പാർട്ടിയെ അടിമുടി ഉടച്ചുവാർക്കാനും സംഘടനാപരമായ പോരായ്മകൾ പരിഹരിക്കാനുമായുള്ള തിരുത്തൽ രൂപരേഖ തയ്യാറാക്കാനായി സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് തുടങ്ങിയിരിക്കുന്നു. പാർട്ടിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. അത് തിരുത്തുകയും ജനവിശ്വാസം തിരിച്ചുപിടിക്കുകയും വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചത് തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന സൂചന തന്നെയാണ് നൽകുന്നത്. നേതൃമാറ്റ ചർച്ചകളോ, വ്യക്തി കേന്ദ്രീകൃത വിമർശനങ്ങളോ ഉണ്ടാകുമെന്ന് പ്രതീക്ഷ ഇല്ലെങ്കിലും യോഗത്തിൽ നേതാക്കളുടെ ആർഭാടവും സ്ഥാനമോഹവും പാർട്ടിക്ക് സംഭവിച്ച അപചയവും ഉൾപ്പെടെ നിർണായക ചർച്ചകൾ നടക്കുമെന്നുറപ്പാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ വിഷയമാണ് ഇന്നത്തെ സ്പോട്ട് ലൈറ്റ് വിശകലനം ചെയ്യുന്നത്. തിരുത്തുമോ അതോ തുടരുമോ?
തിരുത്തുമോ അതോ തുടരുമോ?
തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി മറികടന്ന് ജനവിശ്വാസവും പാർട്ടി സ്വാധീനവും തിരിച്ചുപിടിക്കുമെന്ന് സിപിഐഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ ബേബി എടുത്തുപറയുന്നുണ്ട്. ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായ വ്യാജ പ്രതീതി നിർമ്മാണത്തെ പ്രതിരോധിക്കുന്നതിൽ സിപിഐഎം പരാജയപ്പെട്ടു. വ്യക്തമായി മറുപടി പറഞ്ഞ് പ്രതിരോധിക്കാൻ പോലും പാർട്ടിക്കായില്ല. പ്രതീതി നിർമ്മാണത്തിന്റെ കാലത്ത് ഇക്കാര്യങ്ങളിൽ മറുപടി പറഞ്ഞില്ലെങ്കിൽ കുറച്ച് പേരെങ്കിലും ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കും.കമ്മ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കാൻ കഴിയുന്നുണ്ടോ എന്ന് സഖാക്കൾ പരിശോധിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. തുടർന്നാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോർട്ട് അവതരിപ്പിച്ചത്. ബ്രാഞ്ച് തലം മുതൽ താഴെത്തട്ടിൽ നടത്തിയ ചർച്ചകളിൽ നിന്നും വാട്സാപ്പ്, ഇ-മെയിൽ വഴി പൊതുജനങ്ങളിൽ നിന്നും വർഗ-ബഹുജന സംഘടനകളിൽ നിന്നുമായി ലഭിച്ച ഇരുപതിനായിരത്തിലേറെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.
വ്യക്തികേന്ദ്രീകൃത വിഭാഗീയതയിലേക്ക് വഴിമാറാതിരിക്കാൻ ശ്രമം
സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ അപൂർവമാണ് ഇത്തരത്തിൽ ഉള്ള വിശാല സംസ്ഥാന സമിതി യോഗം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് സിപിഎമ്മിനെ മുന്നോട്ടു നയിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉരുത്തിരിയുന്നത്. കൃത്യമായ ഇടവേളകളിൽ സിപിഎമ്മിൽ ബ്രാഞ്ച് മുതൽ പാർട്ടി കോൺഗ്രസ് വരെ നീളുന്ന സമ്മേളനങ്ങളിൽ നിന്ന് ഭിന്നമായാണ് വിശാല സംസ്ഥാന സമിതി ചേരുന്നത്. ഇതിനു പകരമായി വിവിധ കീഴ്ഘടകങ്ങളിൽ നിന്നുളള അഭിപ്രായം സ്വരൂപിച്ച് അതിൽ നിന്ന് പാർട്ടിയുടെ പ്രകടനവും തുടർനടപടികളും തീരുമാനിക്കുന്ന രീതിയാണ് ഇത്തവണത്തേത്. വിശാല സംസ്ഥാന സമിതിക്കു ശേഷം ജില്ലകൾ തോറും രണ്ടു ദിവസത്തെ വിശാല ജില്ലാ സമിതി യോഗം ചേർന്ന് നടപടികൾ തീരുമാനം കീഴ്ഘടകങ്ങളെ അറിയിക്കും. ജില്ലാ സമിതികൾക്ക് ശേഷം ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്കും വിശാല സമിതി കൈക്കൊണ്ട തീരുമാനങ്ങൾ പങ്കുവയ്ക്കും.
67 സീറ്റിൽ നിന്ന് 26 സീറ്റുകളിലേക്ക് പാർട്ടി കൂപ്പുകുത്തിയത് മുൻകാലങ്ങളിലെ പരാജയങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയാത്ത വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണെന്ന് പാർട്ടി നേതൃത്വം അംഗീകരിച്ചുതന്നെയാണ് യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത്. പാർട്ടിക്ക് അകത്ത് പ്രകടമല്ലാത്ത രീതിയിൽ തിരുത്തൽ വാദവും ഔദ്യോഗിക പക്ഷവും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. തെറ്റ് പറ്റിയത് പാർട്ടിക്കോ ജനങ്ങൾക്കോ എന്നത് സംബന്ധിച്ച് വിവാദം പാർട്ടിക്കുള്ളിൽ തർക്ക വിഷയമായി തുടരുന്നതിനിടെ തെറ്റുതിരുത്തൽ ചർച്ചകൾ വ്യക്തികേന്ദ്രീകൃത വിഭാഗീയതയിലേക്ക് വഴിമാറാതിരിക്കാൻ നേതൃത്വം ശ്രദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയം ജനങ്ങളുടെ ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന തോമസ് ഐസക്കിന്റെ പരസ്യമായ നിലപാടും, തുടർഭരണത്തിൽ പാർട്ടിയിൽ അലസത സംഭവിച്ചെന്ന കെ.കെ. ശൈലജയുടെ തുറന്നുപറച്ചിലുകളും പാർട്ടിക്ക് അകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ഭരണത്തുടർച്ച പാർട്ടിയിൽ അലസതക്ക് കാരണമായെന്ന് റിപ്പോർട്ട്
പത്തുവർഷത്തെ ഭരണത്തുടർച്ച പാർട്ടിയിൽ അലസതക്ക് കാരണമായെന്നും, ജനങ്ങളെ കേൾക്കാൻ ഭൂരിഭാഗം പേരും തയ്യാറായില്ലെന്നും സമിതി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. നിലവിലെ പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും സമീപകാലത്ത് അംഗത്വമെടുത്തവരാണെന്നിരിക്കെ, പാർട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങളിലെത്തിക്കുന്നതിൽ ഇവർ പരാജയപ്പെട്ടു. പാർലമെന്ററി സ്ഥാനമാനങ്ങൾക്കായുള്ള മോഹവും ആഡംബര ജീവിതശൈലിയും കേഡർമാരുടെ ഇടയിൽ വളർന്നത് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റി. ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിന്റെ നിയന്ത്രണത്തിൽ കേരളത്തിൽ ബി.ജെ.പി ഒരു പ്രബല രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുന്നത് മതേതര രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പാർട്ടിയും ജനങ്ങളും തമ്മിൽ വലിയ അകൽച്ചയുണ്ട്. കേഡർമാരിൽ വലിയവിഭാഗം പ്രവർത്തനരംഗത്തില്ല. സംഘടനാശേഷി വീണ്ടെടുക്കാനും തെറ്റുകൾ തിരുത്താനും ഇനി മടിച്ചുനിന്നാൽ ജനങ്ങൾ കൂടുതലായി പാർട്ടിയെ ഉപേക്ഷിച്ചു പോകുമെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനായി വിശാല സംസ്ഥാന സമിതിയിൽ തിരുത്തൽ രേഖ അവതരിപ്പിച്ചിട്ടുണ്ട്. ജനങ്ങളുമായുള്ള ബന്ധം പാർട്ടിയും നേതാക്കളും കൂടുതൽ ദൃഡമാക്കണം, നേതാക്കൾ വിനയത്തോടെ പെരുമാറണം, യുവാക്കളെ ആകർഷിക്കണം, വർഗ ബഹുജന സംഘടനകളുടെ ദൗർബല്യം പരിഹരിക്കണം, മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം, കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും സജീവമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഇതിലുള്ളത്. സംഘടനാപരമായ ദൗർബല്യം പരിഹരിക്കൽ, രാഷ്ട്രീയമായ പ്രവർത്തനം ശക്തിപ്പെടുത്തൽ , പ്രത്യയശാസ്ത്ര ബോധം വളർത്തൽ, ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കൽ എന്നിവയിലൂന്നിയുള്ള തിരുത്തൽ നടപടികളും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
നേതൃമാറ്റം വിഷയമായേക്കില്ല
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ സിപിഐഎം താഴേത്തട്ടിൽ ചർച്ചകൾ നടത്തിയിരുന്നു. ‘എന്തും തുറന്നുപറയാം’ എന്ന നേതൃത്വത്തിന്റെ ആശീർവാദത്തോടെ നടന്ന ലോക്കൽ, ഏരിയ തലത്തിലുള്ള ചർച്ചകളിലെല്ലാം എം.വി. ഗോവിന്ദനും പിണറായി വിജയനും എതിരെ പാർട്ടി അണികൾ ആഞ്ഞടിച്ചിരുന്നു. അവർ തങ്ങളുടെ രോഷം പരസ്യമായി പങ്കുവച്ചു. ഘടകങ്ങളിൽ സ്വയംവിമർശനം ശക്തമായി ഉന്നയിക്കപ്പെടണം എന്ന് തന്നെയാണ് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. അതേസമയം വിശാല സംസ്ഥാന സമ്മേളനത്തിൽ നേതൃമാറ്റം സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടാകാനിടയില്ല. പോഷക സംഘടനകളുടെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന സമ്മേളനത്തിന് അങ്ങനെയൊരു തീരുമാനമെടുക്കാൻ അധികാരമില്ല. ഈ സമ്മേളനത്തിലെ വികാരം മാനിച്ച് ആവശ്യം വന്നാൽ കേന്ദ്രകമ്മിറ്റിക്ക് വേണമെങ്കിൽ ചില തീരുമാനങ്ങൾ എടുക്കാനുമാകും. അതേസമയം, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.ഐഎം. വിളിച്ചുചേർത്ത വിശാല സംസ്ഥാനസമിതി യോഗത്തിലെ ചർച്ചയിൽ സംസ്ഥാനസമിതി അംഗങ്ങൾക്ക് പങ്കെടുക്കാനായില്ല. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയ തിരുത്തൽകൂടി വരുത്തിയാണ് റിപ്പോർട്ട് അന്തിമമാക്കിയത്. ഇതോടെ, റിപ്പോർട്ട്, സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടായിമാറി. ഒരു ഘടകം അംഗീകരിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അതേ ഘടകത്തിലുള്ളവർ മറ്റൊരുയോഗത്തിൽ അഭിപ്രായംപറയുന്ന രീതി സി.പി ഐ.എമ്മിനില്ല. ഇതിനാലാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാനാവാഞ്ഞത്.
സിപിഐഎമ്മിന് നിർണായകം
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎമ്മിന്റെ നിർണായക ശ്രമമാണ് കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗം. വ്യക്തികേന്ദ്രീകൃത വിഭാഗീയതകളിലേക്ക് വഴിമാറാതെ, സംഘടനാപരമായ പോരായ്മകളും പ്രത്യയശാസ്ത്രപരമായ വ്യതിചലനങ്ങളും തിരുത്തി ജനവിശ്വാസം വീണ്ടെടുക്കുക എന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. താഴെത്തട്ടിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ തിരുത്തൽ രേഖയിലൂടെ ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ പാർട്ടിക്ക് സാധിക്കുമോ എന്നത് വരുംകാല രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിർണായക ചോദ്യമാണ്. ഇതോടുകൂടി ഇന്നത്തെ സ്പോട്ട്ലൈറ്റ് സമാപിക്കുന്നു.നാളെ മറ്റൊരു വിഷയവുമായി എത്താം.