കൊച്ചി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ താരങ്ങളും വളർന്നു വരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ സൈനിംഗുകളും ഉൾപ്പെടുന്നതാണ് പ്രഖ്യാപിച്ച ഈ സീസണിലെ സ്ക്വാഡ്.
ഡിഫൻഡൻ ബികാശ് യുംനം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ക്യാപ്റ്റനാകുമെന്ന് ക്ലബ്ബ് വൃത്തങ്ങൾ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ബികാഷ് കളിക്കാത്ത മത്സരങ്ങളിൽ മിഡ് ഫീൽഡർ ഡാനിഷ് ഫാറൂഖി ടീമിനെ നയിക്കുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു.
ഓരോ പൊസിഷനിലും മികച്ച പോരാട്ടം ഉറപ്പാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ വരുത്തിയിട്ടുള്ളത്. ഹെഡ് കോച്ച് ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ ഒരേ ലക്ഷ്യത്തോടെ മുന്നേറാൻ ശേഷിയുള്ള ഒരു സംഘത്തെയാണ് ക്ലബ്ബ് അണിനിരത്തുന്നത്.
സച്ചിൻ സുരേഷും അർഷ് ഷെയ്ഖും നയിക്കുന്ന ഗോൾകീപ്പിംഗ് വിഭാഗം ടീമിന് കരുത്താകുമ്പോൾ, പ്രതിരോധ നിരയിൽ വിദേശ താരം ഉമർ ബാഹിൻ്റെ അനുഭവസമ്പത്തും, ഇന്ത്യയുടെ അണ്ടർ 23 ക്യാപ്റ്റൻ ബികാഷ് യുംനമിൻ്റെ നേതൃപാടവവും ബ്ലാസ്റ്റേഴ്സിന് പുതിയ സീസണിന് മുന്നോടിയായി ആത്മവിശ്വാസം നൽകുന്നുണ്ട്.
പ്രതിരോധ നിരയിലെ കരുത്തനായ യുംനം 2025 ജനുവരി 19നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. നേരത്തെ ചെന്നൈയിനായി കളിച്ചിട്ടുള്ള താരമാണ് യുംനം. ഇത്തവണ ബ്ലാസ്റ്റേഴ്സിൻ്റെ പ്രതിരോധ നിരയിൽ യുംനത്തിന് നിർണായക സ്ഥാനമുണ്ടാകും എന്നുറപ്പാണ്. മധ്യനിരയിൽ കളി നിയന്ത്രിക്കാനും ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാനും മർലോൺ റൂസ്, വിബിൻ മോഹനൻ എന്നിവർക്ക് പ്രധാന ചുമതലയുണ്ട്.
മുന്നേറ്റ നിരയിൽ വിക്ടർ ബെർട്ടോമിയുവും കെവിൻ യോക്കും എത്തുന്നതോടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തന്ത്രങ്ങൾ മാറ്റാൻ പരിശീലകർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കും. നിലവിലെ ഇന്ത്യൻ ഫുട്ബോൾ സാഹചര്യങ്ങളിൽ മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നതോടൊപ്പം, താരങ്ങളുടെ വളർച്ചയ്ക്കും ടീമിനുള്ളിലെ ഒത്തൊരുമയ്ക്കും മുൻഗണന നൽകിയാണ് സ്ക്വാഡ് തയ്യാറാക്കിയിരിക്കുന്നത്.
സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, അൽസാബിത്ത് സുലൈമാൻ
നവോച്ച സിംഗ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിംഗ്, മുഹമ്മദ് സഹീഫ്, ബികാഷ് യുംനം, സുമിത് ശർമ്മ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്.
വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവമ, എബിനാസ് യേശുദാസൻ, സലാഹുദ്ദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ.
കൊറൗ സിംഗ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, ശ്രീകുട്ടൻ എം.എസ്, വിക്ടർ ബെർട്ടോമിയു, കെവിൻ യോക്ക്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എഐഎഫ്എഫ് നൽകിയ ദീർഘകാല നിർദേശത്തിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് വരുമാനത്തിൻ്റെ 50 ശതമാനം വിഹിതവും, വാണിജ്യ പങ്കാളിക്ക് 30 ശതമാനവും, എഐഎഫ്എഫിന് 10 ശതമാനവും, ബാക്കി 10 ശതമാനം ലെഗസി ക്ലബ്ബുകൾക്കും ലീഗിലെ തങ്ങളുടെ ഓഹരികളിൽ കൂടുതൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ആയിരിക്കും.
2025–26 സീസണിനായി 24.26 കോടി രൂപയാണ് എഐഎഫ്എഫ് കണക്കാക്കുന്ന ബജറ്റ്. ലീഗ് നടത്തിപ്പിനായി 25 കോടി രൂപയുടെ പ്രത്യേക ഫണ്ടും എഐഎഫ്എഫ് വകയിരുത്തി. ഇതിൽ 10 ശതമാനം തുക എഐഎഫ്എഫ് നൽകും. ക്ലബ്ബുകൾക്ക് അവരുടെ ഫ്രാഞ്ചൈസി ഫീസായ ഒരു കോടി രൂപ അടയ്ക്കാൻ ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ വാടക ഉൾപ്പെടെ സീസണിലെ ചെലവുകൾ പരമാവധി കുറയ്ക്കാൻ ഫെഡറേഷൻ എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഐഎസ്എല്ലിൻ്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ 10 കോടി രൂപയാണ് ചെലവഴിക്കുക. ഇതിന് പുറമെ പങ്കെടുക്കുന്ന ഓരോ ക്ലബ്ബുകളും ഫ്രാഞ്ചൈസി ഫീസായി ഒരു കോടി രൂപ വീതം ഫെഡറേഷന് നല്‍കണം. ഈ തുകയും ചേര്‍ത്ത് 24 കോടി രൂപയാകും ലീഗിന്‍റെ ആകെ നടത്തിപ്പിനായി ഫെഡറേഷന്‍ ചെലവഴിക്കുക. ഫെഡറേഷന്‍ ചെലവഴിക്കുന്ന 10 കോടി രൂപയില്‍ ഭൂരിഭാഗവും സ്പോണ്‍സര്‍മാരില്‍ നിന്ന് കണ്ടെത്താനാണ് നീക്കം. ഇതോടെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയുമെന്നാണ് എഐഎഫ്എഫിൻ്റെ പ്രതീക്ഷ. ഐഎസ്എല്ലിനൊപ്പം തന്നെ 55 മത്സരങ്ങളുളള ഐ ലീഗും നടക്കും. 11 ക്ലബുകളാണ് ഐ ലീഗിൽ ഉണ്ടാവുക. ഐ ലീഗിനായി ഫെഡറേഷന്‍ 3. 20 കോടി രൂപയാണ് ചെലവഴിക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അടുത്ത 20 വർഷത്തെ ഭാവി ലക്ഷ്യമിട്ടാണ് എഐഎഫ്എഫ് പദ്ധതി തയ്യാറാക്കുന്നത്. കടന്നുപോകുന്ന പ്രതിസന്ധികളില്‍ നിന്നുള്ള തിരിച്ചുവരവ്, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കല്‍, കൂടുതല്‍ രാജ്യാന്തര താരങ്ങളെ എത്തിക്കുക എന്നിങ്ങനെ ഫെഡറേഷന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഐഎസ്എല്ലിൻ്റെ ദീര്‍ഘകാല കൊമേഷ്യല്‍ പാർട്ണർ ആകാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 20 വരെയാണ്. അതോടൊപ്പം 2026-27 സീസണിൻ്റെ സുഗമമായ നടത്തിപ്പിനായി സീസണുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഈ വർഷം മെയ് 25 ഓടെ പൂർത്തിയാക്കാനും എഐഎഫ്എഫ് തീരുമാനിച്ചിട്ടുണ്ട്.