പിരിമുറുക്കം, ആകാംക്ഷ, ഒടുവില്‍ മുള്‍മുനയിലാക്കിയ രാഷ്ട്രീയ ചരടുവലികള്‍. ത്രില്ലര്‍ സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്സുകളും ആന്റി-ക്ലൈമാക്സുകളും കൊണ്ട് സമ്പന്നമായ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയത്തിനൊടുവില്‍ പ്രഖ്യാപനം എത്തിയിരിക്കുന്നു. 24ാത്തെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കും. മുമ്പ് 2011-ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ഒരു മന്ത്രി വി.ഡി. ആയിരിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നെങ്കിലും അന്നത് നടന്നില്ല. ഇപ്പോഴിതാ മുഖ്യമന്ത്രിയായി മന്ത്രിസഭ നയിക്കാനാണ് വി.ഡിയുടെ നിയോഗം. വെല്ലുവിളികള്‍ നിറഞ്ഞതാകും വി.ഡി. സതീശന് ഇനിയുള്ള നാളുകള്‍ എന്നുറപ്പാണ്. 11 ദിവസം കേരള ജനതയെ മുള്‍മുനയില്‍ നിറുത്തിയ കസേരകളി കേരള ജനതക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. കോണ്‍ഗ്രസില്‍ ഇടക്കാലത്തിന് ശേഷം സജീവമായ അതിശക്തമായ ഗ്രൂപ്പിസത്തിന്റെ നാളുകളാണ് മുന്നിലുള്ളത് എന്നത് കൂടി വിലയിരുത്തിയാല്‍ അധികാരക്കസേര സതീശനെ പൊള്ളിക്കുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
വി.ഡി.എസ് പിടിച്ചുവാങ്ങിയത് മുള്‍കിരീടമാകുമോ?
പ്രതിപക്ഷ നേതാവായിരിക്കേ ഭരണത്തെ മുള്‍മുനയില്‍ നിറുത്തി, വി.ഡി.സതീശന്‍ വിയര്‍പ്പൊഴുക്കി നേടിയത് കൂടിയായിരുന്നു യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം. അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സര്‍ക്കാരിനെതിരെ നിയമസഭയിലും പുറത്തും നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിച്ചത്. ഭരണവിരുദ്ധ വികാരം കൃത്യമായി വോട്ടാക്കി മാറ്റുന്നതിലും മുന്നണിക്കുള്ളിലെ ഐക്യം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം കാണിച്ച സംഘാടക മികവാണ് 'പടനയിച്ചവന്‍ തന്നെ നാട് ഭരിക്കട്ടെ' എന്ന തീരുമാനത്തിലേക്ക് അല്‍പം വൈകിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. 2021ലെ പ്രതീക്ഷിത ജയം യുഡിഎഫിന് നഷ്ടമായതോടെയാണ് രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായത്. പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും നിലപാടുകളും, ലോക സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ മാസ്മരിക മുന്നേറ്റവും ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയവും വി.ഡിയുടെ നേതൃത്വത്തിനുള്ള ജനങ്ങളുടെ അംഗീകാരം കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ 11 ദിവസം നാടകീയമായ ഒരുപാട് മുഹുര്‍ത്തങ്ങള്‍ക്ക് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചു. മുഖ്യമന്ത്രിയാകാനുള്ള കെ.സി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും ശ്രമങ്ങളെ ഘടകകക്ഷികളുടെ സമ്മര്‍ദത്തിലൂടെയും അണികളെ പൊതുനിരത്തിലിറക്കിയുമാണ് വി ഡി സതീശന്‍ മറികടന്നത്.
ഇതോ ടീം കോണ്‍ഗ്രസ്
ടീം കോണ്‍ഗ്രസിന്റെ കെട്ടുറപ്പിലാണ് താന്‍ മുഖ്യമന്ത്രിയായതെന്ന് വി.ഡി. സതീശന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയുന്നുണ്ട്. പക്ഷേ കഴിഞ്ഞ 11 ദിവസം കേരള ജനത കണ്ടിരുന്നതാണോ കോണ്‍ഗ്രസിന്റെ കെട്ടുറപ്പ്. മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കസേരകളിയും ഫാന്‍സ് അസോസിയേഷനുകള്‍ നിരത്തിലിറങ്ങി നടത്തിയ പ്രതിഷേധങ്ങളും ജനം കണ്ടതാണ്. കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്ന് ഇടക്കാലത്ത് ഇല്ലാതായ ഗ്രൂപ്പുകള്‍ അതിശക്തമായി പുതുരൂപത്തില്‍ തിരിച്ചുവന്നു എന്നതാണ് ഈ മുഖ്യമന്ത്രി കസേരകളി കോണ്‍ഗ്രസിന് നല്‍കുന്ന സംഭാവന. യുഡിഎഫിന് വേണ്ടി ഒത്തൊരുമിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ച്, പ്രചാരണത്തിന് ഇറങ്ങിയ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് ഫലത്തിലെ കൂറ്റന്‍ വിജയത്തിന് ശേഷം കെ.എസി ഗ്രൂപ്പായും, വി.ഡി ഗ്രൂപ്പായും ചെന്നിത്തല ഗ്രൂപ്പായും ചേരിതിരിഞ്ഞ് പോരടിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും നിരത്തിലിറങ്ങിയും ഫ്‌ളെക്സുകളിട്ടും കീറിയും കരിഓയില്‍ ഒഴിച്ചും അവര്‍ വിധേയത്വം കാട്ടി. പാര്‍ട്ടിയുടെ മേല്‍തട്ടില്‍ മാത്രം സജീവമായിരുന്ന നേതാക്കളുടെ ഫാന്‍സ് അസോസിയേഷനുകള്‍ താഴേത്തട്ടില്‍ വാര്‍ഡ് തലം വരെ തിരിഞ്ഞ് കൃത്യമായ ഗ്രൂപ്പ് സ്വഭാവം കൈവരിച്ചുകഴിഞ്ഞിരിക്കുന്നു. ടീം കോണ്‍ഗ്രസിലെ ഉന്നത നേതാവായ രമേശ് ചെന്നിത്തല പ്രഖ്യാപന ശേഷം ആരോടും മിണ്ടാതെ അതൃപ്തിയോടെ തലസ്ഥാനം വിട്ടു. കെ.സി. ഗ്രൂപ്പുകാര്‍ അവരുടെ അതൃപ്തി പരസ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെ വെറുക്കപ്പെട്ടവന്‍ ആക്കുന്ന തരത്തില്‍ സംഘടിത സൈബറാക്രമണം നടന്നു എന്ന് പഴകുളം മധു ആരോപിച്ചു. മുന്‍കാല പ്രവര്‍ത്തനങ്ങളെ മാനിക്കാതെ കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് എം.എം. നസീറും രംഗത്തെത്തി.
സമുദായ നേതാക്കള്‍ക്ക് അതൃപ്തി
സതീശനെ മുഖ്യമന്ത്രിയാക്കാനെടുത്ത തീരുമാനത്തോടെ മുസ്ലിം ലീഗ് ഭരണത്തില്‍ പിടിമുറുക്കും എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രവചിച്ചുകഴിഞ്ഞു. ബിജെപിയാകട്ടെ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി മുസ്ലിം ലീഗാണ് ഹൈക്കമാന്‍ഡ് എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. മുസ്ലിം ലീഗിനോടുള്ള അമിത വിധേയത്വവും ജമാഅത്തെ ഇസ്ലാമിയോടുള്ള അടുപ്പവും ആരോപിച്ച് മറ്റ് മുസ്ലിം സംഘടനകള്‍ വി.ഡി. സതീശനോട് അകല്‍ച്ചയിലായിരുന്നു. മാത്രമല്ല, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി വി.ഡി സതീശന്‍ വിളിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ആണെന്നതും ഭരണത്തില്‍ മുസ്ലിം വിധേയത്വം ഉണ്ടാകും എന്ന ആഖ്യാനത്തിന് ശക്തി പകര്‍ന്നു. വരും ദിവസങ്ങളില്‍ ഇതേ ആഖ്യാനം വി.ഡി. സതീശനെ പിന്തുടരും എന്നുറപ്പാണ്.
പ്രഖ്യാപനങ്ങള്‍ നടപ്പാകുമോ?
യുഡിഎഫ് വാഗ്ദാനങ്ങളും സ്വന്തം നിലക്ക് നടത്തിയ വാഗ്ദാനങ്ങളുമാണ് വി.ഡി. സതീശന്‍ എന്ന മുഖ്യമന്ത്രിക്ക് തുടക്കത്തിലേ വെല്ലുവിളിയാകുക. യുഡിഎഫ് അധികാരത്തിലേറിയാല്‍ മേയ് 15 മുതല്‍ സ്ത്രീകള്‍ക്കു കെഎസ്ആര്‍ടിസി യാത്ര സൗജന്യമെന്നത് യുഡിഎഫിന്റെ ഗ്യാരണ്ടികളില്‍ ഒന്നായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ കുറിച്ച് മിണ്ടിയിട്ടില്ല. വഖഫ് വിഷയത്തില്‍ പോരാടുന്ന മുനമ്പം ജനത പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നുണ്ട്. മുനമ്പത്തെ വഖഫ് പ്രശ്‌നം പത്ത് മിനിട്ടുകൊണ്ട് തീര്‍ക്കാമെന്ന് സമരം നടന്നിരുന്ന മുനമ്പം പള്ളിയിലെത്തി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നു. ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുന്നുവെന്നും ഭരണത്തിലേറിയാല്‍ ഖജനാവ് പണം കൊണ്ട് നിറക്കുമെന്നും സതീശന്‍ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന പുതുയുഗ യാത്രയില്‍ പ്രഖ്യാപിച്ചിരുന്നു. വ്യക്തമായ വികസന രേഖ യുഡിഎഫിനുണ്ടെന്നും ഓരോ വകുപ്പും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായും പ്രചാരണഘട്ടത്തില്‍ അവകാശപ്പെട്ടു. കേരളത്തിന്റെ തീരമേഖലയെ ബന്ധിപ്പിച്ചുള്ള കോസ്റ്റല്‍ ഷിപ്പിങ്് പ്രൊജക്ട് സ്വപ്ന പദ്ധതിയാണെന്നും അധികാരത്തിലേറിയാല്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു മറ്റൊരു പ്രഖ്യാപനം. പ്രഖ്യാപനങ്ങള്‍ എത്രമാത്രം നടപ്പില്‍ വരും എന്ന് കാത്തിരിക്കുകയാണ് ജനം.
മന്ത്രി സ്ഥാനത്തില്‍ പിടിവലി
മുഖ്യമന്ത്രി പദം തീരുമാനിച്ചുകഴിഞ്ഞ സ്ഥിതിക്ക് മന്ത്രി ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. അഞ്ച് മന്ത്രിസ്ഥാനമാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി സ്ഥാനങ്ങള്‍ക്കായി കെ.സി വേണുഗോപാല്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല ഗ്രൂപ്പുകള്‍ കോണ്‍ഗ്രസില്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു. കൂടെ നിന്ന എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം നേടിക്കൊടുക്കാനുള്ള സമ്മര്‍ദമാണ് നേതാക്കള്‍ പയറ്റുന്നത്. ഇതോടെ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് കീറാമുട്ടിയാകും എന്നുറപ്പാണ്. വനിത, പിന്നാക്ക വിഭാഗ, സാമുദായിക, പ്രാദേശിക പ്രാതിനിധ്യങ്ങള്‍ വലിയ വെല്ലുവിളിയാകും. സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ ചര്‍ച്ച ആരംഭിക്കും. സുപ്രധാനമായ ചില വകുപ്പുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ചും ഘടകകക്ഷികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
പ്രതീക്ഷയോടെ പുതുമുഖ്യമന്ത്രി
നാം കണ്ട കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തനായി, ശൈലിയില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം സാധ്യമാക്കിയ നേതാവാണ് സതീശന്‍. ഉറച്ച നിലപാടുകളാണ് ശക്തിയും ദൗര്‍ബല്യവും. വികസന കാഴ്ചപ്പാടുകളും വേണ്ടുവോളം. യുഡിഎഫിനെ ഒറ്റക്കെട്ടായി നയിക്കാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കെസി ഹൈക്കമാന്‍ഡില്‍ വിധിനിര്‍ണായക ശക്തിയായി കേന്ദ്ര നേതൃത്വത്തിലുണ്ടാകും. വി.ഡി. സതീശന്‍ എന്ന മുഖ്യമന്ത്രിയുടെ നയതന്ത്രജ്ഞതയുടെ ഉരകല്ലായിരിക്കും ഈ ഭരണകാലഘട്ടം. കാരണം അത്രമാത്രം ജനസമൂഹത്തിന്റെ പിന്തുണയിലാണ് ഈ മുഖ്യമന്ത്രി സ്ഥാനം വി.ഡി.സതീശന്‍ നേടിയിട്ടുള്ളത്. അത്രമേല്‍ ഉത്തരവാദിത്തവും ഭരണത്തില്‍ ഉണ്ടായേ തീരൂ.