സ്വാശ്രയ കോളേജ് ; സംവരണവും മെറിറ്റും ഇനി ആര് നോക്കും?

സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ കഴിയുന്നവ ആകെ 60 എണ്ണമാണ്
സ്വാശ്രയ കോളേജ് ; സംവരണവും മെറിറ്റും ഇനി ആര് നോക്കും?
Published on: 
Updated on: 

എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ യഥേഷ്ടം വർധിപ്പിക്കാനും യാതൊരു മുൻകൂർ അനുമതിയും വേണ്ടെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ വലിയൊരു സാമൂഹിക പ്രത്യാഘാതത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മാനേജ്‌മെന്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ നടപ്പാക്കുന്ന ഈ ജനവിരുദ്ധ തീരുമാനത്തിന് പിന്നിൽ വലിയ തോതിലുള്ള അഴിമതിയും കച്ചവട താൽപ്പര്യങ്ങളുമാണ് ഉള്ളതെന്നാണ് പ്രതിപക്ഷ ആരോപണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവെന്നും, സ്വയംഭരണ പദവി ലഭിച്ച കോളേജുകൾ സ്വന്തം നിലയ്ക്ക് അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാൻ പ്രാപ്തരായിരിക്കണമെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നിലപാട്. എൻ.ഒ.സി ഒഴിവാക്കിയതോടെ, സാമൂഹിക നീതിയുടെയും സംവരണത്തിന്റെയും അടിസ്ഥാന തത്വങ്ങൾ ഈ കോളേജുകളിൽ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക അതീവ ഗൗരവമുള്ളതാണ്.

സ്വശ്രയ കോളേജ് ; സംവരണവും മെറിറ്റും ഇനി ആര് നോക്കും?

നിലവിൽ സംസ്ഥാനത്ത് ആകെ 61 സ്വയംഭരണ കോളേജുകളാണ് ഉള്ളത്. ഇതിൽ 37 എയ്ഡഡ് സ്വയംഭരണ കോളേജുകളും, ഒരു സർക്കാർ സ്വയംഭരണ കോളേജും, 23 സ്വാശ്രയ സ്വയംഭരണ കോളേജുകളുമാണുള്ളത്.സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ കഴിയുന്നവ ആകെ 60 എണ്ണമാണ്. സ്വാശ്രയ കോഴ്സുകളിലെ ഫീസ് കൊള്ളയ്ക്കും അനിയന്ത്രിതമായ സീറ്റ് വർധനവിനുമെതിരെയുണ്ടായിരുന്ന ഒരേയൊരു പ്രതിരോധക്കോട്ടയായിരുന്നു സർക്കാർ നൽകിയിരുന്ന എൻ.ഒ.സി. പ്രത്യേകിച്ച് പ്രൊഫഷണൽ സ്വാശ്രയ കോളജുകളിൽ, പകുതി സീറ്റുകളെങ്കിലും സർക്കാർ മെറിറ്റ്-സംവരണ അടിസ്ഥാനത്തിൽ നികത്തണമെന്നും സർക്കാർ നിശ്ചയിക്കുന്ന ഫീസ് ഘടന പാലിക്കണമെന്നുമുള്ള വ്യവസ്ഥകൾ ഇതിലൂടെ ഉറപ്പാക്കിയിരുന്നു. എന്നാൽ ഈ വ്യവസ്ഥകൾ എല്ലാ സ്വാശ്രയ കോഴ്സുകൾക്കും ഒരുപോലെ ബാധകമായിരുന്നില്ല.2014-ലെയും 2021-ലെയും സർവകലാശാലാ നിയമ ഭേദഗതികളിലൂടെയാണ് സ്വയംഭരണ കോളജുകളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ നിയമങ്ങളിൽ ഉൾപ്പെടുത്തിയത്.അക്കാദമിക സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും സർവകലാശാലയുടെ നിയമപരമായ മേൽനോട്ടം നിലനിർത്തുകയായിരുന്നു ലക്ഷ്യം.എന്നാൽ ചില സ്വയംഭരണ കോളജുകൾ സർവകലാശാലയുടെ മുൻകൂർ അഫിലിയേഷൻ നേടാതെ സ്വാശ്രയ കോഴ്സുകൾ ആരംഭിച്ച സംഭവങ്ങളുമുണ്ടായി.ബിരുദം നൽകുന്നതിനുള്ള നടപടികൾ വന്നപ്പോഴാണ് സർവകലാശാല ഇക്കാര്യം അറിഞ്ഞത്. അക്കാദമിക സ്വയംഭരണത്തിനൊപ്പം സർവകലാശാലയുടെ മേൽനോട്ടം എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യം ഇതോടെ നേരത്തേ തന്നെ ഉയർന്നിരുന്നു.

എന്താണ് പുതിയ സർക്കുലറിൽ പറയുന്നത്?

സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ പ്രത്യേക അംഗീകാര പത്രം ആവശ്യമില്ലെന്നും അക്കാര്യം സർക്കാറിനെ അറിയിക്കുക മാത്രം മതിയെന്നുമാണ് പുതിയ വ്യവസ്ഥ. സ്വയംഭരണ കോളജുകൾ തുടങ്ങിയ സ്വാശ്രയ കോഴ്സുകൾക്ക് എല്ലാ വർഷവും എൻ.ഒ.സി പുതുക്കണമെന്ന വ്യവസ്ഥ ഇളവ് ചെയ്ത്, മൂന്നുവർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്നാക്കുകയും ചെയ്തു. സ്വാശ്രയ കോളജുകളിൽ നിലവിൽ നടത്തിവരുന്ന കോഴ്സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട സർവകലാശാല അല്ലെങ്കിൽ റഗുലേറ്ററി അതോറിറ്റികളുടെ അനുമതി മതിയെന്ന ഇളവും നൽകി. വിദ്യാർഥി പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർധനവിന്റെയും വിവരങ്ങൾ സർക്കാറിന് റിപ്പോർട്ട് ചെയ്താൽ മതി. കഴിഞ്ഞ മാസം സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്രയും നിർണായകമായ ഈ തിരുത്തൽ നടപടി ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ 11-ന് ഇറക്കിയ സർക്കുലറിൽ പുതിയ കോഴ്സുകൾക്കും സീറ്റ് വർധനവിനും സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് വ്യക്തമാക്കിയ സ്ഥാനത്താണ്, ഒക്ടോബറിലെ മാനേജ്‌മെന്റുകളുടെ നിവേദന ശേഷം നവംബർ ആറിന് പുതിയ ‘ഉദാരവൽക്കരണ’ സർക്കുലർ സർക്കാർ പുറത്തിറക്കിയത്.

കോളേജുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാനും സീറ്റുകൾ വർധിപ്പിക്കാനും സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ടെന്ന തീരുമാനത്തെ ന്യായീകരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ .കേരളത്തിൽ മാത്രമാണ് കോഴ്സുകൾ തുടങ്ങാൻ സർക്കാർ അനുമതി നിർബന്ധമാക്കിയിട്ടുള്ളതെന്നും, സെക്രട്ടറിയേറ്റിൽ അനുമതിക്കായി മാനേജ്മെന്റുകൾ കയറിയിറങ്ങുന്നത് അഴിമതിക്ക് സാധ്യത തെളിയുന്ന പിന്തിരിപ്പൻ സമീപനമാണെന്നും മന്ത്രി വ്യക്തമാക്കുന്നു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഇത്തരം കോഴ്സുകൾക്ക് സർവകലാശാലകളുടെ അനുമതിയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുകയെന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചു എടുത്ത സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മന്ത്രി ആവർത്തിക്കുന്നുണ്ട്. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷവും ഇടത് വിദ്യാർത്ഥി സംഘടനകളും അതിശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്വാശ്രയ കോളേജ് ; സംവരണവും മെറിറ്റും ഇനി ആര് നോക്കും?
SPOTLIGHT | വിഷപ്പുകയിൽ വെന്തുരുകി ഡൽഹി; ചെളിവാരി എറിയുന്ന രാഷ്ട്രീയ നേതൃത്വം

സംവരണത്തിനും മെറിറ്റിനും ആര് കാവൽ നിൽക്കും​?

യു.ജി.സി റെഗുലേഷനുകളുടെയും അക്കാദമിക സ്വയംഭരണത്തിന്റെയും ന്യായവാദങ്ങൾ നിരത്തി സർവകലാശാലകൾക്ക് മേൽ ശക്തമായ നിയന്ത്രണമുണ്ടെന്ന് മന്ത്രി വാദിക്കുമ്പോഴും, യാഥാർത്ഥ്യം അതാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. കോഴ്സുകളുടെ സിലബസോ അടിസ്ഥാന സൗകര്യങ്ങളോ മാത്രം പരിശോധിക്കാനുള്ള നാമമാത്രമായ ഒരു 'അംഗീകാര ഔദ്യോഗികത' മാത്രമായി സർവകലാശാലകളുടെ അധികാരം ചുരുങ്ങിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ കോഴ്സുകളുടെ അക്കാദമിക നിലവാരം ഉറപ്പാക്കുന്നതും സാമൂഹിക നീതിയും സംവരണവും ഫീസ് നിയന്ത്രണവും ഉറപ്പാക്കുന്നതും രണ്ടുതരം ഉത്തരവാദിത്തങ്ങളാണ്. പ്രത്യേകിച്ച് പുതിയ കോഴ്സുകളും സീറ്റുകളും അനുവദിക്കുന്നതിൽ സർക്കാരിന്റെ മുൻകൂർ പരിശോധന ഒഴിവാക്കുമ്പോൾ, മെറിറ്റ് പ്രവേശനം, സംവരണ ആനുകൂല്യങ്ങൾ, ഫീസ് നിയന്ത്രണം എന്നിവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഇനി എന്താണ്? പ്രവേശന നടപടികൾ പൂർത്തിയായശേഷം വിവരങ്ങൾ സർക്കാരിനെ അറിയിക്കുന്നതുകൊണ്ടുമാത്രം ഈ ഉത്തരവാദിത്തം നിറവേറ്റാനാകുമോ? എൻ.ഒ.സി ഉൾപ്പെടെയുള്ള സർക്കാർ അനുമതി സംവിധാനങ്ങളിലൂടെ ഉറപ്പാക്കപ്പെട്ടിരുന്ന വ്യവസ്ഥകൾ പുതിയ സാഹചര്യത്തിൽ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക ? ഇക്കാര്യങ്ങളിലൊന്നും വ്യക്തതയില്ല. അതിനേക്കാളുപരി, പുതുകോഴ്സുകൾ ഏറെയുള്ള സ്വാശ്രയ കോളജുകൾ സാധാരണ വിദ്യാർഥിക്ക് അപ്രാപ്യമാകുമെന്ന സ്ഥിതിയാണ് ഇതോടുകൂടി ഉണ്ടാകുകയെന്ന യാഥാർഥ്യം കൂടി തിരിച്ചറിയേണ്ടതുണ്ട്.

നിയമക്കുരുക്കിലാകുമോ പരിഷ്‍കാരം?

മാനേജ്‌മെന്റുകൾ നടത്തിയ സ്വാശ്രയ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദം നിഷേധിക്കപ്പെട്ട സംഭവങ്ങൾ പോലും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സർക്കാരോ സർവകലാശാലകളോ അറിയാതെ ആയിരുന്നു ആ കോഴ്സുകൾ അത്രയും നടത്തിയിരുന്നത്. അന്ന് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വ്യവസ്ഥയോടെ ഒറ്റത്തവണ ഇളവുകൾ നൽകിയാണ് സർവകലാശാലകൾ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കിയത്. മാത്രമല്ല, എയ്ഡഡ് കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് മുൻപ് യു.ഡി.എഫ് സർക്കാർ കാലത്തെ കേസുകളിൽ സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുമുണ്ട്. ആ കോടതി ഉറപ്പിനും നിയമപരമായ ബാധ്യതകൾക്കും തികച്ചും വിരുദ്ധമാണ് സ്വയംഭരണ പദവിയുടെ മറവിൽ വീണ്ടും ഇത്തരം കോഴ്സുകൾക്ക് വഴിതുറക്കുന്ന ഈ പുതിയ സർക്കുലർ. ഈ നീക്കം ഭാവിയിൽ വലിയ നിയമപോരാട്ടങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും വഴിയൊരുക്കുമെന്നുറപ്പാണ്..അക്കാദമിക സ്വയംഭരണം എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യം നൽകലല്ല. സാമൂഹിക നീതിയും തുല്യാവസരവും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കിക്കൊണ്ടുള്ള സ്വാതന്ത്ര്യമായിരിക്കണം അത്. സർക്കാർ കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ, പണമുള്ളവന് മാത്രം ഉന്നതവിദ്യഭ്യാസം ഒരുക്കപ്പെടുന്ന സാമൂഹിക സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല.