ഓണവില്ല് സമർപ്പണം Source: News Malayalam 24x7
Onam 2025

ഐതിഹ്യവും ആചാരവും സമന്വയിക്കുന്ന ഓണവില്ലുകൾ; നാളെ പത്മനാഭസ്വാമിക്ക് സമർപ്പിക്കും

41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ നിർമിക്കുന്ന ആറ് ജോഡി വില്ലുകളാണ് തിരുവോണനാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചിങ്ങ മാസത്തിലെ തിരുവോണനാളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ഓണവില്ല് സമർപ്പണം. ഐതിഹ്യവും ആചാരവും സമന്വയിക്കുന്ന ഓണവില്ലുകൾ തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബത്തിലുള്ളവരാണ് തയ്യാറാക്കുന്നത്. പത്മനാഭസ്വാമിയുടെ ചിത്രത്തിൽ മൂന്നടി വലിപ്പത്തിൽ നിർമിച്ച അനന്ത ചൈതന്യ വില്ലാണ് ഇത്തവണത്തെ ഓണവില്ല് സമർപ്പണത്തിലെ പ്രത്യേക ഇനം.

പാതാളത്തിലേക്ക് പോകുന്നതിന് മുമ്പ് വാമന അവതാരം പൂണ്ട മഹാവിഷ്ണുവിനോട് വിശ്വരൂപം കാണണമെന്ന് മഹാബലി ചക്രവർത്തി അപേക്ഷിച്ചു. തുടർന്ന് വാമനനോട് ഭഗവാൻ വിശ്വരൂപം കാണിക്കുന്നു. സന്തുഷ്ടനായ മഹാബലി ഒരു ആഗ്രഹവും കൂടി പ്രകടിപ്പിച്ചു. വരുംകാലങ്ങളിൽ ഭഗവാനെടുക്കുന്ന അവതാരങ്ങളെക്കുറിച്ച് അറിയണമെന്ന്, അപേക്ഷ കേട്ട മഹാവിഷ്ണു വിശ്വകർമ ദേവനോട് ദശാവതാരം വരച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. കാലാകാലങ്ങളിൽ തൻ്റെ അനുചരന്മാർ സമർപ്പിക്കുന്ന ഈ ചിത്രങ്ങൾ മഹാബലി ചക്രവർത്തിക്ക് ദർശിക്കാം എന്നും വാഗ്ദാനം നൽകുന്നു.ഇതാണ് ഓണവില്ല് സമർപ്പണത്തിന് പിന്നിലെ ഐതിഹ്യമായി കണക്കാക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിൻ്റെ ആകൃതിയാണ് വില്ലുകൾക്ക് ഉണ്ടാകുക. ദേവഗണത്തിൽപ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയാണ് വില്ല് നിർമാണത്തിന് ഉപയോഗിക്കുന്നത്. പഞ്ചവർണ്ണങ്ങളിൽ മൂന്ന് വലിപ്പത്തിലുള്ള വില്ലുകളാണ് സമർപ്പണത്തിനായി തയ്യാറാക്കുന്നത്.

41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ നിർമിക്കുന്ന ആറ് ജോഡി വില്ലുകളാണ് തിരുവോണനാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ഇവ തിരുവോണം മുതൽ മൂന്നുദിവസം വിഗ്രഹത്തിന് ഇരുവശങ്ങളിലുമായി ചാർത്തിയിരിക്കും. തുടർന്ന് തിരുവിതാംകൂർ രാജകുടുംബത്തിലെ പൂജാമുറിയിൽ ഒരു വർഷക്കാലം ഇവ സൂക്ഷിച്ച് വയ്ക്കും.

SCROLL FOR NEXT