Source: X
OPINION

അരിമണിയിലെ ചോരപ്പാടുകള്‍ക്ക് എട്ട് ആണ്ട്

മധുവിനെ വേട്ടക്കാര്‍ തല്ലിക്കൊന്നിട്ട് എട്ട് വര്‍ഷമായിരിക്കുന്നു

Author : പി.പി. പ്രശാന്ത്

അവൻ്റെ നിറം കറുപ്പായിരുന്നു. മുഷിഞ്ഞ്‌ നാറുന്ന വേഷം. തനി ആദിവാസി.കെട്ടിയിട്ട കൈകള്‍ ഉയര്‍ത്തി സെല്‍ഫിക്ക് പോസ് ചെയ്യാന്‍ വേട്ടക്കാരന്‍ പറഞ്ഞപ്പോള്‍ മര്‍ദനത്തില്‍ ചോരപൊടിഞ്ഞ് വീര്‍ത്ത ചുണ്ടുകള്‍ വക്രിച്ച് അവന്‍ ഒരു ചിരി ചിരിച്ചു. നിഷ്‌കളങ്കമായ ചിരി. ഭവാനിപ്പുഴയോരത്തെ അവൻ്റെ ഗുഹയില്‍ നിന്ന് വേട്ടക്കാര്‍ കണ്ടെടുത്തത് ഒരു കിലോ അരി, 25 ഗ്രാം ചായപ്പൊടി, ഒരു കവര്‍ മുളക് പൊടി . തൊണ്ടിമുതലുകള്‍ അടങ്ങിയ ആ ചാക്കും തലയിൽ വച്ച് കൊടുത്ത് തണലായിരുന്ന കാട്ടില്‍ നിന്ന് അവനെ അവര്‍ പിടിച്ചിറക്കി. നാല് കിലോമീറ്റര്‍ യാത്രയിലെ മര്‍ദനം കഴിഞ്ഞ് മുക്കാലിയിലെ ക്ഷേത്ര ഭണ്ഡാരത്തിന് മുമ്പില്‍വെച്ച് പൊതു വിചാരണ. ഒടുവില്‍ വേട്ടക്കാര്‍ വിധിച്ച വധശിക്ഷ നടപ്പാക്കി. അങ്ങനെ പറഞ്ഞാല്‍ കുറഞ്ഞുപോകും അല്ലേ. കേരളത്തിലെ പരിഷ്‌കൃത സമൂഹം അവനെ തല്ലിക്കൊന്നു. അവൻ്റെ പേര്: മധു, ജാതി: ആദിവാസി വിഭാഗമായ കുറുമ്പരെന്നോ മുഡുഗരെന്നോ വിളിക്കാം. വയസ്സ് :27. എല്ലാ വര്‍ഷവും ഫെബ്രുവരി 22 എന്ന ദിനമെത്തുമ്പോള്‍ കേരള മനസ്സാക്ഷിക്ക് മുമ്പില്‍ ആ ചിരിയുണ്ട്. ആ കണ്ണില്‍ ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യമുണ്ട്. മറക്കാന്‍ പാടില്ല. മധുവിനെ വേട്ടക്കാര്‍ തല്ലിക്കൊന്നിട്ട് എട്ട് വര്‍ഷമായിരിക്കുന്നു.

അരിമണിയിലെ ചോരപ്പാടുകള്‍ക്ക് എട്ട് ആണ്ട്

മുക്കാലിയില്‍ നിന്നും സൈലൻ്റ് വാലിയിലേക്കുള്ള വഴിയിലൂടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിക്കണം മധുവിൻ്റെ കുടുംബം താമസിക്കുന്ന ചിണ്ടക്കി എന്ന ഊരിലെത്താന്‍. മലകള്‍ക്ക് താഴെയുള്ള വഴിക്ക് സമാന്തരമായി ഭവാനിപ്പുഴ ഒഴുകുന്നുണ്ട്. കാടിനുള്ളിലൂടെ നീളുന്ന ഇൻ്റര്‍ലോക്ക് ടൈലുകള്‍ പാകിയ ആ വഴി അവസാനിക്കുന്ന ഇടമാണ് ചിണ്ടക്കി ഊര്. മുഡുഗര്‍ സമുദായത്തില്‍ നിന്നുള്ള മധുവിൻ്റെ അച്ഛന്‍ മല്ലൻ്റെ ഊരാണ് ചിണ്ടക്കി.കുറുമ്പര്‍ സമുദായ അംഗമായ മധുവിൻ്റെ അമ്മ മല്ലി , കുറുമ്പര്‍ പരമ്പരാഗതമായി താമസിക്കുന്ന കടുക്മണ്ണ എന്ന ഊരിലെ അംഗമായിരുന്നു. മക്കള്‍ വളര്‍ന്ന ശേഷമാണ് മധുവിനെയും സഹോദരിമാരെയും കൂട്ടി മല്ലി ചിണ്ടക്കി ഊരില്‍ താമസമാക്കുന്നത്. മറ്റ് എല്ലാവരുടെയും പോലെത്തന്നെ സാധാരണ കുട്ടിക്കാലമായിരുന്നു മധുവിൻ്റേത്. കാടിനോടും, പുഴകളോടും അമിത താല്‍പര്യം അന്ന് മുതലേ ഉണ്ടായിരുന്നു. ഏഴാംക്ലാസ് കഴിഞ്ഞ് പഠിപ്പ് നിറുത്തി ആശാരിപ്പണിക്ക് പോയി തിരിച്ചുവന്ന മധു വല്ലാതെ മാറി. ഒറ്റക്ക് മലയും പുഴയും തേടി കാട്ടിലേക്ക് പോയി. രാത്രിയില്‍ പോലും മടങ്ങിവന്നിരുന്നില്ല. എങ്കിലും, കാടിൻ്റെ മടിത്തട്ടില്‍ അവന്‍ സുരക്ഷിതനായിരുന്നു. അവനെ തേടി ആ ദിവസം 'വന്തവാസികള്‍' എന്ന് ആദിവാസികള്‍ വിളിക്കുന്ന കുടിയേറ്റ ജനത തിരക്കി എത്തുംവരെ.

കേരളത്തിനേറ്റ 45 മുറിവുകള്‍

മധുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ശരീരത്തില്‍ 45 ലേറെ മുറിവുകള്‍ ഉണ്ടായിരുന്നു എന്നതാണ്. വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണ കാരണം. അവശനായി ഒരിറ്റ് വെള്ളം ചോദിച്ചപ്പോള്‍ ഞങ്ങളെ കുറേ വെള്ളം കുടിപ്പിച്ചതല്ലേ, കൊടുക്കേണ്ടാ എന്ന് പറയുന്ന വേട്ടക്കാരനെ പ്രചരിക്കപ്പെട്ട വീഡിയോവില്‍ നാം കണ്ടു. പൊതുസമൂഹത്തിൻ്റെയും ഭരണകൂടത്തിൻ്റെയും ആദിവാസി വിരുദ്ധമായ സമീപനങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു മധുവിൻ്റെ കേസിൻ്റെ വിചാരണാ വഴികള്‍. പ്രതികളുടെ സ്വാധീനശക്തിയും പ്രോസിക്യൂഷൻ്റെ പിന്‍മാറ്റവും നിയമനടപടികളെ പ്രശ്‌നത്തിലാക്കി. അത്തരം പ്രതിസന്ധികള്‍ക്കിടയിലും മധുവിൻ്റെ അമ്മ മല്ലിയും സഹോദരി സരസുവും പോരാട്ടം തുടര്‍ന്നു. നാല് വര്‍ഷത്തിന് ശേഷം മധുവിൻ്റെ മാതാവിൻ്റെ പോരാട്ടത്തിന് ഒടുവിലാണ് വിചാരണ തുടങ്ങുന്നത് തന്നെ.122 സാക്ഷികളില്‍ നിര്‍ണായകമായ 24 പേര്‍ മൊഴിമാറ്റി. തല്ലിക്കൊന്നവരോളം തന്നെ വിമര്‍ശനം അര്‍ഹിക്കുന്ന നീച പ്രവൃത്തിയായിരുന്നു അത്. തുടരെയുള്ള മൊഴിമാറ്റത്തില്‍ മനംമടുത്ത ജഡ്ജി തന്നെ സാക്ഷിയുടെ കാഴ്ച പരിശോധിക്കാന്‍ ഉത്തരവിടേണ്ടി വന്നത് അതിൻ്റെ ഗൗരവം വിളിച്ചറിയിക്കുന്നു. മാത്രമല്ല, പ്രോസിക്യൂട്ടര്‍മാര്‍ മാറിമാറി വന്നു. ആ കേസില്‍ 16 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എല്ലാവര്‍ക്കും കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്ന് പരാതി ഉയര്‍ന്നു. അതിനൊരു കാരണം ഉണ്ടായിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തത്. 302ന് പകരം 304 എ വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അങ്ങനെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. വാളയാറിലെ ഉള്‍പ്പെടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലുള്ള പല കേസുകളോടും നമ്മുടെ പൊലീസിൻ്റെ സമീപനം ഇങ്ങനെയാണ്.

റാം നാരായണിൻ്റെ ആള്‍ക്കൂട്ടക്കൊല

ശരീരത്തില്‍ തല മുതല്‍ പാദം വരെ പരിക്കേല്‍ക്കാത്ത ഒരിഞ്ച് സ്ഥലം ബാക്കിയുണ്ടായിരുന്നില്ലെന്നാണ്, ഡിസംബര്‍ 17ല്‍ വാളയാറില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന ഛത്തീസ്ഗഡ് സ്വദേശി റാം നാരായണിൻ്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ നിരീക്ഷിച്ചത്. ആ മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്നത് മൂന്നു നാളായിരുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത, ശബ്ദമുയര്‍ത്താന്‍ ശേഷിയില്ലാത്തവരെയാണ് ആള്‍ക്കൂട്ടം തങ്ങളുടെ പേശീബലം പ്രയോഗിക്കാന്‍ ലക്ഷ്യമിടുന്നത്. മധു ആദിവാസി ആയിരുന്നെങ്കില്‍ റാം നാരായണ്‍ അതിഥിത്തൊഴിലാളി ആയിരുന്നു. മധുവിൻ്റെ സാമൂഹിക അസ്ഥിത്വമായിരുന്നു മധുവിനെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെങ്കില്‍ റാം നാരായണിനോടുള്ള വിദ്വേഷം വംശീയതയിലും മതവിദ്വേഷത്തിലും ഊന്നിയുള്ളതായിരുന്നു. '' തും ബംഗാളി '' എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു റാം നാരായണിനെ മോഷണം ആരോപിച്ച് മര്‍ദിച്ചു തുടങ്ങിയത്. അത് ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റ ജനതയെ ഉദ്ദേശിച്ചായിരുന്നു എന്ന് വ്യക്തം. പ്രതികളുടെ രാഷ്ട്രീയവും അത് വിളിച്ചുപറയുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട വംശീയ വിചാരണക്ക് ശേഷമായിരുന്നു രാംനാരായണിൻ്റെ മരണം. ചോരയൊലിച്ച് കിടന്നിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത് മരണകാരണമായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. അത്ര കൂരമായിരുന്നു ആ കൊലപാതകം.

ഓര്‍മയിലെ കയ്പുനീരാണ് മധു

ആള്‍ക്കൂട്ടക്കൊലകള്‍ മധുവിലും റാം നാരായണിലും ഒതുങ്ങി നില്‍ക്കുന്നില്ലെങ്കിലും ഇരുവരും മലയാളിയുടെ മന:സാക്ഷിയുടെ നൊമ്പരങ്ങളാണ്. മനുഷ്യത്വം മരവിക്കാത്തവരുടെ ദു:സ്വപ്‌നങ്ങള്‍. പരിഷ്‌കൃത പുരോഗമന സമൂഹമെന്ന മലയാളിയുടെ വീമ്പുപറച്ചിലിന് നേരെയാണ് കൂട്ടിക്കെിയ കൈകളോടെ മധു നിഷ്‌കളങ്കമായി അവസാന നിമിഷം ചിരിച്ചത്. വിശന്നുപോയി എന്നതായിരുന്നു അവന്‍ ചെയ്ത കുറ്റം. ബംഗാളിയാണോ എന്ന ചോദ്യത്തില്‍ പകച്ചുപോയി തലയാട്ടിയപ്പോള്‍ റാം നാരായണിന് നഷ്ടമായത് സ്വന്തം ജീവനാണ്. എട്ടുവര്‍ഷം പിന്നിട്ടിട്ടും മലയാളിയുടെ സാമൂഹിക മനസ്സ് അത്ര നന്നായിട്ടൊന്നുമില്ലെന്ന് വാളയാറിലെ ആള്‍ക്കൂട്ടക്കൊല തെളിയിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന അസഹിഷ്ണുതയുടെയും സ്‌നേഹരാഹിത്യത്തിൻ്റെയും പ്രതിഫലനം കൂടിയാണ് ഇവ. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഉത്തരേന്ത്യക്ക് സമാന മാതൃകയില്‍ പച്ചക്ക് കൊല്ലാന്‍ പരിഷ്‌കൃത കേരള സമൂഹത്തിനാകും എന്ന് ആള്‍ക്കൂട്ടക്കൊലകള്‍ തെളിയിച്ചു. ഈ സാമൂഹിക യാഥാര്‍ഥ്യം ജനാധിപത്യകേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എത്രമാത്രം ഉൾക്കൊണ്ടു എന്നതാണ് ഉയരുന്ന ചോദ്യം. ഒന്നുറപ്പിച്ച് പറയാം. കേരളത്തിൻ്റെ മനസ്സാക്ഷിക്ക് മുമ്പില്‍ എരിയുന്ന കനലായി ഇന്നും മധുവുണ്ട്. ഉണ്ടായിരിക്കുകയും ചെയ്യും.

SCROLL FOR NEXT