രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, 1945-ൽ ക്രിമിയയിലെ യാൾട്ടയിൽ ഒത്തുചേർന്ന അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനും യുദ്ധാനന്തര ലോകക്രമത്തിന്റെ രൂപരേഖയിൽ നിർണായക തീരുമാനങ്ങളെടുത്തു.എട്ട് പതിറ്റാണ്ടുകൾക്കിപ്പുറം, ചൈനയിലെ ഷെൻഷെനിൽ അരങ്ങേറിയ അമേരിക്ക–ചൈന–റഷ്യ ത്രികക്ഷി ഉച്ചകോടി ലോകത്തെ വീണ്ടും യാൾട്ടയെ ഓർമിപ്പിക്കുകയാണ്. ലോകത്തെ മറ്റ് രാജ്യങ്ങളെയോ സഖ്യകക്ഷികളെയോ ഐക്യരാഷ്ട്രസഭയെയോ നേരിട്ട് പങ്കാളികളാക്കാതെ, മൂന്ന് വൻശക്തികൾ ഒരുമിച്ചിരുന്ന് ആഗോള രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ഈ സംയുക്ത പ്രഖ്യാപനത്തിൽ എന്തൊക്കെയുണ്ട് എന്നതിനേക്കാൾ ആശങ്കാജനകമാണ്, എന്തൊക്കെയാണ് അതിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്നത്.
ജി ത്രി: നയതന്ത്രം പങ്കുവെക്കൽ കച്ചവടമോ?
ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര കാപട്യത്തിനാണ് ഇന്നലെ ചൈനയിലെ ഷെൻഷെൻ സാക്ഷ്യം വഹിച്ചത്. ക്യാമറക്കണ്ണുകൾക്ക് മുന്നിൽ ചിരിച്ചുനിന്ന് കൈകോർത്ത മൂന്ന് നേതാക്കൾ—അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ലോകത്തിന് സമാധാനം നൽകാനെന്ന പേരിൽ അവർ പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനം വായിക്കുമ്പോൾ ഒറ്റനോട്ടത്തിൽ അതൊരു വലിയ നേട്ടമായി തോന്നാം. എന്നാൽ, ആ വാക്കുകളുടെ തിളക്കത്തിനപ്പുറം ഒളിഞ്ഞിരിക്കുന്നത് ലോകം ഇതുവരെ കെട്ടിപ്പടുത്ത ജനാധിപത്യ-നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനംകുത്തലാണ്.ഇത് സമാധാനത്തിന്റെ ഉടമ്പടിയല്ല; മറിച്ച്, ഭൂഗോളത്തെ മൂന്ന് കഷ്ണങ്ങളാക്കി പങ്കിട്ടെടുക്കാൻ ഒരുങ്ങുന്ന ആധുനിക ചക്രവർത്തിമാരുടെ രഹസ്യ ധാരണയാണെന്ന് തുറന്നുപറയാൻ ആരും തയ്യാറാകുന്നില്ല.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ രണ്ട് സംഘർഷമേഖലകളായ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചോ പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കുന്ന ഇറാൻ പ്രതിസന്ധിയെക്കുറിച്ചോ ഈ സംയുക്ത പ്രസ്താവനയിൽ ഒരു പരാമർശം പോലുമില്ല. സമാധാനത്തിനായി ഒത്തുചേർന്ന ജി ത്രി യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ചയായെന്ന് അറിയിക്കുന്നുണ്ടെങ്കിലും , ജി ത്രീ പ്രഖ്യാപനത്തിൽ ലോകം ഇന്ന് കാണുന്ന ഏറ്റവും വലിയ രണ്ട് യുദ്ധങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?ഉത്തരം ലളിതമാണ്—ഇത് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള വേദിയല്ല, മറിച്ച് 'സ്വാധീന മേഖലകൾ' പങ്കുവെക്കാനുള്ള നയതന്ത്ര കച്ചവടമാണ്. "നിങ്ങളുടെ മുറ്റത്തെ അധിനിവേശങ്ങളിൽ ഞങ്ങൾ ഇടപെടില്ല, ഞങ്ങളുടെ താല്പര്യ മേഖലകളിലേക്ക് നിങ്ങളും വരരുത്" എന്ന അലിഖിത ധാരണയാണ് ഷെൻഷെനിൽ ഉറപ്പിക്കപ്പെട്ടത്.
വൻശക്തികൾക്ക് മുകളിൽ ഒരു നിയമവും പറക്കില്ല
ഈ ഉച്ചകോടിയുടെ ഏറ്റവും അപകടകരമായ രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നത് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഈ മൂന്ന് നേതാക്കളും ഒറ്റക്കെട്ടായി നടത്തിയ കടന്നാക്രമണത്തിലാണ്. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിചാരണയിൽ നിന്ന് പൂർണ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം, അധികാരം 'ദുരുപയോഗം' ചെയ്യരുതെന്ന് കോടതിക്ക് ഇവർ സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പും നൽകി. പരസ്പരം ശത്രുക്കളായി നിലകൊള്ളുന്ന അമേരിക്കയും റഷ്യയും ചൈനയും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കെതിരെ കൈകോർക്കുമ്പോൾ അതിനർഥം വൻശക്തികൾക്ക് മുകളിൽ ഒരു നിയമവും ബാധകമല്ല എന്ന പ്രഖ്യാപനം തന്നെയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി രൂപീകരിച്ച 'റോം ഉടമ്പടി'യിൽ ഭാഗമല്ലാത്ത ഈ മൂന്ന് രാജ്യങ്ങളും, തങ്ങളുടെ പൗരന്മാരെയോ സൈനിക നടപടികളെയോ വിചാരണ ചെയ്യാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് പരസ്യമായി പറയാതെ പറഞ്ഞുവെച്ചിരിക്കുന്നു. യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്ലാഡിമിർ പുട്ടിന്, ആ കോടതിയെത്തന്നെ അപ്രസക്തമാക്കിക്കൊണ്ട് ട്രംപും ഷിയും ചുവപ്പ് പരവതാനി വിരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള സ്വേച്ഛാധിപതികൾക്ക് ലഭിക്കുന്നത് നിരുപാധികമായ പച്ചക്കൊടിയാണ്.
മറക്കാനാവില്ല മനുഷ്യാവകാശ ലംഘനങ്ങൾ
സമാധാനത്തിന്റെയും നീതിയുടെയും അപ്പോസ്തലന്മാരായി സ്വയം അവരോധിക്കുന്ന ഈ മൂന്ന് രാജ്യങ്ങളുടെയും കൈകളിൽ പുരണ്ടിരിക്കുന്ന മനുഷ്യരക്തത്തിന്റെ ചരിത്രം ആരും മറന്നിട്ടില്ല. യുക്രെയ്ൻ അധിനിവേശത്തിൽ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതിന്റെയും, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയതിന്റെയും പേരിൽ ഗുരുതരമായ യുദ്ധക്കുറ്റങ്ങൾ നേരിടുന്ന ഭരണകൂടമാണ് റഷ്യയുടേത്. സ്വന്തം രാജ്യത്ത് രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചും, സ്വതന്ത്ര മാധ്യമങ്ങളുടെ ശബ്ദം എന്നെന്നേക്കുമായി ഇല്ലാതാക്കിയും ഭരണം നടത്തുന്ന റഷ്യ, ഇന്ന് അന്താരാഷ്ട്ര നിയമങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുകയാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ തടവറകൾ തീർത്ത ചൈനയാണ് ഈ സഖ്യത്തിലെ രണ്ടാമത്തെ കണ്ണി. സിൻജിയാങ് പ്രവിശ്യയിലെ ലക്ഷക്കണക്കിന് ഉയിഗൂർ മുസ്ലിം ന്യൂനപക്ഷങ്ങളെ തടങ്കൽപ്പാളയങ്ങളിലാക്കിയ ബെയ്ജിംഗ് ഭരണകൂടം, ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെയും തിബറ്റിലെ ജനതയുടെ നിലവിളികളെയും നിഷ്കരുണം അടിച്ചമർത്തിയവരാണ്. കൂടാതെ ദക്ഷിണ ചൈനാ കടലിലെ അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധി ഇപ്പോഴും അവരുടെ ചവറ്റുകുട്ടയിലാണ്. ഇതിനേക്കാൾ വലിയ വിരോധാഭാസം അമേരിക്കയുടെ ഇരട്ടത്താപ്പാണ്. ലോകമെമ്പാടും മനുഷ്യാവകാശങ്ങളുടെ പേരിൽ മറ്റ് രാജ്യങ്ങളെ വിചാരണ ചെയ്യുന്ന വാഷിംഗ്ടൺ, സ്വന്തം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യം വരുമ്പോൾ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്നു.വ്യാജ ആരോപണങ്ങളുടെ പേരിൽ ഇറാഖിനെ ചുട്ടുചാമ്പലാക്കിയതും, രണ്ട് പതിറ്റാണ്ട് അഫ്ഗാനിസ്ഥാനെ യുദ്ധക്കളമാക്കിയതും, ഗ്വാണ്ടനാമോ തടവറയിൽ മനുഷ്യരെ വർഷങ്ങളോളം പീഡിപ്പിച്ചതും അമേരിക്കയുടെ ചരിത്രമാണ്. അഫ്ഗാനിസ്ഥാനിലെയും പാലസ്തീനിലെയും യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തുനിഞ്ഞ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ഉദ്യോഗസ്ഥർക്ക് പോലും ഉപരോധം ഏർപ്പെടുത്തിയ അമേരിക്ക, ഇന്ന് പുട്ടിനും ഷിക്കും ഒപ്പം ചേർന്ന് ആ കോടതിയുടെ സാധുത തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.
ആണവായുധങ്ങളിലുള്ള ആധിപത്യം തുടരും
ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ആണവശക്തികൾ ഒരുമിച്ചിരുന്നപ്പോൾ ലോകത്തിന് നൽകിയ പ്രധാന സന്ദേശം ഇതായിരുന്നു—ആണവയുദ്ധത്തിൽ ആർക്കും വിജയിക്കാനാവില്ല. ഈ യാഥാർഥ്യം അവർ പങ്കുവെക്കുകയും തങ്ങളുടെ സഖ്യകക്ഷികളെയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയും ചെയ്തു. എന്നാൽ, അവിടെ നടന്ന ആണവചർച്ചകളുടെ കാതൽ ലോകത്തെ ആണവായുധങ്ങളിൽനിന്ന് മുക്തമാക്കുക എന്നതായിരുന്നില്ല. മറിച്ച് ആണവായുധങ്ങളുടെ മേലുള്ള തങ്ങളുടെ ആധിപത്യം നിലനിർത്തിക്കൊണ്ട് ആണവശക്തികളുടെ നിലവിലുള്ള അധികാരസന്തുലിതാവസ്ഥ സംരക്ഷിക്കണം. അതിനുള്ള തന്ത്രപരമായ നീക്കമായിരുന്നു അവിടെ നടന്നത്. ഐക്യരാഷ്ട്രസഭയെ തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള വെറുമൊരു റബ്ബർ സ്റ്റാമ്പാക്കി മാറ്റാനുള്ള ചർച്ചകളിലായിരുന്നു ഇവരുടെ ശ്രദ്ധ. ഭൂമിയെ വിഴുങ്ങുന്ന കാലാവസ്ഥാ വ്യതിയാനമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണികളോ ചർച്ചയിൽ വിഷയമേ ആയില്ല.
നിലവിലെ ശാക്തികസ്ഥിരത നിലനിർത്തണമെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രസ്താവന, തങ്ങളും മറ്റ് രണ്ട് ശക്തികൾക്കുമൊപ്പമായി എന്ന പ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്. ലോകരാഷ്ട്രീയത്തിലും യൂറോപ്യൻ ശാക്തികനിലയിലും റഷ്യയ്ക്കുള്ള പ്രാധാന്യം മറ്റ് രണ്ട് ശക്തികളെക്കൊണ്ടും അംഗീകരിപ്പിക്കാൻ പുട്ടിനാകുകയും ചെയ്തു.ഈ ത്രിശക്തി സഖ്യം ഏറ്റവും വലിയ ആഘാതമേൽപ്പിക്കുന്നത് അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളായ യൂറോപ്പിനാണ്. തങ്ങളുടെ സുരക്ഷയ്ക്കായി വാഷിംഗ്ടണിനെ ആശ്രയിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ട്രംപ് പുട്ടിനോടും ഷിയോടും കൈകോർക്കുന്നത്. ഇതിനേക്കാൾ ഗൗരവകരമാണ് ഇന്ത്യയടക്കമുള്ള 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ അവസ്ഥ. ബഹുധ്രുവ ലോകക്രമം സ്വപ്നം കാണുന്ന ഇന്ത്യയ്ക്ക്, അമേരിക്കയും ചൈനയും തമ്മിലുണ്ടാകുന്ന രഹസ്യമോ പരസ്യമോ ആയ ഏതൊരു ധാരണയും വലിയ വെല്ലുവിളിയാണ്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാൻ അമേരിക്കയെ കൂട്ടുപിടിക്കുന്ന ന്യൂഡൽഹിക്ക്, ട്രംപിന്റെ ഈ പുതിയ ചുവടുമാറ്റം നയതന്ത്ര തലത്തിൽ പുനർവിചിന്തനങ്ങൾക്ക് വഴിവെച്ചേക്കും.
ഷെൻഷെനിൽ പിറവിയെടുത്തത് സമാധാനമോ?
ഇന്നത്തെ നിലയിൽ മൂന്നുപേരും ഏറെക്കുറെ തൃപ്തരാണ്. അവർ മൂന്നുപേരും തമ്മിലുള്ള ശാക്തികനിലയിൽ ചെറിയ ‘അഡ്ജസ്റ്റ്മെന്റുകൾ’ നടത്താമെന്നല്ലാതെ, മറ്റു രാജ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള സന്മനസ്സൊന്നും ഈ ത്രിമൂർത്തികൾ പ്രകടിപ്പിച്ചിട്ടില്ല. ജനാധിപത്യ മൂല്യങ്ങളോ, മനുഷ്യാവകാശങ്ങളോ, അന്താരാഷ്ട്ര ഉടമ്പടികളോ ഇനി വൻശക്തികളുടെ താല്പര്യങ്ങൾക്ക് മുന്നിൽ വിലപ്പോവില്ല. കുറ്റാരോപിതർ തന്നെ വിധികർത്താക്കളാകുന്ന ഈ വിചിത്രമായ ലോകക്രമത്തിൽ, ഇനി ദുർബല രാജ്യങ്ങളിലെ സാധാരണക്കാർക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക? അന്താരാഷ്ട്ര നിയമങ്ങൾ ഇനി പാവപ്പെട്ട രാജ്യങ്ങളെ വരുതിയിലാക്കാനുള്ള വെറും ചട്ടക്കൂടുകൾ മാത്രമായി ചുരുങ്ങുകയാണോ? ഈ ആശങ്കക്കിടയിൽ ഒന്നുറപ്പിക്കാം, ഷെൻഷെനിൽ പിറവിയെടുത്തത് സമാധാനമല്ല; അതൊരു 'ജി-ത്രീ' ലോകക്രമത്തിന്റെ വിളംബരമാണ്. മൂന്ന് അതികായന്മാർ ചേർന്ന് ലോകത്തിന്റെ ഭാവി തീരുമാനിക്കുന്ന പുതിയ കാലത്ത്, കാഴ്ചക്കാരായി നിൽക്കണോ അതോ സ്വന്തം ഇടം ഉറപ്പിക്കണോ എന്നതാണ് ഇന്ത്യയടക്കമുള്ള മറ്റ് ലോകരാജ്യങ്ങൾക്ക് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം.