Onam 2025

കൊച്ചിയുടെ കായൽ സൗന്ദര്യം അടുത്തറിയാൻ 'ഓണം ക്രൂയിസ്' ഉല്ലാസയാത്ര

ആട്ടവും പാട്ടും കാഴ്ചകളും ഒത്തുചേരുന്ന ഈ യാത്ര സെപ്റ്റംബർ ഒന്ന് മുതൽ 10 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കടമക്കുടിയുടെയും വൈപ്പിൻ ദ്വീപുകളുടെയും സൗന്ദര്യം ആഘോഷിച്ച് യാത്ര ചെയ്യാൻ ഓണം ക്രൂയിസ് എത്തുന്നു. ആട്ടവും പാട്ടും കാഴ്ചകളും ഒത്തുചേരുന്ന ഈ യാത്ര സെപ്റ്റംബർ ഒന്ന് മുതൽ 10 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയുടെ കായൽ സൗന്ദര്യം അടുത്തറിയാൻ അവസരം നൽകുന്നതാണ് ഈ ഉല്ലാസയാത്ര.

പ്രകൃതിഭംഗി, പ്രാദേശിക ജീവിതരീതികൾ, ചരിത്രപരമായ കാഴ്ചകൾ എന്നിവയെല്ലാം കണ്ടു മനസിലാക്കാം. സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് ബോൾഗാട്ടി റോ-റോ ജെട്ടിയിൽ വെച്ച് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഓണം ക്രൂയിസ് ഉദ്ഘാടനം ചെയ്യും.

വൈപ്പിൻ കരയുടെയും പ്രത്യേകിച്ച് കടമക്കുടിയുടെയും പൊക്കാളി പാടങ്ങൾ, ചീനവലകൾ, ചെമ്മീൻ കെട്ടുകൾ തുടങ്ങി ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ കാണികൾക്ക് പുതിയൊരു അനുഭവമാകും. വിനോദ-വിജ്ഞാന പരിപാടികളും ക്രൂയിസിൽ ഉണ്ടാകും. യാത്രയ്ക്കിടെ വിവിധ കരകളിൽ ഇറങ്ങാനും കലാപരിപാടികൾ ആസ്വദിക്കാനും അവസരമുണ്ട്. ചെറുവഞ്ചികൾ, കയാക്കിങ്, പെഡൽ സൈക്ലിംഗ് തുടങ്ങിയ വിനോദങ്ങളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.

അഞ്ച് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 550 രൂപയാണ് നിരക്ക്. എന്നാൽ, മുതിർന്നവരും കുട്ടികളുമടക്കം 200 പേർക്ക് സൗജന്യയാത്ര നൽകുമെന്ന് എംഎൽഎ. അറിയിച്ചു. വൈപ്പിൻകരയുടെയും കടമക്കുടിയുടെയും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ ക്രൂയിസ് സഹായകമാകും.

വിനോദവും വിജ്ഞാനവും ഒരുമിക്കുന്ന ഈ ഓണക്കാല ബോട്ടുയാത്ര, കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയെ അറിഞ്ഞ് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം ആയിരിക്കുമെന്നും എംഎൽഎ പറഞ്ഞു.

SCROLL FOR NEXT