'കോക്രോച്ച് ജനതാ പാര്‍ട്ടി' അഥവാ സി.ജെ.പി എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ രാഷ്ട്രീയ കൂട്ടായ്മ സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമായി സ്വയം പ്രഖ്യാപിച്ച ഈ ഡിജിറ്റല്‍ കൂട്ടായ്മ രൂപീകൃതമായത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ 1.3 കോടിയിലധികം ഫോളോവേഴ്സും ഒൗേദ്യാഗിക വെബ്സൈറ്റ് പ്രകാരം രണ്ട് ലക്ഷത്തിലധികം അംഗങ്ങളും ഒരാഴ്ചകൊണ്ട് സ്വന്തമാക്കാന്‍ ഈ ട്രോള്‍ പാര്‍ട്ടിക്കായി. പ്രധാനമായും ജെന്‍-സി യുവാക്കളാണ് തങ്ങള്‍ കോണ്‍ഗ്രസോ ബിജെപിയോ അല്ല ഇനി സിജെപിയാണ് എന്ന് വ്യക്തമാക്കി റീലുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മഹുവ മൊയ്ത്രയും പ്രശാന്ത് ഭൂഷനും ധ്രുവ് റാഠിയും ഉള്‍പ്പെടെ പ്രമുഖരും ഈ ട്രോള്‍ പാര്‍ട്ടിയില്‍ പ്രതീകാത്മകമായി ചേര്‍ന്നുകഴിഞ്ഞു. ഭരണകൂടത്തിനെതിരായ പ്രതിഷേധ രൂപമായി കൂട്ടായ്മ വളര്‍ന്നുവരുന്നതിടെ സി.ജെ.പിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് മരവിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വെറുമൊരു ട്രെന്‍ഡ് എന്നതിനപ്പുറം എന്ത് കൊണ്ട് ഇത്തരം കൂട്ടായ്മകള്‍ക്ക് ഇത്രമാത്രം സ്വീകാര്യത കിട്ടുന്നുവെന്ന വിഷയമാണ് ഇന്ന് പരിശോധിക്കുന്നത്.
ജെന്‍സിയുടെ സ്വന്തം കോക്ക്രാച്ച് പാര്‍ട്ടി
കഴിഞ്ഞ ആഴ്ച കോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ യുവജനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം വലിയ വിവാദമായിരുന്നു. 'പാറ്റകളെപോലെ ചെറുപ്പക്കാരുണ്ട്, അവര്‍ക്ക് തൊഴിലോ തൊഴില്‍ ചെയ്യാനൊരിടമോ ലഭിക്കുന്നില്ല. അവരില്‍ ചിലര്‍ മാധ്യമങ്ങളായി മാറുന്നു, ചിലര്‍ സോഷ്യല്‍ മീഡിയക്കാര്‍, വിവരാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്്റ്റുകള്‍ എന്നിവരാകുന്നു, അവര്‍ എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങുന്നു,' - ഇതായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. പ്രസ്താവന വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി. രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല മറിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന ആളുകളെയാണ് ഉദ്ദേശിച്ചതെന്നും തൊഴിലില്ലാത്ത യുവാക്കളെ വിമര്‍ശിച്ചെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോക്ക്രോച്ച് പാര്‍ട്ടിക്ക് പിന്നിലാര്?
സി.ജെ.പി എന്ന രാഷ്ട്രീയ ട്രോള്‍-പരിഹാസ പ്രസ്ഥാനത്തിന് പിന്നില്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ അഭിജീത് ദിപ്കെ എന്ന 30 കാരനാണ്. പൂനെയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2020 മുതല്‍ 2023 വരെ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ സംഘങ്ങളുമായി ദിപ്കെ സഹകരിച്ചിരുന്നു. 2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ ഡിജിറ്റല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലും മീം-അധിഷ്ഠിത ക്യാംപെയിനുകളിലും പങ്കാളിയായി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശത്തിലുള്ള വ്യക്തിപരമായ പ്രതിഷേധം തൊഴിലില്ലായ്മയും നിരാശയും നേരിടുന്ന രാജ്യത്തെ യുവസമൂഹത്തിന്റെ പ്രതീക സ്വരമായി മാറ്റാന്‍ ദിപ്കെക്കായി.
എന്തിനാണ് ഇങ്ങനെ ഒരു പാര്‍ട്ടി
'ഞാനാണ് ആ കോക്രോച്ച്. ചീഫ് ജസ്റ്റിസ് പറഞ്ഞത് എന്നെപ്പോലുള്ളവരെക്കുറിച്ചാണ്,' എന്നാണ് ദിപ്കെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന അവകാശവും സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനത്തിന്റെ തലവനില്‍ നിന്നുള്ള പരാമര്‍ശമായതിനാലാണ് അത് കൂടുതല്‍ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കില്ല. ഒരു യഥാര്‍ത്ഥ വോട്ട് പോലും നീക്കം ചെയ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കര്‍ശന നടപടി വേണം. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം. സ്വാധീനമുള്ള വ്യവസായികളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക. പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്. എന്നീ വാഗ്ദാനങ്ങളില്‍ ഉറച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുക എന്ന് സി.ജെ.പിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നു. പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ ഇത് 'മടിയന്മാരുടെയും തൊഴിലില്ലാത്ത യുവാക്കളുടെയും ശബ്ദം' എന്നാണ് പറഞ്ഞിരിക്കുന്നത്. തൊഴിലില്ലാത്തവനായിരിക്കണം. വെറുതെ ഇരിക്കുകയാണെങ്കിലും നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കണം. ദിവസത്തില്‍ കുറഞ്ഞത് 11 മണിക്കൂര്‍ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കണം. സമൂഹപ്രശ്നങ്ങളെക്കുറിച്ച് ശക്തമായി വിമര്‍ശിക്കാന്‍ കഴിവുണ്ടായിരിക്കണം എന്നിവയാണ് പാര്‍ട്ടിയില്‍ ചേരാനുള്ള മാനദണ്ഡങ്ങള്‍.
അതിവേഗം വികസിക്കുന്ന ട്രോള്‍ പാര്‍ട്ടി
'യുവാക്കള്‍ക്കായി യുവാക്കളുടെ ഒരു രാഷ്ട്രീയ മുന്നണി' എന്നാണ് ഈ പേജിന്റെ ബയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വെറുമൊരു തമാശയായി എക്സില്‍ തുടങ്ങിയ കാമ്പെയ്‌ന് ദിവസങ്ങള്‍ക്കുള്ളില്‍ 12 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായി. ഔദ്യോഗിക വെബ്സൈറ്റില്‍ അംഗങ്ങളായ രണ്ട് ലക്ഷത്തിലധികം പേരും ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്ത 13 ദശലക്ഷത്തിലധികം പേരുടെതും കൂടിയാണ് ഇന്ന് സി.ജെ.പി. ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിന് നിലവില്‍ 8.7 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണുള്ളത്. ഇതാണ് വെറുംഒരു ട്രോള്‍ പാര്‍ട്ടിയുടെ പേജ് മറികടന്നിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹാന്‍ഡിലിന് 13.3 ദശലക്ഷവും, ആം ആദ്മി പാര്‍ട്ടിക്ക് 1.9 ദശലക്ഷവും ഫോളോവേഴ്‌സാണുള്ളത്. യുവാക്കളുടെ തൊഴിലില്ലായ്മ, നീറ്റ് പരീക്ഷാ വിവാദങ്ങള്‍, പേപ്പര്‍ ലീക്കുകള്‍ എന്നിവയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തമായ പ്രതിഷേധ പ്രകടനമായി ഈ 'കോക്ക്രോച്ച്' ചിഹ്നം മാറിയിരിക്കുകയാണെന്ന് അല്‍ ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന എന്‍.ഡി.എക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ യുവജന പ്രക്ഷോഭമായി വളര്‍ന്നുവരുന്നതിനിടെയാണ് ഇപ്പോള്‍ സി.ജെ.പിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, നൂറുകണക്കിന് പാസ് വേര്‍ഡ് റീസെറ്റ് റിക്വെസ്റ്റുകള്‍ വരുന്നുണ്ടെന്നും സി.ജെ.പിയുടെ അണിയറപ്രവര്‍ത്തകര്‍ എക്സിലൂടെ ആശങ്കപ്പെട്ടിരുന്നു.
എന്തുകൊണ്ട് ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകുന്നു?
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളിലോ ഭരണാധികാരികളുടെ നിലപാടുകളിലോ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ബദല്‍ കൂട്ടായ്മകള്‍ ഉണ്ടാകുന്നത്. നേരിട്ട് വിമര്‍ശിച്ചാല്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അടിച്ചമര്‍ത്തലുകളെ ട്രോളുകളുടെ മറവില്‍ മറികടക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവയാണ്. കേവലം ഒരു ഓണ്‍ലൈന്‍ ട്രെന്‍ഡ് എന്നതിനപ്പുറം, സാധാരണക്കാരന്റെ ശബ്ദത്തെയും നിരാശയെയും ഭരണകൂടത്തിന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് വിളിച്ചുപറയാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുന്നു എന്നതാണ് ഇവയുടെ പ്രസക്തി. ഒടുവില്‍ അധികാരികള്‍ക്ക് തങ്ങളുടെ വാക്കുകള്‍ തിരുത്തേണ്ടി വരുന്നു എന്നത് തന്നെയാണ് ഇത്തരം 'പാറ്റ കൂട്ടായ്മകളുടെ' യഥാര്‍ത്ഥ വിജയം. ജാതി, മത, പ്രാദേശിക വ്യത്യാസങ്ങള്‍ക്കപ്പുറം ഒരേ ചിന്താഗതിയുള്ള ആളുകളെ ഒരുമിച്ച് നിര്‍ത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയുന്നുണ്ട്. ഭരണാധികാരികളെ ഭയമില്ലാതെ വിമര്‍ശിക്കാന്‍ മീമുകളും ട്രോളുകളും ഇവര്‍ ആയുധമാക്കുന്നു. ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകളേക്കാള്‍ വേഗം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഇവയ്ക്ക് കഴിയുന്നുണ്ട്.
സാമൂഹിക മാധ്യമ രാഷ്ട്രീയ കൂട്ടായ്മകളെ എഴുതിത്തള്ളാനാവില്ല
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ കൃത്യമായ രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയോ വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്ത ചില സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കൂട്ടായ്മകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. കര്‍ഷക സമരത്തിന്റെ വിജയം, ജെല്ലിക്കെട്ട് പ്രതിഷേധം, ഡല്‍ഹി കൂട്ടബലാത്സംഗ കേസിന് പിന്നാലെ ഉയര്‍ന്ന ജസ്റ്റിസ് ഫോര്‍ നിര്‍ഭയ കാമ്പെയ്ന്‍, മീ ടു കാമ്പയിന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. സി.ജെ.പിയെപ്പോലെ സാമൂഹിക മാധ്യമങ്ങളിലെ സ്വീകാര്യത കൈമുതലാക്കി വളര്‍ന്ന ട്രോള്‍ പാര്‍ട്ടികള്‍ ആഗോള തലത്തില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.
ഹംഗേറിയന്‍ ടു-ടെയ്ല്‍ഡ് ഡോഗ് പാര്‍ട്ടി ,പോളിഷ് ബിയര്‍ പാര്‍ട്ടി , ഐസ്ലന്‍ഡിലെ ബെസ്റ്റ് പാര്‍ട്ടി , കാനഡയിലെ ദ റൈനോസറസ് പാര്‍ട്ടി എന്നിവയുടെ രൂപീകരണം സാമൂഹിക മാധ്യമങ്ങളുടെ പിന്‍ബലത്തിലായിരുന്നു. ഇതില്‍ പോളിഷ് ബിയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 16 സീറ്റുകള്‍ നേടുകയും, ബെസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തെ പ്രതിഷേധങ്ങള്‍ കേവലം ലൈക്കുകളിലും ഷെയറുകളിലും ഒതുങ്ങുന്നതല്ലെന്നും, അവയ്ക്ക് സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുണ്ടെന്നുമാണ് ഈ മുന്നേറ്റങ്ങള്‍ കാണിച്ചുതരുന്നത്. അതേസമയം കുറച്ചുസമയത്തുമാത്രം കത്തിജ്ജ്വലിച്ച് വൈകാതെ കെട്ടുപോകുന്ന സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍ ട്രെന്‍ഡുകളുടെ അനുഭവം മാത്രമായിരിക്കുമോ രാജ്യത്തെ ജനങ്ങള്‍ക്ക് ഇത്തരം ട്രോള്‍ പാര്‍ട്ടികള്‍ സമ്മാനിക്കുക എന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.