

മഴയൊന്ന് മാറിയതോടെ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം എത്തിക്കഴിഞ്ഞു. വൈകുന്നേരം 7നും രാത്രി 12 നുമിടയിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടായതിനാലാണ് ഈ നിയന്ത്രണം. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ എഴുപത് ശതമാനത്തിലധികം സംസ്ഥാനത്തിനു പുറത്തെ വൈദ്യുതനിലയങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് എന്ന് നമുക്കറിയാമല്ലോ. മുൻ സർക്കാരുകളും ഏകദേശം സമാന അവസ്ഥകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പക്ഷേ അന്നൊക്കെ ലോഡ് ഷെഡിങ് ഉണ്ടായിട്ടില്ലാത്തതിന് കാരണം; വിമർശനം ഏറെ ഏറ്റുവാങ്ങിയെങ്കിലും വൈദ്യുതി കടമെടുപ്പിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു എന്നതിനാലാണ്. എന്നാൽ സതീശൻ സർക്കാരിന്റെ കാലത്ത് ഈ ‘വൈദ്യൂതി കരുതൽ ’ കാണുന്നില്ല എന്നാണ് ഉയരുന്ന വിമർശനം. രണ്ട് സർക്കാരുകളുടെ വ്യത്യസ്ത സമീപനം തന്നെയാണ് ഇതിൽ പ്രകടമാകുന്നത്.
തിരികെ വരുന്ന ലോഡ്ഷെഡിങ് കാലം
രാജ്യത്ത് ഏകദേശം 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുന്നത്. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 മുതല്‍ 30 മിനിറ്റ് വരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യവ്യാപകമായി അനുഭവപ്പെടുന്ന വന്‍ വൈദ്യുതി കമ്മിയാണ് കേരളത്തെയും ഇരുട്ടിലാക്കുന്നത്.
രാജ്യത്തെ വൈദ്യുതി ആവശ്യകത കഴിഞ്ഞ ദിവസത്തേക്കാൾ ഏകദേശം 5 ജിഗാവാട്ട് ഉയർന്ന് 255 ജിഗാവാട്ടിലെത്തി. ദക്ഷിണേന്ത്യൻ മേഖലയിൽ മാത്രം ആവശ്യകതയിൽ 1.5 ജിഗാവാട്ടിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് ദേശീയ ഗ്രിഡിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൈദ്യുതി ഉപയോഗത്തിൽ കർശന നിയന്ത്രണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഇപ്പോൾ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ നിർബന്ധിതരായത് എന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്.
മഴക്കുറവും മുന്നൊരുക്കമില്ലായ്മയും സൃഷ്ടിച്ച പ്രതിസന്ധി
പ്രതീക്ഷിച്ച തോതില്‍ മഴ ലഭിക്കാത്തതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. രാജ്യവ്യാപകമായി കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടായതോടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കുത്തനെ ഇടിഞ്ഞു. ദേശീയ തലത്തിലെ പ്രതിസന്ധിക്ക് പുറമെ കേരളത്തിലെ ആഭ്യന്തര സാഹചര്യവും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. സംസ്ഥാനത്ത് മഴ ഗണ്യമായി കുറഞ്ഞതോടെ കടുത്ത ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇത് വലിയ തോതില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഫാനുകളുടെയും എസികളുടെയും ഉപയോഗം കൂടിയതോടെ പീക്ക് സമയത്തെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്.
ആഗസ്റ്റ് മാസം പെയ്ത കനത്ത മഴയാണ് വലിയൊരു വൈദ്യുതി പ്രതിസന്ധിയിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. വേനൽക്കാലത്തിന്റെ അവസാനമായ മെയ് മാസത്തിൽ വെറും 18% അതായത് 730 മില്യൺ യൂനിറ്റ് മാത്രമായിരുന്ന ഡാമുകളിലെ ജലനിരപ്പ് ഓഗസ്റ്റ് അവസാനത്തോടെ 64% ആയി കുത്തനെ ഉയർന്നിട്ടുണ്ട്. മൺസൂൺ മഴ ലഭിച്ചതിന്റെ ഫലമായി മൂന്ന് മാസം കൊണ്ട് സംഭരണശേഷിയിൽ മൂന്നിരട്ടിയിലധികം വർധന രേഖപ്പെടുത്തി. അതായത് ഇനിയും 2655 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമുകളിൽ നീക്കിയിരിപ്പുണ്ട്. ഭാവിയിലെ ഊർജ ക്ഷാമം മുന്നിൽ കണ്ടുകൊണ്ട് ഈ ജലം കെ.എസ്.ഇ.ബി സംഭരിച്ചുവെച്ചിരിക്കുകയാണ്. അതിന് കാരണമുണ്ട്. എൽനിനോയുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തുലാമഴ ദുർബലമായേക്കാമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ വിശ്വസിച്ചാണ് ഈ സംഭരണ നീക്കം..
എൽനിനോ കണക്ക് കൂട്ടൽ തെറ്റിക്കുമോ ?
കഴിഞ്ഞ മാർച്ച് മാസമാണ് എല്‍ നിനോ പ്രതിഭാസം ശക്തമായി തുടരുന്നുണ്ടെന്നും മഴ ലഭ്യതയിൽ കുറവുണ്ടാകുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴയാകും ലഭിക്കുകയെന്ന ജാഗ്രതാ നിർദേശവും ലഭിച്ചിരുന്നു...ഈ സാഹചര്യം മുന്നിൽകണ്ട്, കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാൻ ടെണ്ടർ നടപടികളിലേക്ക് കടന്നെങ്കിലും വൈദ്യുതി ലഭ്യമായില്ല. സംസ്ഥാന റഗുലേറ്ററി കമീഷൻ നിശ്ചയിച്ച നിരക്കിൽ വൈദ്യുതി നൽകാനാവില്ലെന്ന് സ്വകാര്യ കമ്പനികൾ അറിയിച്ചതോടെ നടപടികൾ സ്തംഭിച്ചു. പിന്നീട് മഴയിൽ മാത്രമായിരുന്നു കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. മഴ ലഭിച്ചെങ്കിലും പിന്നാലെ ചൂടുയർന്ന് വൈദ്യുതി ഉപഭോഗം കൂടിയത് അവരുടെ പ്രതീക്ഷകളെ തെറ്റിച്ചു. ഇതാണ് ലോഡ്ഷെഡിങിലേക്ക് വഴി തെളിച്ചത്.
തുലാവർഷം ചതിക്കുമോ?
കാലവര്‍ഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ നിലവില്‍ ലഭിച്ചത് 1365.4 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ഇനി സെപ്തംബർ പകുതിയോടെ എത്തുന്ന തുലാമഴയിലാണ് പ്രതീക്ഷ. എൽനിനോ ഇഫക്ടിൽ തുലാമഴ കുറയും എന്ന് തന്നെയാണ് കാലാവസ്ഥ പ്രവചനം. 2023ൽ കാലവർഷം കുറയുകയും 2024 ലെ വേനൽ കടുക്കുകയും ചെയ്തതോടെ വൈദ്യുതി മേഖലയിൽ വലിയ പ്രതിസന്ധിയായിരുന്നു സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. ആ വർഷം മാത്രം മുൻ വർഷത്തെ അപേക്ഷിച്ച് പീക്ക് ഡിമാൻഡിൽ 800 മെഗാവാട്ട് കൂടി. ഈ വർഷവും കാലവർഷത്തിന്റെ തോത് കുറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത വേനലും കനത്തേക്കും. ഈ വർഷത്തെ പീക്ക് ഡിമാൻഡായ 6200 മെഗാവാട്ടിൽ നിന്ന് 800 മെഗാവാട്ട് കൂടി 7000 മെഗാവാട്ടാണ് അടുത്ത വേനലിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു മുന്നൊരുക്കവും ഇതുവരെ നടന്നിട്ടില്ലെന്നതാണ് ആശങ്ക ഉയർത്തുന്നത്. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത വേനലിൽ മലയാളികൾ ഇന്നുവരെ കാണാത്ത അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും എന്നുറപ്പാണ്.
എന്ന് തീരും ഈ വൈദ്യുതി പ്രതിസന്ധി
സ്വന്തം ഉൽപാദനത്തിന് പുറമെ കേന്ദ്ര വിഹിതവും വിവിധ കരാറുകളും വഴിയാണ് കെ.എസ്.ഇ.ബി പ്രാഥമികമായി വൈദ്യുതി ലഭ്യമാക്കുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ആവശ്യകത വരുമ്പോൾ 'ഡേ എഹെഡ്' വിപണിയിൽ നിന്നോ തത്സമയ വിപണിയിൽ നിന്നോ വൈദ്യുതി വാങ്ങുകയാണ് ചെയ്യാറുള്ളത്. ഓഹരി വിപണിക്ക് സമാനമായി ഓരോ സെക്കൻഡിലും വിലയിലും ലഭ്യതയിലും മാറ്റം വരുന്ന തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി കിട്ടുമോ ഇല്ലയോ എന്ന് ഒന്നര മണിക്കൂർ മുൻപ് മാത്രമേ അറിയാൻ സാധിക്കൂ. ഈ ലഭ്യതയിൽ പ്രതിസന്ധി ഉടലെടുക്കുന്നതും വൈദ്യുതി നിയന്ത്രണങ്ങൾക്ക് കാരണമാകാറുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്‍റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക. ഈ സാഹചര്യത്തിൽ കേരളത്തിന്‍റെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ എങ്ങനെയൊക്കെ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകും എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ജലവൈദ്യുത പദ്ധതികളും സൗരോർജ്ജ പദ്ധതികളും വഴി ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വർധിപ്പിക്കുക എന്നതാണ് അതിനുള്ള പ്രധാന പോംവഴി. ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഒരു രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതിനാൽ ജല വൈദ്യുത പദ്ധതികളാണ് പ്രധാന ആശ്രയം.. ബാറ്ററി സംഭരണ സംവിധാനം കൂടുതലായി സജ്ജമാക്കിയാൽ സൗരോർജ പദ്ധതികളും കൂടുതലായി ഉപയോഗപ്പെടുത്താനാകും. കെ.എസ്.ഇ.ബി അതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നത് ആശ്വസിക്കാൻ വക നൽകുന്നുണ്ട്.