കേരള ടൂറിസം പങ്കുവെച്ച എഐ ചിത്രം Source: facebook screengrab
Onam 2025

'ഞാൻ മൊണാലിസ ഫ്രം ഇറ്റലി'; സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി കേരള സ്റ്റൈലിൽ മൊണാലിസ

കാലാതീതമായ, സുന്ദരമായ, ഐക്കണിക്, കേരള കസവു സാരി," ഇങ്ങനെ കുറിച്ചായിരുന്നു കേരള ടൂറിസം മൊണാലിസയുടെ എഐ ചിത്രം പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ട്രെൻ്റിനനുസരിച്ചുള്ള വെറൈറ്റികൾ കൊണ്ടുവരാറുണ്ട് കേരള ടൂറിസത്തിൻ്റെ സോഷ്യൽ മീഡിയ പേജ്. അത്തരത്തിൽ ഓണവുമായി ബന്ധപ്പെട്ട് കേരള ടൂറിസം പങ്കുവെച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുല്ലപ്പൂ ചൂടി, കേരള സാരിയുടുപ്പിച്ച് സാക്ഷാൽ മൊണാലിസയെ മലയാളി പെൺകുട്ടിയാക്കിയിരിക്കുകയാണ് കേരള ടൂറിസം.

"കാലാതീതമായ, സുന്ദരമായ, ഐക്കണിക്, കേരള കസവു സാരി," ഇങ്ങനെ കുറിച്ചായിരുന്നു കേരള ടൂറിസം മൊണാലിസയുടെ എഐ ചിത്രം പങ്കുവെച്ചത്. മൊണാലിസയുടെ ചിത്രത്തിന് മുകളിൽ ഐക്യത്തിൻ്റെ സംസ്ഥാനം എന്നും കുറിച്ചിട്ടുണ്ട്. ഓണം ക്യാംപയിൻ്റെ ഭാഗമായാണ് പോസ്റ്റ്. ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിനാളുകൾ ചിത്രം കണ്ടുകഴിഞ്ഞു.

അതേസമയം ചിത്രത്തെ ബോളിവുഡ് സിനിമകളിലെ മലയാളി പെൺകുട്ടികളുമായി താരതമ്യപ്പെടുത്തുകയാണ് കമൻ്റ് ബോക്സ് മുഴുവൻ. ബോളിവുഡ് സംവിധായകരുടെ സങ്കൽപ്പത്തിലെ മലയാളി പെൺകുട്ടി എന്നാണ് ഒരു ഉപയോക്താവിൻ്റെ കമൻ്റ്. മുല്ലപ്പൂ ചൂടിയ മൊണാലിസയെ കണ്ട് ഇത് 'പരംസുന്ദരി' എന്ന ചിത്രത്തിലെ സുന്ദരി ദാമോദരൻ പിള്ളയാണോ? ഇത് 'ദി കേരള സ്റ്റോറി'യിലെ ശാലിനി ഉണ്ണികൃഷ്ണനാണോ എന്നിങ്ങനെ നീളുന്നു കമൻ്റുകൾ.

നേരത്തെ UK F-35യുടെ മടങ്ങിപ്പോക്കുമായി ബന്ധപ്പെട്ട കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. "കേരളം, നിങ്ങൾ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത സ്ഥലം" എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

SCROLL FOR NEXT