OPINION

പുതുകോവിഡിനെ എത്രമാത്രം ഭയക്കണം?

2026 മേയ് മാസത്തിൽ കാനഡയിലെ ഒൻ്റാരിയോയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്

Author : പി.പി. പ്രശാന്ത്

ലോകം വീണ്ടും ഒരു കോവിഡ് ഭീതിയിലേക്ക് നീങ്ങുകയാണോ? കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ട് വർഷങ്ങളാകുമ്പോഴും വൈറസിന്റെ പരിണാമം അവസാനിച്ചിട്ടില്ല. കാനഡയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നത് ആഗോളതലത്തിൽ ആശങ്ക വിതച്ചുകൊണ്ടിരിക്കുകയാണ്. PJ dot two dot one എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വൈറസ് വകഭേദം കാനഡയിൽ നിന്ന് ആരംഭിച്ച് അമേരിക്ക, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പടർന്നു കഴിഞ്ഞു. സാധാരണ കോവിഡ് വകഭേദങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഒറ്റയടിക്ക് ഡസൻ കണക്കിന് ജനിതക മാറ്റങ്ങളോടെയാണ് ഈ വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . നിലവിൽ ഇന്ത്യയിൽ PJ dot two dot one കേസുകൾ റിപ്പോർട്ട്​ ചെയ്തില്ലെങ്കിലും ഈ വൈറസിന്റെ ഭാവിയിലെ വ്യാപനം തള്ളിക്കളയാനാകില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഈ വകഭേദം സാധാരണ കോവിഡ് വകഭേദങ്ങളിൽനിന്ന് എത്രത്തോളം വ്യത്യസ്തമാണ്? വാക്സിനുകളിലൂടെ ലഭിച്ച പ്രതിരോധത്തെ ഇത് മറികടക്കുമോ? ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകുമോ?

പുതുകോവിഡിനെ എത്രമാത്രം ഭയക്കണം?

2026 മേയ് മാസത്തിൽ കാനഡയിലെ ഒൻ്റാരിയോയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. തുടർന്നുള്ള മാസങ്ങളിൽ അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു. അമേരിക്കയിലെ ചില മലിനജല നിരീക്ഷണത്തിൽ 'PJ dot two dot one ' ഏറ്റവും വേഗത്തിൽ വർദ്ധിക്കുന്ന കോവിഡ് വകഭേദമായി തിരിച്ചറിഞ്ഞത്, വൈറസിന്റെ വ്യാപനശേഷിയിലുണ്ടായ അപകടകരമായ മാറ്റങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. നേരത്തെ ലോകത്ത് വ്യാപകമായിരുന്ന കോവിഡ് ​​വൈറസ് ഒമിക്രോൺ കുടുംബത്തിലെ JN.1-ൽനിന്ന് പരിണമിച്ച MC ഡോട്ട് 10 ഡോട്ട് 1ഡോട്ട് 7 എന്ന ഉപവംശത്തിൽനിന്നാണ് PJ dot two dot one രൂപപ്പെട്ടത്. ഒരു സാൾട്ടേഷൻ വകഭേദം അഥവാ ജമ്പ് വകഭേദമായാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത്, സാധാരണ പരിണാമത്തിൽ കാണുന്നതിനേക്കാൾ വലിയ തോതിലുള്ള ജനിതകമാറ്റങ്ങൾ ഒറ്റഘട്ടത്തിൽ സംഭവിച്ചാണ് ഈ വകഭേദം രൂപപ്പെട്ടത്. വൈറസിന്റെ പുറംഭാഗത്തുള്ള സ്പൈക്ക് പ്രോട്ടീനിൽ പൂർവ ഉപവംശത്തിൽ നിന്നും 25-ലധികം ജനിതക വ്യതിയാനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.ഈ മാറ്റങ്ങൾ വൈറസിന് നൽകുന്ന കരുത്ത് ചെറുതല്ല.

കൂടുതൽ അപകടകാരിയോ?

മനുഷ്യകോശങ്ങളിലേക്കുള്ള പ്രവേശനശേഷിയിൽ പ്രകടമാക്കുന്ന മാറ്റങ്ങളാണ് PJ dot two dot one വകഭേദത്തെക്കുറിച്ച് ഗവേഷകരുടെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന കണ്ടെത്തൽ. ശരീരകോശങ്ങളിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കുന്ന ACE2 റിസപ്റ്ററുകളുമായി കൂടുതൽ ശക്തമായി ബന്ധപ്പെടാൻ ഈ വകഭേദത്തിന് സാധിക്കുന്നുണ്ടെന്നും, ഇവയുടെ അളവ് കുറവുള്ള കോശമാതൃകകളിലേക്കു പോലും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വേഗത്തിൽ പ്രവേശിക്കാൻ ഇതിന് കഴിയുന്നുണ്ടെന്നും ലബോറട്ടറി പരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ കണ്ടെത്തലുകൾ മനുഷ്യന്റെ വൃക്ക, തലച്ചോർ, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളെ കൂടുതൽ ഗുരുതരമായി ബാധിക്കുമോ , രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും വർധിപ്പിക്കുമോ ​? എന്നു കാര്യങ്ങളിൽ പഠനങ്ങൾ തുടരുകയാണ്. അതുപോലെ, പഠനത്തിൽ 60 വയസ്സിനു മുകളിലുള്ളവരിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് കോവിഡ് പൊതുവെ സങ്കീർണ്ണമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത അനിവാര്യമാണ്.നിലവിലെ പഠനങ്ങൾ PJ dot two dot one വകഭേദം വാക്സിൻ പ്രതിരോധത്തെ വ്യാപകമായി മറികടക്കുന്നതായോ മരണങ്ങൾക്കും ഗുരുതരാവസ്ഥയ്ക്കും കാരണമാകുന്നതായോ തെളിയിക്കുന്നില്ല. അതിനാൽ വൈറസിന്റെ ജനിതകമാറ്റങ്ങളെയും വ്യാപനശേഷിയെയും രോഗതീവ്രതയെയും വേർതിരിച്ചു തന്നെ ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്.

രോഗവ്യാപനം അതിവേഗം

പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, കടുത്ത ക്ഷീണം, ശരീരവേദന, തലവേദന തുടങ്ങി സാധാരണ കോവിഡ് അണുബാധയിലേതിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് പുതിയ വകഭേദമായ PJ dot two dot one ബാധയിലും പ്രകടമാകുന്നത്. ചിലരിൽ ദഹനസംബന്ധമായ അസ്വസ്ഥതകളും ശ്വാസതടസ്സവും അനുഭവപ്പെടാമെന്നതിനൊപ്പം രുചിയും മണവും നഷ്ടപ്പെടുന്നതും കണ്ടുവരുന്നുണ്ടെങ്കിലും, ഇവയൊന്നും ഈ വകഭേദത്തിന്റെ മാത്രം പ്രത്യേക ലക്ഷണങ്ങളാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ജലദോഷപ്പനിയും കോവിഡും തമ്മിൽ ലക്ഷണങ്ങളിൽ വലിയ സാമ്യമുള്ളതിനാൽ ബാഹ്യലക്ഷണങ്ങൾ മാത്രം നോക്കി രോഗം തിരിച്ചറിയുക അസാധ്യമാണ്. അതിനിടെ, കാനഡയിലെ ഒന്റാറിയോയിൽ ആദ്യം റിപ്പോർട്ട് ചെയ്ത ഈ വകഭേദം ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. അമേരിക്കയിലെ ന്യൂയോർക്ക്, കാലിഫോർണിയ, ഫ്ലോറിഡ, അരിസോണ, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ യൂറോപ്പിൽ സ്പെയിൻ, ഫ്രാൻസ്, ഏഷ്യയിൽ സിംഗപ്പൂർ, ഇസ്രായേൽ, കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും PJ dot two dot one സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകൾ സജീവമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ വകഭേദം എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും, അതിന്റെ യഥാർത്ഥ വ്യാപനശേഷിയും രോഗതീവ്രതയും വരുംദിവസങ്ങളിൽ ശാസ്ത്രീയമായിത്തന്നെ നിരീക്ഷിക്കേണ്ടതുണ്ട്.

പ്രത്യാഘാതം പ്രവചനാതീതം

നിലവിലുള്ള വാക്സിനുകൾ ഒരു പരിധി വരെ ഈ വകഭേദത്തെ പ്രതിരോധിക്കുന്നുണ്ടെന്ന് പ്രാഥമിക ലബോറട്ടറി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, വൈറസിന്റെ ഈ അതിവേഗത്തിലുള്ള രൂപമാറ്റം ഗവേഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഓരോ തവണ വൈറസ് പകരുമ്പോഴും അതിന് പുതിയ ജനിതക മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഈ മാറ്റങ്ങൾ ഭാവിയിൽ നമ്മുടെ പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. PJ dot two dot one -ൽ നിന്ന് കൂടുതൽ അപകടകാരികളായ ഉപവകഭേദങ്ങൾ രൂപപ്പെടുന്നുണ്ടോ എന്നറിയാൻ ലോകാരോഗ്യ സംഘടനയടക്കം നിരന്തരമായ നിരീക്ഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി, 2026 ഒക്ടോബർ 27-ന് WHO പുറത്തിറക്കിയ പ്രസ്താവനയിൽ, ഡിസംബർ 2026-ലെ വാക്സിൻ ആന്റിജൻ ഘടന സംബന്ധിച്ച ചർച്ചകൾക്ക് ആവശ്യമായ ഡാറ്റയുടെ കൂട്ടത്തിൽ PJ dot two dot one നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പ്രതിരോധം എത്രത്തോളം?

2020 ജനുവരി 30-ന് തൃശൂരിൽ രാജ്യത്തെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതു മുതൽ 2022 മേയ് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ 5.23 ലക്ഷത്തിലധികം ജീവനുകളാണ് മഹാമാരി കവർന്നത്. ആദ്യ തരംഗത്തിൽ കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചെങ്കിലും, ഡെൽറ്റ വകഭേദം ആഞ്ഞടിച്ച 2021-ലെ രണ്ടാം തരംഗം സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു.2022 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 65 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുകയും 68,197 പേർ മരണപ്പെടുകയും ചെയ്തു. ആഗോളതലത്തിൽ PJ dot two dot one പോലുള്ള പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, പുതുക്കിയ വാക്സിനുകൾ ഗുരുതരമായ രോഗബാധയ്ക്കും ആശുപത്രിവാസത്തിനുമെതിരെ സംരക്ഷണം നൽകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് വൈറസിന്റെ ജനിതക വ്യതിയാനങ്ങൾ കണ്ടെത്താനായി കേന്ദ്ര സർക്കാർ രൂപീകരിച്ച INSACOG ലബോറട്ടറി ശൃംഖല പുതിയ വകഭേദങ്ങളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിൽ പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും ആരോഗ്യവകുപ്പിന്റെയും ഡോക്ടർമാരുടെയും നിർദേശാനുസരണം വാക്സിനേഷൻ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനൊപ്പം രോഗലക്ഷണങ്ങളുള്ളപ്പോൾ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, അടച്ചിട്ട മുറികളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ അടിസ്ഥാന മുൻകരുതലുകൾ കർശനമായി തുടരുന്നതിലൂടെ അണുബാധയെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാനാകും.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്

കഴിഞ്ഞ കാലങ്ങളിൽ നമ്മൾ അനുഭവിച്ച ലോക്ക്ഡൗണുകളും ആശുപത്രികളിലെ തിരക്കും പ്രിയപ്പെട്ടവരുടെ വേർപാടുകളും ആരുടെയും മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. കോവിഡ് ഒഴിഞ്ഞുപോയി എന്ന അമിത ആത്മവിശ്വാസത്തിൽ മാസ്കുകളും സാമൂഹിക അകലവും കൈകഴുകുന്ന ശീലങ്ങളുമെല്ലാം നമ്മൾ ഉപേക്ഷിച്ചു കഴിഞ്ഞു. എന്നാൽ വൈറസ് അതിന്റെ ജോലി നിർത്തിയിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് കാനഡയിൽ നിന്ന് ലോകം മുഴുവൻ പടരുന്ന PJ dot two dot one. കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന് വൈറസുകളുടെ പരിണാമം ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ്. മനുഷ്യരിലേക്കുള്ള വ്യാപനം തുടരുന്നിടത്തോളം പുതിയ ജനിതക വ്യതിയാനങ്ങളും ഉപവകഭേദങ്ങളും പ്രത്യക്ഷപ്പെടാം. അതിനാൽ ഭീതിയല്ല, കൃത്യമായ വിവരങ്ങളും ജാഗ്രതയുമാണ് പുതിയ വൈറസ് വകഭേദങ്ങളെ നേരിടാനുള്ള ഏറ്റവും വലിയ പ്രതിരോധം.

SCROLL FOR NEXT