സിഎംആർഎൽ വിധി: ആർക്കാണ് തിരിച്ചടി 
OPINION

സിഎംആർഎൽ വിധി: ആർക്കാണ് തിരിച്ചടി?

പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Author : പി.പി. പ്രശാന്ത്

സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചതോടെ വിവാദം പുതിയ രാഷ്ട്രീയ-നിയമ തലങ്ങളിലേക്ക് നീങ്ങുകയാണ്. പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇഡിയുടെ കത്തിൽ കേസെടുക്കാൻ പ്രാഥമിക അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്ന കോടതി ഉത്തരവ് പിണറായിക്കും സംസ്ഥാന സർക്കാർ നിലപാടിനും ഒരുപോലെ തിരിച്ചടിയാണ്.

ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലുള്ള സർക്കാർ പ്രാഥമികാന്വേഷണം പോരാ എന്നും ഉടൻ എഫ്ഐആർ റജിസ്റ്റർ‍ ചെയ്തു തന്നെ അന്വേഷിക്കാനുമാണ് സർക്കാരിന്റെ നടപടിയെ വിമർശിച്ചുള്ള കോടതിയുടെ നിർദേശം. ഇതോടെ, പിണറായി വിജയൻ, ടി. വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസിന് കേസെടുക്കേണ്ടി വരും.

സിഎംആർഎൽ വിധി : ആർക്കാണ് തിരിച്ചടി?

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ CMRLലിൽ നിന്ന് മകൾ വീണ ടി വഴി കൈക്കൂലി വാങ്ങിയെന്നും അതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയത്. റിപ്പോർട്ട് പ്രകാരം, CMRL കമ്പനി വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസിന് യഥാർത്ഥ സേവനങ്ങളൊന്നും നൽകാതെ മൊത്തം 3.28 കോടി രൂപ നൽകിയെന്നും അത് പിണറായി വിജയന് കൈക്കൂലിയായി ലഭിച്ചതാണെന്നുമാണ് ആരോപണം. നിയമോപദേശം തേടിയ ശേഷം സർക്കാർ പ്രഖ്യാപിച്ച എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയുള്ള അന്വേഷണം ഇപ്പോൾ നടന്നുവരികയാണ്.

കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതോടെ,കാര്യങ്ങൾ ഇഡിയുടെ വഴിക്ക് നീങ്ങും. ഇഡിക്ക് കൂടുതൽ ശക്തമായ തുടർനടപടികളിലേക്കും ഇഡിയുടെ എഫ്ഐആർ നടപടിയായ പുതിയ ഇസിഐആർ രജിസ്ട്രേഷനിലേക്കും നീങ്ങാനുമാകും.

ഹൈകോടതി പറഞ്ഞത്

പിഎംഎൽഎ സെക്ഷൻ 66ലെ രണ്ടാം ഉപവകുപ്പ് പ്രകാരം വിവരം നൽകുമ്പോൾ അത് ഗുരുതര കുറ്റകൃത്യമെന്ന് വ്യക്തമായി വെളിപ്പെടുത്തുന്നുവെങ്കിൽ സംസ്ഥാന പോലീസിനോ വിജിലൻസിനോ പ്രിലിമിനറി എൻക്വയറി നടത്താൻ അവകാശമില്ലെന്നും ഇ.ഡി.യുടെ വിവരം തന്നെ പ്രിലിമിനറി എൻക്വയറി റിപ്പോർട്ടിന് പകരമായി കണക്കാക്കാമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിയമം അന്വേഷിക്കുമ്പോൾ മറ്റ് കുറ്റങ്ങൾ കണ്ടെത്തിയാൽ അത് സംസ്ഥാന പോലീസിനെയോ വിജിലൻസിനെയോ അറിയിക്കുന്ന ഭാഗമാണ് പിഎംഎൽഎ സെക്ഷൻ 66ലെ രണ്ടാം ഉപവകുപ്പ്. ഇ.ഡി റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടറായിരുന്നു തുടർനടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ ഹൈകോടതി, വിഷയത്തിൽ സർക്കാരിന്റെ നിലവിലുള്ള നടപടികൾ പൂർണമായും തള്ളുന്നു.

ഡിജിപിക്ക് എസ്ഐടി രൂപീകരിക്കാൻ അധികാരമില്ലെന്നും വിജിലൻസ് ഡയറക്ടർ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇഡി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും വിജിലൻസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേസ് അന്വേഷിപ്പിക്കണമെന്നും കോടതി നിർദേശിച്ചു...ഇ.ഡി അന്വേഷിച്ചു കണ്ടെത്തിയ തെളിവുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ എന്നിവ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം നടന്നതിന്റെ പ്രാഥമിക തെളിവാണ്..കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണത്തിനും ആവശ്യമായ എല്ലാ രേഖകളും വിജിലൻസിന് കൈമാറാനും വിജിലൻസുമായി സഹകരിക്കാനും ഇഡിയോട് കോടതി ആവശ്യപ്പെട്ടു.. ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

പന്ത് വീണ്ടും കേരള സർക്കാരിന്റെ കോർട്ടിൽ

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഹൈക്കോടതി ഉത്തരവോടെ പന്ത് വീണ്ടും കേരള സർക്കാരിന്റെ കോർട്ടിലാണ്. ഇ.ഡിയിൽ വിശ്വാസമർപ്പിച്ച് കേസെടുക്കേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചത് ബിജെപിയുമായി ഒത്തുകളിക്കുന്നു എന്ന ആക്ഷേപം ഭയന്നാണ്. ഇതിപ്പോൾ മൂന്നാം കക്ഷിയുടെ ഹർജിയിൽ കോടതി കേസെടുക്കാൻ സർക്കാരിനോട് നിർദേശിച്ചതോടെ ഇ.ഡി ശുപാർശയിൽ എന്ന ‘ധാർമ്മിക പ്രശ്‌നം’ ഭരണപക്ഷത്തിന് ഒഴിവായിക്കിട്ടി. തന്നെയുമല്ല കേസെടുക്കാൻ തയ്യാറാകാതിരുന്ന സർക്കാരിനുള്ള തിരിച്ചടി കൂടിയാണ് ഈ കോടതി ഉത്തരവ്. ഇഡി റിപ്പോർട്ടിന്റെ പേരിൽ കേസെടുത്താൽ ഇ.ഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്ന ദേശീയതലത്തിലെ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വാദത്തെ നിരാകരിക്കുന്നതിന് തുല്യമാകുമായിരുന്നു.

അതാണ് സിഎംആർഎൽ കൈക്കൂലി ആരോപണത്തിൽ കേസെടുക്കുന്നതിൽ നിന്ന് തുടക്കത്തിൽ സർക്കാരിനെ പിന്നോട്ടടിപ്പിച്ചത്. അതോടൊപ്പം പിണറായിക്കും റിയാസിനും എതിരെ മാത്രം കേസെടുത്താൽ സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിലുള്ള സ്വന്തം നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതയും സർക്കാരിന് മേൽവരുമായിരുന്നു.

വിജിലൻസ് അന്വേഷണത്തിലെ വെല്ലുവിളികൾ

വീണയുടെ പക്കൽ നിന്ന് റെയ്ഡിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന രേഖകളാണ്‌ മുഖ്യതെളിവായി ഇ.ഡി മുന്നോട്ടുവെക്കുന്നത്... കേവലം ഡയറിയെമാത്രം ആധാരമാക്കി കേസെടുത്താൽ കോടതിയിൽ അത് നിലനിൽക്കുമോ എന്ന സംശയവും ഭരണപക്ഷത്തുണ്ടായി... അങ്ങനെയാണ് എസ്ഐടി രൂപവത്കരിച്ച് പ്രാഥമിക അന്വേഷണത്തിലേക്ക് സർക്കാർ കടന്നത്. പിണറായി മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഇ.ഡി വാദത്തിൽ ഊന്നാതെ ഡയറിയിൽ പറയുന്ന വിദേശത്തേക്ക് പണം കടത്തിയെന്ന ഹവാല ആരോപണത്തിലൂന്നിയാണ് എസ്ഐടിയും നീങ്ങിയത്..അതിന്റെ ഭാഗമായി മുൻ മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയിലാണ് കെ.എം ഷാജഹാന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വരുന്നത്. ഇനി അന്വേഷണം വിജിലൻസ് ഏറ്റെടുത്താലും കേസിലെ വെല്ലുവിളികളാകുക മൊഴികളിലെ മലക്കംമറിച്ചിലാണ്. PMLA സെക്ഷൻ 50 പ്രകാരം ഇ.ഡിക്ക് നൽകിയ മൊഴികളിൽ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതികൾക്കാണെന്നിരിക്കെ, പോലീസിനോ എസ്ഐടിക്കോ മുന്നിൽ അത്തരം നിയമപരിരക്ഷയില്ല. ശശിധരൻ കർത്തയും വാരിസും അടക്കമുള്ള പ്രധാന വ്യക്തികൾ ഇ.ഡിക്ക് നൽകിയ മൊഴികൾ കോടതിയിൽ റിട്രാക്ഷൻ സ്റ്റേറ്റ്‌മെന്റിലൂടെ തള്ളിക്കളയാനോ തിരുത്തിപ്പറയാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്... ഭൗതിക തെളിവുകളില്ലാതെ വാമൊഴികൾ മാത്രം മുൻനിർത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് വിജിലൻസിന് തലവേദന സൃഷ്ടിക്കും.

പ്രതിപക്ഷ പ്രതിസന്ധിയും ഭരണപക്ഷ ആശങ്കകളും

പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യം സിപിഐഎമ്മിന് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. മുമ്പ് ലാവലിൻ കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ പിണറായി വിജയൻ പാർട്ടി സെക്രട്ടറി മാത്രമായിരുന്നു.. ഭരണഘടനാപരമായ തിരഞ്ഞെടുക്കപ്പെട്ട പദവിയിലല്ലാത്തതിനാൽ സ്ഥാനം ഒഴിയേണ്ടതില്ല എന്നതായിരുന്നു സിപിഐഎമ്മിന്റെ അന്നത്തെ നിലപാട്. പിണറായി വിജയൻ പ്രതിപക്ഷനേതാവായിരിക്കേ, സാഹചര്യം മാറിയിരിക്കുന്നു. പിണറായിക്കെതിരായ നീക്കം രാഷ്ട്രീയ വേട്ടയെന്ന പ്രതിരോധം ഉയർത്തിയ സിപിഐഎം, ഇഡിയുടെ വാദം കോടതി ആവർത്തിക്കുന്നുവെന്ന വിമർശനം ഉയർത്തി രംഗത്തെത്തിക്കഴിഞ്ഞു.

അതേസമയം അഴിമതിക്കേസായി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് ഭാവിയിൽ തങ്ങൾക്ക് തന്നെ കുരുക്കാകുമോ എന്ന ഭയവും ഭരണപക്ഷത്തിനുണ്ട്. കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം സർക്കാർ തീരുമാനം എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കൾ ചുരുക്കെഴുത്തിലൂടെ ഇടംപിടിച്ചിരുന്നു. ഇഡി കേസെടുത്ത് അന്വേഷിക്കുന്ന മുറക്ക് തങ്ങളും ചോദ്യം ചെയ്യപ്പെട്ടേക്കും എന്ന ആശങ്ക അവർക്കുണ്ട്..അതേസമയം സർക്കാർ അപ്പീൽ പോകേണ്ടതില്ലെന്ന് വിഷയത്തിൽ ഏറെക്കാലം നിയമപോരാട്ടം നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. മാത്യുകുഴൽനാടന്റെ ഇതേവിഷയത്തിലെ ഹർജി തള്ളിയ കോടതിയാണ് ഇപ്പോൾ കേസെടുക്കാൻ നിർദേശം നൽകിയതെന്നതും ശ്രദ്ധേയമാണ്.

അന്വേഷണ മഹാമഹം തുടരും

കേരള ഹൈക്കോടതിയുടെ ഈ വിധി സിഎംആർഎൽ-എക്‌സാലോജിക് കേസിനെ പുതിയ ഘട്ടത്തിലേക്ക് നയിച്ചിരിക്കുന്നു. വിജിലൻസ് അന്വേഷണം വന്നാലും അതിന് സമാന്തരമായി ഇഡിയുടെ അന്വേഷണവും നീളുമെന്നുറപ്പാണ്. തെളിവുകൾ സമാഹരിക്കേണ്ട ബാധ്യത വിജിലൻസിന് തലവേദനയാകുമ്പോൾ തങ്ങൾ ഉദ്ദേശിച്ച കാര്യം നടന്നുവെന്ന സന്തോഷമായിരിക്കും ഇഡിക്ക്. സിപിഐഎമ്മിന് തിരിച്ചടിയാകുന്നതോടൊപ്പം യുഡിഎഫ് സർക്കാരിന് ആശ്വസിക്കാനും ആശങ്കപ്പെടാനും കൂടി വക നൽകുന്നുണ്ട് ഈ വിധി.

SCROLL FOR NEXT