മലബാറുകാർക്ക് സുപരിചിതമായ പേരാണ് ഓൺപ്പൊട്ടൻ. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വീടുകളിലെത്തുന്ന തെയ്യമാണ് ഓണപ്പൊട്ടന്‍. ഒരു തരത്തിൽ പറഞ്ഞാൽ മലബാറുകാരുടെ മാവേലിത്തമ്പുരാൻ എന്ന നിലയിലാണ് ഓണപ്പൊട്ടനെ കാണക്കാക്കുന്നത്.
ഓണേശ്വരന്‍ എന്നും ഓണപ്പൊട്ടൻ അറിയപ്പെടാറുണ്ട്. ഓണത്തിന്റെ വരവറിയിച്ചാണ് ഓണപ്പൊട്ടൻ എത്താറുള്ളത്. നാൽപ്പത്തിയൊന്നു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച് പൂജ നടത്തിയാണ് ഓണപ്പൊട്ടന്മാർ ഈ വേഷം കെട്ടുക.
നേരം വെളുക്കുന്നതോടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നൽകി മറ്റ് വീടുകളിലേക്ക് ഐശ്വര്യ പ്രാര്‍ത്ഥനകളുമായി ഓണപ്പൊട്ടന്‍ തിരിക്കും. ഒരിടത്തും നില്‍ക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടൻ്റേത്. പരമാവധി വീടുകളിലെത്താനുള്ള പ്രയത്‌നമാണത്. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. ഇടയ്ക്കിടെ താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണി കിലുക്കിയാണ് വരവ്. ഓണപ്പൊട്ടന്‍ വാ തുറന്ന് ഒന്നും ഉരിയാടാറില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന വിളിപ്പേര് ഉണ്ടായതെന്നാണ് ഐതിഹ്യം.