സ്പോട്ട്ലൈറ്റ്  NEWS Malayalam24x7
OPINION

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിലെ വെടിനിര്‍ത്തല്‍ ശാശ്വതമോ?

ഇസ്രായേലിനും ഇറാനും അമേരിക്കയ്ക്കും ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തുകഴിഞ്ഞു. ഇതിനപ്പുറത്തേക്കു യുദ്ധം കൊണ്ടുപോയാല്‍ അവരുടെ തന്നെ നാശം സംഭവിക്കുമെന്ന് മൂന്നു രാഷ്ട്രങ്ങള്‍ക്കുമറിയാം

Author : അനൂപ് പരമേശ്വരന്‍

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇപ്പോള്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ശാശ്വതമല്ല. അയത്തുള്ള അലി ഖമനെയിയും ബഞ്ചമിന്‍ നെതന്യാഹുവും പരസ്പരം ഭയന്നു തന്നെയാകും ഇനിയുള്ള ഓരോ ദിവസവും ജീവിക്കുക. ഇസ്രായേല്‍, ഇറാന്‍ എന്ന രാഷ്ട്രങ്ങള്‍ക്കു മാത്രമല്ല സിറിയ, ലബനന്‍, ഇറാഖ്, പലസ്തീന്‍ എന്നിവയ്ക്കും സമാധാനത്തോടെയുള്ള ജീവിതം അകലെയാകും. പരസ്പരം ബോംബുകള്‍ വര്‍ഷിച്ച് കയ്യില്‍ എന്തൊക്കെയുണ്ടെന്നു ബോധിപ്പിക്കുന്ന സാമ്പിള്‍ യുദ്ധമാണ് കഴിഞ്ഞുപോയത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സംഭവിച്ചത് അതല്ല. ഇസ്രായേലിനും ഇറാനും അമേരിക്കയ്ക്കും ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തുകഴിഞ്ഞു. ഇതിനപ്പുറത്തേക്കു യുദ്ധം കൊണ്ടുപോയാല്‍ അവരുടെ തന്നെ നാശം സംഭവിക്കുമെന്ന് മൂന്നു രാഷ്ട്രങ്ങള്‍ക്കുമറിയാം. ഇറാനെ മാത്രമായി നശിപ്പിക്കാനാവില്ലെന്ന് ഇസ്രായേലിന് ബോധ്യമുണ്ട്. നാശം തങ്ങള്‍ക്കു കൂടി ആകുമെന്ന് നെതന്യാഹുവിനറിയാം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ അമേരിക്ക നടത്തിയ ആ യുദ്ധം നല്‍കുന്ന സന്ദേശവും ഭിന്നമല്ല. ഇതിനപ്പുറം അമേരിക്കയ്ക്കും ഒന്നും ചെയ്യാനാകില്ല. അതിന് ഉദാഹരണമാണ് അഫ്ഗാനിസ്ഥാന്‍.

ഇറാന്‍ യുദ്ധത്തിന്റെ ഇടവേള

ഒന്നും രണ്ടും വര്‍ഷമല്ല ഇരുപതുവര്‍ഷമാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്തത്. ഒടുവില്‍ ആര്‍ക്കെതിരെ ആയിരുന്നോ ആ യുദ്ധം, അവര്‍ തന്നെ അധികാരം ഏറ്റെടുക്കുന്നതു കണ്ട് പലായനം ചെയ്യേണ്ടി വന്നു. ഇറാനിലും അങ്ങനെ ബോംബുകള്‍ ഇട്ടുകൊണ്ടിരിക്കാമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ബിന്‍ ലാദനെ വധിച്ചതുകൊണ്ട് ഭീകരപ്രവര്‍ത്തനം ഇല്ലാതായില്ല. അതുപോലെ ഖമനെയിയോ ഇറാന്‍ പ്രസിഡന്റോ ഇല്ലാതായാലും ആ നയങ്ങളും രാഷ്ട്രവും ഇല്ലാതാകില്ലെന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും അറിയാം. ഈ യുദ്ധം തുടരാന്‍ എണ്‍പത്തിയാറു പിന്നിട്ട അലി ഖമനെയിക്കു മാത്രമല്ല താല്‍പര്യം ഇല്ലാതിരുന്നത്. 75 പിന്നിട്ട ബഞ്ചമിന്‍ നെതന്യാഹുവിനും കഴിയുമായിരുന്നില്ല.

എണ്‍പതിലേക്കെത്തുന്ന ഡോണള്‍ഡ് ട്രംപിനും ഈ യുദ്ധം ചെയ്ത് ഹീറോയിസം കാണിക്കാനാവില്ല. ഇവരൊക്കെ പ്രായാധിക്യം വന്നതുകൊണ്ട് ഇനി ഒന്നും ചെയ്യാനില്ല എന്നു കരുതുന്നവരല്ല. ഈ പ്രായത്തില്‍ ഇവരുടെയൊക്കെ മുന്നില്‍ മറ്റൊരു സാധ്യതയും ഇല്ല എന്നതാണു വസ്തുത. അമേരിക്കയും ഇസ്രായേലും ഇപ്പോള്‍ യുദ്ധം നിര്‍ത്തുന്നത് ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ത്തെറിഞ്ഞു എന്ന പൊതുജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാണ്. കൂടുതല്‍ നാശം താങ്ങാനാവില്ല എന്ന യാഥാര്‍ത്ഥ്യം മുന്നിലുള്ളതുകൊണ്ടാണ് ഇറാന്‍ കൈകൊടുത്തത്. ഒരു കാര്യം അച്ചട്ടാണ്. ഇറാന്റെ ആണവ പദ്ധതികള്‍ ഇല്ലാതാക്കാന്‍ ഇസ്രായേലിന്റെയോ അമേരിക്കയുടേയോ ബോംബ് വര്‍ഷത്തിനു സാധിച്ചിട്ടില്ല. ഇറാന്‍ എന്താണോ ചെയ്തുകൊണ്ടിരുന്നത് അതു തുടരാന്‍ കാലതാമസം ഉണ്ടാകും എന്നു മാത്രം.

എന്തിനായിരുന്നു ഈ യുദ്ധം?

അമേരിക്കയുടെ ഇന്റിലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇറാന്റെ ആണവ പദ്ധതികള്‍ ബോംബിലേക്ക് എത്തിയിരുന്നില്ല. ഇസ്രായേല്‍ പറഞ്ഞിരുന്നതുപോലെ ദിവസങ്ങള്‍കൊണ്ട് ബോംബുണ്ടാക്കാവുന്ന സ്ഥിതിയും ഇറാനില്‍ ഉണ്ടായിരുന്നില്ല. ബോംബ് ഉണ്ടാക്കണമെങ്കില്‍ തന്നെ വര്‍ഷങ്ങളുടെ പ്രയത്‌നം ആവശ്യമാണ് എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പറഞ്ഞുകൊണ്ടിരുന്നത് ഊര്‍ജ്ജ ആവശ്യത്തിനു മാത്രമുള്ളതാണ് ആണവ പദ്ധതി എന്നാണ്. അതു ശരിയാണെന്ന് ഒരു കുഞ്ഞും വിശ്വസിക്കില്ല. പക്ഷേ, ഒന്നുണ്ട് ഈ യുദ്ധം ഉണ്ടാക്കിയ ഭയപ്പാട്. ഖത്തറില്‍ എത്രയായിരം മലയാളികളാണുള്ളത്. അമേരിക്കയുടെ മധ്യേഷ്യയിലെ ഏറ്റവും വലിയ മിലിറ്ററി ബേസും അവിടെയാണ്. ആ ഖത്തറിലേക്കാണ് മിസൈലുകള്‍ പതിച്ചത്. ഓരോ മലയാളിയും ജീവന്‍ കയ്യിലെടുത്താണ് കഴിഞ്ഞുകൂടിയത്. മലയാളികള്‍ മാത്രമല്ലല്ലോ തദ്ദേശീയരെ കൂടാതെ ഖത്തറിലുള്ളത്. ഓരോ വ്യക്തിയും എന്നുതന്നെ പറയണം. എന്നാല്‍ ഖത്തറില്‍ മാത്രം ഈ ആശങ്ക അവസാനിക്കുന്നില്ല. അപ്പുറത്ത് ഇറാഖിലേക്കും വ്യാപിച്ചു. അവിടെ ഇന്ത്യക്കാര്‍ താരതമ്യേന കുറവാണ്. പക്ഷേ, ഭയം ഈ രണ്ടു രാജ്യങ്ങളില്‍ മാത്രമായിരുന്നില്ല. മധ്യേഷ്യയില്‍ അമേരിക്കയ്ക്ക് ഒന്‍പതു വലിയ മിലിറ്ററി ബേസുകള്‍ ഉണ്ട്. ആ രാജ്യങ്ങളിലെല്ലാം ഭയപ്പാടുണ്ടായി. അതൊന്നും അനാവശ്യഭയം ആയിരുന്നില്ല. ഇസ്രായേലിലും പലസ്തീനിലും സിറിയയിലും ലബനനിലും അഫ്ഗാനിസ്ഥാനിലും ഒടുവില്‍ ഇറാനിലും സംഭവിച്ചത് കണ്ടതാണ്. യുക്രെയ്‌നില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും കണ്ടതാണ്. സ്വന്തം കൂരയ്ക്കു കീഴില്‍ കഴിഞ്ഞിരുന്ന സാധാരണക്കാര്‍ക്കാണ് മിസൈലുകള്‍ പതിച്ച് ജീവന്‍ നഷ്ടമായത്. യുദ്ധംകൊണ്ടുള്ള നഷ്ടം രാഷ്ട്രനേതാക്കള്‍ക്കല്ല. പൊതുജനങ്ങള്‍ക്കാണ്.

മരണസംഖ്യകളിലെ വൈകാരികത

ഇറാനില്‍ നാലുവീതം പട്ടാള ജനറല്‍മാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ട വാര്‍ത്ത വലിയ പ്രാധാന്യത്തോടെ വന്നു. അവിടെ അതേ ദിവസങ്ങളില്‍ കൊല്ലപ്പെട്ട നൂറുകണക്കിനു സാധാരണക്കാരുണ്ട്. അവരുടെയൊക്കെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടമോ. ആ കൊല്ലപ്പെട്ട ഓരോരുത്തരുടേയും ലോകം അവസാനിക്കുകയായിരുന്നു. അവശിഷ്ടങ്ങള്‍ വാരിക്കൂട്ടി എവിടെയെങ്കിലും കുഴിച്ചിടുന്നതില്‍ കഴിയും അവരെക്കുറിച്ചുള്ള ഓര്‍മകള്‍. പട്ടാളമേധാവിമാര്‍ക്ക് രക്തസാക്ഷി സ്മാരകങ്ങള്‍ ഉണ്ടാകും. സാധാരണക്കാര്‍ക്ക് എന്തുണ്ടാകാന്‍? ജീവനോടെ ശേഷിക്കുന്നവര്‍ സ്വന്തം ജീവന്‍ എപ്പോള്‍ പോകും എന്ന ഭയപ്പാടില്‍ കഴിയുന്നവരാണ്. അവര്‍ക്ക് ജീവന്‍പോയവരെ ഓര്‍ക്കാന്‍ അത്രയൊക്കെയേ സാവകാശമുള്ളൂ. ബസില്‍ കയ്യും തലയും പുറത്തിടരുത് എന്ന് എഴുതിവച്ചിരിക്കുന്നതുപോലെ ഒരു പ്രസ്താവന ഡോണള്‍ഡ് ട്രംപ് നടത്തി. 'THE CEASEFIRE IS NOW IN EFFECT. PLEASE DO NOT VIOLATE IT!' വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ദയവായി ആരും ലംഘിക്കരുത്. അമേരിക്കയുടെ പ്രസിഡന്റ് പൊതുജനങ്ങള്‍ക്കു വായിക്കാനിട്ട സോഷ്യല്‍ മീഡിയ പോസ്റ്റാണ്. വെടിനിര്‍ത്തലിനെക്കുറിച്ച് പ്രസിഡന്റിന് അത്രയേ ഉറപ്പുള്ളൂ. അപ്പോള്‍ ആരാണ് വെടിവയ്പിനു തുടക്കമിട്ടത്? അത് ഇസ്രായേലാണ്. എപ്പോഴാണ് വെടിവയ്പു തുടങ്ങിയത്? അത് ഇറാനുമായി അമേരിക്ക ആണവ നിര്‍വ്യാപന കരാര്‍ ചര്‍ച്ച ചെയ്യാനിരുന്നപ്പോഴാണ്. വെടിനിര്‍ത്തല്‍ ലംഘിക്കരുത് എന്ന് പറയേണ്ടതും ഇതേ ഇസ്രായേലിനോടാണ്.

അധികാര മോഹത്തിന്റെ സൃഷ്ടി

ഇസ്രായേലിനോട് പറയേണ്ട കാര്യം ഇസ്രായേലിനോട് തന്നെ പറയണമെന്ന് ഇതിനിടെ ആരോ അമേരിക്കന്‍ പ്രസിഡന്റിനെ ഉപദേശിച്ചു. അതോടെ അടുത്ത സാമൂഹിക മാധ്യമ പോസ്റ്റെത്തി. 'ISRAEL. DO NOT DROP THOSE BOMBS. IF YOU DO, IT IS A MAJOR VIOLATION. BRING YOUR PILOTS HOME, NOW!' ഇസ്രായേല്‍ നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യണം എന്നാണ് പ്രസിഡന്റ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. ഈ കുറിപ്പുകള്‍ എന്തിനു വേണ്ടിയാണ്. എല്ലാം ഞാനാണ് എന്ന് ലോകത്തെ ബോധിപ്പിക്കാന്‍ മാത്രമാണ്. ഈ യുദ്ധത്തിനു കാരണഭൂതമായത് നെതന്യാഹുവിന്റെ അധികാരമോഹമാണ്. ഭരണത്തില്‍ തീവ്രവലതുപക്ഷത്തിന്റെ പിന്തുണ നഷ്ടമാകുമോ എന്ന പേടിയില്‍ ചെയ്തതാണ്. അധികാരം കൈമോശം വരാതിരിക്കുക എന്നതാണ് ഭരിക്കുന്ന ഏതൊരാളുടേയും മോഹം. എത്രപ്രായമായാലും ഞാനല്ലാതെ മറ്റൊരാള്‍ വന്നാല്‍ കഴിയില്ല എന്നു ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ അധികാരമോഹത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ നടന്ന യുദ്ധം. നഷ്ടം ഇസ്രായേലിനും ഇറാനും അമേരിക്കയ്ക്കും മാത്രമല്ല. ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങള്‍ക്കുമുണ്ട് അവരുടേതായ നഷ്ടങ്ങള്‍. പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്ര കോടികളാണ് ഈ ദിവസങ്ങളില്‍ ഇന്ത്യ ചെലവഴിച്ചത്. ഇന്ധന വിലയും ഓഹരി വിലയും ചാഞ്ചാടി വിപണിക്ക് എത്രയായികം കോടികളാണ് നഷ്ടമായത്. എല്ലാവര്‍ക്കും നഷ്ടം മാത്രം സംഭവിക്കുന്ന യുദ്ധത്തെക്കുറിച്ച് ഇതില്‍ കൂടുതല്‍ എന്തു പറയാന്‍. ആണവശാസ്ത്രജ്ഞര്‍ ഉണ്ടാക്കിയ ഡൂംസ് ഡേ ക്‌ളോക്കില്‍ അര്‍ദ്ധരാത്രിയിലേക്ക് 89 സെക്കന്‍ഡേയുള്ളു. ലോകം അവസാനിക്കാന്‍ ഇനി ഒന്നരമിനിറ്റുപോലും തികച്ചില്ല എന്നര്‍ത്ഥം. ആണവശേഷിയുള്ള രാഷ്ട്രങ്ങള്‍ യുദ്ധത്തിനിറങ്ങുമ്പോഴാണ് ഘടികാരം ലോകാവസാനത്തോട് അടുപ്പിക്കുന്നത്. യുദ്ധക്കൊതിയന്മാര്‍ ഏറ്റവും അസ്വസ്ഥത കാണിക്കുന്നത് സമാധാനത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ കേള്‍ക്കുമ്പോഴാണ്. അവര്‍ക്കു വേണ്ടത് സര്‍വസംഹാരിയായ മിസൈലുകളെക്കുറിച്ചുള്ള സ്തുതികളാണ്.

SCROLL FOR NEXT