ഫോട്ടോ സെൻസർ ചെയ്തതിന് പിന്നാലെ ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗ് വിളിച്ച് ക്ഷമാപണം നടത്തിയെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കില്ലെന്ന് സുക്കർബർഗ് ഉറപ്പ് നൽകിയതായും യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കൂടിയായ ട്രംപ് പറഞ്ഞു. ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൻ്റെ ചിത്രങ്ങൾ സെൻസർ ചെയ്തതിനെ തുടർന്ന് ക്ഷമാപണവുമായി മെറ്റ പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ ഡാനി ലിവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വധശ്രമത്തിന് ശേഷം പലതവണയായി സുക്കർബർഗ് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നായിരുന്നു ട്രംപിൻ്റെ വാദം. വധശ്രമത്തിനിടെ ചെവിക്ക് പരുക്കേറ്റിട്ടും മുഷ്ടി ചുരുട്ടി പോരാടാൻ ആഹ്വാനം ചെയ്യുന്ന ട്രംപിൻ്റെ ചിത്രമായിരുന്നു ഫെയ്സ്ബുക്ക് അബദ്ധത്തിൽ സെൻസർ ചെയ്തത്.
"മാർക്ക് സുക്കർബർഗ് എന്നെ വിളിച്ചിരുന്നു. കുറച്ച് തവണ വിളിച്ചെങ്കിലും ഞാൻ തിരക്കിലായിരുന്നു. പിന്നീട് വളരെ കഴിഞ്ഞാണ് സുക്കർബർഗിനോട് സംസാരിക്കാൻ കഴിഞ്ഞത്. അന്ന് ആക്രമണമുണ്ടായ ദിവസമുള്ള നിങ്ങളുടെ പ്രതികരണം ശരിക്കും അത്ഭുതകരമായിരുന്നെന്നും ഒരു ധീരപ്രവർത്തിയായിരുന്നെന്നും സുക്കർബർഗ് പറഞ്ഞു. അന്ന് ഞാൻ ചെയ്ത കാര്യത്തിന് എന്നെ ബഹുമാനിക്കുന്നതിനാൽ അദ്ദേഹത്തിന് ഒരു ഡെമോക്രാറ്റിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് സുക്കർബർഗ് പ്രഖ്യാപിച്ചു." അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ ട്രംപിനെയോ ജോ ബൈഡനെയോ പിന്തുണയ്ക്കാൻ തീരുമാനമില്ലെന്ന് സുക്കർബർഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പങ്കാളിയാവാൻ താൽപര്യമില്ലെന്നും സുക്കർബർഗ് വ്യക്തമാക്കിയിരുന്നു.