OPINION

യുഡിഎഫ് കണ്‍വീനര്‍ അറിയുന്നില്ല, മുന്നണി തീരുമാനങ്ങള്‍; പുകഞ്ഞു പുകഞ്ഞ് കോണ്‍ഗ്രസിലെ അതൃപ്തിയും അസ്വസ്ഥതയും പുറത്തേക്ക്...

അഭിപ്രായം വ്യക്തിപരമാണെന്ന് പറഞ്ഞിട്ടാണെങ്കിലും അടൂര്‍ പ്രകാശിന്റെ വാദങ്ങളെ ഒരുവിഭാഗം നേതാക്കൾ പിന്തുണയ്ക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഒടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുന്നണി കൺവീനർ അടൂർ പ്രകാശ് തന്നെ പാർട്ടിക്കുള്ളിലേക്ക് എറിഞ്ഞൂ, ഒരു തീപന്തം. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുണ്ടായ അവകാശവാദങ്ങളും മുതൽ കാബിനറ്റ് റാങ്കുകളുടെ വിഭജനത്തിലെ അതൃപ്തി വരെ നീളുന്ന അസ്വസ്ഥതകളാണ് നീറിപ്പുകഞ്ഞ് അടൂർ പ്രകാശിലൂടെ പുറത്തുവന്നത്. യുഡിഎഫിലെ പല പ്രധാന തീരുമാനങ്ങളും, പ്രത്യേകിച്ച് എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതു പോലുള്ള കാര്യങ്ങൾ, മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് നടക്കുന്നതെന്നും ഇതു സംബന്ധിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുറന്നടിക്കുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയ നിലപാടുകളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായം വ്യക്തിപരമാണെന്ന് പറഞ്ഞിട്ടാണെങ്കിലും പ്രകാശിന്റെ വാദങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്‌ക്കുംവിധം ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തുകയും ‘മുന്നണിക്കുള്ളിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളുണ്ടെന്ന്’ സ്ഥിരീകരിക്കുകയും ചെയ്തത്, നീക്കങ്ങൾക്ക് പിന്നി​ലെ ആസൂത്രണം അടിവരയിടുന്നുണ്ട്.

അടൂർ ബോംബിൽ പുകഞ്ഞ് കോൺഗ്രസ്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രതിപക്ഷം കടന്നാക്രമണം തുടരുകയും മന്ത്രിമാരെ തെരുവിൽ തടയുകയും ചെയ്യുന്ന നിർണായക സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിനെതിരെ പാർട്ടിയിലും അസാധാരണ പടപ്പുറപ്പാട് ഉണ്ടായത്. യുഡിഎഫ് കൺവീനർ പറഞ്ഞത് പല മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും മനസ്സിലിരിപ്പ് കൂടിയായിരുന്നു. ‘മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചതും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ കാബിനറ്റ് പദവിയോടെ ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതുമാണ് ഇപ്പോഴത്തെ വിവാദങ്ങൾ പൊട്ടിമുളയ്ക്കാൻ കാരണം. അത് പൊട്ടിത്തെറിക്കുള്ള ഒരു കാരണം മാത്രമാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബോർഡ്, കോർപ്പറേഷൻ, കമ്മീഷൻ തുടങ്ങിയ നിരവധി നിയമനങ്ങൾ ബാക്കിയുള്ളതിനാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ ഇവ സ്വന്തം വിശ്വസ്തരെ മുൻനിർത്തി ഏകപക്ഷീയമായി തീരുമാനിക്കുമെന്ന ആശങ്കയാണ് സഖ്യകക്ഷികളെയും കോൺഗ്രസിലെ മറുവിഭാഗങ്ങളെയും ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. എല്ലാ നിയമനങ്ങളുടെയും താ​ക്കോൽ സൂക്ഷിപ്പുകാരനായി മുഖ്യമന്ത്രി നിൽക്കുകയാണെന്നും അദ്ദേഹം നിയമന പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിക്കഴിഞ്ഞതായും നേതാക്കൾ ആശങ്കപ്പെടുന്നുണ്ട്. അതേസമയം മുഴുസമയ കെപിസിസി പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയിൽ നടക്കാനിരിക്കുന്ന കെപിസിസി-ഡിസിസി പുനഃസംഘടന എന്നത് കോ​ൺഗ്രസിലെ വിവിധ ചേരികൾ ഉറ്റുനോക്കുന്ന ഒന്നാണ്. കെ.സി. വേണുഗോപാലി​ന്റെ സ്വാധീനം ശക്തമാണെങ്കിലും ലീഗിനെ ഉപയോഗിച്ചാണ് വി.ഡി. സതീശൻ പല തീരുമാനങ്ങൾക്കും സമ്മർദം ചെലുത്തുന്നത്. അതിന്റെ കൂടെ ഭാഗമായിരുന്നു എം.കെ. മുനീറിനെ ഭരണ പരിഷ്‍കാര കമീഷന്റെ ​ചെയർമാനാക്കിയ നീക്കവും. ഇത്തരം പ്രതിഷേധങ്ങൾ മുൻകൂട്ടിക്കണ്ടുകൊണ്ട് തന്നെയാണ് സതീശൻ കരുക്കൾ നീക്കുന്നതും.

കൊട്ടിക്കയറുന്ന കലാപം

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിവച്ച പ്രസ്താവനാ കലാപം കോ​ൺഗ്രസി​ൽ കൊട്ടിക്കയറുകയാണ്. മുഖ്യമന്ത്രിയെ അനുകൂലിച്ചും തുറന്നെതിർത്തും ഇരുഭാഗത്തും നേതാക്കൾ അണിചേർന്നതോടെ തുറന്ന വാക്പോരും തുടങ്ങിക്കഴിഞ്ഞു. തീരുമാനങ്ങളിൽ കൂടിയാലോചന വേണമെന്ന് പറഞ്ഞ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കു നേരെ ഒളിയമ്പ് തൊടുത്തു. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറും വി.ഡി. സതീശനെതിരെ പക്ഷം ചേർന്നു. അതേസമയം, കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫും കെ. മുരളീധരൻ അടക്കം മന്ത്രിമാരും വി.ഡി. സതീശനെ അനുകൂലിച്ച് രംഗത്തെത്തി.

പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പാർട്ടി ഫോറത്തിൽ മാത്രം പറയുന്നയാളാണ് താനെന്ന് അൽപം തന്ത്രപൂർവം പറഞ്ഞ കെ.സി. വേണുഗോപാൽ, തനിക്കും ചിലത് പറയാനുണ്ടെന്ന് പരോക്ഷമായി വ്യക്തമാക്കിയാണ് അതൃപ്തിയുടെ സൂചന പരസ്യമാക്കിയത്. പറയേണ്ട പലകാര്യങ്ങളും നടക്കുന്നുണ്ടെന്നും അത് താൻ പാർട്ടിയിൽ പറയാമെന്നുമുള്ള ബെന്നി ബഹനാന്റെ വാക്കുകളിൽ വെളിപ്പെട്ടതും മുഖ്യമന്ത്രിക്കെതിരായ മൂർച്ചയേറിയ മുന തന്നെ. യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുസ്ലിം ലീഗ് ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്കൊപ്പം അണിനിരന്നു. മുതിർന്ന നേതാവ് പി.ജെ. ജോസഫിനെ കാബിനറ്റ് റാങ്കിന് പരിഗണിക്കാത്തതിലെ പരാതിയുമായി ജോസഫ് വിഭാഗവും അടൂർ പ്രകാശിന്റെ ചുവട് പിടിച്ച് മഹിളാ കോൺഗ്രസും മുഖ്യമന്ത്രിക്കെതിരെ അങ്കത്തട്ടിലിറങ്ങി. മന്ത്രി എ.പി. അനിൽകുമാർ അടൂർ പ്രകാശിന്റെ വിമർശനത്തെ തള്ളിയില്ല. മൊത്തത്തിൽ പറഞ്ഞാൽ അടൂർ പ്രകാശ് രംഗത്തെത്തിയതിൽ മനസ്സുകൊണ്ട് അനുകൂലിക്കുന്നുണ്ടെങ്കിലും അഭിപ്രായ ഭിന്നത പരസ്യമാക്കിയതിൽ പഴി പറഞ്ഞ് മാധ്യമങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു ഭൂരിപക്ഷം നേതാക്കളും.

അഞ്ചാം മന്ത്രിയും ഭരണ പരിഷ്‍കാര കമ്മീഷനും

സാംസ്കാരിക സ്ഥാപനങ്ങളിലെ അധ്യക്ഷ നിയമനങ്ങൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്ന് കെ.സി. വേണുഗോപാൽ പക്ഷം ആരോപിക്കുന്നുണ്ട്. സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ വേണുഗോപാലിനെതിരെ പരസ്യമായി വിമർശനമുന്നയിച്ചയാളാണ്. മുഴുസമയ കെപിസിസി പ്രസിഡന്റിന്റെ അഭാവത്തിൽ സതീശൻ പാർട്ടിയിലും സർക്കാരിലും അതികായനായി വളരുന്നതിൽ മറുവിഭാഗങ്ങളിൽ അതൃപ്തിയുണ്ട്. വിവാദങ്ങളുടെ തുടർച്ച തന്നെയാണ് പാർട്ടിക്കുള്ളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭരണപരിഷ്കാര കമ്മീഷൻ പദവിയില്‍ വി.എസ്. അച്യുതാനന്ദനെയും, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെയും മുൻസർക്കാർ നിയമിച്ചപ്പോൾ ഖജനാവ് ധൂർത്തടിക്കുന്നുവെന്നും രാഷ്ട്രീയ പുനരധിവാസമാണ് നടക്കുന്നതെന്നും ശക്തമായി വിമർശിച്ച നേതാവാണ് വി.ഡി. സതീശൻ. എന്നാൽ പിൽക്കാലത്ത് അതേ പദവിയിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ കാബിനറ്റ് റാങ്കോടെ നിയമിച്ചുകൊണ്ട് സതീശൻ സർക്കാർ തീരുമാനമെടുത്തത് ഇരട്ടത്താപ്പ് ആരോപണങ്ങൾക്കും കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. മുൻകാലത്ത് ഈ ഭരണപരിഷ്‍കാര കമ്മീഷന് വേണ്ടി 10.79 കോടി രൂപ ചെലവഴിച്ചിട്ടും സമർപ്പിക്കപ്പെട്ട 13 റിപ്പോർട്ടുകളിൽ ഒന്നും നടപ്പാക്കിയില്ലെന്ന വസ്തുതയും ഓർമ്മിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സതീശന്റെ അവകാശവാദത്തെ ലീഗ് പിന്തുണച്ചതിന്റെ ‘പ്രത്യുപകാരം’ ആണിതെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന ആക്ഷേപം. എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകിയത് അപ്രതീക്ഷിതമല്ലെങ്കിലും, അടൂർ പ്രകാശ് ഇത് പ്രശ്നവത്കരിച്ചതോടെ ‘ആറാം മന്ത്രി’ വിവാദം ഉയർത്താൻ ബിജെപിക്ക് അവസരമായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദത്തിന് സമാനമായി ഇതിനെ ചിത്രീകരിക്കാനാണ് ബിജെപിയുടെ നീക്കം. രണ്ടര വർഷത്തിനു ശേഷം ഒരു ലീഗ് മ​ന്ത്രി കൂടി മന്ത്രിസഭയിൽ ഉൾപ്പെടുന്ന പശ്ചാത്തലത്തിൽ ഈ വിഷയം കോൺ​ഗ്രസിനകത്തുതന്നെ നീറിപ്പുകയുകയാണ്.

യുഡിഎഫിലെത്തുമോ ശൈലീ മാറ്റം

കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ പല പ്രമുഖരും മന്ത്രിസ്ഥാനങ്ങൾ വഹിക്കുന്നതിനാൽ പാർട്ടി സംഘടനാ പ്രവർത്തനങ്ങൾക്ക് സമയമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. കേരളത്തിൽ പാർട്ടിയില്ലെന്നും, നേതാക്കളെല്ലാം മന്ത്രിമാരാണെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറയുന്നത്. കെപിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, രണ്ട് വർക്കിങ് പ്രസിഡന്റ് എന്നിവരെല്ലാം മന്ത്രിമാരാണ്. കേരളത്തിൽ ഇതുവരെ പാർട്ടിയുടെ തലപ്പത്തുള്ള ഇത്രയുമധികം ആളുകൾ ക്യാബിനറ്റിൽ വന്നിട്ടില്ല. അതേസമയം സംസ്ഥാനത്ത് പാർട്ടി പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും ഹൈക്കമാൻഡ് ‘വെയ്റ്റ് ആൻഡ് വാച്ച്’ നയം തുടരുകയാണ്. ‘മധുവിധു കാലം’ കഴിഞ്ഞെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച ഘട്ടത്തിൽ, സർക്കാരിനെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥരായവർതന്നെ സ്വന്തം പാളയത്തിൽ ചൂട്ടു കത്തിച്ചതോടെ ഗുരുതര സാഹചര്യങ്ങളാണ് മുന്നണിക്കും സർക്കാറിനും മുന്നിൽ രൂപപ്പെട്ടിരിക്കുന്നത്. ഇനി മുന്നോട്ടുള്ള ഭരണത്തിൽ സതീശൻ സർക്കാരിന് വെല്ലുവിളിയാവുക കോൺഗ്രസിനകത്ത് രൂപപ്പെട്ട പാളയത്തിൽ പട തന്നെയാകും എന്നതിൽ സംശയമില്ല.

SCROLL FOR NEXT