വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ഉപഭോക്താവ് ചോദിച്ചത് ഒറ്റച്ചോദ്യമാണ്. എപ്പോൾ കറന്റ് വരും? എന്നു തീരും ഈ കറന്റ് കട്ട് ? സ്വാഭാവികമായി ഉത്തരം ഉദ്യോഗസ്ഥന്റെ പക്കൽ ഇല്ലായിരുന്നു. വൈദ്യുതി മന്ത്രിക്ക് അറിയുമായിരിക്കും എന്ന് ധരിച്ച് ഉപഭോക്താവിന് ഉദ്യോഗസ്ഥൻ മന്ത്രിയുടെ നമ്പർ കൊടുത്തു. ഫോണെടുത്ത മന്ത്രിക്കും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. പിറ്റേന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു-ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും. വൈകിയില്ല, മുഖ്യമന്ത്രിയെ തിരുത്തി ബോർഡ് ചെയർമാൻ വാർത്താക്കുറിപ്പിറക്കി; വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ മുഴുവനും തുടരും. തന്നെ വിളിച്ച ഉപഭോക്താവുമായി സംസാരിച്ച ശേഷം ഫോൺ കട്ട് ചെയ്ത വൈദ്യുതി മന്ത്രി ഒരു കാര്യം തെല്ലും വൈകിപ്പിച്ചില്ല. തന്റെ നമ്പർ കൊടുത്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതാണ് അവസ്ഥ. ആർക്കും ഒരു എത്തും പിടിയുമില്ല. അമിതമായി വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് കുറ്റം മുഴുവൻ ഉപഭോക്താവിന്റെ തലക്കിട്ടും, പഴയ ദീർഘകാല കരാറിന്റെ പേര് പറഞ്ഞ് മുൻ സർക്കാരിനെ കുറ്റപ്പെടുത്തിയും രക്ഷപ്പെടാമല്ലോ. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഈ പ്രതിസന്ധി ഉടനടി പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്? എന്നാണ് ഈ പ്രതിസന്ധി തീരുക? മറുപടി കിട്ടാത്ത ഈ ചോദ്യങ്ങളും ചില ഉത്തരങ്ങളുമാണ് ഇന്ന് സ്പോട്ട്ലൈറ്റ് ചർച്ച ചെയ്യുന്നത്.
കറന്റ് എപ്പോൾ വരും ?
ഒരു ദിവസം എത്ര തവണ കറന്റ് പോകും? 25 മിനിട്ട് നേരമുള്ള മൂന്ന് തവണയാണ് പോകുന്നതെന്ന് ഔദ്യോഗികമായി കെഎസ്ഇബി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതിലേറെ സമയം കറന്റ് പോകുന്നുണ്ടെന്ന് ജനം പരാതിപ്പെടുന്നു. പീക്ക് സമയമായ വൈകീട്ടാണ് ഈ വൈദ്യുതി പോക്ക് എങ്കിലും രാവിലെയും അപ്രഖ്യാപിതമായി പലയിടത്തും കറന്റ് പോകുന്നുണ്ട്. ഫീഡർ തലത്തിൽ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം ഇതുവരെ അറിയിച്ചിട്ടില്ലാത്തതിനാൽ എപ്പോൾ വൈദ്യുതി പോകും എന്നത് സംബന്ധിച്ച് യതൊരു നിശ്ചയവും ഉപഭോക്താക്കൾക്കില്ല. വൈകിട്ട് 6.45ഓടെ മാത്രമാണ് കെഎസ്ഇബി ഓഫീസുകളിലേക്ക് കറന്റ് വിഛേദിക്കപ്പെടുന്ന ഫീഡർ തിരിച്ചുള്ള നിർദേശമെത്തുന്നത്. രാത്രി 12 മണി കഴിഞ്ഞും ഈ ലോഡ്ഷെഡിങ് തുടരുന്നുമുണ്ട്. ഉറക്കമില്ലാ രാത്രികൾ സമ്മാനിച്ചാണ് ഈ വൈദ്യുതി ദുരന്തം തുടരുന്നതെന്ന് ചുരുക്കം. ജൂലൈ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതാണ് കേരളത്തിലെ നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണം. ഇതിനുപുറമെ, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിലെത്തിയതും, രാത്രി 12 മണിക്കു ശേഷവും ജനങ്ങളുടെ ഉയർന്ന ഉപഭോഗം തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഔദ്യോഗികമായി അറിയിക്കുന്നത്
പീക്ക് ടൈമില്‍ പ്രതിദിനം ആയിരം മെഗാവാട്ടിന്റെ കുറവാണ് വരുന്നത്. ഇത് മറികടക്കാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ ആവർത്തിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ക്ഷാമം പരിഹരിക്കാതെ വൈദ്യുതി കിട്ടില്ല. നിയന്ത്രണം അതുവരെ തുടരും. ജനങ്ങള്‍ സഹകരിക്കുക മാത്രമാണ് ഇനിയുള്ള വഴിയെന്നും കെഎസ്ഇബി പറയുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അത്ഭുതപ്രവൃത്തി ഒന്നുമില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. അതിനാലാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുന്നത്. രാത്രി ഏഴ് മുതലാണ് വൈദ്യുതി ഉപഭോഗം കൂടുതലുള്ള ‘പീക്ക് അവർ’. ഏഴ് മുതൽ എട്ടു വരെ പീക്ക് അവറിൽ 4000 മെഗാവാട്ട് വൈദ്യുതി വേണം. അതേസമയം ഒമ്പത് മുതൽ 10 വരെ 5000 മെഗാവാട്ടിനു മുകളിലാണ് ഉപഭോഗം. എപ്പോഴാണെങ്കിലും അര മണിക്കൂർ ലോഡ് ഷെഡിങ് നടത്തിയാൽ അപ്പോഴത്തെ ഉപയോഗത്തിന്റെ എട്ടിലൊന്ന് വൈദ്യുതി കുറയും. അപ്പോൾ ഏഴു മണിക്ക് ലോഡ് ഷെഡ് ചെയ്താൽ 500 മെഗാവാട്ട് ലാഭമെങ്കിൽ ഒമ്പതിന് നടത്തിയാൽ ലാഭം 600 മെഗാവാട്ടിൽ അധികമാണ്. ഈ വൈദ്യുതി മിച്ചം ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ലോഡ് ഷെഡിങ്.
വാക്കുകൾക്കപ്പുറമുള്ള കണക്കുകൾ
ദേശീയതലത്തിലെ കൽക്കരി ക്ഷാമം മൂലം വന്ന കുറവ് കൂടി പരിഹരിക്കപ്പെട്ടാൽ പുതിയ കരാറുകൾ വഴി 900 മെഗാവാട്ടിന്റെ കുറവ് നികത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദിവസം 3794 മെഗാവാട്ട് ആവശ്യമായിരുന്നുവെങ്കിൽ ഇപ്പോൾ 5200 മെഗാവാട്ടാണ് ഉപയോഗമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രി അവതരിപ്പിച്ച കണക്കിലെ അസ്വാഭാവികത കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെ ഔദ്യോഗികമായല്ലെങ്കിലും തിരുത്തുന്നുമുണ്ട്. അതായത് കഴിഞ്ഞ സെപ്റ്റംബർ 10ന് പീക്ക് ഡിമാൻഡ് 4450 മെഗാവാട്ട് ആയിരുന്നു. ഇപ്പോൾ ആവശ്യകത 4850 മെഗാവാട്ട് ആണ്. 400 മെഗാവാട്ടിന്റെ വ്യത്യാസം മാത്രം.
കഴിഞ്ഞ മാർച്ചിലാണ് എല്‍ നിനോ പ്രതിഭാസം ശക്തമായി തുടരുന്നുണ്ടെന്നും മഴ ലഭ്യതയിൽ കുറവുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴയാകും ലഭിക്കുകയെന്ന ജാഗ്രതാ നിർദേശവും ലഭിച്ചിരുന്നു. ഈ സാഹചര്യം മുന്നിൽകണ്ട്, കെഎസ്ഇബി വൈദ്യുതി വാങ്ങാൻ ടെണ്ടർ നടപടികളിലേക്ക് കടന്നെങ്കിലും വൈദ്യുതി ലഭ്യമായില്ല. സംസ്ഥാന റഗുലേറ്ററി കമീഷൻ നിശ്ചയിച്ച നിരക്കിൽ വൈദ്യുതി നൽകാനാവില്ലെന്ന് സ്വകാര്യ കമ്പനികൾ അറിയിച്ചതോടെ നടപടികൾ സ്തംഭിച്ചു. പിന്നീട് മഴയിൽ മാത്രമായിരുന്നു കെഎസ്ഇബിയുടെ പ്രതീക്ഷ. മഴ ലഭിച്ചെങ്കിലും പിന്നാലെ ചൂട് ഉയർന്നതോടെ വൈദ്യുതി ഉപഭോഗം കൂടിയത് അവരുടെ പ്രതീക്ഷകൾ തെറ്റിച്ചു. ഇതാണ് ലോഡ്ഷെഡിങിലേക്ക് വഴി തെളിച്ചത്. പ്രതിവർഷം വൈദ്യുതി ഉപഭോഗത്തിൽ വരുന്ന വർധന കണക്കാക്കുന്നതിലും മുൻക്കൂട്ടി കരാറുകളിൽ ഏർപ്പെട്ട് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിലും സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ആ വീഴ്ചയെ മറച്ചുപിടിക്കാനുള്ള കാരണങ്ങളാണ് ഉപയോക്താക്കളുടെ വൈദ്യൂതി ഉപഭോഗ വർധനവും മുൻസർക്കാരിന്റെ കരാർ റദ്ദാക്കലും എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എൽനിനോ കണക്ക് കൂട്ടൽ തെറ്റിക്കുമോ ?
ഓഗസ്റ്റില്‍ പെയ്ത കനത്ത മഴയാണ് വലിയൊരു വൈദ്യുതി പ്രതിസന്ധിയിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. വേനൽക്കാലത്തിന്റെ അവസാനമായ മെയ് മാസത്തിൽ വെറും 18 ശതമാനം അതായത് 730 മില്യൺ യൂണിറ്റ് മാത്രമായിരുന്ന ഡാമുകളിലെ ജലനിരപ്പ് സെപ്റ്റംബറില്‍ 64 ശതമാനമായി കുത്തനെ ഉയർന്നിട്ടുണ്ട്. മൺസൂൺ മഴ ലഭിച്ചതിന്റെ ഫലമായി മൂന്ന് മാസം കൊണ്ട് സംഭരണശേഷിയിൽ മൂന്നിരട്ടിയിലധികം വർധന രേഖപ്പെടുത്തി. അതായത് ഇനിയും 2631 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമുകളിൽ നീക്കിയിരിപ്പുണ്ട്. ഭാവിയിലെ ഊർജ ക്ഷാമം മുന്നിൽ കണ്ടുകൊണ്ട് ഈ ജലം കെഎസ്ഇബി സംഭരിച്ചുവെച്ചിരിക്കുകയാണ്. അതിന് കാരണവുമുണ്ട്. എൽ നിനോയുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തുലാമഴ ദുർബലമായേക്കാമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ വിശ്വസിച്ചാണ് ഈ സംഭരണ നീക്കം.
പരിഹാര മാർഗങ്ങൾ അകലെയോ?
ജലവൈദ്യുത പദ്ധതികളും സൗരോർജ പദ്ധതികളും വഴി ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ദീർഘകാല പോംവഴി. ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഒരു രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതിനാൽ ജല വൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ പ്രധാന ആശ്രയം. 3,250 മെഗാവാട്ട് അധിക വൈദ്യുതി ലക്ഷ്യമിട്ടുള്ള കേരളത്തിലെ കക്കയം, ഇടുക്കി, കാരാപ്പുഴ തുടങ്ങിയ പ്രധാന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെല്ലാം പ്രാരംഭ ദശയിലോ പ്രാഥമിക പഠനങ്ങൾക്ക് ശേഷം മരവിപ്പിച്ച അവസ്ഥയിലോ ആണ്. കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള സമയത്ത് വെള്ളം പമ്പ് ചെയ്ത് മുകളിലെ റിസർവോയറിലെത്തിക്കുകയും, ആവശ്യകത കൂടുമ്പോൾ അത് താഴേക്ക് ഒഴുക്കി ടർബൈനുകൾ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന വലിയ ഊർജ സംഭരണ സംവിധാനമാണ് പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ. ഊർജഭാവിക്ക് ഇത്തരം പദ്ധതികളാണ് പല രാജ്യങ്ങളും മുന്നോട്ടുവെയ്ക്കുന്നത്. കൂടാതെ, ബാറ്ററി സംഭരണ സംവിധാനം കൂടുതലായി സജ്ജമാക്കിയാൽ മാത്രമേ സൗരോർജ പദ്ധതികൾ കൂടുതലായി ഉപയോഗപ്പെടുത്താനാകൂ. ഒക്ടോബർ അവസാനത്തോടെ കാസർഗോഡ്, അരീക്കോട് എന്നിവിടങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം അഥവാ BESS പ്രവർത്തനസജ്ജമാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. കേരളത്തിന്റെ ദീർഘകാല ഭാവി മുന്നിൽകണ്ട് ഈ പദ്ധതികൾ പൂർത്തിയാക്കിയും വരുംമാസങ്ങളിലെ ഊർജ ആവശ്യം മുന്നിൽകണ്ട് വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയുമുള്ള നടപടികളാണ് സർക്കാരും കെഎസ്ഇബിയും അടിയന്തരമായി സ്വീകരിക്കേണ്ടത്.
ജലവൈദ്യുത പദ്ധതികളും സൗരോർജ പദ്ധതികളും വഴി ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ദീർഘകാല പോംവഴി. ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഒരു രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതിനാൽ ജല വൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ പ്രധാന ആശ്രയം. 3,250 മെഗാവാട്ട് അധിക വൈദ്യുതി ലക്ഷ്യമിട്ടുള്ള കേരളത്തിലെ കക്കയം, ഇടുക്കി, കാരാപ്പുഴ തുടങ്ങിയ പ്രധാന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെല്ലാം പ്രാരംഭ ദശയിലോ പ്രാഥമിക പഠനങ്ങൾക്ക് ശേഷം മരവിപ്പിച്ച അവസ്ഥയിലോ ആണ്. കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള സമയത്ത് വെള്ളം പമ്പ് ചെയ്ത് മുകളിലെ റിസർവോയറിലെത്തിക്കുകയും, ആവശ്യകത കൂടുമ്പോൾ അത് താഴേക്ക് ഒഴുക്കി ടർബൈനുകൾ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന വലിയ ഊർജ സംഭരണ സംവിധാനമാണ് പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ. ഊർജഭാവിക്ക് ഇത്തരം പദ്ധതികളാണ് പല രാജ്യങ്ങളും മുന്നോട്ടുവെയ്ക്കുന്നത്.
കൂടാതെ, ബാറ്ററി സംഭരണ സംവിധാനം കൂടുതലായി സജ്ജമാക്കിയാൽ മാത്രമേ സൗരോർജ പദ്ധതികൾ കൂടുതലായി ഉപയോഗപ്പെടുത്താനാകൂ. ഒക്ടോബർ അവസാനത്തോടെ കാസർഗോഡ്, അരീക്കോട് എന്നിവിടങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം അഥവാ BESS പ്രവർത്തനസജ്ജമാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. കേരളത്തിന്റെ ദീർഘകാല ഭാവി മുന്നിൽകണ്ട് ഈ പദ്ധതികൾ പൂർത്തിയാക്കിയും വരുംമാസങ്ങളിലെ ഊർജ ആവശ്യം മുന്നിൽകണ്ട് വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയുമുള്ള നടപടികളാണ് സർക്കാരും കെഎസ്ഇബിയും അടിയന്തരമായി സ്വീകരിക്കേണ്ടത്.