കേരളത്തിൻ്റെ വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമോ? 
OPINION

കേന്ദ്ര ഊർജ ചട്ടം: കേരളത്തിൻ്റെ വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമോ?

2014-ൽ വെറും 2.82 ജിഗാവാട്ട് മാത്രമായിരുന്ന ഇന്ത്യയുടെ സോളാർ സ്ഥാപിത ശേഷി, ഏകദേശം 62 മടങ്ങ് വളർച്ച കൈവരിച്ച് 2026 ഒക്ടോബർ 31 ആയപ്പോഴേക്കും 175 ജിഗാവാട്ടിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്

Author : പി.പി. പ്രശാന്ത്

ഒരു പതിറ്റാണ്ട് മുൻപ് വരെ നമ്മുടെ രാജ്യത്തിന്റെ ആകെ വൈദ്യുതോൽപ്പാദനത്തിൽ സൗരോർജത്തിന് വളരെ ചെറിയൊരു സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് കഥ മാറി. രാജ്യത്തെ പുനരുപയോഗ ഊർജ ശേഷിയിലെ ഏറ്റവും വലിയ വിഹിതം ഇന്ന് സൗരോർജമാണ്. 2014-ൽ വെറും 2.82 ജിഗാവാട്ട് മാത്രമായിരുന്ന ഇന്ത്യയുടെ സോളാർ സ്ഥാപിത ശേഷി, ഏകദേശം 62 മടങ്ങ് വളർച്ച കൈവരിച്ച് 2026 ഒക്ടോബർ 31 ആയപ്പോഴേക്കും 175 ജിഗാവാട്ടിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. ഈ വലിയ വളർച്ചയ്ക്കിടയിലാണ് സോളാർ ഉപയോക്താക്കളെയും വൈദ്യുതി വിതരണ കമ്പനികളെയും നേരിട്ട് ബാധിക്കുന്ന നിർണ്ണായകമായ നിയമഭേദഗതികളുമായി കേന്ദ്ര ഊർജമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

ടൈം ഓഫ് ഡേ താരിഫ് അഥവാ ടി.ഒ.ഡി ബില്ലിങ്, നിർബന്ധിത ബാറ്ററി സ്റ്റോറേജ്, നെറ്റ് മീറ്ററിങ് നിയന്ത്രണങ്ങൾ എന്നിവയൊക്കെയാണ് പുതിയ കരടുചട്ടത്തിലുള്ളത്. കേരളത്തിലെ ആകെ 1.4 കോടി വൈദ്യുതി ഉപയോക്താക്കളിൽ ഏകദേശം നാലര ലക്ഷത്തോളം പേർ സോളാർ പ്രൊസ്യൂമേഴ്സാണ്. ഇവരുടെയെല്ലാം മനസ്സിൽ ഇപ്പോൾ ഒരു വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. ഈ പുതിയ മാറ്റങ്ങൾ തങ്ങൾക്ക് വലിയൊരു തിരിച്ചടിയാകുമോ? ലാഭകരമായി മുന്നോട്ട് പോയിരുന്ന സോളാർ പദ്ധതികൾ ഇനി നഷ്ടത്തിലാകുമോ? അതേസമയം, മറുവശത്ത്, വൈദ്യുതി ക്ഷാമത്താൽ നട്ടം തിരിയുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിതമായി കിട്ടിയ വരദാനമാണ് ഈ കരട് ചട്ടത്തിലെ നിർദേശങ്ങൾ. ഈ പുതിയ സാഹചര്യം എങ്ങനെയാണ് അവർക്ക് ഒരു വലിയ അനുഗ്രഹമായി മാറുന്നത്?

കേന്ദ്ര ഊർജ ചട്ടം: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമോ?

ആദ്യം എന്താണ് കേന്ദ്രത്തിന്റെ പുതിയ കരടുചട്ടത്തിലുള്ള പ്രധാന മാറ്റങ്ങൾ എന്ന് നോക്കാം...ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടി.ഒ.ഡി അഥവാ ടൈം ഓഫ് ഡേ താരിഫ് ആണ്. അതായത്, ഒരു ദിവസത്തെ വ്യത്യസ്ത സമയങ്ങളിൽ വൈദ്യുതിക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്ന രീതിയാണിത്. പകൽ സമയത്ത് സോളാർ വൈദ്യുതി സുലഭമായതിനാൽ നിരക്ക് കുറവായിരിക്കും.എന്നാൽ വൈകുന്നേരങ്ങളിലും രാത്രിയിലും, അതായത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുന്ന പീക്ക് സമയങ്ങളിൽ, വൈദ്യുതി ചാർജ് കൂടും.നേരത്തെ 2028 ഏപ്രിലിൽ ഇത് രാജ്യമാകെ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് വൈകിയതിനാൽ സമയപരിധി 2029 ഏപ്രിൽ ഒന്നിലേക്ക് നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര ഊർജമന്ത്രാലയം അറിയിക്കുന്നുണ്ട്.

എങ്കിലും, 10 കിലോവാട്ടിന് മുകളിൽ ഡിമാൻഡുള്ളവർക്ക് 2028 ഏപ്രിൽ ഒന്നു മുതൽ ഇത് ബാധകമാകും. പീക്ക്, നോൺ-പീക്ക് നിരക്കുകൾ എത്രയാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സംസ്ഥാന റഗുലേറ്ററി കമ്മിഷനുകൾക്ക് നൽകിയിരിക്കുകയാണ്...അടുത്ത പ്രധാന മാറ്റം ബാറ്ററി എനർജി സ്റ്റോറേജ് നിർബന്ധമാക്കുന്നു എന്നതാണ്. 2028 ഏപ്രിൽ ഒന്നു മുതൽ, 10 കിലോവാട്ടിന് മുകളിൽ ശേഷിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നവർ, ദിവസേന ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 20 ശതമാനം, ബാറ്ററിയിൽ സംഭരിച്ചു വെക്കണം. സംസ്ഥാന റഗുലേറ്ററി കമ്മിഷന് ഈ പരിധിയിൽ മാറ്റം വരുത്താൻ അധികാരമുണ്ട്.ഇതോടൊപ്പം തന്നെ, നെറ്റ് മീറ്ററിങ് ചാർജിലും മാറ്റം വരുന്നുണ്ട്. 5 കിലോവാട്ടിന് മുകളിൽ നെറ്റ് മീറ്ററിങ്ങുള്ള സോളാർ പ്ലാന്റ് ഉടമകളിൽ നിന്ന് പ്രത്യേക ചാർജ് ഈടാക്കാൻ ആദ്യ കരടിൽ നിർദ്ദേശമുണ്ടായിരുന്നു... ഈ പരിധി എത്രയാകണമെന്ന് തീരുമാനിക്കാനും സംസ്ഥാന കമ്മിഷനുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.

സോളാർ ആഘാതം എങ്ങനെ, എത്ര​ത്തോളം ?

നിലവിൽ കേരളത്തിലെ സോളാർ ഉൽപ്പാദകർക്ക് ഏറ്റവും വലിയ നേട്ടം നൽകുന്നത് നെറ്റ് മീറ്ററിങ് സംവിധാനമാണ്. അതായത്, പകൽ സമയത്ത് വീട്ടിലെ സോളാർ പ്ലാന്റ് ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്ന അതേ അളവ് വൈദ്യുതി, രാത്രിയിൽ യാതൊരു അധിക ചെലവുമില്ലാതെ നമുക്ക് തിരികെ ഉപയോഗിക്കാം. അധികം ഉപയോഗിക്കുന്ന യൂണിറ്റിന് മാത്രം പണം നൽകിയാൽ മതി.എന്നാൽ പുതിയ ചട്ടങ്ങൾ നടപ്പാകുന്നതോടെ ഈ ചിത്രം മാറും. ടി.ഒ.ഡി താരിഫ് വരുന്നതോടെ, പകൽ നിങ്ങൾ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് കുറഞ്ഞ വിലയും, രാത്രി നിങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ വിലയും കണക്കാക്കുന്ന സാഹചര്യം വരും... ഇതോടെ നിലവിൽ കിട്ടിക്കൊണ്ടിരുന്ന ലാഭം കുറയുകയും, അടയ്‌ക്കേണ്ട വൈദ്യുതി ബിൽ കൂടുകയും ചെയ്യും.മാത്രമല്ല, ഗ്രിഡ് ഉപയോഗിക്കുന്നതിനുള്ള പ്രസരണ-വിതരണ നഷ്ടം കൂടി കണക്കിലെടുത്ത്, 2027 ഏപ്രിൽ മുതൽ നിശ്ചിത പരിധിക്ക് മുകളിലുള്ള ഉപയോഗത്തിന് പ്രത്യേക നിരക്ക് ഈടാക്കാനും നീക്കമുണ്ട്. 10 കിലോവാട്ടിന് മുകളിൽ പ്ലാന്റുള്ളവർ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം ബാറ്ററിയിൽ സൂക്ഷിക്കണമെന്ന് കേരള റെഗുലേറ്ററി കമ്മിഷൻ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിനെത്തുടർന്ന് സോളാർ ഉപയോക്താക്കൾ വ്യാപകമായി എതിർപ്പ് ഉയർത്തുകയും ഇൗ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ ലഭിക്കുകയും ചെയ്തു.

കേന്ദ്രത്തിന്റെ പുതിയ ചട്ടത്തിൽ ഇത് 20 ശതമാനം വരെയാക്കാനാണ് നിർദ്ദേശിക്കുന്നത്. ബാറ്ററി സംവിധാനം കൂടി ഏർപ്പെടുത്തേണ്ടി വരുന്നത് സോളാർ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവ് കുത്തനെ കൂട്ടും.അതേസമയം, ചെറിയ ഗാർഹിക ഉപയോക്താക്കൾക്ക്, അതായത് 3 കിലോവാട്ട്, 5 കിലോവാട്ട് പ്ലാന്റുകൾ ഉള്ളവർക്ക് ഉടൻ വലിയ ആശങ്ക വേണ്ട.. കാരണം, നിരക്കുകളും പരിധികളും നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന കമ്മിഷനാണ്. എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സൗജന്യമായി ഗ്രിഡിനെ ഒരു ബാറ്ററി പോലെ ഉപയോഗിച്ചിരുന്ന രീതിക്ക് മാറ്റം വരുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ഒരു തിരിച്ചടി തന്നെയാണ്.കരട് ചട്ടം നിലവിലുള്ളവർക്ക് ബാധകമാകുമോ, പുതുതായി പ്ലാൻറുകൾ സ്ഥാപിക്കുന്നവർക്കാണോ ബാധകമാകുക, ഈ നിർദേശത്തിൽ സംസ്ഥാന റഗുലേറ്ററി കമീഷൻ എന്തൊക്കെ തീരുമാനങ്ങളെടുക്കും എന്നീ കാര്യങ്ങൾ അറിയാനിരിക്കുന്നതേ ഉള്ളൂ.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമോ?

സംസ്ഥാനത്ത് നിലവിൽ നാലര ലക്ഷത്തോളം ഉപയോക്താക്കളിലൂടെ 2200 മെഗാവാട്ട് പുരപ്പുറ സോളാർ ശേഷിയാണുള്ളത്.ഇതിലൂടെ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്ന 8.8 ദശലക്ഷം യൂണിറ്റിൽ ആറ് ദശലക്ഷം യൂണിറ്റോളം അധിക വൈദ്യുതി പകൽ സമയത്ത് ഗ്രിഡിലേക്ക് എത്തുകയാണ്. ഇതേത്തുടർന്ന് പകൽ വൈദ്യുതി അധികമാകുന്നതോടെ കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി പോലും കെഎസ്ഇബിക്ക് കാലങ്ങളായി സറണ്ടർ ചെയ്യേണ്ടി വരുന്നു.സോളാർ ഉൽപാദകരാകട്ടെ, അവരുടെ ഉൽപാദനത്തിന്റെ 55 ശതമാനവും വൈകുന്നേരങ്ങളിലെ പീക്ക് സമയത്താണ് തിരികെ ഉപയോഗിക്കുന്നത്. പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതിക്ക് പകരമായി, രാത്രി വൈദ്യുതി ആവശ്യകത ഏറെയുള്ള പീക്ക് സമയത്തെ യൂണിറ്റിന് എട്ടും പത്തും രൂപയുടെ പുറംവൈദ്യുതി സോളാർ ഉപയോക്താക്കൾക്ക് തിരികെ നൽകേണ്ടിവരുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ പ്രതിസന്ധിക്ക് ഒരേയൊരു പരിഹാരം ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനമാണ്.നിലവിൽ രണ്ട് തരത്തിലാണ് ബാറ്ററികൾ സ്ഥാപിക്കാൻ കഴിയുന്നത്. ഒന്ന് ഉപയോക്താക്കൾ നേരിട്ട് സ്ഥാപിക്കുന്ന രീതി, മറ്റൊന്ന് കെ.എസ്.ഇ.ബി തന്നെ മുൻകൈയെടുത്ത് വൻകിട ബാറ്ററി നിലയങ്ങൾ സ്ഥാപിക്കുന്ന രീതി...ഇപ്പോൾ വന്ന കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിർദേശം നടപ്പാകുമ്പോൾ കെ.എസ്.ഇ.ബി മുൻകൈയെടുത്ത് സബ്സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 1000 മുതൽ 1500 മെഗാവാട്ട് വരെ ശേഷിയുള്ള ബാറ്ററി സ്റ്റോറേജുകൾ സ്ഥാപിച്ചാൽ, പകൽ അധികമുള്ള സോളാർ വൈദ്യുതി സംഭരിച്ച് വെക്കാനും പീക്ക് സമയത്ത് സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വിതരണം ചെയ്യാനും സാധിക്കും. ഇതിനായി കെ.എസ്.ഇ.ബി കൈയിൽ നിന്ന് വലിയ തുക മുടക്കേണ്ടതില്ല. കാസർഗോഡ് മൈലാട്ടിയിലും മറ്റും നടപ്പാക്കുന്നത് പോലെ സ്വകാര്യ നിക്ഷേപത്തിലൂടെ ടെണ്ടർ വിളിച്ച് കുറഞ്ഞ ചെലവിൽ ഇത് നടപ്പാക്കാം.ഇങ്ങനെ ചെയ്താൽ നിലവിൽ ലഭ്യമായ 4400 മെഗാവാട്ടിനൊപ്പം ബാറ്ററി സ്റ്റോറേജിലൂടെ 1600 മെഗാവാട്ട് കൂടി ചേർക്കാനായാൽ ആകെ ലഭ്യത 6000 മെഗാവാട്ട് വരെയായി ഉയരുകയും, പീക്ക് അവറിലെ വൈദ്യുതി ക്ഷാമം സംസ്ഥാനത്തിനകത്ത് നിന്ന് തന്നെ പൂർണ്ണമായി പരിഹരിക്കാനും സാധിക്കും..

കെഎസ്ഇബിക്ക് കിട്ടിയ അപ്രതീക്ഷിത വരദാനം

ഏതായാലും ഈ കേന്ദ്ര ചട്ടം , കെ.എസ്.ഇ.ബിയെ സംബന്ധിച്ചിടത്തോളം പകൽ ഉൽപ്പാദിപ്പിക്കുന്ന ഹരിതോർജം പാഴാക്കാതെ രാത്രിയിലെ ഇരുട്ടകറ്റാൻ ഉപയോഗിക്കാനുള്ള സുവർണ്ണാവസരമാണ്. മുള്ളേരിയയും മൈലാട്ടിയും പോലുള്ള വമ്പൻ ബാറ്ററി സംഭരണശാലകളും, പുതിയ നയപരമായ മാറ്റങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിയാൽ, പീക്ക് അവറിലെ വൈദ്യുതി പ്രതിസന്ധിയെ മറികടക്കാനും സാമ്പത്തികമായി കരകയറാനും കെ.എസ്.ഇ.ബിക്ക് സാധിക്കുമെന്നതിൽ സംശയമില്ല... ഇവിടെ മറ്റൊരു പ്രധാന കാര്യം, ബാറ്ററികൾ ആര് സ്ഥാപിക്കണം എന്നതാണ്.ഉപയോക്താക്കൾ നേരിട്ട് ബാറ്ററി വെച്ചാൽ ആ നാലര ലക്ഷം പേരുടെ ആവശ്യങ്ങൾ മാത്രമേ നടക്കുകയുള്ളൂ. അവരെ ബോധ്യപ്പെടുത്തി വൻകിട ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാനുള്ള വഴികൾ തേടുകയാണ് കെഎസ്ഇബി ചെയ്യേണ്ടത്.സംസ്ഥാനം പ്രതീക്ഷിക്കുന്നതും അതാണ്.

SCROLL FOR NEXT