നമ്മുടെ കാലത്തെ ഏറ്റവും മൂല്യവത്തായ സംഗതി എന്താണ്? ഏറ്റവും മൂല്യമുള്ളത് എന്നത് വ്യക്തിനിഷ്ടമായ നോട്ടങ്ങളില്‍ പലര്‍ക്കും പലതായിരിക്കും. നമ്മളതിനെ എങ്ങനെ കാണുന്നു, എങ്ങനെ അളക്കുന്നു എന്നതെല്ലാം അടിസ്ഥാനപ്പെടുത്തിയാകും ഈ ചോദ്യത്തിന്റെ ഉത്തരം. ചിലര്‍ക്കത് സമയമാകും. ചിലര്‍ക്ക് പണമാകും, ഇനി ചിലര്‍ക്ക് സമയം, സ്‌നേഹം, അറിവ്, വിശ്വാസങ്ങള്‍, മനുഷ്യബന്ധങ്ങള്‍, ആരോഗ്യം, മനസമാധാനം, ഇതൊന്നുമല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം തോന്നാത്ത ഏതെങ്കിലും ഒരു ലളിതമായ വസ്തു ഒക്കെയാകാം. ചോദ്യം അതല്ല, പൊതുവേ നോക്കിയാല്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള വസ്തു എന്താണ്? ഈ ഡിജിറ്റല്‍ കാലത്ത് അത് സ്വര്‍ണ്ണമോ എണ്ണയോ രത്‌നങ്ങളോ ഒന്നുമില്ല. ഡാറ്റയാണ്. ഇന്ന് മനുഷ്യജീവിതത്തിന്റെ സകല മേഖലകളുടേയും അടിസ്ഥാനവും സ്വാധീനീവും ഡാറ്റ ആണ്. അസംസ്‌കൃതമായ വിവരങ്ങളുടേയും വസ്തുക്കളുടേയും സമാഹാരം. അതിനെ ശാസ്ത്രീയമായി ക്രമീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത് കൃത്യമായി, സൂക്ഷ്മമായി, രാഷ്ട്രീയ ശരിയോടെ ഉപയോഗിക്കുക എന്നതാണ് ഇന്ന് ലോകക്രമത്തിന്റെ അസ്തിത്വത്തിന്റെ തന്നെ അടിസ്ഥാനം. വ്യക്തിക്കും സ്ഥാപനത്തിനും സംഘടനകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെല്ലാം ഇത് ഒരുപോലെ ബാധകവുമാണ്.
അങ്ങിനെയൊരു കാലത്ത് നില്‍ക്കുമ്പോഴാണ് നമ്മുടെ സംസ്ഥാന സര്‍ക്കാരിനെതിരെ ഈ ദിവസങ്ങളില്‍ ഉയരുന്ന ഒരു ആരോപണം പ്രസക്തമാകുന്നത്. അടുത്തിടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരം, ഓരോ ജീവനക്കാരനും അവരെ മുഖ്യമന്തി തന്നെ പേരുവിളിച്ച് അഭിസംബോധന ചെയ്യുന്ന ഒരു വാട്‌സാപ് സന്ദേശമായി കിട്ടി. 77.4 ലക്ഷം പേരുടെ ഔദ്യോഗിക ഡാറ്റയാണ് ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചത് എന്നാണ് വാര്‍ത്ത. ജനങ്ങളെയും ജീവനക്കാരെയും കരുതുന്ന ഒരു സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അവരെ ഓര്‍മിപ്പിച്ച് ഒരു സന്ദേശമയച്ചാല്‍ അതില്‍ തെറ്റെന്ത് എന്ന് സ്വാഭാവികമായും തോന്നാം. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് പ്രതിപക്ഷം പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഗത വിവരങ്ങള്‍ വഴിവിട്ട് ഉപയോഗിച്ചു എന്നാണ് ആരോപണം. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? അമൂല്യമായ വ്യക്തിഗത ഡാറ്റയെ അലസമായും രാഷ്ട്രീയ ലക്ഷ്യത്തോടെയും കൈകാര്യം ചെയ്‌തോ നമ്മുടെ സര്‍ക്കാര്‍?
എന്തുകൊണ്ട് സ്വകാര്യത ഒരു ജീവിതാവകാശമാണ്?
ഒരാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വ്യക്തിഗത ഡാറ്റയാണ്. സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നതില്‍ തെറ്റൊന്നുമില്ല. കാനേഷുമാരി പോലും ഒരു ഡാറ്റ കളക്ഷനാണല്ലോ. സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ശേഖരിക്കുന്നത് ഭരണപരവും ഔദ്യോഗികവുമായ ഉപയോഗങ്ങള്‍ക്കാണ്. പക്ഷേ അത് നിയമപരമാകണം, പരിമിതമായും പൗരന്റെ അവകാശങ്ങളെ മാനിക്കുന്ന രീതിയിലും ആയിരിക്കണം. ഇന്ന് സര്‍ക്കാര്‍ സേവനങ്ങളടക്കം ഓണ്‍ലൈന്‍ അല്ലാത്തതൊന്നുമില്ല. ക്ഷേമപദ്ധതികള്‍, ആരോഗ്യ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, സാമൂഹിക സുരക്ഷാ മുന്നറിയിപ്പുകള്‍, ബാങ്കിങ് സേവനങ്ങള്‍, എന്നിങ്ങനെ സകലവിവരങ്ങളും പൗരനെ സര്‍ക്കാരിന് ഫോണിലൂടെയും ഓണ്‍ലൈനായുമെല്ലാം അറിയിക്കേണ്ടിവരും. പ്രളയകാലത്തും മഹാമാരിക്കാലത്തും മാത്രമല്ല, നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് മാതൃകാപരമായി നടപ്പാക്കുന്ന നാടുമാണ് നമ്മുടേത്.
സര്‍ക്കാര്‍ പദ്ധതികളുടെ അറിയിപ്പുകള്‍ നല്‍കാന്‍, OTP വഴി തിരിച്ചറിയല്‍ ഉറപ്പാക്കാന്‍, ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍, അങ്ങനെ പൊതുസേവനങ്ങള്‍ക്കെല്ലാം ഫോണ്‍നമ്പറടക്കം പൗരന്റെ സ്വകാര്യ ഡാറ്റ ഭരണകൂടത്തിന് വേണം. സര്‍ക്കാര്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ആവശ്യപ്പെടുന്ന ഡാറ്റ സ്വകാര്യാവകാശ ലംഘനം എന്ന പേരില്‍ നല്‍കാതിരിക്കാന്‍ നമുക്ക് ആവുകയുമില്ല. അത്തരം വിസമ്മതം നമ്മുടെ ക്രമത്തില്‍ ഉത്തരവാദിത്തമില്ലായ്മയും തെറ്റുമാണ്. അതേ വേളയില്‍ തന്നെ, വ്യക്തി, സംവിധാനത്തെ വിശ്വസിച്ച് നല്‍കുന്ന ഡാറ്റ അതീവശ്രദ്ധയോടെ ഉപയോഗിക്കേണ്ട ബാധ്യത ഭരണകൂടത്തിനുമുണ്ട്. കാരണം സ്വകാര്യ ഡാറ്റ തെറ്റായ കൈകളില്‍ ചെന്നുചേര്‍ന്നാല്‍ ഹനിക്കപ്പെടുന്നത് പൗരന്റെ മൗലികമായ മനുഷ്യാവകാശമായിരിക്കും. ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിതാവകാശത്തില്‍ സ്വകാര്യതക്കുള്ള അവകാശം നിലീനമാണെന്ന് നമ്മുടെ പരമോന്നത നീതിപീഠം പലതവണ വ്യക്തമാക്കിയതാണ്. ഫോണ്‍ നമ്പറിനോട് ബന്ധപ്പെട്ടാണ് നമ്മുടെ ബാങ്കിങ് വിവരങ്ങളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഒക്കെയുള്ളത്. ഇത് ചോര്‍ന്ന് പുറത്തുപോയാല്‍, ഐഡന്റിറ്റി തട്ടിപ്പടക്കം സൈബര്‍ കുറ്റകൃത്യങ്ങള്‍, പൗരനെ നിരീക്ഷിക്കല്‍, സ്ഥാപിത താത്പര്യക്കാരുടെ ശല്യം ഒക്കെ ഉണ്ടാകാം. അതിലൊന്നും തീരുന്നില്ല ഡാറ്റ ചോര്‍ന്നാലുള്ള ഭീഷണി. സ്പാം കോളുകളിലൂടെയുള്ള വിപണി സമ്മര്‍ദം, ഹാക്കിംഗ്, ഫിഷിംഗ്, മാല്‍വെയര്‍ ആക്രമണം എന്നുതുടങ്ങി അതിഗുരുതര വ്യക്തി - സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് വരെ ചെന്നെത്താം. അതുകൊണ്ട് സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യത്തിന് ശേഖരിക്കുന്ന ഡാറ്റ സംബന്ധിച്ച് സുഘടിതമായ ചട്ടങ്ങള്‍ 2023ലെ ഡിജിറ്റല്‍ വ്യക്തിഗത സുരക്ഷാ നിയമപ്രകാരം തയ്യാറാക്കിയിട്ടുണ്ട്. 2000ലെ ഐടി ആക്ടിലും ഡാറ്റ സംരക്ഷണം സംബന്ധിച്ച സുവ്യക്തമായ വകുപ്പുകളുണ്ട്.
സ്വകാര്യ ഡാറ്റ വഴിവിട്ട് ഉപയോഗിച്ചോ സര്‍ക്കാര്‍?
ഇവിടെ സംഭവിച്ചത് ഇതാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷേമ പെന്‍ഷന്‍കാര്‍ക്കും നല്‍കിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരം ഒരു വാട്‌സാപ്പ് മെസേജായി ഓരോരുത്തര്‍ക്കും എത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ, ശമ്പള വിവരങ്ങളും മറ്റ് സര്‍വീസ് അറിയിപ്പുകളും നല്‍കാനായി ശേഖരിച്ചതാണ്. ഇത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌പോര്‍ക്ക് സോഫ്‌റ്റ്വെയറില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതേ ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ സംഘം സര്‍ക്കാരിന്റെ നേട്ടങ്ങളും വാഗ്ദാനങ്ങള്‍ പാലിച്ചതും അറിയിക്കാന്‍ ഉപയോഗിച്ചു എന്നാണ് വിമര്‍ശനം. ചുരുക്കത്തില്‍ ഈ ഇലക്ഷന്‍ കാലത്ത് ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും സ്വകാര്യ ഡാറ്റയെ സര്‍ക്കാര്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാക്കി എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ പേരില്‍ വന്ന സന്ദേശം ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ സ്വകാര്യ ഡാറ്റ ഉപയോഗിക്കുമ്പോള്‍ വ്യക്തിയുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമുള്ളതില്‍ അധികം ഡാറ്റ ശേഖരിക്കാതിരിക്കുക, ഡാറ്റ എന്തിനാണ് ശേഖരിക്കുന്നത് എന്ന് പൗരന്‍മാരെ അറിയിക്കുക, ഡാറ്റ സുരക്ഷിതത്വം എന്ന പരമോന്നത ഉത്തരവാദിത്തം ഉറപ്പുവരുത്തുക എന്നുതുടങ്ങി. അതിലേറ്റവും പ്രധാനം ഇതാണ്, ഡാറ്റ ശേഖരിച്ചത് ഏത് ആവശ്യത്തിനാണോ അതിന് മാത്രം ഉപയോഗിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റയും ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളുടെ ഡാറ്റയും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ താരതമ്യം ചെയ്തിരുന്നു. ഡാറ്റ സുരക്ഷിതത്വം കണക്കിലെടുത്ത് അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നവരുടെ വിവരം വിവരാവകാശ അപേക്ഷകളില്‍ പോലും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. പിന്നീട് ഈ പട്ടിക നിയമസഭയില്‍ ടേബിള്‍ ചെയ്യുകയായിരുന്നു. ആ വിധം പ്രാധാന്യമുള്ള വിവരങ്ങള്‍ സാമുഹിക മാധ്യമ സംവിധാനം വഴി അലസമായി തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ദേശ്യത്തോടെ ഉപയോഗിച്ചു എന്ന ആരോപണം തീര്‍ച്ചയായും ഗൌരവപ്പെട്ടതാണ്.
സര്‍ക്കാര്‍ ഡാറ്റ ശരിക്കും ചോര്‍ന്നോ?
ആരോപണം അതീവ ഗൗരവസ്വഭാവമുള്ളതാണ്. ഒറ്റ കേള്‍വിയില്‍ ഗുരുതരമായ ഡാറ്റ ചോര്‍ച്ച സംഭവിച്ചു എന്ന പ്രതീതിയുണ്ടാകും. പക്ഷേ ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചതാണ് പ്രതിപക്ഷത്തെ യഥാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചതെന്ന് സര്‍ക്കാര്‍ പക്ഷക്കാര്‍ വിശദീകരിക്കുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ അഞ്ച് ഗഡു ക്ഷാമബത്ത അനുവദിക്കാനും ശമ്പള പരിഷ്‌കരണ കുടിശ്ശിക നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായി. ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിച്ചിരുന്നു. ഇതിന് പുറമേ പത്ത് ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചതോടെ ആകെ 35 ശതമാനം ക്ഷാമബത്ത സര്‍ക്കാര്‍ അനുവദിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരുമടക്കം പത്ത് ലക്ഷത്തിലേറെപ്പേര്‍ ഗുണഭോക്താക്കളായ ഈ വിവരം സര്‍ക്കാരിന് അനുകൂല വികാരമുണ്ടാക്കും എന്ന ബോധ്യത്തിലാണ് ഡാറ്റ ചോര്‍ച്ച എന്നൊരു വ്യാജപ്രതീതിയുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതെന്നതാണ് സര്‍ക്കാരിന്റെ പ്രതിരോധം. വ്യക്തികളുടെ ഫോണ്‍ നമ്പര്‍ മൂന്നാമത് ഒരു വ്യക്തിക്കോ ഏജന്‍സിക്കോ കൈമാറുകയോ വാണിജ്യ ആവശ്യത്തിനോ രാഷ്ട്രീയ പ്രചാരണത്തിനോ ഉപയോഗിച്ചിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ ഒരു ആനുകൂല്യം അതിന്റെ ഉപഭോക്താക്കളെ അറിയിക്കുക മാത്രമാണ് ചെയ്തത്. അതിലെന്ത് തെറ്റെന്നാണ് ചോദ്യം.
വിവരങ്ങള്‍ ഉപയോഗിച്ചതില്‍ വ്യക്തത വേണം
രണ്ട് ഭാഗവും വിശദമായി നോക്കിയ സ്ഥിതിക്ക്, നമുക്കൊരു നിഗമനത്തിലേക്ക് എത്തേണ്ടതുണ്ടല്ലോ. ശമ്പളവിവരം അടക്കം അറിയിക്കാനാണ് ഫോണ്‍നമ്പര്‍ ശേഖരിച്ചത് എന്നതുകൊണ്ട് ക്ഷാമബത്തയും കുടിശ്ശികയും അനുവദിച്ചത് മുഖ്യമന്ത്രിയുടെ വാട്‌സാപ്പ് സന്ദേശമായി ഉപഭോക്താക്കളുടെ ഫോണിലെത്തിയതില്‍ തെറ്റ് കാണാനാകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാത്തതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനവും ആരോപിക്കാനാകില്ല. ഉദ്ദേശ്യം അത് തന്നെയാണെങ്കില്‍ക്കൂടി. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും വികസന നേട്ടങ്ങളെപ്പറ്റിയും പ്രധാനമന്ത്രിയുടെ ശബ്ദത്തില്‍ ഫോണിലേക്കെത്തുന്ന സന്ദേശങ്ങള്‍ പലവട്ടം കണ്ടിട്ടും കേട്ടിട്ടുമുള്ളവരാണ് നമ്മള്‍. അന്നൊന്നും ഉണ്ടായിട്ടില്ലാത്ത ഒരു ജാഗ്രതയും വാര്‍ത്താപ്രാധാന്യവും ഇപ്പോഴുണ്ടാകുന്നത് തെരഞ്ഞെടുപ്പ് കാലമായത് കൊണ്ടാകാം. ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ വിവിധ സാധ്യതകള്‍ തേടുന്നതില്‍ തെറ്റൊന്നുമില്ല എന്ന് തന്നെയാണ് സ്‌പോട്ട് ലൈറ്റിന്റെ പക്ഷം.
പക്ഷേ ആശങ്ക അവിടെ അവസാനിക്കുന്നില്ല, പ്രശ്‌നം ഇത്രയേ ഉള്ളൂ, മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ സംഘമാണോ ഈ ഡാറ്റ ഉപയോഗിച്ചത്? അത് കൈകാര്യം ചെയ്ത മെത്തഡോളജി എന്തായിരുന്നു? നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ? ഡാറ്റ ചോര്‍ച്ചക്കുള്ള അപകടസാധ്യത പൂര്‍ണമായും പ്രതിരോധിച്ചാണോ ഈ വ്യക്തിഗത സന്ദേശം അയച്ചത്? അക്കാര്യങ്ങളാണ് ഇനി പുറത്തുവരേണ്ടത്, അല്ലെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടേണ്ടത്. ആവര്‍ത്തിക്കുന്നു, സ്വകാര്യത ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. നമ്മുടെ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കപ്പെടണം, എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിനെക്കുറിച്ച് അറിയാനും തീരുമാനിക്കാനുമുള്ള അവകാശം നമുക്ക് ഉണ്ട്. ജനതയുടെ വിശ്വാസം നിലനിര്‍ത്താന്‍ അവരുടെ വിവരങ്ങള്‍ സുരക്ഷിതമായാണ് കൈകാര്യം ചെയ്യപ്പെട്ടത് എന്ന ഉറപ്പ് വേണം. അങ്ങനെയല്ല, അലസമായി, അലക്ഷ്യമായി ആയിരുന്നു ഇക്കാര്യം കൈകാര്യം ചെയ്തതെങ്കില്‍ പ്രശ്‌നം ഗൗരവതരം തന്നെയാണ്. കാരണം ഡാറ്റ സ്വകാര്യത ഒരു സാങ്കേതിക പ്രശ്‌നം മാത്രമല്ല. അത് വ്യക്തിയുടെ സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കുന്ന ഒരു അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമാണ്.