

പശ്ചിമേഷ്യയിലെ യുദ്ധക്കരിനിഴൽ ഗൾഫ് മേഖലയെയും ചെങ്കടൽ പാതകളെയും കൂടുതൽ അസ്ഥിരമാക്കുന്ന നിർണായക വഴിതിരിവിലൂടെയാണ് കടന്നുപോകുന്നത്. യമനിലെ ഹൂതികൾ ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതും, അതിനിടെ ഇറാഖിൽ നിന്നും തൊടുത്തുവിട്ട ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യ തങ്ങളുടെ തന്ത്രപ്രധാനമായ കിഴക്ക്-പടിഞ്ഞാറൻ എണ്ണ പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ചുപൂട്ടിയതും അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂതികൾ ആധിപത്യം ഉറപ്പിച്ചത് ഇന്ത്യൻ കയറ്റുമതി-ഇറക്കുമതി മേഖലക്ക് കനത്ത തിരിച്ചടിയാണ്. ബഹ്‌റൈനിലെയും ജോർദാനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളും സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഈ അസ്ഥിരമായ പശ്ചിമേഷ്യൻ സമകാലിക സാഹചര്യമാണ് ഇന്ന് സ്പോട്ട്ലൈറ്റ് വിഷയമാക്കുന്നതും. ചെങ്കടലിലെ ഹുതി വിജയത്തിന്റെ ആഘാതമെന്ത്?
തന്ത്രപ്രധാന ചരക്കുപാതകളുള്ള ചെങ്കടൽമേഖല പ്രക്ഷുബ്ധമാകുന്നത് ലോകത്തിന്റെ ചങ്കിടിപ്പ് ഉയർത്തുന്നുണ്ട്. ആഗോള സമുദ്രവ്യാപാരത്തെ സ്തംഭിപ്പിച്ചു കൊണ്ട് ചെങ്കടലിലെ അതീവ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന്റെയും പെരിം ദ്വീപിന്റെയും നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ പിടിച്ചെടുത്തത് പശ്ചിമേഷ്യയിൽ കനത്ത യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ എണ്ണയും ചരക്കുകളും ഉൾപ്പെടെയുള്ള മൊത്തം വ്യാപാരത്തിന്റെ 12 ശതമാനത്തോളം കടന്നുപോകുന്ന ഈ നിർണ്ണായക പാത സ്വന്തമാക്കിയതിലൂടെ, ഹോർമുസ് കടലിടുക്കിന് പുറമെ മിഡിൽ ഈസ്റ്റിലെ മറ്റൊരു പ്രധാന സമുദ്ര പാതയുടെ നിയന്ത്രണം സ്വന്തം വരുതിയിലാക്കാൻ ഇറാനും ഹൂതികൾക്കും സാധിച്ചിരിക്കുന്നു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്ക് ബദലായി ഗൾഫ് രാജ്യങ്ങൾ പ്രത്യേകിച്ച് സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി പരമ്പരാഗതമായി ആശ്രയിച്ചിരുന്ന സുപ്രധാന സമുദ്രപാതയാണ് ചെങ്കടലിലെ ബാബ് അൽ-മന്ദബ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് തടസ്സങ്ങൾ നേരിടുമ്പോൾ, സൗദി അറേബ്യയുടെ കിഴക്കൻ എണ്ണപ്പാടങ്ങളിൽ നിന്ന് ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിച്ച് അവിടം വഴി യൂറോപ്പിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും ചരക്കുകളും എണ്ണയും അയച്ചിരുന്നത് ഈ പാതയിലൂടെയാണ്. എന്നാൽ നിലവിൽ ഹൂതികൾ ഈ ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ ആ ബദൽ മാർഗ്ഗവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ചെങ്കടലിലെ ഹുദൈദ തുറമുഖം, യമന്‍ തലസ്ഥാനമായ സനാ, സനാദ തുടങ്ങി യമന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ബാബ് അല്‍ മന്ദബിനോട് ചേര്‍ന്നുള്ള ഏദന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സഊദി അനുകൂല സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലാണ്...മോഖ പിടിച്ചെടുത്തതോടെ ഹൂതികൾ തന്ത്രപ്രധാന ചരക്കുപാതയായ ബാബ് എൽ മാൻഡബ് കടലിടക്കിന് 80 കിലോമീറ്റർ അടുത്തെത്തിക്കഴിഞ്ഞു. യെമെൻ തീരത്തുനിന്ന് 3.5 കിലോമീറ്റർ അകലെയുള്ള പെരിം ദ്വീപും അതിന് അഭിമുഖമായുള്ള ദുബായ് തീരനഗരവും ഹൂതികൾ വരുതിയിലാക്കിയിട്ടുണ്ട്.
ഇതോടെ 2022ൽ വെടിനിർത്തലും ഉണ്ടായതോടെ വലിയതോതിൽ ശമിച്ചിരുന്ന യെമെനിലെ ആഭ്യന്തര യുദ്ധം വീണ്ടും ശക്തമാവുകയാണ്. അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ യെമനിലെ 40 ദശലക്ഷം ജനങ്ങളെയാണ് ഇത് ബാധിക്കുക. 2014 മുതൽ അന്താരാഷ്ട്ര പിന്തുണയുള്ള യെമെൻ സർക്കാരും ഹൂതി വിമതരും യുദ്ധത്തിലാണ്. ഹൂതികൾ രാജ്യത്തിന്റെ വടക്കും മധ്യഭാഗങ്ങളിലുമുള്ള വലിയ പ്രദേശങ്ങളും പിടിച്ചെടുത്തതിനെത്തുടർന്ന് 2015ൽ സൗദി യെമൻ സർക്കാരിനെ പിന്തുണച്ച് യുദ്ധത്തിൽ ഇടപെട്ടു. ആഭ്യന്തര യുദ്ധത്തിൽ 1.5 ലക്ഷം പേർ കൊല്ലപ്പെട്ടിരുന്നു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പിന്നാലെ ബാബ് അൽ-മന്ദെബിൽ ഉണ്ടായ ഈ പുതിയ സുരക്ഷാ ഭീഷണി ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. സൂയസ് കനാൽ വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പടിഞ്ഞാറൻ കവാടമാണ് ഈ ജലപാത. ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും ഈ വഴിയിലൂടെയാണ് നടക്കുന്നത്. എണ്ണ, ഡീസൽ, മരുന്നുകൾ, യന്ത്രങ്ങൾ തുടങ്ങിയ നിർണായക ചരക്കുകളുടെ നീക്കം ഇപ്പോൾ ഹൂതികളുടെ മിസൈൽ-ഡ്രോൺ ഭീഷണിക്ക് കീഴിലാണ്.
സ്ട്രെയിറ്റ് ഓഫ് ഹോർമുസ് തടസ്സപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയും ഈ മാർഗ്ഗത്തെ ആശ്രയിക്കുന്നതിനാൽ ആഗോള ഊർജ വിപണിയും കൂടുതൽ അസ്ഥിരമായിട്ടുണ്ട്. ഇവിടെ ഗതാഗതം തടസ്സപ്പെടുകയോ കപ്പലുകൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയോ ചെയ്താൽ ഇന്ത്യൻ കയറ്റുമതി-ഇറക്കുമതി വ്യാപാരികളുടെ യാത്രാസമയവും ചരക്കുകൂലിയും ഇൻഷുറൻസ് ചെലവുകളും കുതിച്ചുയരും. സുരക്ഷിതത്വം മുൻനിർത്തി ചെങ്കടൽ പാത ഒഴിവാക്കുന്ന കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള ദീർഘദൂര പാത തിരഞ്ഞെടുക്കേണ്ടി വരുന്നത് രാജ്യത്തിന്റെ വിദേശവ്യാപാരത്തെ തകിടം മറിക്കും.
യൂറോപ്പിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന പ്രധാന രാജ്യമായതിനാൽ, ഈ പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയൊരു പ്രഹരമായി മാറും. ഹോർമുസ് കടലിടുക്കും ബാബ് അൽ-മന്ദെബും ഒരേസമയം സമ്മർദ്ദത്തിലായാൽ ആഗോള ഊർജ്ജ-ഷിപ്പിംഗ് മേഖല അഭൂതപൂർവമായ ഒരു ഇരട്ടക്കുരുക്കിലാണ് അകപ്പെടുക. അതിനാലാണ് ഹൂതികളുടെ ഈ മുന്നേറ്റം ഇന്ത്യയുടെ വ്യാപാര-ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന തന്ത്രപ്രധാന സംഭവവികാസമായി മാറുന്നത്. ചരക്കുനീക്കം പൂർണ്ണമായി ഹൂതികളുടെ കൈയിലേക്ക് വന്നിട്ടില്ലെങ്കിലും, അപകടസാധ്യത മുന്നിൽകണ്ട്, പല കപ്പലുകളും ഇതിനകം റൂട്ട് മാറ്റുകയോ ജാഗ്രത പുലർത്തുകയോ ചെയ്യുന്നുണ്ട്. യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷനും ഇന്ത്യയുടെ ഷിപ്പിംഗ് ഡയറക്ടറേറ്റും റെഡ് സീ-ബാബ് അൽ-മൻഡബ് മേഖലയിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കപ്പലുകൾക്കും സീഫറർമാർക്കും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ്.
സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. റിയാദ്, മദീന മേഖലകളിലാണ് വ്യാഴാഴ്ച മുതൽ ആക്രമണങ്ങളുണ്ടായത്. ഇറാഖിൽനിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാഖും ഇറാനും തമ്മിലുള്ള ശലാംചെ അതിർത്തി താൽക്കാലികമായി അടച്ചുപൂട്ടാൻ ഇറാഖ് ഉത്തരവിട്ടിട്ടുണ്ട്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖ് എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടൽ തുറമുഖമായ യാൻബുവിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന 750 മൈൽ നീളമുള്ള പ്രധാന പാതയാണിത്. പ്രതിദിനം 50 ലക്ഷം മുതൽ 70 ലക്ഷം ബാരൽവരെ എണ്ണ കൊണ്ടുപോകാൻ ശേഷിയുള്ള പൈപ്പ്‌ലൈൻ.. ഹൂതികളുടെ മുന്നേറ്റം സൗദി അറേബ്യയുടെ ഈ എണ്ണക്കയറ്റുമതിയെ ആണ് കൂടുതൽ സമ്മർദ്ദത്തിലാക്കുക.
ഇതിനിടെ ഗൈഡഡ് മിസൈലുകൾ, ജൈവായുധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി ഹൂതികളും റഷ്യയിലെയും ഇറാനിലെയും ഉപയോക്താക്കളും ആന്ത്രോപിക്കിന്റെ 'ക്ലോഡ്' ചാറ്റ്‌ബോട്ട് വ്യാപകമായി ദുരുപയോഗം ചെയ്തതായുള്ള കമ്പനിയുടെ വെളിപ്പെടുത്തലും പുറത്തുവരുന്നുണ്ട്. യുഎസിന്റെ ശത്രുക്കളെ സഹായിക്കാൻ ഈ എഐ മോഡൽ ഉപയോഗിക്കപ്പെട്ടുവെന്ന കണ്ടെത്തൽ അമേരിക്കൻ പ്രതിരോധ മേഖലയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് ശേഷം അമേരിക്കയുമായുള്ള ഏത് ചർച്ചകളിലും ഇറാനു കൂടുതൽ വിലപേശൽ ശേഷി നൽകുന്നതാണ് യെമനിലെ പുതിയ സംഭവവികാസങ്ങൾ. യെമൻ്റെ പരമാധികാരത്തെ മാനിക്കണമെന്നും ഉപരോധത്തിലൂടെയോ സൈനിക സഖ്യങ്ങളിലൂടെയോ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. ചർച്ചകൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ തയാറാണെന്നും ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒമാൻ ഗൾഫ് രാജ്യങ്ങളുടെ യോഗം വിളിച്ചുചേർക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
സൗദി അറേബ്യൻ പ്രദേശത്തിന് നേരെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മക്ക പ്രതിരോധ കരാർ പ്രാബല്യത്തിൽ വരുമെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അനക്കമുണ്ടായില്ല. തുർക്കി, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാറാണ് മക്ക ഉടമ്പടി. പാകിസ്താൻ ഹൂതികൾക്കു നേരെ ആക്രമണം നടത്തിയേക്കുമെന്ന് തുർക്കി മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഹോർമുസ്, ചെങ്കടൽ ജലപാതകളിലെ ഈ അസ്ഥിരത ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിപണിയെയും താറുമാറാക്കാൻ പോന്ന ഒന്നാണെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ഈ പ്രതിസന്ധി എണ്ണ വിപണിയിൽ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു. രാജ്യാന്തര വില വർധന ഇറക്കുമതി ചെലവിനെയും വിദേശനാണ്യ ശേഖരത്തെയും ബാധിക്കും. എണ്ണക്കമ്പനികൾ വീണ്ടും വിലവർധിപ്പിക്കാൻ ഒരുങ്ങുകയാണ് എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. പ്രതിസന്ധിക്ക് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ ഇനി വൈകിക്കൂടാ..…അതിനുള്ള ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഇന്നത്തെ സ്പോട്ട്ലൈറ്റ് സമാപിക്കുന്നു.