കെയ്‌റോയിലെ തഹ്രീർ ചത്വരത്തിൽ അറബ് വസന്തത്തിൻ്റെ അലയൊലികൾ അലയടിച്ചപ്പോഴും, ബീജിംഗിലെ ടിയാനൻമെനിൽ പൗരാവകാശങ്ങൾക്കായി യുവത്വം ടാങ്കുകളെ നെഞ്ചുവിരിച്ചു നേരിട്ടപ്പോഴും, പാരീസിൻ്റെ റിപ്പബ്ലിക് ചത്വരവും ലണ്ടൻ്റെ ട്രാഫൽഗർ സ്ക്വയറും ഭരണകൂടങ്ങളെ വിറപ്പിച്ച ജനകീയ മുന്നേറ്റങ്ങൾക്ക് വേദിയായപ്പോഴും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രതിരോധ ഭൂപടത്തിൽ ആ വിപ്ലവ ചത്വരങ്ങളുടെയെല്ലാം തുല്യശക്തിയായി നിലകൊണ്ട ഒരിടമുണ്ടായിരുന്നു ഡൽഹിയിലെ ജന്തർ മന്തർ. നക്ഷത്രങ്ങളുടെ സഞ്ചാരപഥം അളക്കാൻ കല്ലുകളിൽ പണിതുയർത്തിയ ഒരു പുരാതന വാനനിരീക്ഷണ ശാല, കാലാന്തരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മനസ്സാക്ഷിയെത്തന്നെ അളന്നുതിട്ടപ്പെടുത്തുന്ന രാഷ്ട്രീയ പോർക്കളമായി രൂപാന്തരപ്പെട്ട് വിസ്മയമായിത്തീർന്നത് ചരിത്രമാകുകയാണ്. പാർലമെന്റിൻ്റെ പടിവാതിൽക്കൽ കണ്ണീരും ചോരയും മുദ്രാവാക്യങ്ങളും പടർത്തി, അധികാരത്തിൻ്റെ ഇടനാഴികളിലേക്ക് ജനാധിപത്യത്തിൻ്റെ ശരികേടിനെതിരെ ചോദ്യശരങ്ങൾ പായിച്ച ആ ഐതിഹാസിക ചത്വരം ഇപ്പോൾ പ്രതിഷേധങ്ങളുടെ കേളികൊട്ടൊഴിഞ്ഞ് നിശബ്ദതയിലേക്ക് വിടപറയുന്നു. അതേസമയം ജന്തർമന്തർ തിരിച്ചുപിടിക്കാനുള്ള ആഹ്വാനത്തിനും പ്രതിഷേധത്തിനും ഡൽഹിയിലെ തെരുവുകൾ വേദിയാവുകയാണ്.
ജന്തർമന്തർ അടച്ചുപൂട്ടി പ്രതിഷേധത്തിന്റെ വാ മൂടാനാകുമോ?
നക്ഷത്രങ്ങളുടെ ചലനങ്ങളും ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളും അളന്നുതിട്ടപ്പെടുത്താൻ പതിനെട്ടാം നൂറ്റാണ്ടിൽ സവായ് ജയ് സിംഗ് രണ്ടാമൻ പടുത്തുയർത്തിയ ജന്തർ മന്തർ, പിന്നീട് ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ സമരവേദിയായി മാറിയത് സമാനതകളില്ലാത്ത ചരിത്രമാണ്. മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെ നിർദ്ദേശപ്രകാരം കല്ലിലും കുമ്മായത്തിലും തീർത്ത ഈ വാനനിരീക്ഷണ കേന്ദ്രം കാലാന്തരത്തിൽ സാധാരണക്കാരന്റെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമായി രൂപാന്തരപ്പെട്ടു. എന്നാൽ, ഡൽഹി പോലീസ് ഈ ഐതിഹാസിക ഇടത്തെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഔദ്യോഗികമായി ഒഴിവാക്കുമ്പോൾ, അവിടെ നിന്ന് പിൻവാങ്ങുന്നത് വെറും പ്ലക്കാർഡുകളും മൈക്കുകളും മാത്രമല്ല. രാജ്യത്തിന്റെ അധികാരിവർഗ്ഗത്തോട് നേർക്കുനേർ നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ ജനങ്ങൾക്ക് ലഭിച്ചിരുന്ന ഏറ്റവും ശക്തമായ ഒരു സമരഭൂമിയാണ്.
പാർലമെന്റിൻ്റെ പടിവാതിൽക്കൽ നിന്ന് വെറും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള ഈ വഴിത്താര ഭരണകൂടത്തിന്റെ കാതുകളുടെ തൊട്ടുതാഴേയായിരുന്നു. തലസ്ഥാനത്തിന്റെ വിദൂരമായ തുറസ്സുകളിലേക്ക് സമരങ്ങളെ നാടുകടത്തുമ്പോൾ, ജനരോഷത്തിന്റെ കാഠിന്യം അധികാരകേന്ദ്രങ്ങൾക്ക് അലോസരമുണ്ടാക്കാത്ത വിധം നിശബ്ദമാക്കുക എന്നൊരു അർത്ഥം കൂടി അതിനുണ്ട്. അഴിമതിക്കെതിരെ രാജ്യം മുഴുവൻ ഇളക്കിമറിച്ചുകൊണ്ട് അണ്ണാ ഹസാരെ നടത്തിയ ലോക്‌പാൽ നിരാഹാര സമരം ചരിത്രം കുറിച്ചത് ഇതേ മണ്ണിലാണ്. രാജ്യത്തെ പെൺമക്കളുടെ സുരക്ഷയ്ക്കായി നീതി തേടി യുവത്വം കണ്ണീരോടെ ഒഴുകിയെത്തിയ ‘ നിർഭയ പ്രക്ഷോഭ’ത്തിന്റെ കൊടുങ്കാറ്റും ഏറ്റുവാങ്ങിയത് ജന്തർ മന്തറിലെ കല്ലുപാകിയ തെരുവുകളാണ്. പൗരത്വ നിയമത്തിനെതിരെ തടിച്ചുകൂടിയ പതിനായിരങ്ങളുടെ പ്രതിഷേധവും, രാജ്യത്തിന് അഭിമാനമായ വനിതാ ഗുസ്തി താരങ്ങൾ നീതിക്കായി മാസങ്ങളോളം തെരുവിൽ കിടന്നു നടത്തിയ കണ്ണീരിന്റെ പോരാട്ടങ്ങളും ഈ വേദിയെ ലോകശ്രദ്ധയിലേക്ക് ഉയർത്തി. പിന്നീട് സിജെപിയുടെ ഐതിഹാസിക സമരത്തിനാണ് ജന്തർമന്തർ വേദിയായത്.
ജന്തർമന്തറിന് പകരം മൂന്നിടങ്ങൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഡൽഹി പൊലീസാണ് കഴിഞ്ഞ ദിവസം ജന്തർ മന്തറിൻ്റെ അംഗീകാരം പിൻവലിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയായിരുന്നു തീരുമാനം. ജന്തർ മന്തറിന് പകരം ഡൽഹിയിലെ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചത്.
സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ഈ സ്ഥലങ്ങളിൽ അനുമതി നൽകും. പുതിയ വേദികളിൽ സമരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കാനിരിക്കുകയാണ്. പാർലമെന്റിനും പ്രധാന സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതോടെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ നേരിട്ട് പ്രതിഷേധമെത്തിക്കാനുള്ള അവസരമാണ് പരിമിതപ്പെടുന്നത്. ജനങ്ങളുടെ പ്രതിഷേധമാണ് ഏകാധിപതികളെ ഏറ്റവും കൂടുതൽ അലട്ടുന്നതെന്നും ജന്തർ മന്തറിലെ സമരങ്ങൾ വിലക്കിയതുപോലെ നാളെ നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യത്തെയും ഇല്ലാതാക്കുമെന്നുമായിരുന്നു സിജെപി നേതാവ് അഭിജിത് ദിപ്കെയുടെ പ്രതികരണം.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നൽകാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച സിജെപി പ്രവർത്തകർ മിന്നൽ പ്രതിഷേധവുമായി പൊലീസിനെ ഞെട്ടിക്കുകയും ചെയ്തു…ജന്തർമന്തറിൽ പ്രവേശിച്ച അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അഭിജീത് ദീപ്കെ എക്സിൽ കുറിച്ചു. ജന്തർമന്തർ തിരിച്ചുപിടിക്കുക എന്ന ആഹ്വാനവുമായി ഇടതു യുവജന സംഘടനകളുടെ പ്രതിഷേധത്തിനും ഡൽഹി വേദിയായി.
ഡിസംബർ വരെ ഒഴിവില്ലാതെ രാം ലീലാ മൈതാനം
ദല്‍ഹിയില്‍ ജന്തര്‍ മന്തറിന് പകരം പ്രതിഷേധങ്ങള്‍ നടത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച വേദികളിലൊന്നായ രാം ലീല മൈതാനം ഉപയോഗിക്കാനുള്ള ചെലവ് എത്രയാണ് എന്നറിയാമോ? പ്രതിദിനം 50,000 രൂപ. 55,000 രൂപ സെക്യൂരിറ്റി ഡെപോസിറ്റ് … ഇതിനു പുറമെ നികുതിയും. ആകെ ഒരു ദിവസത്തെ ബുക്കിംഗിന് ഏകദേശം 1.21 ലക്ഷം രൂപ ചെലവാണ് വരിക.
12 ഏക്കറിലുള്ള രാം ലീല മൈതാനത്ത് പരമാവധി 50,000 പേരെ വരെ ഉള്‍ക്കൊള്ളുന്ന പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കാന്‍ പറ്റുക. മൈതാനത്തിന്റെ ഒരു ചെറിയ ഭാഗം നിലവില്‍ സൗജന്യമായി വിവിധ പരിപാടികള്‍ക്ക് വിട്ടുകൊടുക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗത്ത് പരമാവധി 150 പേര്‍ വരെ പങ്കെടുക്കുന്ന പരിപാടികള്‍ മാത്രമാണ് സംഘടിപ്പിക്കാന്‍ കഴിയുക. വലിയ ഡിമാൻഡുള്ള രാം ലീല മൈതാനം ഏതാണ്ട് മൂന്ന് മാസത്തേക്ക് ബുക്കിങ്ങിന് ലഭ്യവുമല്ല. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനം വരെ മൈതാനം പ്രതിഷേധ പരിപാടികള്‍ക്കായി വിട്ടുകിട്ടാന്‍ സാധ്യത കുറവാണ്.രാം ലീല മൈതാനം സമരവേദിയാക്കി നിശ്ചയിച്ചതിനെതിരെ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.
പുതിയ സമരവേദികൾ പ്രതിഷേധങ്ങൾക്ക് കിട്ടാക്കനി ആകുമോ?
2017 ഒക്ടോബറിൽ ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽവിലക്കേർപ്പെടുത്തിയപ്പോൾ, ധർണ്ണകൾ നടത്താനുള്ള ബദൽ വേദിയായി നിർദ്ദേശിച്ചത് രാംലീല മൈതാനമായിരുന്നു. എന്നാൽ, പ്രതിദിനം 1.2 ലക്ഷം രൂപ ബുക്കിംഗ് ഫീസായി നൽകേണ്ടി വന്നതും, പാർലമെന്റിൽ നിന്ന് ഏറെ അകലെയാണെന്നതും കാരണം ഈ നിർദ്ദേശം അന്ന് വേണ്ടത്ര ഫലം കണ്ടില്ല. രാംലീല മൈതാനത്തിൽ തണലോ പൊതു ശൗചാലയങ്ങളോ ഇല്ല. മൈതാനത്തിന്റെ വലിയ വിസ്തൃതി ചെറിയ പ്രതിഷേധ സംഘങ്ങൾക്ക് തിരിച്ചടിയാകാറുമുണ്ട്. മറ്റൊരു പ്രതിഷേധസ്ഥലമായി നിശ്ചയിച്ച സി.ബി.ഡി ഗ്രൗണ്ടിൽ ഏകദേശം 3,000 ചതുരശ്ര മീറ്റർ സ്ഥലം ബുക്ക് ചെയ്യുന്നതിന് 95,000 രൂപ സെക്യൂരിറ്റി തുക ഉൾപ്പെടെ പ്രതിദിനം 1,87,000 രൂപയാണ് നിരക്ക് വരുന്നത്.
ബുരാരി ഗ്രൗണ്ടിന്റെ ബുക്കിംഗ് ഓഫ്‌ലൈനായി നടക്കുന്നതിനാൽ ഔദ്യോഗിക വെബ്‌സൈറ്റിൽ തുക വ്യക്തമാക്കിയിട്ടില്ല. ഇതും സമാനമായ നിരക്കിലായിരിക്കുമെന്നാണ് കരുതുന്നത്. സമരവേദികൾ എപ്പോൾ ലഭ്യമാകും എന്നതും മറ്റൊരു ആശങ്കയാണ്. ഈ മൂന്ന് പുതിയ വേദികളും വിവാഹങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ, മതപരമായ ചടങ്ങുകൾ, രാംലീല ആഘോഷങ്ങൾ എന്നിവയ്ക്കായി സ്ഥിരമായി ഉപയോഗിക്കുന്ന തുറന്ന മൈതാനങ്ങളാണ്; ഇത് പ്രതിഷേധങ്ങൾക്ക് വിട്ടുകിട്ടാൻ തടസ്സമായേക്കാം.
ജന്തർ മന്തർ എന്നത് സ്ഥലനാമം മാത്രമല്ലല്ലോ ?
പ്രതിഷേധങ്ങൾ ഒഴിഞ്ഞുകഴിയുമ്പോൾ ജന്തർ മന്തറിൽ വീണ്ടും അവശേഷിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഴയ സ്മാരകങ്ങളും സന്ദർശകരുടെ കാൽപ്പെരുമാറ്റങ്ങളും മാത്രമായിരിക്കും. എന്നാൽ ഭരണകൂടത്തിന്റെ നീതികേടുകൾക്കെതിരെ പൊരുതിനിന്ന സാധാരണ മനുഷ്യരുടെയും യുവാക്കളുടെയും ചോരയും മുദ്രാവാക്യങ്ങളും ആ കല്ലുകളിൽ മായാതെ തങ്ങിനിൽക്കും. സമരക്കാർ ഒഴിഞ്ഞുപോകുമ്പോൾ, അധികാരത്തിന്റെ ഇടനാഴികൾക്ക് താത്കാലിക ആശ്വാസം ലഭിച്ചേക്കാം; പക്ഷേ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ശക്തമായ ജനാധിപത്യ ഇടങ്ങൾ റദ്ദ് ചെയ്യുമ്പോൾ പ്രതിഷേധങ്ങൾ ഒഴിവാക്കപ്പെടും എന്ന ബോധ്യം മൗഢ്യമാണ്. പ്രതിഷേധത്തിനുള്ള വേദികൾ നിയന്ത്രിക്കുകയോ റദ്ദാക്കുകയോ ചെയ്തതുകൊണ്ട് ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന് ചരിത്രം എത്രയോ തവണ ആവർത്തിച്ച് തെളിയിച്ചിരിക്കുന്നു. നിലവിൽ ജന്തർമന്തറിലെത്താനാകാതെ; എത്തിയ ഇടം ജന്തർമന്തർ ആക്കുന്ന സമരക്കാരുടെ പ്രതിഷേധങ്ങളെ ഇതൊന്നും ബാധിക്കുന്നതേ ഇല്ല. കാരണം ജന്തർമന്തർ എന്നത് പ്രത്യേക സ്ഥലനാമം അല്ലാതാക്കുകയും ‘പ്രതിഷേധിക്കാനുള്ള ഇടം’ എന്നാക്കി മാറ്റിയതും ഡൽഹി പൊലീസ് തന്നെയാണല്ലോ. വേദികൾ അടച്ചുപൂട്ടുകയോ നിയന്ത്രിക്കുകയോ ചെയ്യുമ്പോൾ പ്രതിഷേധങ്ങൾ അവിടെത്തെ തെരുവുകളിലേക്കും ഇടവഴികളിലേക്കും പടരുകയാണ് ചെയ്യുക. പാറ്റപ്പെരുമഴ കണക്കേ, ഡൽഹിയിൽ നിന്ന് പ്രതിഷേധം സംസ്ഥാനങ്ങളിലേക്കും അവിടെത്തെ നഗരങ്ങളിലേക്കും പടരട്ടേ. അത് തന്നെയാണ് ഇപ്പോൾ പ്രതിഷേധ കൂട്ടായ്മകൾ നൽകുന്ന സമരസന്ദേശവും.