സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ രവി മോഹൻ, ബേസിൽ ജോസഫ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണം പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുത്തില്ല.
തിരുവനന്തപുരം നിശാഗന്ധിയിൽ തിരി തെളിഞ്ഞത് സംസ്ഥാനത്തുടനീളമുള്ള ഓണം വാരാഘോഷത്തിനാണ്. പ്രാദേശിക - ജില്ലാതലങ്ങളിൽ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾക്ക് ഇതോടെ തുടക്കമായി. തലസ്ഥാനത്ത് മാത്രം 33 വേദികളിലായി പതിനായിരത്തോളം കലാകാരന്മാർ അണിനിരക്കുന്ന പരിപാടികൾ നടക്കും. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ഓണാഘോഷ പരിപാടിയാണ് ഇത്തവണത്തേത്.
ജനപ്രതിനിധികളോടൊപ്പം സിനിമാ താരങ്ങളായ രവി മോഹന്റെയും ബേസിൽ ജോസഫിന്റെയും സാന്നിധ്യം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. മലയാളത്തിൽ ഓണാശംസകൾ പറഞ്ഞ് സംസാരിച്ചു തുടങ്ങിയ രവി മോഹൻ മുഖ്യമന്ത്രിയെയും മേയർ ആര്യ രാജേന്ദ്രനെയും പ്രശംസിക്കാനും മറന്നില്ല. പതിവ് ശൈലിയിൽ വേദിയെ ചിരിപ്പിച്ച് സംവിധായകൻ ബേസിൽ ജോസഫ് കാണികളെ കയ്യിലെടുത്തു.
മന്ത്രി വി ശിവൻകുട്ടി, മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥികൾക്കും ഓണക്കോടി സമ്മാനിച്ചു. സെപ്റ്റംബർ 9 ന് ഘോഷയാത്രയോടെയാണ് ഓണാഘോഷം സമാപിക്കുക. മാനവീയം വീഥിയിൽ വച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഓണാഘോഷത്തിന്റെ ഭാഗമായി ഇത്തവണ ഡ്രോൺ ഷോയും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മൂലം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.