പാസ്പോര്‍ട്ട് പൗരത്വത്തിൻ്റെ അന്തിമ തെളിവല്ല എന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വലിയ വിവാദത്തിന് ഇടവരുത്തിയിരിക്കുന്നു.
പാസ്‌പോര്‍ട്ട് എന്നത് രാജ്യത്തിന്റെ ഔദ്യോഗിക രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് സാധാരണയായി കണക്കാക്കപ്പെടുന്നത്. അത് കൈവശമുള്ള ഒരാള്‍ക്ക് താന്‍ ഈ രാജ്യത്തെ പൗരനാണെന്ന ഉറച്ച വിശ്വാസമുണ്ട്. എന്നാല്‍, പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല എന്ന് മന്ത്രാലയം പറയുമ്പോള്‍, പൗരത്വം തെളിയിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇനി എന്ത് രേഖയാണ് ഹാജരാക്കേണ്ടി വരിക എന്ന ആശങ്ക സ്വാഭാവികമായും സാധാരണക്കാരിലുണ്ടാകുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് എന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നിട്ടും പാസ്‌പോര്‍ട്ട് പൗരത്വ തെളിവല്ലെന്ന് ഔദ്യോഗികമായി പറയുമ്പോള്‍, ഭരണകൂടം നല്‍കുന്ന രേഖകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്.
പിന്നെ എന്താണ് ഈ പൗരത്വ രേഖ?
''പാസ്‌പോര്‍ട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണ്. അത് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമ രേഖയല്ല''. "പാസ്‌പോര്‍ട്ട് സേവാ ദിവസി"നോട് അനുബന്ധിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക രേഖ മാത്രമാണ് പാസ്‌പോര്‍ട്ട്. കൂടാതെ, പാസ്‌പോര്‍ട്ട് കൈവശം വെക്കുന്ന വ്യക്തിക്ക് അതിന്മേല്‍ പൂര്‍ണ ഉടമസ്ഥാവകാശമില്ലെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നപക്ഷം ഇത് തിരികെ സമര്‍പ്പിക്കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നും മന്ത്രാലയം സൂചിപ്പിക്കുന്നു. പാസ്‌പോര്‍ട്ടിന്റെ പിന്‍ഭാഗത്ത് വ്യക്തമാക്കുന്നത് പോലെ, ഇത് പൂര്‍ണമായും 'ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വത്ത്' ആണ്. എന്നിട്ടും അത് പൗരത്വ രേഖയല്ലെന്ന മന്ത്രാലയത്തിന്റെ നിലപാട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്. എന്നാല്‍, വിവാദമായതിനെത്തുടര്‍ന്ന് യാതൊരുവിധ ആശങ്കകള്‍ക്കും സ്ഥാനമില്ലെന്നും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി.
പൗരനാര് , പൗരത്വമെന്ത്?
നിലവിലെ പൗരത്വ നിയമപ്രകാരം ഇന്ത്യയില്‍ ജനിച്ച ഒരാള്‍ക്ക് പൗരത്വത്തിനുള്ള യോഗ്യതകള്‍ നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ്:
1950 ജനുവരി 26നും 1987 ജൂലൈ ഒന്നിനും ഇടയില്‍ ഇന്ത്യയില്‍ ജനിച്ച ഏത് വ്യക്തിയും ജനനം കൊണ്ട് ഇന്ത്യന്‍ പൗരനാണ്. 1987 ജൂലൈക്ക് ശേഷം ജനിച്ചവരാണെങ്കില്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം. 2004 ഡിസംബര്‍ മൂന്നിന് ശേഷം ജനിച്ചവരാണെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യന്‍ പൗരന്മാരായിരിക്കണം. അല്ലെങ്കില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റേയാള്‍ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരന്‍ ആകാനും പാടില്ല. പക്ഷേ രാജ്യത്ത് പൗരത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖ ഏതാണെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസില്‍, വ്യക്തിഗത തിരിച്ചറിയല്‍ രേഖയായ ആധാര്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് ഈ വര്‍ഷം ആദ്യം സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. സമാനമായി, വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഒരു തിരിച്ചറിയല്‍-മേല്‍വിലാസ രേഖ മാത്രമായാണ് വോട്ടര്‍ ഐഡി കാര്‍ഡിനെയും കണക്കാക്കുന്നത്. ഇതും പൗരത്വരേഖയുടെ പരിധിയില്‍ വരുന്നതല്ല. അതേസമയം വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക് യോഗ്യത തെളിയിക്കാനുള്ള 12 പ്രധാന രേഖകളില്‍ ഒന്നായി 'ഇന്ത്യന്‍ പാസ്‌പോര്‍ട്ട്' ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പാസ്പോര്‍ട്ടിന് എന്ത് വില?
1967ലെ പാസ്‌പോര്‍ട്ട് നിയമത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ''ഇന്ത്യന്‍ പൗരന്മാര്‍ക്കും മറ്റ് വ്യക്തികള്‍ക്കും ഇന്ത്യയില്‍നിന്നുള്ള യാത്ര നിയന്ത്രിക്കുന്നതിനും പാസ്‌പോര്‍ട്ടുകളും യാത്രാരേഖകളും നല്‍കുന്നതിനും അതുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കാര്യങ്ങള്‍ക്കുമായുള്ള നിയമം.'' അതായത് ആമുഖത്തിലും തുടര്‍ന്നും ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള രേഖയാണ് ഇതെന്ന് എടുത്തുപറയുന്നുണ്ട്. പാസ്‌പോര്‍ട്ടുകളെക്കുറിച്ചുള്ള പുതിയ ഔദ്യോഗിക നിലപാട് വിദേശ സര്‍ക്കാരുകളെയും വിഷമസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്. എല്ലാ പരമാധികാര രാജ്യങ്ങളും ഒരു വ്യക്തിയുടെ ദേശീയത പരിശോധിക്കുന്നതും അംഗീകരിക്കുന്നതും അവരുടെ പാസ്‌പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്. അവര്‍ പരസ്പരം ആ സാക്ഷ്യപ്പെടുത്തല്‍ സമ്മതിക്കുകയും പാസ്‌പോര്‍ട്ട് ഉടമകളെ അതിര്‍ത്തി കടന്ന് യാത്രചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഈ പാസ്പോര്‍ട്ടിനെ വിമാനക്കമ്പനികള്‍ അംഗീകരിക്കുന്നു. രാജ്യാതിര്‍ത്തികളിലെ കാവല്‍സേനകള്‍ അംഗീകരിക്കുന്നു. വീസ കിട്ടാനും വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ അധികൃതരെ ബോധ്യപ്പെടുത്താനും ഇതു മതി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്ന ഔദ്യോഗിക രേഖയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട്. വിദേശ സര്‍ക്കാരുകള്‍ ഇതിന്റെ ഉടമ ഇന്ത്യന്‍ പൗരനാണെന്ന് മടികൂടാതെ സമ്മതിക്കുന്നു. ഇതില്‍നിന്ന് പൗരത്വത്തെ ഒഴിവാക്കിയാല്‍ പാസ്പോര്‍ട്ടിന് വിലയില്ലാതാകുമോ? എന്ന ചോദ്യമാണ് ഉയരുന്നത്.
ഉയരുന്ന പ്രതിഷേധങ്ങള്‍
''എന്റെ കൈവശം വോട്ടര്‍ ഐഡി കാര്‍ഡുണ്ട്, പക്ഷേ അതൊരു പൗരത്വ തെളിവല്ല! എന്റെ കൈവശം പാന്‍ കാര്‍ഡുണ്ട്, അതും പൗരത്വ തെളിവല്ല. എന്റെ കൈവശം പാസ്‌പോര്‍ട്ടുണ്ട്, എന്നാല്‍ അതുപോലും പൗരത്വത്തിന്റെ തെളിവല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എനിക്ക് ആരാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുക'' പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി വിഷയത്തില്‍ എക്സില്‍ പ്രതികരിച്ചത് ഇങ്ങിനെയാണ്. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് ചോദിച്ചത്, ''ആധാര്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ അല്ലെന്ന് കേന്ദ്രം നേരത്തെ പറഞ്ഞു. വോട്ടര്‍ ഐഡിയും പൗരത്വ രേഖയല്ലെന്ന് വ്യക്തമാക്കി. ഇപ്പോള്‍ പാസ്പോര്‍ട്ടും പൗരത്വ രേഖയല്ലെന്ന് പറയുന്നു. അപ്പോള്‍ പിന്നെ ഒരാള്‍ ഇന്ത്യന്‍ പൗരനാണ് എന്ന് തെളിയിക്കുന്നത് എങ്ങനെയാണ്. മോദിയുടെ കാല്‍ ചുംബിക്കണോ? അതോ ബിജെപിയില്‍ അംഗത്വം എടുത്തതിന്റെ രേഖ വേണോ '' എന്നാണ്.
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെ ഏത് രേഖയാണ് പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടതെന്ന് മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ചോദ്യമുന്നയിച്ചു. വിഷയം സുപ്രീംകോടതിയുടെ പരിഗണനക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. പാസ്പോര്‍ട്ട് ആക്ടിലെ സെക്ഷന്‍ 6 ലെ രണ്ട് എ ഉപവകുപ്പ് പറയുന്നത് ഒരാള്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കണമെങ്കില്‍ നിര്‍ബന്ധമായും ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം എന്നാണ്. സര്‍ക്കാര്‍ നിലപാട് ഇതിന് കടക വിരുദ്ധമാണ്. വിദേശ രാജ്യങ്ങളില്‍ പൗരത്വ രേഖ ആവശ്യപ്പെട്ടാല്‍ ഇന്ത്യക്കാര്‍ എന്താണ് നല്‍കേണ്ടതെന്നും ഉവൈസി ചോദിച്ചു.
ഏകീകൃത പൗരത്വ കാര്‍ഡിലേക്കോ
ഈ വിവാദം ഉയര്‍ന്നുവന്ന സാഹചര്യം ശ്രദ്ധിക്കുക. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലില്‍നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികള്‍ക്ക് പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാമോ എന്ന ചോദ്യമാണ് ഈ വിശദീകരണത്തിലെത്തിയത്. അതായത് ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. മറ്റൊരു പൗരത്വ കാര്‍ഡ് നമ്മെ കാത്തിരിക്കുന്നുണ്ടോ എന്ന സംശയം ഉയരുക സ്വാഭാവികം.
ലോകത്തെ ഏറ്റവും ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യക്ക് 78-ാം സ്ഥാനമാണ്. 46 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രാനുമതി സാധ്യമായതോടെയാണ് ഇന്ത്യ ഈ സ്ഥാനം സ്വന്തമാക്കിയത്. ഈ യാത്രകള്‍ സാധ്യമാകുന്നത് പാസ്പോര്‍ട്ട് എന്ന പൗരത്വരേഖ കാണിച്ചിട്ടുതന്നെയാണ്. പക്ഷേ സ്വന്തം പാസ്‌പോര്‍ട്ടിനെ ദേശീയതയുടെ തെളിവായി ഇന്ത്യക്കു തന്നെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റാരെങ്കിലും അത് വിശ്വസിക്കണം എന്നു പറയുന്നതെങ്ങനെയാണ് എന്നചോദ്യം ഉയരേണ്ടതുതന്നെയാണ്.