ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം തുടരാമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കോക്രോച്ച് ജനതാ പാർട്ടി രംഗത്തെത്തിക്കഴിഞ്ഞു. ഉത്തരവ് അപായമണിയാണെന്നും പൊലീസ് നടപടി തുടർന്നാൽ സമരം പുന:രാരംഭിക്കുമെന്നും സിജെപി അറിയിച്ചു. രാജ്യമെങ്ങുമുണ്ടായ അക്രമത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് അതിക്രമങ്ങള്‍ പരിശോധിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും സുപ്രീം കോടതി സൂചന നല്‍കി. അതേസമയം വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും പിൻവലിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് സിജെപി ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് സിജെപിയുടെ സമരത്തിൽ പങ്കെടുത്തത് പോക്സോ കേസ് പ്രതികളടക്കം 2873 ക്രിമിനലുകളാണെന്ന കണക്ക് ഡൽഹി പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.
വിദ്യാർഥി വേട്ടയാടൽ തുടരുമോ?
വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും പിൻവലിക്കുമെന്ന് വാക്കാലല്ലാതെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. സർക്കാറിന്‍റെ ഭാഗത്തുനിന്നുള്ള ഈ നിശബ്ദതയും അനാസ്ഥയും രാജ്യത്തെ യുവജനങ്ങളോടുള്ള വലിയ വഞ്ചനയാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് വിമർശിച്ചു. ഡൽഹിയിൽ മാത്രമല്ല ബിജെപി അല്ലെങ്കിൽ എൻഡിഎ ഭരണത്തിലുള്ള ഏത് സംസ്ഥാനത്തായാലും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ ഒഴിവാക്കുമെന്നാണ് സർക്കാർ നേരത്തെ വാഗ്ദാനം നൽകിയിരുന്നത്. ചൊവ്വാഴ്ചക്കകം ഇതിൽ വ്യക്തമായ തീരുമാനം അറിയിക്കാമെന്ന് സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും അവസാന സമയം വരെ യാതൊരു രേഖാമൂലമുള്ള ഉറപ്പും നൽകിയില്ല. വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ച സൗരവ് ദാസ് അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി വീണ്ടും ശക്തമായ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സിജെപിയുമായുള്ള ധാരണ അറിയാമായിരുന്നിട്ടും കോടതിയിൽ ഇടക്കാല ഉത്തരവിനെ സർക്കാർ അഭിഭാഷകൻ എതിർത്തില്ല. ഉറപ്പിന്റെ വിവരങ്ങൾ എത്രയും പെട്ടെന്ന് കോടതിയെ അറിയിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. അക്രമങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ സംസ്ഥാനങ്ങൾക്ക് അന്വേഷണം തുടരാമെന്ന നിർദ്ദേശത്തിൽ അവർ ആശങ്ക രേഖപ്പെടുത്തി. അതേസമയം ഡൽഹിയിൽ സമരം നടത്തിയ പ്രക്ഷോഭകർക്കെതിരായ പൊലീസ് നടപടി സാധാരണ ക്രമസമാധാന പ്രശ്നം മാത്രമാണെന്നും ആക്റ്റിവിസത്തിൽ ഏർപ്പെടുന്ന വിദ്യാർഥികൾ ഇത്തരം സാഹചര്യം നേരിടേണ്ടിവരുമെന്നും പൊലീസ് നടപടികളെ ന്യായീകരിച്ച് മന്ത്രി ജെ.പി. നഡ്ഡ പ്രതികരിച്ചു. എ.കെ.ജി ഭവനിൽ റെയ്ഡ് നടത്തി ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസ് നടപടി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു നഡ്ഡയുടെ പ്രതികരണം. ഇത് സഭയിൽ ബഹളത്തിനിടയാക്കുകയും ചെയ്തു.
സമരത്തിൽ പോക്സോ പ്രതികളടക്കം 2873 ക്രിമിനലുകൾ
സിജെപിയുടെ സമരത്തിൽ പങ്കെടുത്തത് പോക്സോ കേസ് പ്രതികളടക്കം 2873 ക്രിമിനലുകളാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരിക്കുന്നു. ഫേഷ്യൽ റെക്കഗ്നീഷൻ സിസ്റ്റം എന്ന ബയോമെട്രിക് സംവിധാനം വഴി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഡൽഹി പോലീസ് സമരസ്ഥലത്ത് 'DP-DRISTHI', 'ഇക്ഷാന എന്നീ അത്യന്താധുനിക നിരീക്ഷണ വാനുകളും, AI സ്മാർട്ട് ഗ്ലാസുകളും, ഡ്രോണുകളും ഉപയോഗിച്ച് പ്രതിഷേധക്കാരുടെ മുഖങ്ങൾ തത്സമയം സ്കാൻ ചെയ്ത് മാസ് സർവൈലൻസ് അഥവാ കൂട്ട നിരീക്ഷണം നടത്തിയിരുന്നു. കുറ്റവാളികളെ നിരീക്ഷിക്കുന്ന പോലെ സ്വകാര്യത അവകാശ ലംഘനം നടത്തിയായിരുന്നു ചട്ടവിരുദ്ധമായ ഈ നിരീക്ഷണം നടത്തിയത്. ഈ നിരീക്ഷണത്തിന്റ വിലയിരുത്തലാണ് ഇപ്പോൾ സമരത്തിൽ പങ്കെടുത്ത ക്രിമിനലുകളുടെ കണക്കായി പുറത്തുവിട്ടിട്ടുള്ളത്.
2873 ക്രിമിനലുകളിൽ 989 പേർ കൊടും കുറ്റവാളികളും 61 പേർ ബലാത്സംഗ കേസുകളിലെ പ്രതികളുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ആറ് പേരുണ്ട്. സ്ത്രീകളെ വിവിധ തരത്തിൽ അതിക്രമത്തിന് ഇരയാക്കിയ 25 പേർ സമരത്തിനെത്തി. തട്ടിക്കൊണ്ടുപോകൽ കേസുകളിലുൾപ്പെട്ട 19 പേരും 101 പേർ കൊലപാതക കേസിലെ പ്രതികളുമാണ്. മോഷണം, കൊള്ള നടത്തിയ 284 പേർ, ആയുധങ്ങൾ കൈവശം വെച്ചതിന് പ്രതികളായ 229 പേർ, 135 പിടിച്ചുപറിക്കാർ, ലഹരിമരുന്ന് കേസുകളിലെ 67 പേർ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. കണക്കെടുപ്പ് എന്ന പേരിൽ ഇക്കാര്യം പുറത്തുവിട്ടതിന് പിന്നിൽ വിദ്യാർഥി പ്രക്ഷോഭത്തിൽ അതിക്രമങ്ങൾ നടന്നിരുന്നു എന്നും കുറ്റവാളികൾ ഉൾപ്പെടെ സമരത്തിന്റെ ഭാഗമായി എന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് വിലയിരുത്തലാണുള്ളത്.
മാസ് സർവൈലൻസ് എന്ന നിയമലംഘനം
ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം എന്നത് ഡിജിറ്റൽ ചിത്രങ്ങളിലോ വീഡിയോകളിലോ ഉള്ള മനുഷ്യരുടെ മുഖങ്ങൾ കൃത്യമായി തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. സംശയാസ്പദമായ വ്യക്തികളുടെ ഫോട്ടോകൾ മൊബൈൽ വഴി എടുത്താൽ, ഡാറ്റാബേസിലുള്ള ലക്ഷക്കണക്കിന് കുറ്റവാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കാൻ സെക്കൻഡുകൾക്കുള്ളിൽ ഇതിലൂടെയാകും.. .. പൊതുസ്ഥലങ്ങളിലെ നിരീക്ഷണത്തിനായി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളേയും സ്വകാര്യതയേയും ബാധിക്കുന്നുവെന്ന തരത്തിലുള്ള നിയമപരമായ ചർച്ചകളും കോടതി ഹർജികളും രാജ്യത്ത് നേരത്തെ സജീവമാണ്.
അതേസമയം സമരത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടാൻ സാധ്യതയുള്ള കുറ്റവാളികളെയും അനാശാസ്യ ശക്തികളെയും തിരിച്ചറിയാനാണ് ഇത് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ സമാധാനപരമായി സമരം ചെയ്യുന്ന പൗരന്മാർക്ക് മേൽ നിയമപരമായ യാതൊരു മാർഗ്ഗനിർദ്ദേശവുമില്ലാതെ നടത്തുന്ന ഈ കൂട്ട നിരീക്ഷണം ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തെയും സ്വതന്ത്രമായി പ്രതികരിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുണ്ട്.
2017ലെ പുട്ടസ്വാമി കേസ് വിധിയിലാണ് ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം 'സ്വകാര്യതയ്‌ക്കുള്ള അവകാശം' പൗരന്മാരുടെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചത്. സമരങ്ങളിൽ പങ്കെടുക്കുന്നവരുടെ മുഖം തിരിച്ചറിയുന്ന സംവിധാനങ്ങളും ബയോമെട്രിക് ഡാറ്റ ശേഖരണവും ഈ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തുന്നത്. സിജെപി സമരത്തിലെ ഡൽഹി പൊലീസിന്റെ കൂട്ട നിരീക്ഷണം അഥവാ മാസ് സർവൈലൻസിനെതിരെ എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷും, എ.എ. റഹീം എംപിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികാര നടപടി തുടങ്ങി ഡൽഹി പൊലീസ്
യുവജനപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ വേട്ടയാടുന്നതിന്റെ ഭാഗമായി എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ശ്രമിച്ചെങ്കിലും സിപിഐഎം നേതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിന്മാറിയിരുന്നു. അഞ്ച്‌വർഷം മുൻപുള്ള കേസിലാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. ശനിയാഴ്‌ച പ്രക്ഷോഭം അവസാനിച്ചതിന് ശേഷം ഐഷി, പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. വിഷയം സുപ്രീംകോടതിയെ ശ്രദ്ധയിൽപ്പെടുത്താനും അറസ്റ്റ് വാറണ്ടിനെതിരെ പട്യാല ഹൗസ് കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് സിപിഐഎം കേന്ദ്ര നേത്യത്വം. ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ജോൺ ബ്രിട്ടാസ് എംപി വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ചെന്ന് ആരോപിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചുതുടങ്ങി. നിയമവിരുദ്ധവും അധിക്ഷേപകരവുമായ ഉള്ളടക്കം നീക്കം ചെയ്യാനും വിശദീകരണം നൽകാനും ആവശ്യപ്പെട്ടാണ് നോട്ടീസ്. എത്ര അക്കൗണ്ടുകൾക്കാണ് നോട്ടീസ് നൽകിയതെന്ന കാര്യം വ്യക്തമല്ല.
സുപ്രീംകോടതിയുടെ അന്തിമ ഇടപെടൽ നിർണായകം
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്ത്യയിലെ പൗരാവകാശങ്ങളുടെയും സ്വകാര്യതയുടെയും സുപ്രധാനമായ ചോദ്യങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രംഗത്തിറങ്ങിയ വിദ്യാർഥികളുടെ പ്രതിഷേധത്തെ നേരിടാൻ ഡൽഹി പൊലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ച് നടത്തിയ മാസ് സർവൈലൻസ് വലിയ നിയമപരമായ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
മറുവശത്ത്, സമരത്തിൽ പോക്സോ കേസ് പ്രതികൾ ഉൾപ്പെടെ ക്രിമിനലുകൾ പങ്കെടുത്തു എന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലും സർക്കാരിന്റെ നിലപാടും പ്രക്ഷോഭത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനും സുരക്ഷാ മുൻകരുതലുകളെ ന്യായീകരിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ട്. സമരക്കാരുമായി ഉണ്ടാക്കിയ ധാരണകൾ ലംഘിക്കപ്പെട്ടുവെന്നും വിദ്യാർഥികളെ വേട്ടയാടുകയാണെന്നുമുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെയും ഇടതു സംഘടനകളുടെയും ആരോപണങ്ങൾ പുതിയ സമരപരമ്പരകളിലേക്ക് വഴിതെളിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. സുപ്രീംകോടതിയുടെ അന്തിമ ഇടപെടലുകളും അന്വേഷണങ്ങളും ഈ പ്രക്ഷോഭത്തുടർച്ചയ്ക്ക് എന്ത് ദിശാബോധം നൽകുമെന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.