ഒരു വാക്കിന് മനുഷ്യന്റെ മനസ്സിൽ എത്രത്തോളം ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയും? അല്ലെങ്കിൽ, ഒരു പേരിന് എങ്ങനെയാണ് തലമുറകളായി കെട്ടടങ്ങാത്ത വിവേചനങ്ങളുടെയും കണ്ണീരിന്റെയും കനലുകളെ വീണ്ടും ഊതിക്കത്തിക്കാൻ സാധിക്കുന്നത്? തമിഴ്നാട്ടിൽ ഇന്ന് വീണ്ടും പടരുന്ന 'സണ്ടിയർ' എന്ന വിവാദം വെറുമൊരു സിനിമയുടെ തലക്കെട്ടിനെച്ചൊല്ലിയുള്ള തർക്കമല്ല. അത് മണ്ണിന്റെ അവകാശത്തിനും, അഭിമാനത്തിനും വേണ്ടി ചോരയൊഴുക്കിയ മനുഷ്യരുടെ കാണാപ്പരിക്കുകളുടെ അവഗണിക്കപ്പെട്ട ചരിത്രത്തിന്റെ വേദനയിൽ നിന്നുകൂടി ഉരുത്തിരിഞ്ഞതാണ്. 2003ൽ ആദ്യമായി കമൽഹാസൻ ഉയർത്തിവിട്ട സണ്ടിയർ വിവാദം കെട്ടടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. കാലം മാറി. സിനിമയും സ്വഭാവവും ഏറെ മാറിയിരിക്കുന്നു. മണ്ണിന്റെ പോരാട്ടവും ദലിത് സ്വത്വവും നാടിന്റെ ആത്മാവായി തിരിച്ചറിഞ്ഞ സംവിധായകരും ആക്ടിവിസ്റ്റുകളും തമിഴ് സിനിമയിൽ മാറ്റത്തിന്റെ വരവറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് നവംബർ 6ന് പിറന്നാൾ ദിനത്തിൽ സംവിധായകൻ എസ്.യു. അരുൺ കുമാറുമായുള്ള പുതിയ ചിത്രത്തിന്റെ പേര് സണ്ടിയറാണെന്ന് കമൽഹാസൻ എക്സിലൂടെ പ്രഖ്യാപിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് സണ്ടിയർ എന്ന പേരിട്ടതിനെ ചൊല്ലിയുണ്ടായ വിവാദം ഒടുവിൽ 'വിരുമാണ്ടി' എന്ന പേരുമാറ്റത്തോടെയാണ് പരിഹരിക്കപ്പെട്ടത്. അതേ വിവാദമാണ് ഇപ്പോൾ വീണ്ടും ഉയർന്നുവന്നിരിക്കുന്നത്.
സണ്ടിയർ: ജാത്യാഭിമാന പ്രതിക്കൂട്ടിൽ കമൽഹാസൻ?
തമിഴിൽ 'സണ്ടിയർ' എന്നാൽ വിട്ടുവീഴ്ചയില്ലാത്തവൻ, വഴക്കാളി, അല്ലെങ്കിൽ ഒന്നിനും വഴങ്ങാത്ത ധിക്കാരി എന്നൊക്കെയാണ് ഭാഷാർത്ഥം. പക്ഷേ, തമിഴകത്തിന്റെ, പ്രത്യേകിച്ച് തെക്കൻ ജില്ലകളുടെ സാമൂഹിക യാഥാർത്ഥ്യത്തിൽ ഈ വാക്കിന്റെ അർത്ഥം അതല്ല. മധുരയിലും തിരുനെൽവേലിയിലും രാമനാഥപുരത്തുമെല്ലാം സണ്ടിയര് എന്നത് തമിഴ്നാട്ടില് ഒരു പ്രത്യേക മേലാള വര്ഗത്തിന് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പദപ്രയോഗമാണിത്. അതായത് ഉയർന്ന ജാതിയിലുള്ളവരുടെ അജ്ഞാനുസാരികളായ എന്തിനും ഉപയോഗിക്കാവുന്ന കൈയൂക്കുള്ള ഒരു കൂട്ടം മനുഷ്യർ. അവരാണ് സണ്ടിയർ. ജാതിക്കോയ്മയുടെ കാവൽപ്പട്ടാളമായി ഉപയോഗിക്കപ്പെട്ടവരാണവർ.ഭൂമിയുടെയും അധികാരത്തിന്റെയും സ്വാധീനത്തിൽ അടിയാളരായി ഒതുക്കപ്പെട്ട മനുഷ്യർക്ക് നേരെ വീശിയ അരിവാളുകളുടെയും, നിശ്ശബ്ദമാക്കപ്പെട്ട നിലവിളികളുടെയും ഒരു കറുത്ത ഓർമ്മ കൂടിയാണ് ചിലർക്ക് ഈ പേര്. ഒരു വിഭാഗത്തിന് അത് ജാതിപരമായ മേൽക്കോയ്മയുടെ കൊടിയടയാളമാകുമ്പോൾ, അടിച്ചമർത്തപ്പെട്ട ദളിത് ജനതയ്ക്ക് അത് അവരുടെ ആത്മാഭിമാനത്തെ വീണ്ടും ചവിട്ടിമെതിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ, 'സണ്ടിയർ' പോലുള്ള വാക്കുകൾ സിനിമയുടെ പേരായി ഉപയോഗിക്കുമ്പോൾ അത് തങ്ങളെ അടിച്ചമർത്തിയ പഴയകാല ഓർമ്മകളെയും അതിക്രമങ്ങളെയും വീണ്ടും പരസ്യമായി വാഴ്ത്തുന്നതിന് തുല്യമാണെന്ന് അവർ കരുതുന്നു.
വിരുമാണ്ടിയായി പരിണമിച്ച സണ്ടിയർ
വർഷം 2003. കമൽ ഹാസൻ തന്റെ പുതിയ ചിത്രത്തിന് 'സണ്ടിയർ' എന്ന് പേരിടുന്നു. മീശ പിരിച്ച്, കയ്യിൽ അരിവാളുമേന്തി നിൽക്കുന്ന കമലിന്റെ പോസ്റ്ററുകൾ തെരുവുകളിൽ പതിഞ്ഞു. എന്നാൽ ആ പേര് പ്രഖ്യാപിച്ച നിമിഷം മുതൽ തമിഴ്നാട് രാഷ്ട്രീയമായി പുകയാൻ തുടങ്ങി. പുതിയ തമിഴകം പാർട്ടി നേതാവ് ഡോ. കെ. കൃഷ്ണസാമി ഈ പേരിനെതിരെ ശക്തമായി രംഗത്തുവന്നു. 'സണ്ടിയർ' എന്ന വാക്ക് ഒരു പ്രത്യേക ജാതി വിഭാഗത്തെ മഹത്വവൽക്കരിക്കുന്നതാണെന്നും, ഇത് തെക്കൻ തമിഴ്നാട്ടിൽ വലിയ ജാതി അക്രമങ്ങൾക്ക് വഴിതുറക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. തന്റെ കഥാപാത്രം അത്തരത്തിലുള്ളതാണെന്നും പിന്നെന്ത് വിളിക്കണം എന്നായിരുന്നു കമലാഹാസന്റെ മറുചോദ്യം. എന്നാൽ സ്ഥിതിഗതികൾ വഷളായതോടെ സർക്കാരും പൊലീസും ഷൂട്ടിങ്ങിന് ആവശ്യമായ സുരക്ഷ നൽകാൻ മടിച്ചു, സിനിമയുടെ നിർമ്മാണം പ്രതിസന്ധിയിലായി. പ്രതിഷേധം കനത്തതോടെ സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു. ഒടുവിൽ, ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കമൽഹാസൻ ആ തീരുമാനത്തിലെത്തി. തന്റെ സിനിമയുടെ പേര് അദ്ദേഹം മാറ്റി—'വിരുമാണ്ടി'. പേര് മാറിയെങ്കിലും 2004-ൽ തിയേറ്ററുകളിലെത്തിയ 'വിരുമാണ്ടി' തമിഴ് സിനിമയിലെ ഒരു എക്കാലത്തെയും വലിയ ക്ലാസിക്കായി മാറി. അന്ന് സിനിമക്ക് എന്ത് പേര് വെക്കാമെന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന പരിഹാസ്യ രൂപത്തിലുള്ള കമൽഹാസന്റെ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളില് വൈറലാണ്..എന്നാൽ, 23 വർഷങ്ങൾക്ക് ശേഷം അതേ 'സണ്ടിയർ' എന്ന പേര് വീണ്ടും ഒരു കമൽ ഹാസൻ ചിത്രത്തിന് വരുമ്പോൾ, തമിഴകം അന്ന് കണ്ട അതേ വിവാദങ്ങളിലേക്ക് വീണ്ടും തിരികെ നടക്കുകയാണ്!
'തേവർ മകൻ' മുതൽ 'മാമന്നൻ' വരെ
ഇത് ആദ്യമായല്ല ഒരു കമൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രശ്നമാകുന്നത്; മുൻപ് ഭരതന് സംവിധാനം ചെയ്ത് 1992ല് പുറത്തുവന്ന 'തേവർമകൻ' എന്ന ചിത്രവും സമാനമായ ആരോപണം നേരിട്ടിരുന്നു. 1990 കളിൽ തെക്കൻ തമിഴ്നാട്ടിൽ തേവർ - ദളിത് സമുദായങ്ങൾക്കിടയിൽ രൂക്ഷമായ ജാതി സംഘർഷങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ, തേവർമകൻ പോലുള്ള സിനിമകളും അതിലെ പാട്ടുകളും പ്രകോപനകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായെന്നായിരുന്നു ആരോപണം..ചിത്രത്തിലെ 'പോട്ടുപാര പെണ്ണേ തേവർകാലടി മണ്ണേ' എന്ന ഗാനം പലരും വിമർശനങ്ങളിൽ എടുത്തു പറയുന്ന ഒന്നാണ്. തേവരുടെ കാലിനടിയിലെ മണ്ണ് അത്രമേൽ പവിത്രമാണെന്നും അതെടുത്ത് നെറ്റിയിൽ പൂശാനും പറഞ്ഞ് കമൽ ദളിത് വിഭാഗങ്ങളെ അപമാനിച്ചുവെന്നും, പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്താൻ പ്രബല ജാതിക്കാർ ഈ പാട്ട് ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു വിമർശനം. എന്നാൽ അരിവാൾ എടുത്തു വെട്ടാൻ പോകാനല്ല, മറിച്ചു കുട്ടികളെ പഠിപ്പിക്കാനാണ് തേവർമകൻ ആവശ്യപ്പെടുന്നതെന്നായിരുന്നു കമലിന്റെ മറുപടി.
'മാമന്നൻ' സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ, കമൽഹാസനെ സാക്ഷിയാക്കി സംവിധായകൻ മാരി സെൽവരാജ് , 16 വർഷങ്ങൾക്ക് മുമ്പ് താൻ കമൽഹാസന് എഴുതിയ ആ പഴയ കത്തിന്റെ കാര്യം സൂചിപ്പിച്ചത് ഈ വിഷയത്തിൽ പ്രസക്തമാണ്. തമിഴ്നാട്ടിൽ ജാതിമഹിമയെയും ആയുധമെടുക്കലിനെയും ഒരു പ്രബല ജാതിക്കാരുടെ ഗാംഭീര്യമായി വെള്ളിത്തിരയിൽ മഹത്വവൽക്കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കമൽഹാസന്റെ 'തേവർ മകൻ' എന്ന് ആരോപിച്ചുള്ള കത്തായിരുന്നു അത്. ആ കത്ത് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം പിന്നീട് പോസ്റ്റ് ചെയ്തു. തേവർ മകന്റെ" മറുപടിയാണ് തന്റെ മാമന്നൻ' എന്ന് പറഞ്ഞുവെക്കുക മാത്രമല്ല, മാരി ശെൽവരാജ് എന്ന സംവിധായകൻ ചെയ്തത്, അത് സിനിമയിലൂടെ കാട്ടിത്തരികയും ചെയ്തു,'തേവർ മകൻ' അരങ്ങുവാണ ഇടങ്ങളിൽ, അടിച്ചമർത്തപ്പെട്ടവന്റെ രാഷ്ട്രീയവും അവകാശങ്ങളും എങ്ങനെ ഉയർത്തിപ്പിടിക്കാമെന്നതിന്റെ ശക്തമായ അടയാളപ്പെടുത്തലായിരുന്നു മാമന്നൻ.
ജാതി മുറിവുകൾ ഉണങ്ങിയിട്ടില്ലാത്ത തമിഴ് സിനിമ
എന്നാൽ, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, കാലവും സാങ്കേതികവിദ്യയും ഏറെ മുന്നോട്ടുപോയ ഈ കാലഘട്ടത്തിലും, അതേ കമൽ ഹാസൻ തന്റെ പുതിയ ചിത്രത്തിന് 'സണ്ടിയാർ' എന്ന് വീണ്ടും പേരിടുമ്പോൾ ആ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് വിവാദ പശ്ചാത്തലത്തിൽ തമിഴകം തിരിച്ചറിയുന്നു.'സണ്ടിയർ' പോലുള്ള പേരുകൾ സ്ക്രീനിൽ ആഘോഷിക്കപ്പെടുമ്പോൾ, അത് തെരുവുകളിൽ ജാതിയുടെ പേരിൽ നെഞ്ചുവിരിച്ചു നിൽക്കുന്ന പുതിയൊരു തലമുറയ്ക്ക് ന്യായീകരണമായി മാറുമോ എന്ന ഭയമാണ് ഒരു വിഭാഗം ജനങ്ങളെ വേട്ടയാടുന്നത്. Revenge can only be settled in blood" അതായത് രക്തം കൊണ്ട് മാത്രമേ പ്രതികാരം തീർക്കാൻ കഴിയൂ എന്ന ടാഗ്ലൈനോടെ കമൽഹാസൻ സണ്ടിയാറിന്റെ പോസ്റ്റർ പുറത്തിറക്കുമ്പോൾ അതൊരു തികഞ്ഞ ഹിംസാത്മകതയുടെയും അക്രമരാഷ്ട്രീയത്തിന്റെയും ആഘോഷമായി മാറുമോ എന്ന ആശങ്കയാണ് ഉയരുന്നത്. മറുവശത്ത്, സംവിധായകൻ അമീറിനെപ്പോലുള്ളവർ ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണ്. "ഇനിയുമെത്ര കാലം നമ്മൾ ഇത്തരം അനാവശ്യ ഭയങ്ങളിലും വിലക്കുകളിലും കുടുങ്ങിക്കിടക്കും?"സിനിമയെ സിനിമയായി കാണാൻ നാം എപ്പോഴാണ് പഠിക്കുക? ഒരു കഥാപാത്രത്തിന്റെ പേരോ സിനിമയുടെ ശീർഷകമോ കണ്ട് ആളുകൾ തെരുവിൽ തല്ലുകൂടുമെന്ന് കരുതുന്നത് കലയോടും ജനങ്ങളുടെ വിവേകത്തോടുമുള്ള വെല്ലുവിളിയല്ലേ എന്ന് ചോദ്യവും ഉയരുന്നുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ എവിടെവരെ എന്ന ചോദ്യവും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രത്തോടും വേദനയോടും സിനിമ പുലർത്തേണ്ട ജാഗ്രത എത്രത്തോളമെന്ന ഓർമ്മപ്പെടുത്തലുമാണ് 'സണ്ടിയർ' വിവാദം തമിഴകത്തിന് നൽകുന്നത്. കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമ്പോഴും, അത് സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയമായ അസമത്വങ്ങളെയും മുറിവുകളെയും ഏതെങ്കിലും വിധത്തിൽ ന്യായീകരിക്കുന്നതാകരുതെന്ന ശക്തമായ തിരിച്ചറിവാണ് ഈ ചർച്ചകൾ മുന്നോട്ടുവെക്കുന്നത്. ഏതായാലും സിനിമയുടെ ടൈറ്റിൽ കാർഡ് മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. സിനിമ പറഞ്ഞുവെക്കുന്ന രാഷ്ട്രീയം കൂടി സിനിമ വൃത്തങ്ങളിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ.