

തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആയി കണക്കാക്കാനാവില്ല. പക്ഷേ, ജില്ല പഞ്ചായത്ത് വോട്ടുകൾ തീർച്ചയായും രാഷ്ട്രീയ വോട്ടുകൾ തന്നെയായി പരിഗണിക്കാറുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലത്തെ ഉദാഹരിച്ചുള്ള വിലയിരുത്തലുകളെ തീർത്തും അവഗണിക്കാനാവില്ല. ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിലെ നിലവിലെ എംഎല്‍എ വിനു ജോബ് കുഴിമണ്ണിൽ തൃക്കൊടിത്താനം ഡിവിഷനിൽ വിജയിച്ചത് 743 വോട്ടുകൾക്കായിരുന്നു. എന്നാൽ ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സുജിത്ത് യുഡിഎഫിലെ വിജയ് ജോസ് മാരേട്ടിനെ 2140 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തറപറ്റിച്ചാണ് അട്ടിമറി വിജയം നേടിയിരിക്കുന്നത്. ഭൂരിപക്ഷം മൂന്നിരട്ടി. ഇതുമാത്രമല്ല, ഒട്ടേറെ അട്ടിമറികൾക്ക് ഈ ഉപതെരഞ്ഞെടുപ്പ് വഴിവെച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ നിർണായകമായ ഭരണമാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കില്ലെങ്കിലും സംസ്ഥാനത്ത് ഭരണമാറ്റത്തിനു ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. സതീശൻ സർക്കാരിന്റെ ഭരണനേട്ടങ്ങളും വിവാദങ്ങളും സ്വാധീനിച്ച തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലോ?
നിലവിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ 21 എണ്ണം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. 13 ഇടത്ത് എൽഡിഎഫും നാലിടത്ത് സ്വതന്ത്രരും ഉള്‍പ്പെടെ മറ്റു പാർട്ടികളുമാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് 19 സീറ്റുകളിലൊതുങ്ങി. എൽഡിഎഫ് 18 വാർഡുകളിലും 20 ട്വന്റിയിലൂടെ എൻഡിഎ സഖ്യം ഒരു സീറ്റും നേടി. എൽഡിഎഫ് എട്ടു സീറ്റുകൾ തിരിച്ചുപിടിച്ചപ്പോൾ യുഡിഎഫ് നാല് സീറ്റുകളിൽ അട്ടിമറി വിജയം കരസ്ഥമാക്കി. മൊത്തം 12 അട്ടിമറി ജയങ്ങൾക്കാണ് ഇത്തവണ തദ്ദേശ ഉപതെരഞ്ഞെടുപ്പ് വഴിയൊരുക്കിയത്. യുഡിഎഫ് എംഎൽഎൽമാരുടെ സീറ്റുകളിൽ ജയിക്കാനായതും സിറ്റിങ് മെമ്പർമാരും കൗൺസിലർമാരും ബിജെപിയിലേക്ക് പോയ സീറ്റുകൾ നേടാനായതും തിരുവനന്തപുരത്തെ തിരിച്ചുവരവും പാലക്കാട്ടെ മികച്ച പ്രകടനവുമെല്ലാം സംസ്ഥാനരാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പ് നടന്ന രണ്ട് കോർപ്പറേഷൻ ഡിവിഷനുകളും ഒരു മുനിസിപ്പൽ വാർഡും യുഡിഎഫ് നേടി. എൽഡിഎഫ് രണ്ട് മുനിസിപ്പൽ വാർഡുകളാണ് സ്വന്തമാക്കിയത്. രണ്ട് ജില്ലാപഞ്ചായത്ത് വാർഡുകൾ എൽഡിഎഫും ഒരു ജില്ലാപഞ്ചായത്ത് വാർഡ് യുഡിഎഫും നേടി. ഒൻപത് ഗ്രാമപഞ്ചായത്ത് വാർഡുകളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും എൽഡിഎഫ് കൈപിടിയിലൊതുക്കിയപ്പോൾ 13 ഗ്രാമപഞ്ചായത്ത് വാർഡുകളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും യുഡിഎഫും നേടി.
തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന അട്ടിമറികൾ
തൃക്കൊടിത്താനം ഡിവിഷനു പുറമേ ഉപതെരഞ്ഞെടുപ്പ് മറ്റു ശ്രദ്ധേയ അട്ടിമറികൾക്കും വേദിയായി. ചിറ്റൂർ – തത്തമംഗലം നഗരസഭയിൽ കോൺഗ്രസിലെ സുമേഷ് അച്യുതൻ എംഎൽഎ വിജയിച്ച വാർഡ്, വി തുളസീധരനിലൂടെ എൽഡിഎഫ് തിരിച്ചുപിടിച്ചു. എൽഡിഎഫും യുഡിഎഫും 433 വീതം വോട്ട് നേടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് തുളസീധരൻ വിജയം ഉറപ്പിച്ചത്. അവിടെ പരാജയപ്പെട്ടത്, സുമേഷ് അച്യുതന്റെ പിതൃസഹോദരൻ കെ. മധുവാണ്. സുമേഷ് അച്യൂതൻ 185 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ചെയർമാനായ വാർഡിലാണ് യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
ചിറയിന്‍കീഴ് നിയമസഭാ മണ്ഡല പരിധിയില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. 395 വോട്ടിന് എൽഡിഎഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണ് അവിടെ ജയിച്ചത്. 593 വോട്ടിന് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച സീറ്റാണിത്. ചിറയിന്‍കീഴ് നിയമസഭ മണ്ഡലത്തിന് കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും ഇത്തവണ യുഡിഎഫിന് നഷ്ടമായി. അവിടെ എൽഡിഎഫിലെ രമ്യ തുളസിക്ക് 440 വോട്ടും യുഡിഎഫിലെ അജന്ത ഷിജിക്ക് 301 വോട്ടുമാണ് ലഭിച്ചത്. രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കൈയാങ്കളി കോണ്‍ഗ്രസിന് വലിയ തലവേദനയായിരുന്നു. കെപിസിസി നേതൃത്വം ഇടപെട്ട് എംഎല്‍എയ്ക്കുള്‍പ്പെടെ താക്കീത് നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. എന്നാല്‍, പ്രദേശിക തലത്തില്‍ പാര്‍ട്ടിയിലെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി ജയങ്ങൾ
എൽഡിഎഫിന്റെ ശക്തികേന്ദ്രമായ ചേലക്കരയിൽ യുഡിഎഫ് അട്ടിമറി വിജയം നേടിയതും ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ ഫലമായിരുന്നു. ഏറെ നാളായി എൽഡിഎഫ് കുത്തകയാക്കിവെച്ചിരുന്ന ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല വാർഡ് പിടിച്ചെടുത്തതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ യുഡിഎഫിന് മുതൽക്കൂട്ടായ ഏറ്റവും വലിയ അട്ടിമറി. ചേലക്കരയിൽ വർഷങ്ങളായി എൽഡിഎഫിന് വലിയ പ്രാതിനിധ്യമുള്ള ഒരു സ്ഥലം കൂടിയാണ് കുറുമല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ എൽഡിഎഫിന് വലിയ വിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്ന സ്ഥലത്താണ് ഇപ്പോൾ തിരിച്ചടി നേരിട്ടത്.
ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുറുമലയിലെ വിജയം യുഡിഎഫിന് ഇരട്ടിമധുരമാണ് സമ്മാനിച്ചത്. ഇടുക്കി മുട്ടം പഞ്ചായത്തിലെ തുടങ്ങനാട് വാർഡിൽ യുഡിഎഫിന്റെ എൽസമ്മ ടോം എടേട്ട് 188 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ രാഗം കോർണർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പി. ഗിരീശൻ 48 വോട്ടിന് അട്ടിമറിവിജയം സ്വന്തമാക്കി. പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ വല്ലോക്കുന്ന് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി രാധാമണിയമ്മ വെറും രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി.
മുസ്ലീംലീഗ് പ്രഭാവം മങ്ങി കുറ്റിച്ചിറ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാത്തിമ തഹ്ലിയ ഉജ്വലവിജയം നേടിയപ്പോൾ ഒഴിഞ്ഞ കുറ്റിച്ചിറ വാർഡിൽ യുഡിഎഫ് നേടിയതാകട്ടെ നിറംകെട്ട ജയം. യുഡിഎഫ് സ്ഥാനാർഥി ഫർസീന അറക്കലിന്റെ ഭൂരിപക്ഷം 436ലേക്ക് ചുരുങ്ങി. ഫാത്തിമ തഹ്ലിയ 2272 വോട്ടിന് വിജയിച്ച വാർഡാണിത്.
മലപ്പുറം മങ്കടയിൽ മുസ്ലീം ലീഗ് - വെൽഫെയർ പാർട്ടി സഖ്യ സ്ഥാനാർഥി റസിയയെ അട്ടിമറിച്ച സിപിഐയുടെ പാത്തൂട്ടി റഹ്മാന്റെ വിജയവും വർക്കല ഒറ്റൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. ബീനയുടെ വിജയവും ശ്രദ്ധേയമായിരുന്നു. കോട്ടയം പാമ്പാടി ഗ്രാമപഞ്ചായത്തിലെ കുമ്പന്താനം വാർഡിൽ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാർഥി സണ്ണി വർഗീസ് 66 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവിടെ വിജയിച്ചത്. കണ്ണൂരിൽ പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാർഡും യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു. 65 വോട്ടിനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി കെ.വി. രതീഷിന്റെ ജയം.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ മുന്നണികൾ
കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തിയ പല സിറ്റിങ് സീറ്റുകളിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും ചിലയിടങ്ങളിൽ തോൽവി നേരിട്ടതും മുന്നണിയിലും മുസ്ലീം ലീഗിലും ഗൗരവമായ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെ ലീഗ് കോട്ടയായ കുറ്റിച്ചിറ വാർഡിൽ കഴിഞ്ഞ തവണ 2,200-ലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 436 ആയാണ് കുറഞ്ഞത്. കൊച്ചി അയ്യപ്പൻകാവിലും ഭൂരിപക്ഷം പകുതിയോളമായി ഇടിഞ്ഞിട്ടുണ്ട്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന ഭരണത്തിന്റെ പൂർണ വിലയിരുത്തലായി കണക്കാക്കാനാവില്ലെങ്കിലും, ഭരണമാറ്റത്തിനു ശേഷമുള്ള ആദ്യ ജനവിധി എന്ന നിലയിൽ ശ്രദ്ധേയമായ ചില സൂചനകൾ നൽകിയിട്ടുണ്ട്. യുഡിഎഫ് മൊത്തത്തിൽ മുൻപന്തിയിലെത്തിയെങ്കിലും സിറ്റിങ് സീറ്റുകളിലെ ഭൂരിപക്ഷ ഇടിവും ചില പ്രധാന അട്ടിമറി തോൽവികളും മുന്നണിക്കും മുസ്ലീം ലീഗിനും ആശങ്ക സൃഷ്ടിച്ചുകഴിഞ്ഞു. അതേസമയം തൃക്കൊടിത്താനം ഉൾപ്പെടെ സീറ്റുകളിൽ എൽഡിഎഫ് നേടിയ മേൽക്കൈ ഇടതുപക്ഷത്തിന് ആത്മവിശ്വാസവും നൽകിയിട്ടുണ്ട്. യുഡിഎഫ് നേതൃത്വം വോട്ട് ചോർച്ചയും ഭൂരിപക്ഷക്കുറവും വിശദമായി പരിശോധിക്കുമെന്നും, എൽഡിഎഫ് ഈ ഫലങ്ങളെ വിശകലനം ചെയത് സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുമുണ്ട്.