ന്യൂഡൽഹി: നോബൽ സമ്മാന ജേതാവും ബംഗ്ലാദേശിൻ്റെ ഇടക്കാല ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനസ് നിയമവിരുദ്ധവും അക്രമാസക്തവുമായ ഭരണമാണ് നടത്തുന്നതെന്നും നടത്തുകയാണെന്നും രാജ്യത്തെ ഭീകരതയിലേക്കും നിയമരാഹിത്യത്തിലേക്കും തള്ളിവിടുകയാണെന്നും അവർ ആരോപിച്ചു.
ഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്‌സ് ക്ലബ്ബിൽ ഓഡിയോ സന്ദേശത്തിലൂടെ സംസാരിക്കവെയാണ് ഹസീന യൂനസിനെതിരെ വിമർശനം ഉന്നയിച്ചത്. സ്വന്തം നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെ ബംഗ്ലാദേശിൻ്റെ പരമാധികാരത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള ഒരു അസ്തിത്വ പോരാട്ടമാണെന്നും ഹസീന വിശേഷിപ്പിച്ചു. 'സേവ് ഡെമോക്രസി ഇൻ ബംഗ്ലാദേശ്' എന്ന പേരിൽ നടന്ന പരിപാടിയിൽ ഹസീനയുടെ അവാമി ലീഗ് സർക്കാരിലെ നിരവധി മുൻ മന്ത്രിമാരും ബംഗ്ലാദേശി പ്രവാസികളും പങ്കെടുത്തിരുന്നു.
യൂനുസിനെ "കൊലപാതക ഫാസിസ്റ്റ്", "പലിശക്കാരൻ", "പണക്കൊതിക്കാരൻ", "അധികാരക്കൊതിയനായ രാജ്യദ്രോഹി" എന്നിങ്ങനെയാണ് ഹസീന സംസാരത്തിലുടനീളം വിശേഷിപ്പിച്ചത്. രാജ്യം "ഒരു വലിയ ജയിലാണെന്നും, മരണത്തിൻ്റെ താഴ്‌വര" ആയി ചുരുങ്ങിയിരിക്കുകയാണെന്നും അവർ പറഞ്ഞു. തീവ്രവാദ ശക്തികളും വിദേശ താൽപ്പര്യങ്ങളും രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഹസീന ആരോപിച്ചു. ഗൂഢാലോചനയിലൂടെ തന്നെ അധികാരത്തിൽ നിന്ന് ബലമായി പുറത്താക്കി എന്ന വാദവും ഹസീന ആവർത്തിച്ചു.
മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടതായും, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നും, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങൾ അനിയന്ത്രിതമായി വളരുകയാണ് അതിന് ശേഷമെന്നും ഹസീന പറഞ്ഞു. തലസ്ഥാനം മുതൽ ഗ്രാമങ്ങൾ വരെ ആൾക്കൂട്ട ആക്രമണം നടക്കുകയാണെന്നും ജീവനും സ്വത്തിനും സുരക്ഷയില്ലെന്നും ഹസീന കുറ്റപ്പെടുത്തി.
ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനും സൃഷ്ടിക്കുന്നതിനുമായി അവർ യൂനുസ് ഭരണകൂടത്തെ നീക്കം ചെയ്യണമെന്നും ഹസീന ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ പുതിയതും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ഹസീന ആവശ്യപ്പെട്ടു.