സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഇതോടെ കിഫ്ബിയുടെ ഭാവി സംബന്ധിച്ച് യുഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുമെന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായി. കിഫ്ബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന നിലപാടാണ് യുഡിഎഫിന് ഉള്ളതെങ്കിലും, നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികളുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഏതാണ്ട് 70,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി സംസ്ഥാനത്ത് പുരോഗമിക്കുന്നത്. വന്‍കിട ്പദ്ധതികളുടെ ധനസമാഹരണത്തിന് പുതിയ ബദലുകള്‍ യുഡിഎഫ് കൊണ്ടുവരുമോ, പദ്ധതിയുടെ പേര് മാറ്റി തുടരുമോ അതോ വേറെ രൂപത്തില്‍ അവതരിപ്പിക്കുമോ എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്.
കിഫ്ബിയെ തള്ളിപ്പറയാന്‍ യു.ഡി.എഫിനാകുമോ?
നിലവില്‍ ലഭ്യമായിട്ടുള്ള കണക്കുകള്‍ പ്രകാരം, ഏകദേശം 98,800 കോടി രൂപയുടെ 1230-ലധികം പദ്ധതികള്‍ക്കാണ് കിഫ്ബി ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ നിന്നും 38,000 കോടിയിലധികം രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് കിഫ്ബി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം കിഫ്ബി വഴി എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര തീരുമാനം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ ഇതിനകം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കിഫ്ബി ഒരു സുതാര്യമായ സംവിധാനമല്ലെന്നും ബജറ്റിന് പുറത്തുനിന്നുള്ള വായ്പകള്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നതും പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശന്‍ ആവര്‍ത്തിച്ചുന്നയിച്ച വിമര്‍ശനമായിരുന്നു.
പ്രതിപക്ഷത്തിരുന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പദ്ധതികളും നിലവിലെ വായ്പാ കരാറുകളും പരിഗണിക്കുമ്പോള്‍ കിഫ്ബി പെട്ടെന്ന് നിര്‍ത്തലാക്കുക പ്രായോഗികമല്ല. എന്നിരുന്നാലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവായി ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടോളം എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന മന്ത്രമായി ഉരുവിട്ടിരുന്ന കിഫ്ബി, പുതിയതായി അധികാരം ഏറ്റെടുക്കുന്ന യുഡിഎഫ് സര്‍ക്കാരിന് കീഴില്‍ കര്‍ശനമായ ഓഡിറ്റിങ്ങിന്റേയും സാമ്പത്തിക അച്ചടക്കത്തിന്റെയും നിഴലിലാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാല്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത പദ്ധതികള്‍ക്ക് പണം നല്‍കുന്ന രീതി അവസാനിപ്പിക്കുമോ എന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
വമ്പന്‍ വാഗ്ദാനങ്ങള്‍ എങ്ങനെ പാലിക്കും?
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും 3000രൂപ പെന്‍ഷനും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം പ്രതിമാസം ആയിരം രൂപയുമടക്കം വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കിയ യുഡിഎഫ് ഇതിനെല്ലാം പണം കണ്ടെത്താന്‍ വിയര്‍ക്കും. കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഒട്ടും പര്യാപ്തമല്ല. രണ്ടാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, ഡി.എ കുടിശിക നല്‍കല്‍, ലീവ് സറണ്ടര്‍ കുടിശികയടക്കം നല്‍കണമെങ്കില്‍ എവിടെ നിന്ന് പണം കണ്ടെത്തുമെന്നറിയാതെ വലയേണ്ടിവരും. സംസ്ഥാനത്തിന്റെ മൊത്തം കടം ആറുലക്ഷം കോടിയായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ശമ്പളത്തിനും പെന്‍ഷനും പണമില്ലാതെ മാര്‍ച്ചില്‍ 3700കോടി കടമെടുത്തിരുന്നു. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം 49547കോടിയായി കടം ഉയര്‍ന്നു. ശമ്പളമടക്കം ചെലവുകള്‍ക്കായി രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിനു പുറമേ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഈ തുക കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി നല്‍കിയതോടെ ഖജനാവ് ഏറെക്കുറേ കാലിയായ മട്ടാണ്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമടക്കം അധിക വായ്പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇതും പ്രതിസന്ധി രൂക്ഷമാക്കി. ഇതിനെല്ലാമിടയിലാണ് പുതിയ സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പാലിക്കാനായി പണം കണ്ടെത്തേണ്ട സ്ഥിതി സംജാതമായിരിക്കുന്നത്.
4000 കോടി രുപയുടെ തിരിച്ചടവ്
കിഫ്ബി പദ്ധതികളില്‍ നിന്ന് 4000 കോടി രുപയാണ് തിരിച്ചടവായി ലഭിച്ചിട്ടുള്ളതെന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. ലാഭകരമായ ബദല്‍ വികസന മാതൃകയുടെ വിജയം ആണ് വന്നുകൊണ്ടിരിക്കുന്ന തിരിച്ചടവ് തുകയെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. കൊച്ചിയിലെ വ്യവസായ പ്രെട്രോ കെമിക്കല്‍ പാര്‍ക്കില്‍ നിന്ന് 540 കോടി രുപ തിരിച്ചടവ് ലഭിച്ചു. ഈ പദ്ധതിക്കായി മുടക്കിയത് 977 കോടി രൂപയാണ്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കുമായി ചെലവിട്ട തുകയില്‍ നിന്ന് 425.36 കോടി തിരിച്ചടവ് കിട്ടിക്കഴിഞ്ഞു. 301 കോടി ചെലവിട്ട തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക് ഫേസ് രണ്ടില്‍ നിന്ന് 84 കോടി രുപ ലഭിച്ചു. വൈദ്യുതി മേഖലയിലെ ട്രാന്‍സ് ഗ്രിഡ് 2.0 ബ്രഹത് പദ്ധതിയുടെ കീഴിലെ 16 ഉപപദ്ധതികളില്‍ നിന്നായി 2700.19 കോടി തിരികെ ലഭിച്ചതായും കിഫ്ബി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്..എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കിഫ്ബിയുടെ അമരത്തുനിന്ന് പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സിഇഒ കെ.എം.ഏബ്രഹാം പടിയിറങ്ങുന്നത്. നിലവിലെ അഡീഷണല്‍ സിഇഒ ആയ മിനി ആന്റണിക്കാണ് കിഫ്ബിയുടെ പുതിയ ചുമതല...തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി. അശോക് ഐഎഎസ് അടക്കമുള്ളവര്‍ കിഫ്ബിയെയും കെ.എം. എബ്രഹാമിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചെന്നായിരുന്നു വിമര്‍ശനം. ഇതിന് കൂട്ട് നില്‍ക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആരോപിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിരുന്നു.
കിഫ്ബി ഘടനയും വികസന രീതിശാസ്ത്രവും
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്ബി രൂപീകരിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11നാണ് കിഫ്ബി ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെബ്റ്റ് ഫണ്ട് എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ സാധ്യമാകുന്നത്. കിഫ്ബി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2016 ലെ കിഫ്ബി ഭേദഗതി പ്രകാരം പെട്രോളിയം ഇന്ധനങ്ങള്‍ക്കു മേലുള്ള ഒരു ശതമാനം സെസ്സും 10 ശതമാനം വീതം വാര്‍ഷിക വര്‍ധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന 50 ശതമാനം മോട്ടോര്‍ വാഹന നികുതിയുമാണു കിഫ്ബിയുടെ പ്രധാന വരുമാന സ്രോതസ്സ്. ഈ സ്രോതസ്സിനെ സെക്യൂരിറ്റൈസ് ചെയ്ത്, സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയാണ് കിഫ്ബിയുടെ ലക്ഷ്യം.
മസാല ബോണ്ട് വിവാദം
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിരുന്നു. മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചത് രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമാണ് എന്ന് സിഎജി കണ്ടെത്തിയിരുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു സിഎജിയുടെ മറ്റൊരു കണ്ടെത്തല്‍. കിഫ്ബിയെ സര്‍ക്കാര്‍ സ്ഥാപനമായി സിഎജി കാണുമ്പോള്‍ ഒരു കോര്‍പറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. വിവാദത്തിന് പിന്നാലെ മൂന്ന് വര്‍ഷം നീണ്ട ഇ.ഡി അന്വേഷണവും നടന്നിരുന്നു. ഇഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഒടുവില്‍ കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് വിശദീകരണം തേടി. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കിഫ്ബി വിപ്ലവം തുടരുമോ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടൈ ഭൗതികസൗകര്യവികസനത്തില്‍ കിഫ്ബി യുഗം വലിയ കുതിച്ചുചാട്ടമുണ്ടാക്കി. 45000 സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് കിഫ്ബി വഴി ഒരുങ്ങിയത്. പുതിയ കെട്ടിടങ്ങള്‍ വ്യാപകമായി നിര്‍മിക്കപ്പെട്ടു. പഴയവ ആധുനിക മാനദണ്ഡങ്ങളനുസരിച്ച് പുതുക്കിപ്പണിതു. പൊതുജനാരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം പുതിയ തലത്തിലേക്ക് ഉയര്‍ന്നു. ആശുപത്രികള്‍ നവീകരിക്കപ്പെട്ടു.. കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും കാര്യത്തില്‍ വിപ്ലവം തന്നെയാണ് കിഫ്ബി കൊണ്ടുവന്നത്. മലയോര ഹൈവേ ആ മേഖലയുടെ ദൈനംദിന ജീവിതത്തില്‍ പ്രയോജനകരമായ മാറ്റം കൊണ്ടുവന്നു. അന്തര്‍ ജില്ല റോഡുകള്‍ അടക്കം കേരളത്തിന്റെ റോഡ് കണക്ടിവിറ്റിയില്‍ വലിയ മുന്നേറ്റമാണ് കൊണ്ടുവന്നത്.
253 റോഡുകള്‍, 98 പാലങ്ങള്‍, 50 മലയോര സ്ട്രെച്ചുകള്‍, 60 റെയില്‍വേ മേല്‍പാലങ്ങള്‍,39തീരദേശ ഹൈവേ സ്ട്രെച്ചുകള്‍,17ഫൈ്ള ഓവറുകള്‍, അഞ്ച് ബൈപാസുകള്‍ അങ്ങനൈ നീളുന്നു കിഫ്ബിയുടെ നേട്ടങ്ങള്‍. വയനാട് താമരശ്ശേരി ചുരത്തിലെ ബദല്‍ പാതയായ ആനക്കാംപൊയില്‍ കല്ലാടി മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനമാണ് ഈ പട്ടികയില്‍ ഒടുവിലായി എത്തുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ കിഫ്ബി തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. കെ.എം. ഏബ്രഹാമിന്റെ രാജിയോടെ കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. കിഫ്ബി വഴിയെടുത്ത വായ്പകളും തിരിച്ചടവും പുതിയ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കിഫ്ബി മുന്നോട്ടുവെച്ച ബദല്‍ മാതൃക കൂടുതല്‍ സുതാര്യമായി കൂടുതല്‍ കാര്യക്ഷമമായി പുതുരൂപത്തില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.