പ്രതീകാത്മക ചിത്രം  Source: Facebook
PRAVASAM

"ആക്രമണത്തിൻ്റെ എഐ വീഡിയോ പ്രചരിപ്പിച്ചു"; യുഎഇയിൽ 10 പേർ അറസ്റ്റിൽ

തെറ്റായ വിവരങ്ങൾ മനഃപൂർവം പ്രചരിപ്പിക്കുക, പൊതു സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

അബുദാബി: ഇറാൻ- ഇസ്രയേൽ യുദ്ധത്തിൻ്റെ ഭാഗമായി യുഎഇയിൽ വിവിധയിടങ്ങളിൽ ഉണ്ടായ ആക്രമണമെന്ന പേരിൽ എഐ വീഡിയോ പ്രചരിപ്പിച്ച 10 പേർ അറസ്റ്റിൽ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ ഉത്തരവിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. യഥാർഥമോ കെട്ടിച്ചമച്ചതോ ആയ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് പൊതുസുരക്ഷയെ ബാധിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. പ്രതികളെ അടിയന്തര വിചാരണയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

അധികൃതർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രതികളുടെ പട്ടികയിൽ ഒരു ഈജിപ്ഷ്യൻ, ഒരു ഫിലിപ്പിനോ, ഒരു വിയറ്റ്നാമീസ്, ഒരു പാകിസ്ഥാനി, ഒരു ഇറാനിയൻ, ഒരു ബംഗ്ലാദേശി, ഒരു കാമറൂണിയൻ, ഒരു നേപ്പാളി, രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. തെറ്റായ വിവരങ്ങൾ മനഃപൂർവം പ്രചരിപ്പിക്കുക, പൊതു സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുക, വ്യക്തികൾക്കിടയിൽ ഭയം പരത്തുക, സാമൂഹിക സ്ഥിരതയെ തകർക്കുക തുടങ്ങിയ കാരണങ്ങളാൽ ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് അറ്റോർണി ജനറൽ വിശദീകരിച്ചു.

രാജ്യത്തുണ്ടായ സംഭവവികാസങ്ങൾക്കിടയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ തുടർച്ചയായ നിരീക്ഷണത്തെ തുടർന്നാണ് നടപടിയെടുത്തത്. ദേശീയ സുരക്ഷ, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന വിധത്തിലുള്ളതും പൊതുജനങ്ങളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാൻ ഉദേശിച്ചുള്ളതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇത്തരം സംഭവങ്ങളെ ഉപയോഗപ്പെടുത്തുന്നതായും അധികൃതർ പറഞ്ഞു.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിൻ്റെ യഥാർഥ ദൃശ്യങ്ങളും ജനക്കൂട്ടം സംഭവങ്ങൾ നിരീക്ഷിക്കുന്നതുമായ വീഡിയോകൾ പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടൊപ്പം യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന സ്ഫോടനങ്ങൾ, പുക ഉയരുന്ന ദൃശ്യങ്ങൾ, വലിയ തീപിടുത്തങ്ങൾ എന്നിവ സൂചിപ്പിക്കുന്നതിന് എഐ ഉപയോഗിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT