അബുദാബി: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 35 ശതമാനം ഇളവുമായി അബുദാബി പൊലീസ്. അബുദാബി പൊലീസ് ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും സഹകരിച്ച് നടത്തുന്ന 'ഇനിഷ്യേറ്റ് ആന്‍ഡ് ബെനഫിറ്റ്' പുതിയ പദ്ധതിയുടെ ഭാഗമായാണ് നടപടി.
നിയമലംഘനം നടന്ന ദിവസം മുതല്‍ 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചാല്‍ 35% ഇളവുണ്ടായിരിക്കും. ഒരു വര്‍ഷത്തിനുള്ളിലാണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25% ഇളവ് ലഭിക്കും. അതേസമയം ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമല്ല. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലായി 700-ല്‍ അധികം ബസുകളിലും നൂറില്‍ അധികം ടാക്‌സികളിലും ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്നത് വഴി യാത്രക്കാരെയും ഡ്രൈവര്‍മാരെയും ബോധവാന്മാരാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
പിഴ അടയ്ക്കുന്നതിനായി അബുദബി പൊലീസ് ആപ്പ്, താം (TAMM) പ്ലാറ്റ്‌ഫോം, കസ്റ്റമര്‍ ഹാപ്പിനസ് കൗണ്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഈ ഡിജിറ്റല്‍ സേവനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പിഴ അടയ്ക്കാന്‍ കഴിയുമെന്നും അബുദാബിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളെ ഇവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.