OPINION

വിഴിഞ്ഞം തുറമുഖം കുത്തകവല്‍കരണത്തിന് വഴിതുറന്നോ?

രാജ്യത്തെ ഏറ്റവും തിരക്കുള്ളതും പ്രാധാന്യമുള്ളതുള്ളതുമായ തുറമുഖമായി അതിവേഗം മാറികൊണ്ടിവരിക്കുകയാണ് വിഴിഞ്ഞം

Author : പി.പി. പ്രശാന്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നു. യൂറോപ്യന്‍ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ എന്ന എം.എസ്.സി അദാനി പോര്‍ട്ടുമായി ചേര്‍ന്ന് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രതിപക്ഷ ആശങ്ക ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. ഇത്തരമൊരു നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ സര്‍ക്കാരിനോട് ഔദ്യോഗികമായി ആലോചിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49% ഓഹരികള്‍ യൂറോപ്യന്‍ ഷിപ്പിങ് ഭീമനായ എം.എസ്.സി സ്വന്തമാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.

വിഴിഞ്ഞം തുറമുഖം കുത്തകവല്‍കരണത്തിന് വഴിതുറന്നോ?

സ്വാഭാവിക ആഴമുള്ള ഇന്ത്യയുടെ ആദ്യ മെഗാ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞം. ലോകത്തെ ഏത് വമ്പന്‍ കപ്പലിനെയും സ്വീകരിക്കാന്‍ അനുയോജ്യമാണെന്നുള്ളതും രാജ്യാന്തര കപ്പല്‍പ്പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ ദൂരമേയുള്ളൂ എന്നതും വിഴിഞ്ഞത്തിന് വലിയ നേട്ടമാണ്. 2015 ഓഗസ്റ്റ് 17നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കേരള സര്‍ക്കാരും തമ്മിലുള്ള കരാര്‍ ഒപ്പിട്ടത്. പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പും അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. 2025 മെയ് 2ന് തുറമുഖം പ്രവര്‍ത്തനസജ്ജമായി. കരാര്‍ പ്രകാരം, പ്രവര്‍ത്തനമാരംഭിച്ച തീയതി മുതല്‍ 40 വര്‍ഷത്തേക്കാണ് അതായത് 2080 വരെയാണ് അദാനി ഗ്രൂപ്പിന് തുറമുഖം കൈകാര്യം ചെയ്യാന്‍ അവകാശമുള്ളത്. അതിനുശേഷം തുറമുഖത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നാണ് വ്യവസ്ഥ. 2025-26 സാമ്പത്തിക വര്‍ഷം 13 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. 615 കപ്പലുകള്‍ ഇക്കാലയളവില്‍ തുറമുഖത്തെത്തി. ഇന്ത്യയില്‍ ഏറ്റവും വേഗം 10 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടം ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ പേരിലാണ്. കഴിഞ്ഞ ജൂണില്‍ ആയിരാമത്തെ കപ്പലും വിഴിഞ്ഞത്തെത്തി. രാജ്യത്തെ ഏറ്റവും തിരക്കുള്ളതും പ്രാധാന്യമുള്ളതുള്ളതുമായ തുറമുഖമായി അതിവേഗം മാറികൊണ്ടിവരിക്കുകയാണ് വിഴിഞ്ഞം.

സര്‍ക്കാര്‍ അറിയാതെ ഓഹരിക്കെമാറ്റമോ?

വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ആഗോള കപ്പല്‍ ഗതാഗത കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയും തമ്മില്‍ 49 ശതമാനം ഓഹരികള്‍ കൈമാറാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഓഹരി കൈമാറ്റം സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ ആണ് ആദ്യം അറിയിച്ചതെന്നും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും അദാനി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇനിയും നിരവധി അനുമതികള്‍ ഇതിനായി ആവശ്യമുണ്ട്. അടുത്ത ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ച് അനുമതി തേടുക. തുടര്‍ന്ന് വിദേശനിക്ഷേപം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വിവിധ ഏജന്‍സികളെ അറിയിച്ച് അനുമതി തേടും. ഇത്തരത്തില്‍ അംഗീകാരങ്ങള്‍ എല്ലാം ലഭിച്ച ശേഷം മാത്രമേ ഓഹരികൈമാറ്റം സാധ്യമാകൂ എന്നും അദാനി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. 25 ശതമാനത്തിന് മുകളിലെ ഓഹരി കൈമാറ്റം ഉടമസ്ഥാവകാശ കൈമാറ്റമായി കണക്കാക്കുമെന്നാണ് വിഴിഞ്ഞത്തെ വ്യവസ്ഥ. അദാനി ഗ്രൂപ്പും ഷിപ്പിങ് കോര്‍പ്പറേഷനുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്നും ഇതുവരെയും അത്തരം മുന്‍കൂര്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

ഓഹരി വാങ്ങുന്നത് തുറമുഖ ഭീമന്‍

വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തല ശേഷി വികസിപ്പിക്കാന്‍ അദാനി പോര്‍ട്‌സിന് കീഴിലുള്ള വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് അഥവാ എ.വി.പി.പി.എലിന്റെ 49 ശതമാനം ഓഹരിയാണ് സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായ എം.എസ്.സി കമ്പനിയുടെ തുറമുഖ ഓപറേറ്റിങ് വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് അഥവാ ടി.ഐ.എല്‍ വാങ്ങുന്നത്. വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് അഥവാ എ.വി.പി.പി.എല്ലിന് 285 കോടി ഡോളര്‍ അതായത് ഏകദേശം 27,000 കോടി രൂപ മൂല്യം വിലയിരുത്തി ഏകദേശം 13,270 കോടി രൂപക്കാണ് 49 ശതമാനം ഓഹരികള്‍ എം.എസ്.സി സ്വന്തമാക്കുന്നതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി പോര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ തുറമുഖ മേഖലക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ടി.ഐ.എല്ലിന്റെ ഉപസ്ഥാപനമായ മുന്‍ഡി ലിമിറ്റഡാണ് ഓഹരി ഏറ്റെടുക്കുന്നത്. അദാനിയും എം.എസ്.സിയുമായുള്ള ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലധികം കണ്ടെയ്‌നര്‍ ടെര്‍മിനലുകളും വര്‍ഷംതോറും 70 ദശലക്ഷത്തിലധികം ടി.ഇ.യു ചരക്കുനീക്കശേഷിയും ടി.ഐ.എല്ലിനുണ്ട്.

കുത്തകവല്‍കരണ ആശങ്കയുമായി പ്രതിപക്ഷം

വിദേശ കമ്പനികളുടെയും കോര്‍പ്പറേറ്റുകളുടെയും വലിയ തോതിലുള്ള നിക്ഷേപങ്ങളും പങ്കാളിത്തവും വരുമ്പോള്‍, പദ്ധതിയുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണമായും സ്വകാര്യ-കോര്‍പ്പറേറ്റ് ശക്തികളിലേക്ക് മാറിപ്പോകുമോ എന്ന ആശങ്കയാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ സബ്മിഷന്‍ വഴി നിയമസഭയില്‍ ഉന്നയിച്ചത്. നിലവില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് മാത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഈ മാസത്തോടു കൂടി റോഡ് മാര്‍ഗം ചരക്ക് നീക്കം ആരംഭിക്കാനാകും. ആ ഒറ്റയാന്‍ കമ്പനി നിശ്ചയിക്കുന്ന നിരക്ക് എല്ലാ വ്യവസായികളും അംഗീകരിക്കാന്‍ ബാധ്യസ്ഥരാകേണ്ടിവരും. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളുമായി 5000 കോടി രൂപയുടെ ധാരണാപത്രം കേരള സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് കുത്തക വരുന്നതോടെ ഇവരുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ച മുരടിക്കും. ഓഹരിക്കൈമാറ്റം വഴി വികസനസാധ്യതകള്‍ ചുരുങ്ങുകയും മത്സരക്ഷമത തകര്‍ക്കപ്പെടുകയും ചെയ്യും. മറ്റ് സാമ്പത്തിക ക്രമക്കേടുകള്‍ക്കും വഴിവെക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

പഹല്‍ഗാം ഭീകരാക്രമണവും ഓപറേഷന്‍ സിന്ദൂറും നടക്കുന്ന സമയത്ത് അതീവ സുരക്ഷ സ്ഥലമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തെ പരിഗണിച്ചത്. അതിനാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യവും ദേശസുരക്ഷയും പരിഗണിച്ച് മാത്രമേ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ നിക്ഷേപം സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഏതെങ്കിലും കമ്പനിയുടെ കുത്തകവല്‍കരണത്തിനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കില്ല. കരാറുകളില്‍ മത്സരക്ഷമത ഉറപ്പാക്കും. കുത്തകവല്‍കരണത്തിന് സാഹചര്യമൊരുക്കാതെ പൊതുതാല്‍പര്യത്തിന് മുന്‍ഗണന നല്‍കും. നിക്ഷേപ വര്‍ധനവിന് സാഹചര്യമൊരുക്കും. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. തുടങ്ങിയ അഞ്ച് കാര്യങ്ങളില്‍ മുഖ്യമന്ത്രി സഭക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിഴിഞ്ഞത്തിന്റെ വികസനം സുതാര്യമാകണം

വിഴിഞ്ഞത്തിന്റെ വികസനം സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അനിവാര്യമാണ്.. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള നടപടികള്‍ സുതാര്യമായിരിക്കണം. പദ്ധതിയുടെ ഗുണഫലങ്ങള്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടാതെ, സംസ്ഥാനത്തിന്റെ വികസനത്തിനും വ്യവസായങ്ങള്‍ക്കും തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കുത്തകവല്‍കരണത്തിന് ഇടം നല്‍കാതെ വിപണിയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യത്തോട് അക്കാര്യം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. കരാര്‍ വ്യവസ്ഥകള്‍ അദാനി പോര്‍ട്‌സ് കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം.

SCROLL FOR NEXT