രാജ്യതലസ്ഥാനം കോട്ട കെട്ടി പത്മവ്യൂഹം തീർത്തത് എന്തിന് വേണ്ടിയായിരുന്നു? സമാധാനപരമായി പ്രതിഷേധിക്കാൻ വന്ന യുവാക്കളെയും നേതാക്കളെയും എന്ത് കുറ്റത്തിനാണ് റോഡിൽ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്തത് ? ജമ്മുകശ്മീരിൽ നിന്നുൾപ്പെടെ സേനാവ്യൂഹത്തെ എത്തിച്ച് 45000 പേരെ രാജ്യതലസ്ഥാനത്ത് വിന്യസിച്ചത് ഏത് യുദ്ധത്തെ നേരിടാനാണ്? റോഡുകൾ അടച്ച് കെട്ടി , ഇൻർനെറ്റ് നിരോധിച്ച്, ഗതാഗതം സ്തംഭിപ്പിച്ച് ഡൽഹി അതിർത്തികൾ വരെ നിരീക്ഷണത്തിലാക്കിയത് എന്ത് സുരക്ഷക്കായിരുന്നു? ആരെ സംരക്ഷിക്കാൻ ആയിരുന്നു? സിജെപി പാർട്ടി നേതാക്കളുടെ ഫോണുകൾ പോലും ചോർത്തി നേടിയത് ഏത് ദേശദ്രോഹ പ്രവർത്തനത്തിൻ്റെ വിവരങ്ങളായിരുന്നു? കടകൾ അടപ്പിച്ച്, ഹോട്ടലുകൾ അടച്ചുപൂട്ടി, മെട്രോ സ്റ്റേഷനുകൾ സ്തംഭിപ്പിച്ച് നടത്തിയ സ്റ്റേറ്റ് സ്പോൺസേഡ് ബന്ദ് എന്തിന് വേണ്ടിയായിരുന്നു? രാജ്യം ഇന്ന് കണ്ടിട്ടില്ലാത്ത വിധം വിമാനത്തിനകത്ത് കയറി അറസ്റ്റ് ചെയ്ത്, അഭിജിത് ദീപ്കെയെ ഡൽഹിയിൽ കാലുകുത്തിക്കില്ലെന്ന ശാഠ്യം ആർക്കായിരുന്നു?.ഇതിനൊക്കെ ഉത്തരം ഒന്ന് മാത്രമാണ്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ കസേരയിൽ മുറുകെപിടിച്ചിരിക്കുന്ന ഗ്യാനേഷ് കുമാറും രക്ഷാകവചം തീർക്കാൻ വെപ്രാളം കാട്ടുന്ന കേന്ദ്ര സർക്കാരും. ഏകാധിപതി ഭയന്നിരിക്കുന്നു," എന്നാണ് കൊക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചത്.
ജന്തർ മന്തർ 2.0’ :പത്മവ്യൂഹം ഭേദിച്ചെത്തുന്ന ജനാധിപത്യം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും കേന്ദ്ര നയങ്ങൾക്കെതിരെയും ജന്തർ മന്തറിലേക്ക് ഇരമ്പിയെത്തിയ പ്രതിഷേധക്കടലിന് നേരെ സമാനതകളില്ലാത്ത നരനായാട്ടാണ് പൊലീസ് അഴിച്ചുവിട്ടത്. പ്രതിഷേധത്തിനെത്തിയ നേതാക്കളെയും സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെ സംഘടനാ പ്രവർത്തകരെയും റോഡിലിട്ട് തല്ലിച്ചതയ്ക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ കേന്ദ്രം ഇറക്കിയ 23,000 സുരക്ഷാ ഉദ്യോഗസ്ഥരും 221 കേന്ദ്രസേനാ കമ്പനികളുമടക്കം 47000 ഓളം സേനാംഗങ്ങൾ ഡൽഹിയിൽ നരനായാട്ട് തന്നെ നടത്തി. റോഡിൽ കണ്ട യുവാക്കളെ എല്ലാം അതിക്രൂരമായി വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരെയും വെറുതെ വിട്ടില്ല. പ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറിയും സാധനങ്ങൾ തട്ടിപ്പറിച്ചും ഓടിച്ചിട്ട് മർദിച്ച പൊലീസ്, നൂറുകണക്കിന് വിദ്യാർത്ഥി-യുവജന പ്രവർത്തകരെയാണ് തടവിലാക്കിയത്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിഛേദിച്ചു. 45 മെട്രോ സ്‌റ്റേഷനുകൾ അടച്ചു. ഡൽഹിയിലേക്കെത്തുന്ന തീവണ്ടികൾ റദ്ദാക്കി. ബാരിക്കേഡുകളുടെ വലയം തീർത്ത് ഡൽഹിയെ അക്ഷരാർഥത്തിൽ അടച്ചുപൂട്ടി.
പാറ്റകൾ പോലെ കൂട്ടമായെത്തി
ജന്തർമന്തറിലേക്കുള്ള പ്രതിഷേധം ഇടിമുഴക്കംപോലെ ഒറ്റയടിക്ക് വന്നുചേർന്നതായിരുന്നില്ല. ഒരു ഭാഗത്ത് നേതാക്കൾ അറസ്റ്റിലാകുമ്പോഴും രാവിലെ മുതൽ പ്രക്ഷോഭകർ പാറ്റകളെപ്പോലെ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ സമരങ്ങളായി പറന്നിറങ്ങിയത് ഡൽഹി പൊലീസിൻ്റെ പ്രതീക്ഷ തെറ്റിച്ചു. അവ ക്രമേണ ശക്തിപ്രാപിച്ചു. വടിയെടുത്തും ബലം പ്രയോഗിച്ചും അവരെ കസ്റ്റഡലെടുക്കാൻ സജ്ജീകരിച്ച വൻ സേന ഏറെ പാടുപെട്ടു. ഒറ്റക്കായെത്തിയും ഇൻക്വിലാബ് വിളികളോടെ സംഘം ചേർന്നും അവർ പ്രതിഷേധത്തിൽ പങ്കാളികളായി. ഉച്ചയോടെ കൊണാട്ട് പ്ലേസ് പ്രക്ഷോഭകേന്ദ്രമായി മാറി. സിജെപിക്ക് പുറമെ എഎപി, ത്രൃണമൂൽ പ്രവർത്തകരും പങ്കുചേർന്നു.
സിജെപി നേതാക്കളായ അഭിജിത് ദീപ്കെ , സൗരവ് ദാസ് , അശുതോഷ് റാങ്ക എന്നിവരെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിൽ എടുത്തത്. യൂട്യൂബർ ധ്രുവ് റാഠിയെ രാവിലെ തന്നെ ഗുരുഗ്രാം സെക്ടർ-56-ലെ വസതിയിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ഉച്ചയോടെ ത്രൃണമൂൽ നേതാവ് മമത ബാനർജി ,അരവിന്ദ് കെജ്രിവാൾ , യോഗേന്ദ്ര യാദവ്, പ്രശാന്ത്ഭൂഷൻ, നേഹ ബോറ എന്നിവരടക്കമുള്ള നേതാക്കളും കസ്റ്റഡിയിലായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി ആയിരത്തോളം പേരെ മുൻകരുതൽ എന്ന നിലയിൽ കസ്റ്റഡിയിൽ എടുത്തിരുന്നതായി പൊലീസ് അറിയിച്ചു.
സിപിഐഎം നേതാക്കളെ വേട്ടയാടി
രാവിലെ മുതൽ തലസ്ഥാനമാകെ കനത്ത ബാരിക്കേഡുകളും വൻ സേനാ സന്നാഹങ്ങളും നിരത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സേന; സുർജിത് ഭവനിൽ നിന്ന് പ്രതിഷേധിക്കാനിറങ്ങിയവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിൻ്റെ പടിയിറങ്ങിയ ഉടൻ സിപിഐഎം നേതാക്കളെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്തു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, പി.കെ ശ്രീമതി എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്. ബൃന്ദാ കാരാട്ട്, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി. രാജീവ്, വി. ശിവദാസൻ എംപി തുടങ്ങിയ പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ബലം പ്രയോഗിച്ച് വാഹനത്തിൽ തള്ളിക്കയറ്റി.
സമരത്തിന് നേതൃത്വം നല്‍കാന്‍ എത്തിയ പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നീക്കം നടത്തിയെങ്കിലും, ജോണ്‍ ബ്രിട്ടാസ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരോടൊപ്പം അദ്ദേഹം ജന്തര്‍ മന്ദറിലേക്ക് നടന്നുനീങ്ങി. പിന്നീട് പിണറായി വിജയനെയും കസ്റ്റഡിയിലെടുത്തു. ഇവരെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ ഡൽഹി പൊലീസ് നഗരം ചുറ്റിച്ചു വലക്കുകയും ഇതേത്തുടർന്ന് പിണറായി വിജയന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു.
കടുത്ത നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതി
ഇന്ത്യൻ ഭരണഘടനയുടെ 19 ാം വകുപ്പിൻ്റെ ഒന്നാം ഉപവകുപ്പ് ബി , പൗരർക്ക് സമാധാനപരമായും ആയുധങ്ങളില്ലാതെയും സമ്മേളിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. പൊതുസമാധാനം സംരക്ഷിക്കുന്നതിന് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും, അതിന്റെ പേരിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തെ ഇല്ലാതാക്കാനാവില്ല. ഡൽഹിയിലെ സിജെപി മാർച്ചിനെ നേരിടാൻ കേന്ദ്രസർക്കാരും ഡൽഹി പൊലീസും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതി കഴിഞ്ഞദിവസം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്നും പൊതുസൗകര്യങ്ങൾ പൂർണ്ണമായി തടസ്സപ്പെടുത്തുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ട്രെയിനുകൾ റദ്ദാക്കാനുമുള്ള നീക്കത്തിലൂടെ ഭരണകൂടം വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയം അടിയന്തരമായി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
വിയോജിപ്പുകൾ ജനാധിപത്യം തിരിച്ചുപിടിക്കുകയാണ്
ജനാധിപത്യത്തെക്കുറിച്ച് വാചാലനാകുന്ന ഒരു പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്ത്, ജനാധിപത്യത്തെ അട്ടിമറിക്കുന്നൊരാൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്യുന്ന യുവാക്കളെ നേരിടാനാണ്, കേന്ദ്രം യുദ്ധസമാന ഒരുക്കം നടത്തിയതും അടിച്ചമർത്താൻ ശ്രമം നടത്തുന്നതും. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയും 13 കോടിയോളം ജനങ്ങളെ വോട്ടർപട്ടികയിൽനിന്ന് അന്യായമായി പുറത്താക്കുകയും ചെയ്തവരെ സംരക്ഷിക്കാനാണ് ജനാധിപത്യപരമായ അവകാശങ്ങളെ അട്ടിമറിച്ചുള്ള ഈ സന്നാഹങ്ങൾ ഒരുക്കിയത്. ഡൽഹിയിലെ ബാരിക്കേഡുകൾ ഒരു പ്രതിഷേധത്തിന്റെ വഴിയിൽ സ്ഥാപിച്ച ഇരുമ്പുവേലികൾ മാത്രമല്ല, ജനങ്ങളുടെ ശബ്ദത്തിനും ഭരണകൂടത്തിന്റെ അധികാരത്തിനുമിടയിൽ ഉയരുന്ന രാഷ്ട്രീയമതിലുകളുടെ പ്രതീകമായും മാറുന്നുണ്ട്.