OPINION

വീണ്ടും കലാപത്തീയില്‍ പുകഞ്ഞ് മണിപ്പൂര്‍

സംഘര്‍ഷ ഭൂമികയായ മണിപ്പൂരിന്റെ ഇന്നിലേക്കും ഇന്നലെകളിലേക്കും...

Author : പി.പി. പ്രശാന്ത്

ഒരിടക്കാലത്തിന് ശേഷം മണിപ്പൂരില്‍ വംശീയ കലാപങ്ങള്‍ തുടരുകയാണ്. മണിപ്പൂരിലെ വംശീയ കലാപത്തിന് പരിഹാരം കാണണമെന്നും സമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും ഇംഫാലില്‍ മൈതേയ് സംഘടനയായ കോക്കോമിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിങ്ങിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്. വെള്ളിയാഴ്ച കുക്കി-നാഗ ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഒട്ടേറെ പേര്‍ അക്രമത്തിനിരയാകുകയും നിരവധി വീടുകള്‍ അഗ്‌നിക്കിരയാകുകയും ചെയ്തു. സംഘര്‍ഷ ഭൂമികയായ മണിപ്പൂരിന്റെ ഇന്നിലേക്കും ഇന്നലെകളിലേക്കുമാണ് സ്‌പോട്ട്‌ലൈറ്റ് സഞ്ചരിക്കുന്നത്.

വീണ്ടും കലാപത്തീയില്‍ പുകഞ്ഞ് മണിപ്പൂര്‍

2026 ഏപ്രില്‍ ഏഴ്, ബിഷ്ണുപൂര്‍ ജില്ലയിലെ ട്രോങ്‌ലോബി ഗ്രാമം. പുലര്‍ച്ചെ ഒരു മണിക്കാണ് വീട്ടില്‍ അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള ടോംതിന്‍ ഓയിനാമും സഹോദരി ഓയിനാം ലെയ്‌സാനയും ബോംബാക്രമണത്തില്‍ പൊട്ടിത്തെറിച്ച് മരിച്ചത്. അമ്മ ബിനിതക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുക്കി-സോ ഗ്രൂപ്പുകളുടെ ആധിപത്യമുള്ള കുന്നിന്‍പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. ഈ ക്രൂരതക്ക് പിന്നാലെ കത്തിക്കാളിയ വംശീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മണിപ്പൂര്‍ ഇപ്പോള്‍ കടുത്ത സുരക്ഷവലയത്തിലാണ്. കുട്ടികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഈ മാസം 19 മുതല്‍ ആരംഭിച്ച അഞ്ച് ദിവസത്തെ ഹര്‍ത്താല്‍ സംസ്ഥാനത്തെ നിശ്ചലമാക്കി. മൈതേയ് സമുദായത്തില്‍പ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയായ മീര പൈബിസ്, വിവിധ സിവില്‍ സൊസൈറ്റി സംഘടനകള്‍, സംയുക്ത ആക്ഷന്‍ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹര്‍ത്താല്‍. കഴിഞ്ഞ വെള്ളിയാഴ്ച നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നുള്ള പൊലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതോടെ കലാപത്തീയില്‍ പുകയുകയാണ് സംസ്ഥാനം. ഉഖ്രുലിലും പരിസര പ്രദേശങ്ങളിലും നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇപ്പോഴും തുടരുന്ന ഏറ്റുമുട്ടലുകള്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, കാംക്ചിങ് ജില്ലകളില്‍ നിരോധനാജ്ഞയാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കപ്പെട്ടു. കേന്ദ്ര അഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയിട്ടുണ്ട്.

മണിപ്പൂര്‍ കലാപം; ചരിത്രം

മൈതേയ്, കുക്കി, നാഗ എന്നീ വംശങ്ങളില്‍പ്പെട്ടവരാണ് ബഹുഭൂരിപക്ഷം മണിപ്പൂരികളും. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്തേ ആണ് പ്രബലര്‍. അവര്‍ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്നു. സംസ്ഥാന വിസ്തൃതിയുടെ 10 ശതമാനം ഉള്‍ക്കൊള്ളുന്നതും മണിപ്പൂരിന്റെ തലസ്ഥാനവുമായ ഇംഫാലിലെ താഴ്വരകളിലാണ് മൈതേയ്കള്‍ വസിക്കുന്നത്. കുക്കികളും നാഗകളും പ്രധാനമായും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. മലയോര മേഖലകളാണ് ഇവരുടെ തട്ടകം. കുക്കികള്‍ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍പ്പെട്ടവരാണ്. ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ 2023 മേയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആണ് ഇപ്പോള്‍ ആളിക്കത്തുന്ന മൈതേയ്-കുക്കി വംശീയ കലാപത്തിന് തുടക്കമിടുന്നത്. മൈതേയ്കളെ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞു. ഇന്നിപ്പോളത് മണിപ്പൂരിനെ രക്തരൂക്ഷിത വംശീയ കലാപത്തിന്റെ പിടിയിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 260ലധികം ജീവനുകള്‍ പൊലിഞ്ഞു. അറുപതിനായിരത്തോളം പേര്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി മാറി. ഇതില്‍ ഭൂരിഭാഗവും ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകതുല്യമായ ജീവിതം നയിക്കുകയാണ്.

സ്വതന്ത്ര രാജ്യങ്ങള്‍ക്കായി കലാപം

ചരിത്രപരമായ സംഘര്‍ഷം നിലനില്‍ക്കുന്ന രണ്ട് വിഭാഗങ്ങളാണ് മൈതേയ്-കുക്കി. 'സ്വാതന്ത്ര്യത്തിന്റെ ഭൂമി' അഥവാ സാലെന്‍ ഗാം എന്ന് വിശേഷിപ്പിക്കുന്ന അവരുടെ മാതൃരാജ്യം സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി 90-കളില്‍ ആയുധം കൈയിലെടുത്തവരാണ് കുക്കികള്‍. കുക്കികളുടെ അധിവാസപ്രദേശമായ കുക്കിലാന്‍ഡിന്റെ വലിയൊരു ഭാഗവും ഗ്രേറ്റര്‍ നാഗാലാന്‍ഡ് എന്ന പേരില്‍ നാഗകള്‍ ആവശ്യമുന്നയിക്കുന്ന സ്വതന്ത്രനാടായ 'നാഗാലിമു'മായി ചേര്‍ന്നു കിടക്കുന്നതാണ്. ഇതുമൂലം നാഗകളുമായുള്ള ഏറ്റുമുട്ടലിനാണ് 90 കളില്‍ കുക്കികള്‍ ആയുധമെടുക്കുന്നത്. മണിപ്പൂര്‍ രാജവംശവും ഇന്ത്യന്‍ യൂണിയന്‍ സര്‍ക്കാരും തമ്മില്‍ 1949 ല്‍ ഒപ്പുവച്ച ലയന കരാറില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നാണ് കുക്കികള്‍ ആരോപിക്കുന്നത്. വംശീയ സംഘര്‍ഷങ്ങള്‍ കലുഷിതമാക്കിയ മണിപ്പൂരില്‍ സമാധാനം കടന്നുവരുന്നത് 2008 ല്‍ സസ്‌പെന്‍ഷന്‍ ഓഫ് ഓപറേഷന്‍സ് എന്ന എസ്.ഒ.ഒയില്‍ ഒപ്പ് വയ്ക്കുന്നതോടെയാണ്. എന്നാല്‍ സമീപകാല സര്‍ക്കാര്‍ ഇടപെടലുകള്‍ മണിപ്പൂരിനെ വീണ്ടും അശാന്തിയുടെ ഭൂമികയാക്കി. മണിപ്പൂരില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച നടപടികളും, കറുപ്പ് കൃഷി നിര്‍മാര്‍ജ്ജന കാമ്പെയിനും, മാര്‍ച്ച് മാസത്തില്‍ എസ്.ഒ.ഒ കരാര്‍ പിന്‍വലിച്ചതുമെല്ലാം തങ്ങള്‍ക്കെതിരേയുള്ള വംശീയ അതിക്രമമായാണ് കുക്കികള്‍ കരുതുന്നത്. തീവ്രവാദികള്‍ മലനിരകളില്‍ അശാന്തി പരത്തുന്നുവെന്ന കാരണം പറഞ്ഞായിരുന്നു എസ്.ഒ.ഒ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

അവസാനിക്കാത്ത പ്രക്ഷോഭങ്ങള്‍

ഭരണകൂടം തങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്ന ആശങ്ക കുക്കികളെ പൊതിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് മൈതേയ് വംശജര്‍, അവരെ ഷെഡ്യൂള്‍ ട്രൈബ് ആയ പരിഗണക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം ആരംഭിക്കുന്നത്. ഇത് കുക്കികളെ കൂടുതല്‍ ഭയപ്പെടുത്തി. മണിപ്പൂരില്‍ സാമ്പത്തികമായും സാമൂഹികമായും മേധാവിത്വം പുലര്‍ത്തുന്ന വിഭാഗം മൈതേയ്കളാണ്. സംസ്ഥാന നിയമസഭയിലെ മൃഗീയ പ്രാതിനിധ്യം മൈതേയ് വിഭാഗത്തില്‍ നിന്നാണെന്നത് അവര്‍ക്ക് അധികാരശക്തിയും നല്‍കുന്നു. മ്യാന്‍മാറില്‍ നിന്നും വലിയ തോതിലുള്ള കുടിയേറ്റം സംസ്ഥാനത്തുണ്ടാകുന്നു എന്നാരോപിച്ചാണ് മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് 'അനധികൃത കുടിയേറ്റം' ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. കുക്കി വിഭാഗം സര്‍ക്കാരിന്റെ 'അനധികൃത കുടിയേറ്റ' നീക്കങ്ങള്‍ തങ്ങളെ ലക്ഷ്യം വച്ചുള്ള സര്‍ക്കാര്‍ നീക്കമായി കണ്ടു. സംവരണത്തിനെതിരെ കുക്കി-സോ വിഭാഗങ്ങള്‍ നടത്തിയ പ്രതിഷേധം അതിവേഗം അക്രമാസക്തമാവുകയും സംസ്ഥാനം രണ്ട് തട്ടിലാവുകയും ചെയ്തു. താഴ്വരയില്‍ മൈതേയികളും മലനിരകളില്‍ കുക്കി-നാഗ വിഭാഗങ്ങളും എന്ന നിലയില്‍ ഭൂമിശാസ്ത്രപരമായിപ്പോലും മണിപ്പുര്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് നിസ്സംഗത

മണിപ്പുരിലെ സ്ഥിതി ഇത്രത്തോളം വഷളാകാന്‍ പ്രധാന കാരണം കൃത്യസമയത്തുള്ള കേന്ദ്ര ഇടപെടലിന്റെ അഭാവമാണ്. ആഭ്യന്തര കലാപം തുടങ്ങി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുര്‍ സന്ദര്‍ശിച്ചത്. ഇത് ജനതയില്‍ കടുത്ത അവഗണനാബോധം സൃഷ്ടിച്ചിട്ടുണ്ട്. പൊലീസിന്റെ ആയുധപ്പുരകളില്‍നിന്ന് ആയിരക്കണക്കിന് അത്യാധുനിക ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടതും അവ സിവില്‍ സമൂഹത്തിനിടയില്‍ പ്രചരിക്കുന്നതും വലിയ സുരക്ഷാ ഭീഷണിയാണ്. ആയുധമേന്തിയ സായുധ സംഘങ്ങള്‍ ഓരോ ഗ്രാമത്തിലും സമാന്തര ഭരണകൂടമായി മാറി.

മയക്കുമരുന്ന് മാഫിയയും അനധികൃത കുടിയേറ്റവും കലാപത്തിനു കാരണമായി ഭരണകൂടം ചൂണ്ടിക്കാട്ടുമ്പോഴും, ഈ പ്രശ്നങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടത്തിന് വീഴ്ചപറ്റിയിട്ടുണ്ട്. കേവലം വംശീയമായ ചേരിതിരിവിനപ്പുറം, മണിപ്പുരിലെ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും ഈ സംഘര്‍ഷങ്ങള്‍ക്ക് വളമിടുന്നുണ്ടെന്നത് തിരിച്ചറിയേണ്ടതുണ്ട്. വിദ്യാഭ്യാസം പാതിവഴിയില്‍ മുടങ്ങിയ ഒരു തലമുറ കൈയില്‍ ആയുധങ്ങളേന്തി തെരുവിലിറങ്ങുന്നത് സ്ഥിരം കാഴ്ചയായി മാറി.

മണിപ്പൂരില്‍ എന്ന് സമാധാനം പുലരും?

വര്‍ഗീയ സൗഹാര്‍ദവും നിയമവാഴ്ചയും മണിപ്പൂരില്‍ പുനഃസ്ഥാപിക്കണമെങ്കില്‍ കേവലം വാക്കുകള്‍ കൊണ്ട് സാധ്യമല്ല. വിഘടിച്ചു നില്‍ക്കുന്ന എല്ലാ വംശീയ ഗ്രൂപ്പുകളെയും ഒരു മേശയ്ക്ക് ചുറ്റും ഇരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സാധാരണക്കാരുടെ കൈകളിലെത്തിയ ആയുധങ്ങള്‍ തിരിച്ചുപിടിക്കുന്നത് വരെ അക്രമങ്ങള്‍ തുടര്‍ന്നേക്കുമെന്നതിനാല്‍ അതിനുള്ള നടപടി ആ?വശ്യമാണ്. കുഞ്ഞുങ്ങളെ കൊന്നവരും സ്ത്രീകളെ അപമാനിച്ചവരും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നീതി ലഭിക്കുന്നുണ്ടെന്ന ബോധ്യം ജനങ്ങളില്‍ ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ നേതൃത്വപരമായ മാറ്റങ്ങളോ കടുത്ത പരിഷ്‌കാരങ്ങളോ അനിവാര്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഇതില്‍ ആവശ്യമാണ്. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും ഏല്‍ക്കുന്ന മുറിവാണ്. സൈനിക ബലം കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധി. പരസ്പര വിശ്വാസത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുതിയൊരു രാഷ്ട്രീയ സംസ്‌കാരം അവിടെ കെട്ടിപ്പടുക്കേണ്ടതുണ്ട്. സമാധാനം മണിപ്പൂരില്‍ പുലരുമെന്ന് തന്നെ വിശ്വസിക്കാം.

SCROLL FOR NEXT