PRAVASAM

46ാമത് ജിസിസി ഉച്ചകോടിക്ക് ബഹ്‌റൈനില്‍ തുടക്കമായി

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗള്‍ഫ് ഐക്യത്തിന്റെ സന്ദേശം പങ്കുവെച്ച് ബഹ്‌റൈനില്‍ തുടക്കമിട്ട 46ാമത് ജിസിസി ഉച്ചകോടിയില്‍ അംഗരാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ജിസിസി രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി, സുരക്ഷാ സഹകരണം എന്നിവയും രാജ്യങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കുക എന്നതില്‍ ഊന്നിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഏകീകരണം വേഗത്തിലാക്കുന്നതിനൊപ്പം പൂര്‍ണ സാമ്പത്തിക ഐക്യം കൈവരിക്കുക, അംഗരാജ്യങ്ങള്‍ക്കിടയിലെ നിക്ഷേപ-വ്യാപാര സഹകരണങ്ങള്‍ വിപുലപ്പെടുത്തുക, ഗള്‍ഫ് മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് സംയുക്തമായി പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങള്‍ തമ്മിലുള്ള സൈനിക-സുരക്ഷാ സഹകരണം വര്‍ധിപ്പിക്കല്‍ എന്നിവ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയായി.

ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, കുവൈത്ത് അമീര്‍ ഷെയ്ഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റും ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനി എന്നീ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജ് മെലോണിയും എന്നിവര്‍ സന്നിഹിതയായ ഉച്ചകോടിയില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഫലസ്തീന്‍ വിഷയം ഇത്തവണയും പ്രധാന ചര്‍ച്ചയായി.

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണമായും ഉറച്ചുനിന്നു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആവര്‍ത്തിച്ചു. വര്‍ഷങ്ങളായി തുടരുന്ന ഈ അസ്ഥിരത അവസാനിപ്പിക്കാന്‍ ഗസ്സ സമാധാന പദ്ധതി നടപ്പിലാക്കണമെന്നും ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ വ്യക്തമായി.

ഖത്തറിനെതിരെ ഇറാനും ഇസ്രായേലും നടത്തിയ ആക്രമണത്തെ ഗള്‍ഫ് സമ്മിറ്റില്‍ അംഗരാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഗസ്സയിലെ സമാധാനം പുനസ്ഥാപിക്കാനായി മധ്യസ്ഥ ചര്‍ച്ച നടത്തിവരുന്നതിനിടെയാണ് ഇസ്രായേല്‍ ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഒരു ഗള്‍ഫ് രാഷ്ട്രത്തിനെതിരായി നടത്തുന്ന ആക്രമണം, മുഴുവന്‍ ജിസിസി രാജ്യങ്ങളേയും വെല്ലുവിളിക്കുന്നതാണെന്നും മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളേയും ആക്രമിക്കുന്നതിന് തുല്യമാണ് എന്ന് കുവൈത്ത് അമീര്‍ വ്യക്തമാക്കി.

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഈ കാലയളവിലെ പ്രധാന നേട്ടങ്ങള്‍ ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി അവതരിപ്പിച്ചു. റിയാദില്‍ വെച്ചുനടന്ന ജിസിസി- യുഎസ് ഉച്ചകോടി, സൈനിക പ്രതിരോധ രംഗത്തെ ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം, കള്ളപ്പണം തടയുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് നടപ്പിലാക്കിയ ശക്തമായ നടപടികള്‍ തുടങ്ങിയവ ജിസിസിയുടെ പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ചു.

ഗള്‍ഫ് മേഖലയിലെ സാമ്പത്തിക ഏകീകരണമാണ് ഉച്ചകോടി മുന്നോട്ടുവെച്ച പ്രധാന പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക ബന്ധങ്ങളും വ്യാപാരനയങ്ങളും കൂടുതല്‍ ഏകീകരിക്കാന്‍ പുതിയ പദ്ധതികളുണ്ടാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ വ്യോമയാന മേഖലയില്‍ സിംഗിള്‍ പോയിന്റ് പദ്ധതി നടപ്പിലാക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതവും സ്ഥൈര്യവുമായ ജീവിതം ഉറപ്പാക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത നിയന്ത്രണങ്ങള്‍ക്കായുള്ള നിയമനിര്‍മാണ കരടുകള്‍ തയ്യാറാക്കും.

SCROLL FOR NEXT