

ആശുപത്രികളിലെ ചികിത്സാ പിഴവ് പതിവ് വാര്‍ത്തയായിരിക്കുന്നു... 2021ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയ ഉഷ ജോസഫിന്റെ വയറ്റില്‍ കുടുങ്ങിയ കത്രിക ആണ് ഇപ്പോള്‍ സിസ്റ്റത്തിന്റെ തകരാര്‍ ആയി വാര്‍ത്തകള്‍ നിറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന അനാസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ട് അധിക നാളായിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ നഷ്ടപരിഹാരം തടി മൂന്ന് വര്‍ഷമായി സമരം ചെയ്തുകൊണ്ടിരിക്കുകയാണ് ഹര്‍ഷിന.
ഇങ്ങനെ ഒരുപാട് പിഴവു വാര്‍ത്തകള്‍ നമുക്ക് മുമ്പിലുണ്ട്. കേരളത്തില്‍ ചികിത്സാ പിഴവിന്റെ പേരില്‍ ആരോഗ്യ വകുപ്പ് പലപ്പോഴും വിമര്‍ശ വിധേയമാകാറുണ്ടെങ്കിലും സംഭവം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെയോ വിദഗ്ധ സമിതികളെയോ നിയോഗിക്കുന്നതിനപ്പുറം മറ്റൊന്നും സംഭവിക്കാറില്ല. സര്‍ക്കാര്‍ ആശുപത്രികളെ ലക്ഷ്യമിട്ട് സ്വകാര്യ ആശുപത്രി മാഫിയകളുടെ സ്വാധീനത്തില്‍ കുടുങ്ങി മാധ്യമങ്ങള്‍ ചികിത്സാ പിഴവുകള്‍ പര്‍വതീകരിക്കുകയാണ് എന്ന മറു ആരോപണം എക്കാലത്തും ഉയര്‍ന്ന് കേള്‍ക്കാറുമുണ്ട്. ഇതിനിടെ കഴിഞ്ഞ സെപ്തംബറില്‍ ചികിത്സ പിഴവ് സംബന്ധിച്ച് ഹൈകോടതി ഇറക്കിയ മാര്‍ഗരേഖ ഇനിയും വെളിച്ചം കണ്ടിട്ടില്ല. 2019ല്‍ ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ ആരോഗ്യ നയം സംബന്ധിച്ച് തയ്യാറാക്കിയ കരട് രേഖക്ക് എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
അത്യധികം ശ്രദ്ധയോടെയും ജാഗ്രതയോടെയും മനഃസാന്നിധ്യത്തോടെയും നിര്‍വഹിക്കേണ്ട സങ്കീര്‍ണ പ്രക്രിയയാണ് രോഗചികിത്സ. ശസ്ത്രക്രിയ, രക്തം നല്‍കല്‍ തുടങ്ങിയ ചികിത്സാ രീതികള്‍ വിശേഷിച്ചും. ഡോക്ടറുടെ ഒരു ചെറിയ അശ്രദ്ധ മതി രോഗിയെ കൊടിയ ദുരിതത്തിലാഴ്ത്താനും മരണത്തില്‍ വരെ കൊണ്ടെത്തിക്കാനും. ചികിത്സാ പിഴവു മൂലം ശരീരത്തിന്റെ ചലനശേഷിയും അവയവത്തിന്റെ ഉപയോഗവും നഷ്ടപ്പെട്ട് ജീവച്ഛവമായവരും ഏറെയാണ്. ഒരു രോഗിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോള്‍, താന്‍ ഉദ്ദേശിച്ച രോഗി തന്നെയാണോ ഇതെന്ന് ഡോക്ടര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. ശസ്ത്രക്രിയ ചെയ്യേണ്ട അവയവത്തിന്റെ കാര്യത്തിലും രോഗിക്ക് മരുന്ന് എഴുതിക്കൊടുക്കുന്നതിലും വേണം അതീവ ശ്രദ്ധ. താന്‍ നിര്‍ദേശിക്കുന്ന മരുന്ന് തീര്‍ത്തും അനുയോജ്യമാണോ എന്ന് ഡോക്ടര്‍മാരും, നിര്‍ദേശിക്കപ്പെട്ടത് തന്നെയാണോ നല്‍കുന്നതെന്ന് നഴ്‌സുമാരും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡോക്ടര്‍മാരിലും നഴ്‌സുമാരിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ചാണ് രോഗികളും ബന്ധുക്കളും ആശുപത്രികളെ സമീപിക്കുന്നത്. ഈ വിശ്വാസം കണക്കിലെടുത്ത് കൊണ്ടുള്ള സമീപനവും ശ്രദ്ധാപൂര്‍വമായ പരിചരണവുമാണ് ആശുപത്രി അധികൃതരില്‍ നിന്നുണ്ടാകേണ്ടത്. ചികിത്സയിലെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം സംഭവിക്കുന്ന നഷ്ടം പിന്നീടൊരിക്കലും പരിഹരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
ഉഷയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോയെന്ന ( ചെറിയ ഫോര്‍സപ്‌സ്) വളരെ ചെറിയ സാധനമാണെന്നുമാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയ ഡോ. ലളിതാംബിക പറഞ്ഞത്. വീഴ്ച ഒരാളുടെ മാത്രം തലയില്‍ കെട്ടിവെക്കരുതെന്നും സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ഡോക്ടര്‍ പറഞ്ഞുവെക്കുമ്പോള്‍ തമാശയായി മാത്രം എടുക്കരുത്. ഓപ്പറേഷന്‍ തിയറ്ററുകളില്‍ ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്താന്‍ ബോര്‍ഡ് വച്ച് എഴുതുന്ന രീതി നിലവിലില്ല. ഇതിനായി പ്രത്യേകം സ്റ്റാഫുകള്‍ ഇല്ല എന്നതാണ് പോരായ്മ. സ്റ്റാഫ് എഴുതിക്കഴിഞ്ഞാല്‍ ഡോക്ടര്‍ക്ക് അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കും. അത്തരമൊരു സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടുവരുന്നത് നന്നായിരിക്കുമെന്നും തന്റെ 38 വര്‍ഷത്തെ സര്‍വീസിനിടയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ രീതി കണ്ടിട്ടില്ലെന്നും ആ ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അത് ഡോക്ടറെക്കൊണ്ട് പറയിപ്പിക്കുന്ന ബോധ്യംകൂടി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്‌ക്രബ് നഴ്‌സും ഡോക്ടറും ഒരുപോലെ ഉത്തരവാദപ്പെട്ടവരാണെന്നതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ഒട്ടും സംശയമില്ല. കാര്യമൊക്കെ ശരിയാണ്, കൃത്യമായ പ്രോട്ടോകോളിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. അതിന് കാരണം തേടി കൂടുതല്‍ പോകേണ്ട കാര്യമില്ല.
ആധുനിക ചികിത്സ രംഗം എന്നത് അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന ഒന്നാണ്. പുതിയ ഗുണപ്രദമായ മരുന്നുകളും പുതിയ ഉപകരണങ്ങളും വിപണിയിലെത്തുന്നു. ആതുരാലയങ്ങള്‍ ഇവക്ക് അനുസരിച്ച് മെച്ചപ്പെടേണ്ടിയിരിക്കുന്നു. അത് അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അക്കാര്യത്തില്‍ സംസ്ഥാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. ആവശ്യത്തിന് ജീവനക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഇല്ല എന്നതാണ് കണക്കുകള്‍ പറയുന്നത്. ഡോക്ടര്‍മാരുടെ എണ്ണത്തിലും വളരെ കുറവുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ തിരക്കും. ഡോക്ടര്‍മാരുടെ ആത്മാര്‍ഥതക്കും കാര്യക്ഷമതക്കും നേരെ ചോദ്യം ഉയരുമ്പോള്‍ ഇവ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ ജനസംഖ്യയും രോഗാതുരതയും കണക്കാക്കി ഇന്നത്തെ സാഹചര്യമനുസരിച്ച് ഒരു ആരോഗ്യ നയം അത്യാവശ്യമാണ്. ഒടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2013ലാണ് ആരോഗ്യനയം കൊണ്ടുവന്നത്. തുടര്‍ന്ന് 2019ല്‍ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യനയം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായില്ല. സര്‍ക്കാര്‍ അംഗീകരിച്ച രേഖക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തില്‍ ആര്‍ക്കും പ്രതികരണവും ഇല്ല.
സംസ്ഥാനത്ത് ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുന്നതിനു ഹൈക്കോടതി കരട് മാര്‍ഗരേഖ പുറപ്പെടുവിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. 12 നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കണമെന്നാണ് ജസ്റ്റിസ് വി. ജി അരുണ്‍ ഉത്തരവിട്ടത്. ഇതില്‍ തുടര്‍നടപടികള്‍ എന്തൊക്കെ സ്വീകരിച്ചു എന്ന് വിശദീകരിക്കേണ്ടത് ആരോഗ്യമന്ത്രിയാണ്. ചികിത്സാപ്പിഴവ് ഉണ്ടായി എന്ന് പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ ലഭ്യമായ എല്ലാ രേഖകളും ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്സിന്റെ ഡയറി, ഡ്യൂട്ടി ചാര്‍ട്ട്, ഷിഫ്റ്റ് റിപ്പോര്‍ട്ട്, ഹാജര്‍ നില, ചികിത്സാ വിവരങ്ങള്‍, രോഗിയുടെ സമ്മതപത്രം, ലാബ് റിപ്പോര്‍ട്ട്, ഡിസ്ചാര്‍ജ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കണം. ചികിത്സാ പിഴവ് പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യുന്നതിനു പ്രാപ്തരായ ഓരോ മേഖലയിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ ഉണ്ടാവണമെന്നും മാര്‍ഗരേഖ നിര്‍ദേശിച്ചിരുന്നു. ഡോക്ടറുടെ ഭാഗത്ത് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് കണ്ടെത്തുന്നത് എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്കും നല്‍കണം. തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ ഇപ്പോഴും സിസ്റ്റത്തിനുള്ളില്‍ പൊടിപിടിച്ചിരിക്കുകയാണ്.
കേരളത്തില്‍ ചികിത്സാ പിഴവിന്റെ പേരില്‍ ആരോഗ്യ വകുപ്പ് പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ടെങ്കിലും സംഭവം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെയോ വിദഗ്ധ സമിതികളെയോ നിയോഗിക്കുന്നതിനപ്പുറം മറ്റൊന്നും സംഭവിക്കാറില്ല. മാധ്യമ ശ്രദ്ധ തുടരുന്ന ചികിത്സ പിഴവുകള്‍ ആണെങ്കില്‍ ഡി.എം.ഒയുടെ നേതൃത്വത്തിലെ സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. ഒരു ബാലന്‍സിങ് റിപ്പോര്‍ട്ടില്‍ ചെറിയ നടപടിയില്‍ അത് ഒതുക്കും. ചികിത്സ പിഴവിലെ ഇര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിക്ക് ആരോഗ്യവിദഗ്ധന്റെ അഭിപ്രായം തേടുക പതിവുണ്ട്. ഇരയ്ക്ക് ചികിത്സാ പിഴവില്‍ നഷ്ടപരിഹാരത്തിനായി ഉപഭോക്തൃകോടതിയെ സമീപിക്കുക എന്നതാണ് മറ്റൊരു വഴി. ഇത് പലപ്പോഴും ഫലം കാണാറുണ്ട്. പരാതി ഗുരുതരമെങ്കില്‍ പരാതിപ്പെട്ടാല്‍ നാഷണല്‍ മെഡിക്കല്‍ കമീഷന് ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷൻ ഇല്ലാതാക്കാനാകും. പക്ഷേ അതിഗൗരവുമുള്ള , മനഃപൂര്‍വമുള്ള നരഹത്യകള്‍ക്ക് മാത്രമേ അത്തരം ശിക്ഷ നടപടികള്‍ സ്വീകരിക്കാറുള്ളൂ. മാത്രമല്ല, പരാതിക്കാര്‍ക്ക് നല്ലൊരു തുക ഫീസായി കെട്ടിവെക്കേണ്ടിവരികയും ചെയ്യും.
വിഷയം ഇതൊന്നുമല്ല, ചികിത്സ പിഴവ് എന്നത് രാഷ്ട്രീയ വിഷയമായി പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നതാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ പൊതുജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തേണ്ടത് ഭരണഘടന അനുഛേദം 21 പ്രകാരം സര്‍ക്കാരാണ്. സര്‍ക്കാരിന്റെ പ്രഥമ പരിഗണന വരേണ്ടത് പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയില്‍ തന്നെയാണ്. അതിലാണ് സിസ്റ്റത്തിന്റെ കത്തി വീഴുന്നത്. ആരോഗ്യസുരക്ഷയ്ക്ക് ഹാനികരമാകുന്ന ഏതൊരു വിഷയവും രാഷ്ട്രീയ വിഷയമാകുന്നത്. രാഷ്ട്രീയ കക്ഷികള്‍ സജീവ ചര്‍ച്ചയാക്കേണ്ട വിഷയം. ചികിത്സ പിഴവ് നിര്‍ണയിക്കുന്നത് ആരാണ് എന്ന മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. ഡോക്ടര്‍മാരോ മറ്റ് പ്രഫഷണലുകളോ നിയന്ത്രിക്കേണ്ട വകുപ്പല്ലെന്ന തിരിച്ചറിവ് ആദ്യം ഉണ്ടാകേണ്ടത് രാഷ്ട്രീയ നേതൃത്വത്തിനാണ്. അവരുടെ രാഷ്ട്രീയ ബാധ്യതയായി എന്നാണ് പൊതുജന ആരോഗ്യം എന്ന വിഷയം ഉയര്‍ന്നുവരിക എന്ന ആശങ്ക കൂടി പങ്കുവെക്കുന്നു.