.

ഏറ്റവും ക്രൂരരായ തീവ്രവാദികളാലും കൊലയാളികളാലും രക്തസാക്ഷിത്വം വരിക്കുക എന്നത്, ആ മഹാനായ നേതാവിന്റെ സത്യസന്ധതയ്ക്കും അദ്ദേഹത്തിന്റെ നിസ്വാര്‍ഥമായ സേവനങ്ങള്‍ക്കുള്ള അംഗീകാരത്തിനുമുള്ള അടയാളമാണ് എന്ന് ഐആര്‍ജിസി വ്യക്തമാക്കി.

ഇറാന്‍ മാധ്യമങ്ങളായ ഫര്‍സ് ന്യൂസിനും തെസ്‌നീമുമാണ് ഖമനേയി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഓഫീസില്‍ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടുകളാണ് ഇറാന്‍ സ്ഥിരീകരിച്ചത്.

SCROLL FOR NEXT