പെരുമാറ്റച്ചട്ടത്തിന് അതീതനാണോ മുഖ്യമന്ത്രി?
ഭരണഘടനയോടും നിയമത്തോടും കൂറും വിശ്വസ്തതയും പുലർത്തി, ഭയമോ പക്ഷപാതമോ സ്നേഹമോ വിരോധമോ കൂടാതെ എല്ലാവരോടും നീതി പുലർത്തി, മന്ത്രി എന്ന നിലയിൽ കടമകൾ വിശ്വസ്തതയോടും ബോധപൂർവ്വവും നിർവഹിക്കും എന്ന സത്യപ്രതിജ്ഞാ വാചകം ചൊല്ലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതല ഏറ്റെടുക്കുന്നത്.
“ഭയമോ പക്ഷപാതമോ സ്നേഹമോ വിരോധമോ കൂടാതെ” എന്ന പ്രയോഗമാണ് ഇവിടെ പ്രധാനം. ഒരു സ്വകാര്യ വ്യക്തിയോ കമ്പനിയോ നൽകുന്ന ഉയർന്ന മൂല്യമുള്ള സേവനം സ്വീകരിക്കുമ്പോൾ, ആ വ്യക്തിയോടോ കമ്പനിയോടോ “സ്നേഹം” അല്ലെങ്കിൽ “പക്ഷപാതം” ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭരണഘടനാ അനുച്ഛേദം 164 ൻ്റെ മൂന്നാം ഉപവകുപ്പ് , സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ പദവി നിഷ്പക്ഷവും പ്രലോഭനവിമുക്തവും ആയിരിക്കണം എന്ന് പറയുന്നുണ്ട്.
ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യാത്രാസൗജന്യങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്നോ കമ്പനികളിൽ നിന്നോ സ്വീകരിക്കുമ്പോൾ അവിടെ വ്യക്തമായ താൽപര്യങ്ങൾ രൂപപ്പെടുന്നു എന്നതിൽ തർക്കമില്ല. ഭാവിയിൽ ആ സ്പോൺസർമാരായ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയപരമായ തീരുമാനങ്ങളോ ഇളവുകളോ സർക്കാരിൽനിന്ന് ഉണ്ടാകാം എന്ന സാധ്യത ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കാൻ പര്യാപ്തമാണെന്ന് അറിയാൻ സാമാന്യ യുക്തി മാത്രം മതിയാകും.
പെരുമാറ്റച്ചട്ട ലംഘനവും അഴിമതിയും
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിമാർക്ക് വേണ്ടി പുറപ്പെടുവിച്ച പെരുമാറ്റച്ചട്ടം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തരും. മന്ത്രി വ്യക്തിപരമായോ കുടുംബാംഗങ്ങളിലൂടെയോ ഏതെങ്കിലും ആവശ്യത്തിന് സംഭാവനയോ ഔദ്യോഗിക ഇടപാടുകളുള്ളവരിൽ നിന്ന് വിലയേറിയ സമ്മാനങ്ങളോ സ്വീകരിക്കരുത് എന്ന് അതിൽ നിർദ്ദേശിക്കുന്നുണ്ട്.
ഔദ്യോഗിക കടമകളുമായി ബന്ധപ്പെട്ട് സ്വാധീനം ചെലുത്താൻ കഴിയുന്ന ഏതൊരു സഹായവും ഒഴിവാക്കണമെന്നും ചട്ടം ആവശ്യപ്പെടുന്നു. ചാർട്ടേഡ് വിമാനം ഒരു സാധാരണ സമ്മാനമല്ല. അത് ഉയർന്ന മൂല്യമുള്ള ഒരു സേവനമാണ്. ഒരു സ്വകാര്യ കമ്പനി അത് സൗജന്യമായി നൽകുമ്പോൾ, അത് സംഭാവനയായോ സ്വാധീനം ചെലുത്താനുള്ള മാർഗമായോ കാണാവുന്നതാണ്. അതിൽനിന്ന് സംസ്ഥാനത്തിന് നഷ്ടമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല. മന്ത്രിമാരുടെ പെരുമാറ്റച്ചട്ട പ്രകാരം വിലയേറിയ സൗജന്യങ്ങളോ ഉപഹാരങ്ങളോ സ്വീകരിക്കാൻ പാടില്ല.
Prevention of Corruption Act അനുസരിച്ച്, നിയമപരമായ ശമ്പളത്തിനപ്പുറമുള്ള ഏതൊരു ആനുകൂല്യവും സ്വീകരിക്കുന്നത് അഴിമതിയുടെ പരിധിയിൽ വരും. ഇങ്ങനെ സൗജന്യ സേവനം നൽകിയവർക്ക് പിന്നീട് ഔദ്യോഗിക തീരുമാനങ്ങളിൽ ആനുകൂലം ലഭിക്കുകയാണെങ്കിൽ, അത് ഒന്നിന് പകരം മറ്റൊന്ന് നൽകുന്ന ’പ്രത്യുപകാര അഴിമതി’യായി കണക്കാക്കും.“സർക്കാർ പണം ചെലവഴിച്ചിട്ടില്ല” എന്ന വാദം പോലും അവിടെ നിലനിൽക്കില്ല.
സൗജന്യ സ്പോൺസർഷിപ്പുകൾ അനുവദനീയമാണെന്ന് വരുത്തിത്തീർക്കുമ്പോൾ അത് ഭാവിയിൽ വലിയ അഴിമതികൾക്കുള്ള നിയമസാധുതയായി മാറുന്നു. സംസ്ഥാനത്തിന് നഷ്ടമില്ലെങ്കിൽ പ്രശ്നമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അപകടകരമായ ഒരു യുക്തി കൂടിയാണ്. ആരാണ് വിമാനം നൽകിയത്, എന്ത് നിബന്ധനകളിലാണ് നൽകിയത് എന്ന് വ്യക്തമാക്കാത്തതിൽ സുതാര്യതയുടെ അഭാവം പ്രകടമാണല്ലോ. മുഖ്യമന്ത്രി തന്നെ ഇങ്ങനെ സൗജന്യങ്ങൾ സ്വീകരിക്കുകയും മന്ത്രിമാർക്ക് ഇതേ മാതൃക പിന്തുടരാൻ അനുവാദം നൽകുകയും ചെയ്യും എന്ന് പറയുമ്പോൾ വിദേശയാത്രകൾ, ലക്ഷ്വറി വാഹനങ്ങൾ, മറ്റ് സൗജന്യ സഹായങ്ങൾ തെറ്റല്ല എന്ന യുക്തിയിലേക്ക് കാര്യങ്ങൾ നീങ്ങും. സ്ഥാപിത താൽപര്യങ്ങൾ വഹിക്കുന്ന കോർപറേറ്റുകളോട് ഇത്തരം പ്രലോഭനങ്ങൾ ചെയ്യാനുള്ള പരസ്യമായ ക്ഷണം കൂടിയാണ് ഈ നിലപാട്.
വിമാനം എവിടെ നിന്ന് വന്നു?
സ്പോൺസറെ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ലെങ്കിലും ലഭിക്കുന്ന വിവരം അനുസരിച്ച് നമുക്ക് വിമാനം പറന്ന വഴികളും ചെലവും ഒന്ന് പരിശോധിച്ചേക്കാം. ബെംഗളൂരുവിലെ പഴയ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് രാവിലെ 11.03-ന് ടേക്കോഫ് ചെയ്ത വിമാനം ആദ്യം ഇറങ്ങിയത് 11.36-ന് ജിൻഡാലിലായിരുന്നു. അവിടെ നിന്ന് ഉച്ചയ്ക്ക് 12-ഓടെ പുറപ്പെട്ട് 1.42-ന് തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രിയെ കയറ്റി 2.17-ന് പുറപ്പെട്ട് 3.07-ന് കരിപ്പൂരിൽ എത്തുകയും രാത്രി 7.35-ന് തിരിച്ച് 8.18-ന് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. കേളച്ചന്ദ്ര ഏവിയേഷൻസിന്റെ ഉടമസ്ഥതയിലുള്ള 2011 മോഡൽ എംബ്രയർ ഫീനം 100 എന്ന നാലോ അഞ്ചോ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ചെറിയ പ്രൈവറ്റ് ജെറ്റ് ആയിരുന്നു മുഖ്യമന്ത്രിക്കായി പറന്നത്.
പറക്കൽ സമയം മൊത്തം നാല് മണിക്കൂർ 22 മിനിറ്റ്. വിമാനം കേരളത്തിന്റെ ആവശ്യത്തിനായി ചെലവഴിച്ചത് ഏകദേശം എട്ട് മണിക്കൂർ 42 മിനിറ്റ്. ഫീനം 100 പോലുള്ള പഴയ മോഡൽ വിമാനത്തിൻ്റെ ചാർട്ടർ റേറ്റ് മണിക്കൂറിന് 2 മുതൽ 2.7 ലക്ഷം രൂപ വരെയാണ്. 2.7 ലക്ഷം എന്ന് കണക്കാക്കിയാൽ പറക്കൽ വാടക മാത്രം ഏകദേശം 11.8 ലക്ഷം വരും. 18% ജിഎസ്ടി കൂടി കൂട്ടിയാൽ ഏകദേശം 14 ലക്ഷം രൂപ. ലാൻഡിങ്, പാർക്കിങ്, നാവിഗേഷൻ ചാർജുകൾ പ്രത്യേകം വന്നേക്കാം.
ആരാണ് വിമാനം ക്രമീകരിച്ചത്? ആരാണ് ചാർട്ടർ ചാർജ് വഹിച്ചത്? എന്നീ കാര്യങ്ങളിൽ ഇനിയും മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. കേളച്ചന്ദ്ര ഏവിയേഷൻ നേരിട്ടാണോ, അതോ മറ്റൊരു സ്പോൺസർ വഴി തുക നൽകുമെന്നാണോ ധാരണ എന്ന ചോദ്യം ഇനിയും ബാക്കിയാണ്. കേളച്ചന്ദ്ര ഗ്രൂപ്പിൻ്റെ മുഖ്യപങ്കാളി കർണാടക കോൺഗ്രസ് നേതാവ് കെ.ജെ. ജോർജ് ആണ്. കോട്ടയത്തുനിന്ന് പോയി ബെംഗളൂരുവിൽ വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാൾ. സിദ്ധരാമയ്യയിൽ നിന്ന് ഡി.കെ. ശിവകുമാറിലേക്കുള്ള അധികാരക്കൈമാറ്റത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് അദ്ദേഹം. ഒരു സ്വകാര്യ കമ്പനിയോ സ്പോൺസറോ 14 ലക്ഷം രൂപയുടെ സേവനം വെറുതെ നൽകാൻ ഒരു കാരണമുണ്ടാകും.
മുഖ്യമന്ത്രിയുടെ ദുരൂഹ വിമാന യാത്രകൾ
മുൻ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇത്തരം യാത്രകൾ നടത്തിയിരുന്നു എന്ന വിശദീകരണം പറഞ്ഞും വി.ഡി സതീശൻ തൻറെ വാദത്തെ ന്യായീകരിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയും പിണറായി വിജയനും വിമാന യാത്രകൾ നടത്തിയിരുന്നുവെന്നും ഇടതുസർക്കാരിൻ്റെ കാലത്ത് മന്ത്രിമാർ നടത്തിയ സ്പോൺസേഡ് വിദേശ യാത്രകളുടെ തെളിവുകൾ ഉണ്ടെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ആരോപിക്കുന്നുണ്ട്. കാലവര്‍ഷക്കെടുതിയില്‍ പത്തനംതിട്ടയിലെയും കോട്ടയത്തെയും ജനങ്ങള്‍ ദുരന്തമുഖത്ത് ആയിരുന്നപ്പോള്‍ ഹെലികോപ്റ്ററില്‍ കൊച്ചിക്ക് പറന്ന മുഖ്യമന്ത്രി വിഡി സതീശൻ ഏറെ പഴി കേട്ടതാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ആദ്യം പറഞ്ഞും, നിക്ഷേപകരെ കാണാനെന്ന് പിന്നീട് തിരുത്തിയും ന്യായീകരിക്കാന്‍ ശ്രമിച്ച ആ കൊച്ചി യാത്രയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതുവരെ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രികസേരയിലിരിക്കുന്നതിന് തൊട്ടുമുമ്പായി മംഗലാപുരത്തേക്ക് ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പറന്നത് എന്തിനാണെന്നും ഇന്നും ആര്‍ക്കും അറിയില്ല. ഇപ്പോഴിതാ മലപ്പുറത്തെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തില്‍ കയറി കരിപ്പൂരില്‍ ഇറങ്ങുമ്പോഴും വി.ഡി. സതീശന്‍ പല ചോദ്യങ്ങളും ബാക്കി വയ്ക്കുകയാണ്. ദുരൂഹതയും സുതാര്യത ഇല്ലായ്മയും തന്നെയാണ് ഈ സന്ദർശനങ്ങളെ വിവാദമാക്കുന്നത്.
ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനം ഭരണാധികാരികളുടെ ഔദ്യോഗിക ഉത്തരവാദിത്തമാണ്. അല്ലാതെ കോർപ്പറേറ്റുകളുടെ ഔദാര്യമാകാൻ പാടില്ല. പഴി കേട്ടാലും അത് ദുരന്ത നിവാരണ ഫണ്ടിൽ നിന്നു തന്നെ വകയിരുത്തേണ്ടതുമാണ്. ഖജനാവിന് പണം നഷ്ടപ്പെട്ടില്ല എന്ന ലളിതമായ യുക്തികൊണ്ട് കോർപ്പറേറ്റ് പ്രീണനത്തെയും അദൃശ്യമായ സ്വാധീനങ്ങളെയും ന്യായീകരിക്കാനുമാവില്ല. ജനാധിപത്യത്തിൽ അധികാരം വഹിക്കുന്നവർ സൗജന്യ സഹായം സ്വീകരിക്കുമ്പോൾ അത് ആരിൽ നിന്നാണെന്നും എന്ത് ഉദ്ദേശ്യത്തോടെയാണെന്നും വ്യക്തമാക്കേണ്ടത് നിർബന്ധമാണ്. അല്ലെങ്കിൽ സത്യപ്രതിജ്ഞ വെറുമൊരു ഔപചാരികത മാത്രമായി മാറും.