

പെല്ലറ്റ് ആക്രമണത്തിൽ ലോഹച്ചീളുകൾ തറച്ച് മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ആളുകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറയുകയാണ്. പ്രക്ഷോഭകർക്കുനേരെ നടന്ന പെല്ലറ്റ് പ്രയോഗത്തിലും കണ്ണീർവാതക പ്രയോഗത്തിലും സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി പോലും ആവശ്യപ്പെട്ടിരിക്കുന്നു. ഒരു ദ്രുത കർമ സേനാംഗം തന്റെ പെല്ലറ്റ് തോക്കിൽ നിന്ന് ഏഴ് റൗണ്ടുകൾ വെടിയുതിർത്തതായും ഇതിൽ അഞ്ച് റൗണ്ടുകൾ പ്രതിഷേധക്കാരുടെ ശരീരത്തിൽ പതിച്ചതായും സിആർപിഎഫ് അഭ്യന്തര റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ലോഹ നിർമ്മിതമായ പെല്ലറ്റുകൾ സാധാരണക്കാരായ ജനക്കൂട്ടത്തിന് നേരെ പ്രയോഗിക്കുന്നത് മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ വളരെ അപൂർവമാണ്. ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ നേരത്തെ ഇന്ത്യയിലെ പെല്ലറ്റ് പ്രയോഗത്തിനെതിരെ ആഗോള തലത്തിൽ ശക്തമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർഥികളെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് കൊല്ലാൻ ആരാണ് ഉത്തരവിട്ടതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തുന്നത്.
പെല്ലറ്റുകൾ ആയുധവും രാഷ്ട്രീയവും ആകുമ്പോൾ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 20ന് പാർലമെന്റിലേക്ക് സിജെപി നടത്തിയ പ്രതിഷേധ മാർച്ചിനിടെ കൊണാട്ട് പ്ലേസ് മേഖലയിൽ വിന്യസിച്ചിരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് ഏഴ് റൗണ്ടുകളെങ്കിലും വെടിയുതിർത്തെന്ന റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ അഞ്ച് റൗണ്ടുകൾ പ്രതിഷേധക്കാരുടെ ശരീരത്തിലും രണ്ടെണ്ണം തറയിലുമാണ് പതിച്ചതെന്ന് കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സ് അന്വേഷണത്തിൽ കണ്ടെത്തിയതായി സിആർപിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സിജെപിയുടെ പാർലമെന്റ് മാർച്ചിൽ ഇല്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇർഷാദ് ഷെയ്ഖ്, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ സാഹിൽ ലോചബ്, ഔട്ട്‌ലുക്ക് മാഗസിനിലെ ഒരു പത്രപ്രവർത്തകൻ എന്നിവർക്കാണ് പരിക്കേറ്റത്.
പെല്ലറ്റിൽ സ്തംഭിച്ച് സഭകൾ
പ്രക്ഷോഭത്തിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അക്രമത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരിക്കുന്നു. സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും സമരം നടക്കുന്നു എന്ന കാരണം കൊണ്ടുമാത്രം ലാത്തിച്ചാർജ് അടക്കമുള്ള പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തുടനീളം ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ആവശ്യപ്പെട്ടു. ഹർജികൾ തുടർന്നുള്ള വാദത്തിനായി അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. സിജെപി മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണം അടക്കമുള്ള പൊലീസ് നടപടിയിൽ സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർഥികളെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് കൊല്ലാൻ ആരാണ് ഉത്തരവിട്ടതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരിലെ സേനയുടെ പ്രിയ ആയുധം
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള 'മാരകമല്ലാത്ത' സംവിധാനമായാണ് ലോകമെമ്പാടുമുള്ള സുരക്ഷാ സേനകൾ പെല്ലറ്റ് തോക്കുകൾ അവതരിപ്പിക്കുന്നതെങ്കിലും, ഇതിൽ നിന്നുള്ള ഗുരുതരമായ പരിക്കുകൾ കാരണം ഇതിന്റെ ഉപയോഗം എപ്പോഴും വലിയ വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്. ഇന്ത്യയിൽ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കശ്മീരിലാണ്. 2010-ലെ പ്രതിഷേധങ്ങളെത്തുടർന്നാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ അവിടെ ഇവ ആദ്യമായി അവതരിപ്പിച്ചത്. 2010 ഓഗസ്റ്റ് ആദ്യവാരത്തോടെ ജമ്മു കശ്മീർ പൊലീസ് ഈ പുതിയ 'മാരകമല്ലാത്ത തോക്കുകൾ' കൊണ്ട് സജ്ജരായി. ഓഗസ്റ്റ് 14-ന്, ബാരാമുള്ള ജില്ലയിലെ സോപോറിൽ ഏകദേശം 2,500 നാട്ടുകാർ അടങ്ങുന്ന ജനക്കൂട്ടം തെരുവിലിറങ്ങിയപ്പോൾ, പ്രാദേശിക പോലീസ് ആദ്യമായി പെല്ലറ്റ് തോക്ക് ഉപയോഗിച്ചു. അന്ന് ആരും മരിച്ചില്ലെങ്കിലും നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് 2016-ൽ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവായ ബുർഹാൻ വാനിയുടെ മരണത്തിന് ശേഷമുണ്ടായ വലിയ പ്രതിഷേധങ്ങളിലും, 2018-ലും ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതും കുട്ടികൾക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റതും വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. 2024-ൽ നടന്ന കർഷക സമരത്തിൽ ഹരിയാന അതിർത്തിയിൽ കർഷകരെ നേരിടാൻ കേന്ദ്ര സേന പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2023-ൽ മണിപ്പൂരിൽ നടന്ന വലിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിലും സുരക്ഷാ സേന പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പെല്ലറ്റ് ഗൺ എന്നത് ചെറിയ ആയുധമല്ല
ഇന്ത്യൻ സുരക്ഷാ സേനകൾക്ക് വേണ്ടിയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും നിർമ്മിക്കുന്ന മധ്യപ്രദേശിലെ 'ജബൽപൂർ ഓർഡിനൻസ് ഫാക്ടറി'യിൽ നിർമിക്കുന്ന പിൻഭാഗത്തുകൂടി വെടിയുണ്ടകൾ നിറയ്ക്കാവുന്നതും, കുഴൽ രൂപത്തിലുള്ള മാഗസിനിൽ വെടിയുണ്ടകൾ സൂക്ഷിക്കുന്നതുമായ സിംഗിള്‍ ബാരൽ തോക്കാണ് പെല്ലറ്റ് ഗൺ. വേഗത്തിലുള്ള റീലോഡിംഗ് സാധ്യമാക്കുന്നതിനാൽ പ്രത്യാക്രമണങ്ങൾക്ക് ഇത് വളരെ അനുയോജ്യമാണ്. 12 ബോറിന്റെ നാല് വെടിയുണ്ടകൾ വരെ ഇതിന്റെ മാഗസിനിൽ ഒരേസമയം സൂക്ഷിക്കാൻ കഴിയും. സാധാരണ വെടിയുണ്ടകൾക്ക് പകരം ചെറിയ ലോഹ ഉരുളകളോ റബ്ബർ പെല്ലറ്റുകളോ ആണ് ഇതിൽ നിറച്ചിരിക്കുന്നത്. ഒരു വെടിയുണ്ടയിൽ തന്നെ ഏകദേശം 600 പെല്ലറ്റുകൾ വരെയുണ്ടാകും. 300 മീറ്റർ അകലെ നിന്ന് പോലും മനുഷ്യന്റെ ചർമ്മം തുളച്ചുകയറാൻ ഈ പെല്ലറ്റുകൾക്ക് സാധിക്കും. രേഖകളിൽ ഇതൊരു "മാരകമല്ലാത്ത" ആയുധമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും, പെല്ലറ്റുകൾ ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും കണ്ണുകളിലും തറച്ചുകയറുന്നത് കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതുൾപ്പെടെ ഗുരുതരവും ശാശ്വതവുമായ പരിക്കുകൾക്ക് കാരണമാകാറുണ്ട്.
പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. കുറഞ്ഞത് 500 അടി അകലത്തിൽ നിന്നായിരിക്കണം തോക്ക് ഫയർ ചെയ്യേണ്ടത്. തോക്കിന്റെ വായ്ഭാഗം എപ്പോഴും അരയ്ക്ക് താഴേക്ക് ലക്ഷ്യം വെക്കണം. എന്നാൽ ഡൽഹി പ്രതിഷേധങ്ങളിലെ പരിക്ക് വെളിപ്പെടുത്തുന്നത് പെല്ലറ്റുകൾ മിക്കവാറും പ്രതിഷേധക്കാരുടെ മുഖത്തും ശരീരത്തിലുമാണ് പതിച്ചതെന്നാണ്. ഇത് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ വ്യക്തമായ തെളിവാണ്. പെല്ലറ്റുകൾക്ക് ചെറിയ വലുപ്പമായതിനാൽ ശരീരത്തിൽ നിന്ന് അവയെല്ലാം പൂർണ്ണമായി നീക്കം ചെയ്യുന്നത് വളരെ സങ്കീർണ്ണമാണ്. ശരീരത്തിൽ അവശേഷിക്കുന്ന പെല്ലറ്റുകൾ ആന്തരികാവയവങ്ങൾക്ക് കൂടുതൽ കേടുപാടുകൾ വരുത്തും. ചില കേസുകളിൽ പരിക്ക് മരണത്തിനും കാരണമായിട്ടുണ്ട്.
ആഗോള തലത്തിൽ അപൂർവം
ലോകത്തിന്റെ പല ഭാഗങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ റബ്ബർ പെല്ലറ്റുകളോ പ്ലാസ്റ്റിക് വെടിയുണ്ടകളോ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, 1970-കളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നോർത്തേൺ അയർലൻഡിൽ സമാനമായ ആയുധങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യയിൽ ഉപയോഗിക്കുന്നതുപോലുള്ള ലോഹ നിർമ്മിതമായ പെല്ലറ്റുകൾ സാധാരണക്കാരായ ജനക്കൂട്ടത്തിന് നേരെ പ്രയോഗിക്കുന്നത് മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ വളരെ അപൂർവമാണ്. ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ ഇന്ത്യയിലെ ഈ രീതിക്കെതിരെ ആഗോള തലത്തിൽ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ ഉപയോഗിച്ചത് ലോഹ നിർമ്മിതമായ പെല്ലറ്റുകൾ തന്നെയാണെന്നാണ് മെഡിക്കൽ റിപ്പോർട്ടുകളും മാധ്യമ വാർത്തകളും സൂചിപ്പിക്കുന്നത്. സഫ്‌ദര്‍ജംഗ് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും ചർമ്മം തുളച്ചുകയറിയ നിലയിലാണ് പരിക്കേറ്റിരുന്നത്. റബ്ബർ പെല്ലറ്റുകളെ അപേക്ഷിച്ച്, ലെഡ് കൊണ്ട് നിർമ്മിച്ച പെല്ലറ്റുകൾക്കാണ് ഇങ്ങനെ ശരീരത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ സാധിക്കുന്നത്.
മനുഷ്യവിരുദ്ധം ഈ ആക്രമണം
ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അടിസ്ഥാന അവകാശത്തിനു നേരെ ഭരണകൂടം നടത്തുന്ന ഏറ്റവും ക്രൂരമായ കടന്നുകയറ്റമായാണ് ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തെ വിലയിരുത്തേണ്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തി, മാരകശേഷിയുള്ള ലോഹച്ചീളുകൾ വിദ്യാർഥികൾക്കു നേരെ പ്രയോഗിച്ചത് വിയോജിപ്പുകളെ ഏതുവിധേനയും അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടുതന്നെയാണ്. സുപ്രീം കോടതിയുടെ രൂക്ഷവിമർശനവും രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിഷേധങ്ങളും അടിവരയിടുന്നത് ഈ മനുഷ്യവിരുദ്ധതയെ തന്നെയാണ്. നിയമപാലകർ തന്നെ നിയമലംഘകരാകുന്ന ഇത്തരം ഭരണകൂട ഭീകരതകൾക്ക് അറുതിവരുത്താനും, ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇനിയും വൈകിക്കൂടാ.