

ഡൽഹി വീണ്ടും പ്രക്ഷോഭത്തിരയിലാണ്. ഇടിമുഴങ്ങുന്ന മുദ്രാവാക്യങ്ങളും ഇരമ്പിയാർത്ത് എത്തുന്ന ജനരോഷവും രാജ്യതലസ്ഥാനത്തിൻ്റെ സിരകളിൽ വീണ്ടും വിപ്ലവത്തിൻ്റെ രണഗീതമുയർത്തുന്നു. വോട്ട് കൊള്ളയ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒത്താശകൾക്കുമെതിരെ പ്രതിപക്ഷ കക്ഷികൾ ഭിന്നതകൾ മറന്ന് ഒരൊറ്റ ഉരുക്കുകോട്ടയായി തെരുവിൽ കൈകോർത്തിരിക്കുന്നു. ജനപ്രതിനിധികളെയും പാർലമെന്റ് അംഗങ്ങളെയും നടുറോട്ടിൽ പോലീസ് വേട്ടയാടി വലിച്ചിഴയ്ക്കുമ്പോഴും, ചോരയിറ്റുവീഴുന്ന ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാൻ യുവജനങ്ങളും വിദ്യാർത്ഥികളും ജീവൻ പണയംവെച്ച് പോരാടാനിറങ്ങുകയാണ്. പ്രതിപക്ഷ പ്രക്ഷോഭങ്ങൾക്ക് ശേഷം ഇതാ സിജെപി പ്രതിഷേധത്തിനും രാജ്യനഗരി അരങ്ങൊരുങ്ങിക്കഴിഞ്ഞു.
സമരഭരിതം രാജ്യനഗരി
ജനസംഖ്യ വർധിക്കുമ്പോൾ വോട്ടർമാരുടെ എണ്ണവും സ്വാഭാവികമായി വർധിക്കേണ്ടതാണ്. 2024ൽ രാജ്യത്തെ പ്രായപൂർത്തിയായ ജനസംഖ്യ 99 കോടിയാണെന്നാണ് സർക്കാർ കണക്ക്. അന്ന് വോട്ടർപട്ടികയിൽ 98 കോടി പേരുണ്ടായിരുന്നു. രണ്ടു കണക്കുകളും ഏകദേശം ഒത്തുപോകുന്നു. എന്നാൽ ഇപ്പോൾ പ്രായപൂർത്തിയായ ജനസംഖ്യ 103 കോടിയിലേക്ക് ഉയർന്നിരിക്കെ വോട്ടർപട്ടിക 88 കോടിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. എസ്.ഐ.ആറിന്റെ മൂന്നാംഘട്ടം നടക്കുന്ന 19 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ 17 ഇടങ്ങളിലെ വോട്ടർപട്ടിക 15 ശതമാനത്തിലേറെ ചുരുങ്ങിയതായാണ് റിപ്പോർട്ടുകൾ.
ആദ്യഘട്ടമെങ്കിലും പൂർത്തിയായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ വഴി വെട്ടിക്കുറച്ച വോട്ടർമാരുടെ ആകെ എണ്ണം ഏകദേശം 12 കോടിയിലധികമാണ്. മഹാരാഷ്ട്രയിൽ മാത്രം രണ്ടുകോടി വോട്ടർമാരെവരെ ഒഴിവാക്കിയേക്കാം. ഡൽഹിയിൽ 32.8 ശതമാനം വോട്ടർമാരെയും ഛത്തീസ്‌ഗഡിൽ 12.8 ശതമാനം വോട്ടർമാരെയും ഒഴിവാക്കിയേക്കാം. ഇതൊന്നും ചെറിയ കണക്കല്ല..ഭരണഘടനയുടെ ആത്മാവാണ് ഓരോ പൗരന്റെയും വോട്ടവകാശം. ചൂണ്ടുവിരലിൽ പതിയുന്ന മഷി പൗരത്വത്തിന്റെ നേരടയാളമാണ്. ആ വോട്ടവകാശത്തെ സംരക്ഷിക്കേണ്ട ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇപ്പോൾ പ്രതിക്കൂട്ടിലുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിൽ രാജ്യം മുഴുവൻ നടന്ന് വോട്ടർമാരെ ചേർത്ത് ജനാധിപത്യം ശക്തിപ്പെടുത്തിയ പ്രഥമ തെരഞ്ഞെടുപ്പ് കമീഷണർ സുകുമാർ സെന്നിനെ ,വെട്ടിയ വോട്ടുകളിൽ റെക്കോഡിട്ട് തിരുത്തുകയാണ് ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ.
പൊള്ളിയപ്പോൾ തിരുത്തൽ നീക്കം
ബിഹാറിൽ എസ്.ഐ.ആർ ആദ്യമായി നടപ്പാക്കിയപ്പോൾ ദരിദ്രരും രേഖകളില്ലാത്തവരുമായ ജനങ്ങൾ നിസ്സഹായരായി നെട്ടോട്ടമോടി. പശ്ചിമ ബംഗാളിലെത്തിയപ്പോൾ ന്യൂനപക്ഷങ്ങൾ നഷ്ടമായ വോട്ടും പൗരത്വവും തേടിയലഞ്ഞു.‘യുക്തിപരമായ പൊരുത്തക്കേടു’കളെന്ന യുക്തിരഹിതമായ വ്യവസ്ഥയുടെ പേരിൽ പശ്ചിമബംഗാളിൽ 60 ലക്ഷം പേരുടെ വോട്ടുകളാണ് കേവലം സംശയത്തിന്റെ നിഴലിൽ നിറുത്തിയിരിക്കുന്നത്. ഓരോ വോട്ടറും ആശങ്കയോടെ പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരുന്നു. ഓരോ ഘട്ടത്തിലും പുതിയ തടസങ്ങളിലേക്ക് അവരെ തള്ളിവിട്ടു. വോട്ടുതേടി നീണ്ടവരികളിൽ അവർ നിന്നുതളർന്നു. ഈ രാജ്യത്തെ നിയമാനുസൃത പൗരരാണെന്നും വോട്ടർപട്ടികയിൽ തുടരാൻ അർഹരാണെന്നും തെളിയിക്കുന്ന രേഖകൾ ശേഖരിക്കാൻ ഓഫിസുകളിൽ നിന്ന് ഓഫിസുകളിലേക്ക് ഓടേണ്ടിവന്നു. അങ്ങനെ ഇന്ത്യൻ പൗരനെ അവന്റെ പൗരത്വം സംശയത്തിലാക്കുന്ന, അവകാശങ്ങൾ ഇല്ലാതാക്കുന്ന സംവിധാനമായി എസ്.ഐ.ആറും തെരഞ്ഞെടുപ്പ് കമ്മിഷനും മാറി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും സ്വയംഭരണവും ശക്തമായി സംരക്ഷിച്ച സുപ്രിംകോടതി എസ്ഐആർ വഴിതെറ്റുന്നതിന്റെ തെളിവുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോഴും, തെരഞ്ഞെടുപ്പ് കമ്മിഷനോട് ആദ്യമേ ചോദിക്കേണ്ടിയിരുന്ന ചില അടിസ്ഥാനചോദ്യങ്ങൾ ഉന്നയിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി പലപ്പോഴും സംശയത്തിന്റെ ആനുകൂല്യം നൽകി എന്ന ആരോപണവും ഉയർന്നു. ഇപ്പോൾ വിവാദങ്ങൾ പുറത്തുവന്നശേഷമാണ് പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം-6ൽ വരുത്തിയ ഭേദഗതികൾക്ക് തങ്ങൾ യാതൊരുവിധ അംഗീകാരവും നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയത്. ഫോം സിക്സ് ഡിക്ലറേഷനെ സുപ്രീംകോടതി കൈവിട്ടിട്ടും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലില്ലാത്ത കാര്യങ്ങൾ പോലും സുപ്രീം കോടതി ഉത്തരവെന്ന വ്യാജേന പ്രസ് നോട്ടിൽ തിരുകിക്കയറ്റി കബളിപ്പിക്കാനാണ് കമ്മീഷൻ തുനിഞ്ഞത്. പ്രതിഷേധം അലയടിക്കമ്പോൾ തെറ്റുതിരുത്തൽ നടപടികൾ ഓരോന്നായി പുറത്തെടുത്ത് എതിർപ്പ് ശമിപ്പിക്കാനുള്ള കമീഷന്റെ നീക്കവും പാളി. ബംഗാളിൽ പുറത്താക്കപ്പെട്ട വോട്ടർമാരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താനുള്ള അവസരവും ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തുറന്നുവെച്ചിട്ടുണ്ട്.
വീറുറ്റ പ്രതിപക്ഷം ഉണ്ടായിരിക്കുന്നു
പ്രതിഷേധക്കടൽ ഡൽഹിയിൽ മാത്രമല്ല, മുംബൈയിലും ബംഗളുരുവിലും കണ്ടു. ജനപ്രതിഷേധങ്ങളുടെ കടലിരമ്പം അലയടിക്കുന്നുണ്ട് ഓരോ തെരുവിലും. അവർക്കൊക്കെ ഒരൊറ്റ ലക്ഷ്യമാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി.കോൺഗ്രസും ഇടതുപാർട്ടികളുമടങ്ങുന്ന ഇന്ത്യ സഖ്യം സമരപരമ്പരകളുമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്തിന്റെ തെരുവുകളിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ഒറ്റക്കെട്ടായി പോരാടുകയാണ് അവർ. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് പ്രതിപക്ഷ സമൂഹത്തെ ഒന്നിച്ചുനിർത്തുകയെന്നതായിരുന്നു കോൺഗ്രസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
അതിനെ കോൺഗ്രസ് ഇപ്പോൾ മറികടന്നിരിക്കുന്നു. അത് സൃഷ്ടിച്ചത്, വീറുറ്റ പ്രതിപക്ഷത്തെ കൂടിയാണ്...കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ രാജിവെപ്പിച്ചാണ് വിദ്യാർഥി പ്രക്ഷോഭത്തിൽനിന്ന് തലയൂരിയതെങ്കിൽ, ഇപ്പോൾ ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവനെ രാജിവെപ്പിച്ച് പ്രശ്നം പരിഹരിക്കുക സർക്കാരിന് എളുപ്പമല്ല. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രസ്ഥാപനമാണെന്നും തീരുമാനങ്ങളിൽ പങ്കില്ലെന്നും കേന്ദ്രസർക്കാരിന് വാദിച്ചുനോക്കാം. എന്നാൽ, നിലവിലെ അന്തരീക്ഷത്തിൽ അതത്ര ഏശാനിടയില്ല. അതിനാൽ, ഗ്യാനേഷിന്റെ രാജി ഫലത്തിൽ സർക്കാരിന്റെ പരാജയമാകും.
ഗ്യാനേഷ്‍കുമാറിന്റെ രാജി മാത്രമാവരുത്
വെള്ളിത്തളികയിൽ ബ്രിട്ടീഷുകാർ വച്ചുനീട്ടിയ ദാനമായിരുന്നില്ല ഈ നാടിന്റെ സ്വാതന്ത്യ്രം. പോരാടി നേടിയതാണത്. എണ്ണമില്ലാത്ത മനുഷ്യരുടെ ചോരയിൽ വരച്ചിട്ട ചരിത്രം അതിന് പിറകിലുണ്ട്. കോടിക്കണക്കിന് മനുഷ്യരുടെ ചൂണ്ടുവിരലിൽ ചാർത്തപ്പെട്ട ജനാധിപത്യത്തിന്റെ വിധിവാചകങ്ങളെ മായ്ച്ചുകളയാൻ ഒരു കമ്മീഷനും ആകില്ല. ഇത് കേവലം തിരഞ്ഞെടുപ്പ് പട്ടികയിലെ പേരിനായുള്ള പോരാട്ടമല്ല. ഈ മണ്ണിന്റെ ആത്മാവിനും, ഭരണഘടനയുടെ അസ്തിത്വത്തിനും, വരുംതലമുറയുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രണകാഹളമാണ്. കേവലം ഗ്യാനേഷ്‍കുമാറിന്റെ രാജി മാത്രമാവരുത് ലക്ഷ്യം.
വെട്ടിമാറ്റപ്പെട്ട വോട്ടവകാശം തിരികെ പിടിക്കാൻ കൂടിയുള്ളതാവണം ഈ പോരാട്ടം. ഭയത്തിന്റെ ഇരുമ്പുമറകൾ ഭേദിച്ച് തലസ്ഥാനത്തിന്റെ തെരുവുകളിൽ ആളിക്കത്തുന്ന ഈ ജനരോഷം അനീതിയുടെ കോട്ടകൊത്തളങ്ങൾ തകർക്കാൻ തന്നെയാണ്. നീതിപീഠങ്ങൾ കണ്ണടച്ചാലും, കാവലാളുകൾ കൂറുമാറിയാലും, ഈ രാജ്യത്തിന്റെ ജനാധിപത്യ വിധി നിർണ്ണയിക്കുന്നത് തെരുവിൽ പടപൊരുതുന്ന ഈ പോരാളികൾ തന്നെയാണ്.