എയിംസ് കേരളത്തിലെത്തുമെന്ന് കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ വെളിപ്പെടുത്തിയിരിക്കുന്നു; പക്ഷേ സ്ഥലം കേന്ദ്രം നിർദേശിക്കുമെന്ന് മന്ത്രി അറിയിച്ചതോടെ ആശങ്ക വീണ്ടുമെത്തുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം, കാസർഗോഡ് തുടങ്ങി 10 സ്ഥലങ്ങളാണ് എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുമ്പിൽ വെച്ചിട്ടുള്ളത്. ഇവയിൽ എവിടെയാണ് എയിംസ് വരിക? തീരുമാനം കേന്ദ്രത്തിന്റെ കൈയിലാണ്. അതിനാൽ, ഒരുപക്ഷേ ഔദ്യോഗിക അംഗീകാര നടപടികൾ ഇനിയും വൈകിയേക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. എയിംസ് വിഷയത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി അത്രയേറെ കബളിപ്പിക്കലുകൾ അനുഭവിക്കുകയാണ് സംസ്ഥാനം. ഏതായാലും സ്ഥലം കേന്ദ്രം നിർദേശിക്കുമെന്ന് പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് മറ്റ് നടപടികൾ തുടങ്ങുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ വികസനത്തിനുള്ള ഒരു ഉപാധി എന്നതിലുപരി കൃത്യമായ രാഷ്ട്രീയ ചേരിതിരിവുകളും പോർ വിളികളും എയിംസിന്റെ പേരിൽ നാം പലപ്പോഴായി കണ്ടുകഴിഞ്ഞു.
കേരളത്തിൽ എയിംസ് എത്തും.. പക്ഷേ എന്ന്? എവിടെ?
ഇന്ത്യയിലെ ഏറ്റവും മികച്ചതും മുൻനിരയിലുള്ളതുമായ സർക്കാർ മെഡിക്കൽ കോളേജുകളുടെയും ആശുപത്രികളുടെയും ഒരു ശൃംഖലയാണ് 'ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്' എന്ന എയിംസ്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണാധികാരത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ പൊതുമേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള ചികിത്സ, ഉന്നത നിലവാരത്തിലുള്ള വൈദ്യശാസ്ത്ര-ആരോഗ്യ അനുബന്ധ വിദ്യാഭ്യാസം, ഗവേഷണം എന്നിവ നടക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള മികച്ച സ്ഥാപനങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ എയിംസിലൂടെ ലഭ്യമാകും. ഇന്ത്യയിൽ മെഡിക്കൽ പഠനത്തിന് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളാണിവ. രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും വാർത്തെടുക്കുന്നത് എയിംസുകളിലൂടെയാണ്. വൈദ്യശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾക്കും ഗവേഷണങ്ങൾക്കും എയിംസ് വലിയ പ്രാധാന്യം നൽകുന്നു.
ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി. 2003ൽ കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി പ്രകാരം "ഇന്ത്യയിലെ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുക” എന്നതാണ് എയിംസിന്റെ ലക്ഷ്യമെന്ന് നിർവചിക്കപ്പെട്ടു. ഇപ്പോൾ ഇന്ത്യയിൽ ആകെ 25 എയിംസുകളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 20 എണ്ണം പൂർണ്ണമായും പ്രവർത്തനസജ്ജമാണ്. ബാക്കിയുള്ള 5 സ്ഥാപനങ്ങൾ നിർമ്മാണ ഘട്ടത്തിലോ മറ്റ് പ്രാരംഭ ഘട്ടങ്ങളിലോ ആണ് ഉള്ളത്. 2014ൽ ഇന്ത്യയിൽ വെറും 8 എയിംസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉത്തർ പ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങളിൽ ഒന്നിലധികം എയിംസുകൾ വന്നിട്ടും കേരളം നാളിതുവരെയും അവഗണിക്കപ്പെട്ടു.
എയിംസുകൾക്ക് വേണം കൂടുതൽ പരിഗണന
രാജ്യത്തെ എയിംസുകൾക്കായി കേന്ദ്ര വിഹിതം കൂട്ടണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. അതോടൊപ്പം എയിംസുകളുടെ ശോച്യാവസ്ഥയും വാർത്തകളിൽ ഇടംപടിക്കുന്നു. സിറിഞ്ചുകൾ, തുന്നലിനുള്ള വിവിധ ഉപകരണങ്ങൾ തുടങ്ങിയ ദൈനംദിനാവശ്യങ്ങൾക്കുള്ള വസ്തുക്കൾ പോലും ലഭ്യമല്ലാതെ പോകുന്നു. മെയ്ഡ്-ഇൻ-ഇന്ത്യ ഉല്പന്നങ്ങൾക്ക് മുൻഗണന നൽകുന്നതിനായി സംഭരണം ഗവൺമെന്റ് പോർട്ടലിലേക്ക് മാറിയതിനുശേഷം നിലവിലുണ്ടായിരുന്ന കാലതാമസം കൂടുതലാകുകയും എല്ലാ മാസവും ആറ് ദിവസം വരെ ഹൃദയ ശസ്ത്രക്രിയകൾ പോലും മാറ്റി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുന്നതായുള്ള പരാതികളും ഉയർന്നിരുന്നു. കൂടുതൽ വ്യക്തമാക്കിയാൽ, മെയ്ക്ക്-ഇൻ-ഇന്ത്യ വസ്തുക്കൾ മാത്രമേ വാങ്ങാവൂ എന്ന് നിഷ്കർഷിച്ച്, ചില നിർണായക ഇനങ്ങൾക്കുള്ള ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര കമ്പനികളെ വിലക്കിയത് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എയിംസ് പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും പഠിക്കാനും തയ്യാറാകുന്നവരുടെ എണ്ണം കുറയുന്നുവെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസർമാരായി ചേരുന്നവരിലെ ഏകദേശം 30% പേർ മാത്രമേ ഡിപ്പാർട്ട്മെന്റ് തലവനാകാൻ വേണ്ടത്ര കാലം തുടരുന്നുള്ളൂ. 2023നും 2025നും ഇടയിൽ വകുപ്പ് മേധാവി തലത്തിലുള്ള 15 മുതിർന്ന ഡോക്ടർമാർ സ്വയം വിരമിച്ചു. അവരിൽ 13 പേർ സ്വകാര്യ ആശുപത്രികളിലേക്കാണ് പോയത്. ഇന്ത്യയിലെ എല്ലാ എയിംസ് കാമ്പസുകളിലുമായി 2022നും 2024നുമിടയിൽ 429 ഡോക്ടർമാർ രാജിവച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് 2025 ഓഗസ്റ്റിൽ പാർലമെന്റിൽ ചോദ്യത്തിന് നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു. അനുവദിച്ച 1,306 ഫാക്കൽറ്റി തസ്തികകളിൽ 452 ഒഴിവുകളിലേക്ക് 2021–22ൽ അപേക്ഷ ക്ഷണിച്ചപ്പോൾ 176 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. പരിതാപകരമായ അവസ്ഥയും അസൗകര്യങ്ങളും തന്നെയാണ് ഡോക്ടർമാരെയും രോഗികളെയും ഒരുപോലെ വലയ്ക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പൊതുജനാരോഗ്യരംഗത്തോടുള്ള സമീപനമാണ് എയിംസുകളുടെ നിലവിലുള്ള അവസ്ഥ പ്രതിഫലിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മാത്രം ഉയരുന്ന എയിംസ് ബോധം
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ തുടങ്ങിയതാണ് കേരളത്തിന്റെ എയിംസ് സ്വപ്നം. എല്ലാ സംസ്ഥാനത്തും എയിംസ് ആരംഭിക്കുകയെന്ന സര്‍ക്കാര്‍ നയത്തില്‍ കേരളവും വലിയ പ്രതീക്ഷയിലായിരുന്നു. പിന്നീട് സര്‍ക്കാരുകള്‍ മാറി മാറി വന്നു, വാഗ്ദാനങ്ങള്‍ വീണ്ടുമെത്തി. എയിംസ് എന്നത് തിരഞ്ഞെടുപ്പ് കാലത്ത് കേള്‍ക്കാനാവുന്ന രാഷ്ട്രീയ പ്രസംഗമായി മാറി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പല പേരുകള്‍ അതിനിടെ ഉയര്‍ന്നുകേട്ടു. പ്രാദേശിക താത്പര്യങ്ങള്‍ വെച്ച് എംപിമാരും ജനപ്രതിനിധികളും വാഗ്ദാന പെരുമ്പറ കൊട്ടി. ചിലയിടത്ത് സമരം, ചിലയിടത്ത് ആക്ഷന്‍ കമ്മിറ്റികള്‍, മറ്റു ചിലയിടങ്ങളിൽ എയിംസിന്റെ പേരിലുള്ള തകൃതിയായ ഭൂമി വില്‍പ്പന തുടങ്ങിയവ കേരളം കണ്ടു. തൃശൂര്‍ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ കോഴിക്കോട് നടത്തിയ പ്രസ്താവനകളും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. പിന്നീട് ഈ വർഷം തുടക്കം എയിംസ് വരുമെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ' എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞതും കഴിഞ്ഞ ജനുവരിയിൽ തൃപ്പൂണിത്തുറയിലെ പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി രംഗത്തുവന്നതും വിവാദമായി..
കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു
എയിംസിന് അനുയോജ്യമായ മൂന്നു സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ 2014 ജൂണിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ 154.43 ഏക്കര്‍, കോട്ടയം മെഡിക്കൽ കോളജിനോട് ചേർന്നുള്ള സ്ഥലങ്ങളും ആര്‍പ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായുള്ള 194.85 ഏക്കര്‍, തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു സമീപത്തെ 263.45 ഏക്കര്‍, എറണാകുളം തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 123.5 ഏക്കര്‍ തുടങ്ങിയ സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചു. തുടർന്ന് 2015 ജൂലൈയിൽ, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, 2017-ലോ തുടർന്നുള്ള വർഷങ്ങളിലോ നടന്ന ബജറ്റുകളിൽ കേരളത്തിലെ എയിംസ് പ്രഖ്യാപനമെത്തിയില്ല.
2017-ൽ തമിഴ്‌നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും എയിംസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ പട്ടികയിലും കേരളം ഉൾപ്പെട്ടില്ല. തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന സർക്കാർ എയിംസിനായി നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. 2021-ൽ കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം എയിംസിനായി വിട്ടുനൽകമെന്ന് സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി 2025-ലെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് കാര്യമായ നടപടികളുണ്ടായില്ല.
എയിംസിനായി ഒന്നിച്ചുനിൽക്കാം
ഓരോ തെരഞ്ഞെടുപ്പ് കാലത്തും പൊടിതട്ടിയെടുക്കുകയും, പിന്നീട് രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളിൽ മുങ്ങിപ്പോകുകയും ചെയ്യുന്ന വെറുമൊരു വാഗ്ദാനമായി കേരളത്തിന്റെ എയിംസ് സ്വപ്നം മാറാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോൾ കേന്ദ്രം സ്ഥലം തീരുമാനിക്കുമെന്ന പുതിയ അറിയിപ്പ് പ്രതീക്ഷയുടെ ഒരു ചെറിയ കിരണം നൽകുന്നുണ്ടെങ്കിലും, വീണ്ടും ഇത് അനന്തമായി നീണ്ടുപോകുമോ എന്ന ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ല. പ്രാദേശിക വാദങ്ങളും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളും മാറ്റിവെച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. അതോടൊപ്പം തന്നെ, കേരളത്തിന് ലഭിക്കുന്ന എയിംസ് മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വെറുമൊരു കോൺക്രീറ്റ് കെട്ടിടമായി ഒതുങ്ങരുത്. നിലവിൽ രാജ്യത്തെ മറ്റ് എയിംസുകൾ നേരിടുന്ന ഡോക്ടർമാരുടെ ലഭ്യതക്കുറവും, ജീവൻരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയും കേരളത്തിലെ എയിംസിനെ ബാധിക്കാതിരിക്കാൻ തുടക്കം മുതലേ കൃത്യമായ മുന്നൊരുക്കങ്ങളും കേന്ദ്ര സർക്കാരിലുള്ള സമ്മർദങ്ങളും ഉണ്ടാകേണ്ടതുണ്ട്.