തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ച കേസിലെ പ്രതികൾക്ക് കള്ളപ്പണ ഇടപാടുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് ഇഡി. കേരള പൊലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്ന പിഎംഎൽഎ പ്രകാരം ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തു. വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമാണ്. പ്രതിപക്ഷനേതാവിനും മകൾക്കും മരുമകനുമെതിരെ കേസെടുക്കാൻ സിഎംആർഎൽ-എക്സാലോജിക് കേസിന് പിറകെ ഒരുപാട് നടന്നാണ് ഒടുവിൽ തെളിവുകളെന്ന പേരിൽ വിശദമായ കത്ത് മുഖ്യമന്ത്രി വിഡി സതീശന് നൽകിയത്. കിട്ടിയ ഉടനെ അടിയന്തരമായി കേസെടുക്കണോ, പ്രാഥമിക അന്വേഷണത്തിൽ ഒതുക്കണോ അതോ വിവരങ്ങൾ മാത്രം കൈമാറിയാൽ മതിയോ എന്നതിൽ അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. വിശദമായി നിയമപരിശോധന നടത്തിയ ശേഷം മാത്രമേ നടപടി വേണ്ടൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്തായാലും നടപടി ക്രമം പാലിച്ച് കേസെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടുപോയേക്കില്ല.
ഇഡിയുടെ ചൂണ്ടയിൽ സംസ്ഥാന സർക്കാർ
പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് ഇ.ഡി കൈമാറിയ കത്ത് കിട്ടിയപ്പോൾ ആദ്യം സന്തോഷിച്ചെങ്കിലും ഇതൊരു മുള്ളും കെട്ടാണല്ലോ എന്ന് മനസ്സിലെങ്കിലും തോന്നിയിരിക്കണം മുഖ്യമന്ത്രി വിഡി സതീശന്..ഇഡിയിലൂടെ ബിജെപി ബുദ്ധി ഒരുക്കിയ അതിഗംഭീര അവസരവും കെണിയും കൂടിയാണിതെന്നതിൽ സംശയം ആർക്കുമില്ല. അതുകൊണ്ടുതന്നെയാണ് പിണറായിക്കെതിരെ കേസ് എടുക്കാമെന്ന ഇഡി കത്തിൽ സംസ്ഥാന സർക്കാർ അറ്റോണി ജനറലിന്‍റെ നിയമോപദേശം തേടിയത്. ഇഡിയുടെ ശുപാർശയിൽ വിജിലൻസ് അന്വേഷണത്തിന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. ഇഡിയുടെ കത്ത് കിട്ടിയ ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് മേൽക്കൈ കിട്ടുന്ന സാഹചര്യം മുന്നിൽ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്... ഇഡി കണ്ടെത്തൽ പ്രകാരം കേസെടുത്താൽ ബിജെപി യുഡിഎഫ് ഡീൽ ആരോപണം സിപിഐഎം കടുപ്പിക്കുമെന്നുറപ്പാണ്. കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കും വരെ കാത്തിരുന്നാൽ ഇതുവരെ എതിർത്ത പിണറായിക്ക് സംരക്ഷണം നൽകിയെന്ന ആക്ഷേപവും കേൾക്കും എന്ന ആശങ്കകളും സർക്കാരിനെ അലട്ടുന്നുണ്ട്.
മൂന്ന് വർഷം; ആറ് കേന്ദ്ര ഏജൻസികൾ
ഒരു കമ്പനിയുടെ സാമ്പത്തിക ക്രമക്കേട് എന്ന നിലയിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയ കേസാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സിപിഐഎമ്മിൻ്റെ 2 പ്രധാന നേതാക്കൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലേക്ക് എത്തുന്നത്. 3 വർഷത്തിനിടെ ഈ കേസിന് പിറകെ കൂടിയത് 6 കേന്ദ്ര ഏജൻസികളാണ്. വീണയും എക്സാലോജിക്കും ചേർന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായനികുതി Interim settlement Boardൻ്റെ റിപ്പോർട്ടിലുണ്ടായിരുന്നതെങ്കിൽ എസ്എഫ്ഐഒ റിപ്പോർട്ടിൽ ഇത് 2.78 കോടിയും, ഇ.ഡി റിപ്പോർട്ടിൽ 3.28 കോടിയുമായി മാറി.
സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം നടത്തിയാൽ ഈ എഫ്ഐആർ അടിസ്ഥാനപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിക്ക് അന്വേഷണം തുടരാനാകും.
അന്വേഷണം യുഡിഎഫ് നേതാക്കളിലും എത്തുമോ
പിണറായി വിജയനെതിരെ കേസെടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുയരാൻ ഇടയുള്ള പ്രതികാര രാഷ്ട്രീയമെന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ പറ്റിയ ആയുധം യുഡിഎഫിന്റെ പക്കലുണ്ട്... സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചരിത്രമുണ്ട് പിണറായി വിജയന്. അതിനേക്കാൾ വലിയ രാഷ്ട്രീയ പ്രതികാരമൊന്നും സിഎംആർഎൽ കേസിൽ ആരോപിക്കാനാവില്ലെന്നു കോൺഗ്രസ് വിശ്വസിക്കുന്നു. ഇ.ഡിയുടെ ആവശ്യം അംഗീകരിച്ച് അന്വേഷണത്തിലേക്കും കേസിലേക്കും നീങ്ങിയാൽ അതു കീഴ്‌വഴക്കമാകാമെന്നും ഭാവിയിൽ ഭരണപക്ഷത്തെ ഉന്നമിട്ട് ഇ.ഡി രംഗത്തിറങ്ങിയാലും സമാനനടപടി സ്വീകരിക്കേണ്ടിവരില്ലേയെന്നുമുള്ള ചോദ്യം സർക്കാരിന്റെ മുന്നിലുണ്ട്. ഇഡിയുടെ കത്തിൽ അറിയപ്പെടാത്ത മറ്റുള്ളവർ' എന്നൊരു വിഭാഗത്തെക്കൂടി ഗൂഢാലോചനക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് അവരുടെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുമെന്നതിന്റെ സൂചനയാണോ എന്ന് ആശങ്കപ്പെടുന്ന കോൺഗ്രസ് നേതാക്കളുമുണ്ട്.
ഉദ്യോഗസ്ഥ ആക്രമണം: കേസെടുത്ത് ഇഡി
ഇതിനിടെ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകർക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുക്കുക കൂടി ചെയ്തിരിക്കുന്നു, ..ഇക്കഴിഞ്ഞ മെയ് മാസം 27ന് പിണറായി വിജയൻ്റെ സ്വകാര്യ വസതിയിൽ റെയ്ഡ് നടത്തി കാറിൽ മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെയാണ് സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ 27 പേരെ ആണ് പോലീസ് പ്രതിചേർത്തിരുന്നത്. വധശ്രമവും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ നിരേധന നിയമ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിനാൽ അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആറിൽ പ്രതിചേർത്തവരെ ഇഡിയും പ്രതികളാക്കിയത്. പൊലീസ് അന്വേഷണം കേസിൻ്റെ ഗൂഢാലോചനയിലേക്ക് നീളാത്തതിൽ ഇഡിക്ക് അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കാൻ ഇഡി ഒരുങ്ങുന്നത്. വധശ്രമക്കേസില്‍ കള്ളപ്പണ നിരോധന നിയമം ചുമത്തി കേസെടുക്കുന്നത് രാജ്യത്ത് തന്നെ അപൂര്‍വ്വ സംഭവമാണ്... എന്നാൽ കേസ് നിലനിൽക്കില്ലെന്നും ഇത്തരം നടപടികളിലൂടെ സ്വയം അപഹാസ്യരാകുകയാണ് ഇഡി എന്നുമുള്ള ആക്ഷേപമാണ് സിപിഐഎം ഉയർത്തുന്നത്.
പ്രതിരോധ കോട്ട തീർക്കാൻ സിപിഐഎം
സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ഇഡി ശുപാർശയിൽ സംസ്ഥാന സർക്കാർ കേസ് എടുത്താൽ വൻ പ്രതിഷേധമുയർത്താൻ തന്നെയാണ് സിപിഐഎം തീരുമാനം. മകൾക്കെതിരായ കേസ് ഒടുവിൽ പിണറായി വിജയനിലേക്ക് എത്തുമെന്ന് സിപിഐഎം പ്രതീക്ഷിച്ചിരുന്നതാണ്. അത് മുന്നിൽകണ്ട് നേരത്തെ തുടങ്ങിയിരുന്നു പ്രതിരോധം. എന്നാൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്ന് സിപിഐഎം തിരിച്ചുവരാനുള്ള വഴികൾ ആലോചിക്കുമ്പോഴാണ് ഇഡി കരുക്കൾ നീക്കിയത്. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് പിണറായി വിജയൻ വ്യക്തമാക്കിക്കഴിഞ്ഞു. കോട്ടയത്ത് നടന്ന പൊതുപ്രസംഗത്തിലായിരുന്നു കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണത്തിൽ ഇഡി നിലപാട് സൂചിപ്പിച്ചുള്ള പിണറായിയുടെ പ്രതികരണം. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ കേന്ദ്ര ഏജൻസികൾ നീക്കം നടത്തിയപ്പോൾ കേരളത്തിൽ അടക്കം കോൺഗ്രസ് തെരുവിലിറങ്ങിയതാണ്. അന്ന് പ്രതിഷേധ സ്വരം ഉയർത്തിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും ഉണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വന്ന രാഹുൽ ഗാന്ധി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചത് ഇന്ത്യാ മുന്നണിയുടെ ഐക്യത്തെ പോലും ബാധിച്ചു. ഇപ്പോൾ പിണറായിക്കെതിരെ കേസെടുക്കണമെന്ന നിർദ്ദേശം തള്ളുകയോ കൊള്ളുകയോ വേണമെന്ന നിർബന്ധിതാവസ്ഥ യുഡിഎഫ് സർക്കാരിന് മുന്നിലെത്തിക്കാൻ ഇഡിക്ക് ആയിട്ടുമുണ്ട്.
ഇഡിയുടെ അധികാരം എത്രത്തോളമുണ്ട്?
സംസ്ഥാനത്തിനകത്തെ ഇഡിയുടെ ഇടപെടലുകൾക്കെതിരെ ഉയരുന്ന പ്രതിഷേധം ഇതാദ്യമായല്ലെങ്കിലും ഇഡിയുടെ ചുമതലകളും അധികാര പരിധിയും സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോൾ പൊതുജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. കേന്ദ്ര നിയമങ്ങളായ PMLA, FEMA എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയായതിനാൽ ഇഡിക്ക് ഏത് സംസ്ഥാനത്തും അന്വേഷണം നടത്താൻ അവിടുത്തെ സർക്കാരിന്റെ അനുമതി ആവശ്യമില്ല. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കേസന്വേഷണത്തിനിടെ ശേഖരിക്കുന്ന തെളിവുകളും വിവരങ്ങളും വച്ച് മറ്റു നിയമങ്ങൾ ലംഘിക്കപ്പെട്ടതായി തോന്നിയാൽ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ബാധ്യത ഇ.ഡിക്കുണ്ട്. ഈ നടപടിക്ക് നിയമപരമായ അടിത്തറയും ഉണ്ട്...കേസെടുക്കണോ എന്നത് പരിശോധിക്കണമെന്നു മാത്രമേ ഇഡിക്കു പറയാൻ കഴിയൂ. നിർബന്ധമായും കേസെടുക്കണമെന്ന് ആവശ്യപ്പെടാനാകില്ല.
അതേസമയം, ഒരു കേന്ദ്ര ഏജൻസി, കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കൈമാറിയ വിവരങ്ങൾ അവഗണിക്കാൻ സാധാരണ നിലയ്ക്ക് സംസ്ഥാന പൊലീസ് മേധാവിക്കോ സർക്കാരിനോ കഴിയില്ല. ഇഡി നൽകിയ വിവരങ്ങൾക്കും തെളിവുകൾക്കും പുറമേ കൂടുതൽ അന്വേഷണവും വിവരശേഖരണവും തെളിവുശേഖരണവും വേണമെന്നു തോന്നിയാൽ സംസ്ഥാന സർക്കാരിനു കൂടുതൽ അന്വേഷണം നടത്താം. മറിച്ച്, കിട്ടിയ തെളിവുകളും വിവരങ്ങളും തന്നെ പര്യാപ്തമാണെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനും കഴിയും. അതേസമയം CMRL-എക്സാലോജിക് കേസിൽ കൂടുതൽ CMRL ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുകയാണ്. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം വീണ ടിയെ വീണ്ടും വിളിപ്പിക്കുമെന്നും കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ കൈമാറുമെന്നുമാണ് അറിയുന്നത്.
സിഎംആർഎൽ - എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ശുപാർശ സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വലിയൊരു രാഷ്ട്രീയ-നിയമ പരീക്ഷണം തന്നെയാണ്. സിപിഐഎമ്മിനാണെങ്കിൽ രാഷ്ട്രീയപരമായുള്ള വെല്ലുവിളിയും. വിജിലൻസ് അന്വേഷണത്തിന് തന്നെയാണ് ധാരണ ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നിരിക്കേ ഇനി ഇ.ഡിയുടെ തുടർഅന്വേഷണ നടപടികളിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.