
കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. മന്ത്രി എം.ബി. രാജേഷ് അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം അത്തം പതാക ഫ്ലാഗ് ഓഫ് ചെയ്യും. അത്തം നഗറിൽ ഉയർത്താനുള്ള പതാക രാജ കുടുംബാംഗങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ ചെയർപേഴ്സൺ ഏറ്റുവാങ്ങി.
ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഒൻപത് മണിക്കാണ് മന്ത്രി എം.ബി. രാജേഷ് അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുക. 9.30ന് വ്യവസായ മന്ത്രി പി. രാജീവ് അത്ത പതാക ഉയർത്തും. തുടർന്ന് നഗരം ചുറ്റിയുള്ള ഘോഷയാത്ര നടൻ ജയറാം ഫ്ലാഗ് ഓഫ് ചെയ്യും.
ഇത്തവണ ഭിന്നശേഷി സൗഹൃദമാണ് അത്തച്ചമയം. ഭിന്നശേഷി വിദ്യാർഥികളാണ് ഉദ്ഘാടന വേദിയിലെ താരങ്ങൾ. 300ലധികം കലാകാരന്മാരും തനതു കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അത്തച്ചമയത്തിൽ അണിനിരക്കും. രണ്ട് മണിയോടെ ഘോഷയാത്ര ബോയ്സ് ഹൈസ്കൂളിൽ തിരിച്ചെത്തും. അത്തം ഘോഷയാത്രയ്ക്ക് ശേഷം വാക്കത്തോണും നടക്കും.
450ലധികം പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ, വലിയ വാഹനങ്ങളും ബസുകളും തൃപ്പൂണിത്തുറയിൽ പ്രവേശിക്കാതെ കരിങ്ങാച്ചിറ വഴിയും മിനി ബൈപ്പാസ് വഴിയും തിരിഞ്ഞു പോകണമെന്നും പൊലീസിൻ്റെ നിർദ്ദേശമുണ്ട്.