ഗര്‍ഭിണിയാക്കാന്‍ നിരന്തരപീഡനം. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധപൂര്‍വം ഗുളിക കഴിപ്പിക്കല്‍.ഗുളിക എത്തിക്കാന്‍ സുഹൃത്ത്. ഗുളിക കഴിച്ചു എന്നുറപ്പാക്കാന്‍ വിഡിയോ കോള്‍. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കല്‍. രാഷ്ട്രീയ ഭാവി സംരക്ഷിക്കാനായി ഗര്‍ഭഛിദ്രം വേണമെന്ന് ആവര്‍ത്തിച്ചുള്ള ആവശ്യപ്പെടല്‍. ഒടുവില്‍ ഗര്‍ഭഛിദ്രത്തിന് എല്ലാ സാഹചര്യവും ഒരുക്കുക. ഗര്‍ഭഛിദ്രം നടത്തുക. പിന്നെ യുവതിയെ തള്ളിപ്പറയുക. ഇത്രയും കുറ്റങ്ങളാണ് പാലക്കാട് എംഎല്‍എയ്‌ക്കെതിരേ ആരോപിച്ചിരിക്കുന്നത്. ഈ കുറ്റങ്ങളൊക്കെ ചെയ്തതാണെങ്കില്‍ അയാള്‍ ഇനി പൊതുജനത്തിനു മുന്നില്‍ വരാന്‍ യോഗ്യനല്ല. പീഡിപ്പിച്ച എംഎല്‍എ മാത്രമല്ല, ഇതൊരു കള്ളക്കേസ് ആണെന്നു പറഞ്ഞ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും സ്ഥാനം ഒഴിയുക തന്നെയാണ് നല്ലത്. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ മനസ്സ് കാണാതെ പോകുന്നവര്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ യോഗ്യരല്ല. തെരഞ്ഞെടുപ്പു കാലത്താകാം വെളിപ്പെടുത്തല്‍ വന്നത്. അതിനാല്‍ ആ പെണ്‍കുട്ടിക്കു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു പറയുവതെങ്ങനെ? കൊടിയ കുറ്റങ്ങളെല്ലാം ചെയ്തയാളെ ഈ തെരഞ്ഞെടുപ്പു കാലത്തു തന്നെയല്ലേ നിങ്ങള്‍ പട്ടുപുതപ്പിച്ച് എതിരേറ്റത്. തോളിലേറ്റി മണ്ഡലം മുഴുവന്‍ കൊണ്ടു നടന്നത്. പീഡകനു വേണ്ടിയല്ലേ സ്വീകരണപ്പന്തലുകള്‍ ഒരുങ്ങിയത്. തെരഞ്ഞെടുപ്പു കാലത്ത് അയാള്‍ക്ക് രാഷ്ട്രീയ സ്വീകാര്യത നല്‍കാമെങ്കില്‍ അതേ കാലത്തു തന്നെ അത് തകര്‍ത്തെറിയാനും ആ പെണ്‍കുട്ടിക്ക് അവകാശമുണ്ട്. ഇത് പൊലീസ് ആ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി സ്വീകരിച്ച പരാതിയില്ല. ആ പെണ്‍കുട്ടി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നല്‍കിയ പരാതിയാണ്.
പാലക്കാട് എംഎല്‍എ ചെയ്തത് മുന്നനുഭവങ്ങളില്ലാത്ത ക്രൂരതയാണ്. പ്രണയമഭിനയിച്ച് കെണിയില്‍ വീഴ്ത്തിയ പെണ്‍കുട്ടിയെയൊണ് കൊല്ലാക്കൊല ചെയ്തത്. അങ്ങനെ ജനിക്കാനിരുന്ന കുട്ടിയെയാണ് കൊന്നുകളഞ്ഞത്. മാതാവിന്റെ അനുമതിയില്ലാതെയാണ് ആ ഗര്‍ഭഛിദ്രം നടത്തിയത്. പത്തുവര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുല്‍ ചെയ്തതായി ഇപ്പോള്‍ തന്നെ പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ക്കു ലഭിച്ച വേറെയും പരാതികളുണ്ട്. ഇവയൊക്കെ അന്വേഷണ പരിധിയില്‍ വന്നാല്‍ കുറ്റത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കും. അതെല്ലാം പൊലീസ് എടുക്കുന്ന കേസ് പോലെയും പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തുന്ന വാദങ്ങള്‍പോലെയുമിരിക്കും. കുറ്റക്കാരനാണോ എന്നു കണ്ടെത്തേണ്ടത് കോടതിയാണ്. അത് അതിന്റെ വഴിക്കു നടക്കട്ടെ. പക്ഷേ, ഇത്തരമൊരു കേസ് ഉയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ എവിടെയാണ് നില്‍ക്കേണ്ടത്. പൊതുപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ സമൂഹത്തിന് നന്മ നല്‍കുക എന്നാണ്. യുഡിഎഫ് കണ്‍വീനര്‍ എന്നു പറഞ്ഞാല്‍ പ്രതിപക്ഷത്തെ പാര്‍ട്ടികളെയെല്ലാം കൂട്ടിയോജിപ്പിക്കുന്നയാളാണ്. സഭകൂടി ഉള്‍പ്പെട്ട പ്രതിപക്ഷത്തിന്റെ നേതാവ് എന്നു പറയാം. അങ്ങനെയൊരാള്‍ ഇന്നാട്ടിലെ സ്ത്രീകളും ദുര്‍ബലരും ആയവരുടെ വിഷയങ്ങളില്‍ എന്തുനിലപാടാണ് സ്വീകരിക്കേണ്ടത്. ഇങ്ങനെ ഒരു പരാതി കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്കൊപ്പം നിലകൊള്ളണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അക്കാര്യത്തില്‍ കാണിച്ച മാതൃകയുണ്ട്. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാടുണ്ട്. അതാണ് പൊതുപ്രവര്‍ത്തകരുടെ വഴി. സ്വന്തം എംഎല്‍എയെ തന്നെയാണ് ഇരുവരും തള്ളിപ്പറഞ്ഞത്. തുടക്കം മുതല്‍ പ്രതിപക്ഷ നേതാവ് സ്വീകരിച്ച കര്‍ക്കശ നിലപാടിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്. എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണം എന്നായിരുന്നു ആ നേതാക്കള്‍ സ്വീകരിച്ച നിലപാട്. ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് സംഭവിച്ചത് മുന്‍കൂട്ടി കണ്ടവരാണ് ആ നേതാക്കള്‍. നേരത്തെ തന്നെ രാജിവയ്ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം നേരത്തെ രാജിവച്ചിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ്, ഡ്രൈവര്‍ സീറ്റില്‍ ആകുമായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വന്നു നില്‍ക്കുന്ന സമയത്ത് അങ്ങനെ ആകേണ്ടതുമായിരുന്നു. പോരാത്തതിന് പിഎംശ്രീ വിഷയത്തില്‍ സിപിഐപോലും സിപിഐഎമ്മിനോട് നേരിട്ടിടഞ്ഞ കാലവുമായിരുന്നു. എന്തുകൊണ്ടും ഡ്രൈവിങ് സീറ്റില്‍ ഇരിക്കേണ്ട യുഡിഎഫിനെ വലിച്ച് താഴെയിട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാണിച്ച അമിതാവേശമാണ്. പരാതിക്കാരേയും അവരെ പിന്തുണയ്ക്കുന്നവരേയും പുച്ഛിച്ചു തള്ളിയ നിലപാടുകളാണ്. എംഎല്‍എയായി തുടര്‍ന്നതു മാത്രമല്ല കുഴപ്പത്തിലാകാന്‍ കാരണം. ഇറങ്ങിനടന്നു കാണിച്ച വെല്ലുവിളികളുമാണ്. കോണ്‍ഗ്രസ് ഇതോടെ മറുപടി പറഞ്ഞു മടുക്കുന്ന സ്ഥിതിയെത്തി. ഓരോ തവണ മൈക്കിനു മുന്നിലെത്തുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ നേരിടുന്ന ചോദ്യം രാഹുല്‍ മാങ്കുട്ടത്തില്‍ എന്നായി. അതിനു മറുപടി പറഞ്ഞുപറഞ്ഞു മറ്റൊന്നും സംസാരിക്കാന്‍ നേരമില്ലെന്നായി. പ്രകടനപത്രികയും സര്‍ക്കാരിനെതിരായ കുറ്റപത്രവുമെല്ലാം മുങ്ങിപ്പോയി. വാഗ്ദാനങ്ങളൊന്നും പറയാന്‍ കഴിയാതായി. തെരഞ്ഞെടുപ്പില്‍ ഇങ്ങനെ പ്രതിപക്ഷം അകപ്പെട്ടുപോകുന്നത് ആദ്യമായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ പ്രതിപക്ഷം ഇങ്ങനെ ഉത്തരംമുട്ടി നില്‍ക്കേണ്ട സ്ഥിതി വേറെ ഉണ്ടായിട്ടില്ല. അതിനു കാരണം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഒപ്പം നില്‍ക്കുന്നവരും ആയിരുന്നു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാത്രമല്ല പിന്തുണയുമായി എത്തിയത്. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് പ്രഖ്യാപിച്ചു. മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്തിട്ടേയുള്ളൂ. അതുകൊണ്ട് പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ല എന്നായിരുന്നു എംപിയുടെ വാദം.
പൊതുപ്രവര്‍ത്തകര്‍ക്കെതിരേ സാധാരണ ഉയരുന്ന കേസുകള്‍ പോലെയല്ല ഇത്. പറഞ്ഞതു സ്ഥാപിക്കാന്‍ ഡിജിറ്റല്‍ തെളിവുകളും ആരോഗ്യ രേഖകളുമുണ്ട്. കോള്‍ റെക്കോഡിങ്ങുകളിലെ ശബ്ദം തന്റേതല്ലെന്ന് എംഎല്‍എ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ തന്നെ ശാസ്ത്രീയമായ പരിശോധനയിലൂടെ അതു തെളിയിക്കാനും സാധിക്കും. കോള്‍ റെക്കോഡിങ്ങുകളിലേയും ചാറ്റുകളിലേയും വിവരങ്ങളെ സാധൂകരിക്കുന്നതാണ് മെഡിക്കല്‍ രേഖകള്‍. ആശുപത്രിയില്‍ ഗര്‍ഭം അലസിപ്പിച്ചതിന്റെ ആ രേഖകള്‍ മതി തെളിവായി. സാധാരണ അറസ്റ്റ് രേഖപ്പെടുത്താന്‍ പരാതിക്കാരി നല്‍കുന്ന മൊഴി മാത്രം മതി. സ്ത്രീകള്‍ നല്‍കുന്ന പരാതികളിലൊക്കെ അങ്ങനെയാണ്. ഇവിടെ ഡിജിറ്റലായും അല്ലാതെയുമുള്ള നിരവധി തെളിവുകളുമുണ്ട്. മറ്റു പീഡനകേസുകളില്‍ നിന്നെല്ലാം ഇതു വേറിട്ടു നില്‍ക്കുന്നത് അതുകൊണ്ടാണ്. ഇതിനൊപ്പം തന്നെ പ്രതി സീരിയല്‍ ഒഫന്‍ഡര്‍ ആണെന്നു വ്യക്തമാക്കുന്ന നിരവധി പരാതികളുണ്ട്. പ്രതി ഫോണ്‍വഴി നടത്തിയ നീക്കങ്ങള്‍ ആദ്യമായി പരസ്യപ്പെടുത്തിയ യുവതിയുണ്ട്. അതിന്റെ പേരില്‍ അവര്‍ ഇപ്പോഴും സൈബര്‍ ആക്രമണം നേരിടുകയാണ്. പാര്‍ട്ടി നേതാക്കള്‍ക്കു തന്നെ ലഭിച്ചതായി പറയുന്ന പരാതികള്‍ വേറെയുമുണ്ട്. ഇത്രയൊക്കെ മതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കുറ്റാരോപിതനായി കണക്കാക്കാന്‍. അഴിമതിക്കേസുകളാണെങ്കില്‍ കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ക്ക് സാവകാശം നല്‍കാന്‍ കഴിയും. എന്നാല്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന സ്ത്രീപീഡനകേസുകളില്‍ ഇരകളുടെ മൊഴിമാത്രം മതി. അങ്ങനെ മൊഴിയുണ്ടായാല്‍ തന്നെ സ്ഥാനത്തു നിന്നു മാറി നില്‍ക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകും. ഇതുവരെ പരാതിക്കാരി എവിടെ എന്നു ചോദിച്ചു പിടിച്ചുനിന്നു. ഈ കേസില്‍ ആ ഘട്ടവും കഴിഞ്ഞു. ഇനി പൊലീസിനും കോടതികള്‍ക്കുമുള്ള അവസരങ്ങളാണ്. അത് അട്ടിമറിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
അടൂര്‍ പ്രകാശും വി.കെ ശ്രീകണ്ഠന്‍ എംപിയും മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു രംഗത്തെത്തിയത്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപിയും രാഹുലിനെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് അവിശ്വസിക്കുന്നില്ലെന്നും കഴിവുള്ള നേതാവാണെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്. രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലുള്ള നേതാക്കള്‍ ഇവരെയെല്ലാം തള്ളി രംഗത്തെത്തി. കെ. സുധാകരന്‍ ഇങ്ങനെ പലതും മാറ്റിപ്പറയുന്നതുകൊണ്ടാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റിയത് എന്നാണ് ഉണ്ണിത്താന്‍ വെളിപ്പെടുത്തിയത്. മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരെ കോണ്‍ഗ്രസ് ആയി കാണാന്‍ കഴിയില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവര്‍ അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇത് ഒരു രാഷ്ട്രീയ കേസ് അല്ല എന്നതാണ് ഒന്നാമത്തെ കാര്യം. സോളാര്‍ കേസില്‍ എന്നതുപോലെ യുഡിഎഫ് നേതാക്കള്‍ക്കെതിരേയെല്ലാം ഉയര്‍ന്ന സംഭവവുമല്ല. ഇവിടെ രാഹുല്‍ മാങ്കുട്ടത്തില്‍ മാത്രമാണ് പ്രതി. ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരാള്‍ മാത്രവുമല്ല. ഇരകള്‍ നിരവധിയുണ്ട്. കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കളുടെ കുടുംബാംഗങ്ങള്‍ വരെ പരാതിക്കാരായ കേസാണ്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ഇരകളെ സൃഷ്ടിച്ച ഒന്നാന്തരം ക്രിമിനല്‍ കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായിരിക്കുന്നത്. അതില്‍ നിന്ന് അയാളെ കുറ്റവിമുക്തനാക്കണമെങ്കില്‍ കോടതിക്കു മാത്രമേ സാധിക്കൂ. ഇവിടെ കേസ് നടപടികളും വിചാരണയും നേരിടുക തന്നെ വേണം. അതിനു മുന്‍പ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിനാണ് മര്യാദ എന്നു പറയുന്നത്. മാന്യതയും മനസ്സലിവുമൊന്നും ഇത്തരം പ്രതികളില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാലും അല്‍പം മര്യാദയൊക്കെയാവാം.