Source: X
PRAVASAM

ഉംറ തീർഥാടകരുടെ ശ്രദ്ധയ്ക്ക്... വിസ നിയമത്തിൽ നിർണായക മാറ്റവുമായി സൗദി

ഉംറ വിസ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി സൗദി ഹജ്ജ് മന്ത്രാലയം

Author : ന്യൂസ് ഡെസ്ക്

റിയാദ്: ഉംറ വിസ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി സൗദി ഹജ്ജ് മന്ത്രാലയം. തീർഥാടകർക്കുള്ള പ്രവേശന വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു. വിസയുടെ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായി കുറച്ചതായി അധികൃതർ അറിയിച്ചു. പരിഷ്കരിച്ച നിയമങ്ങൾ അനുസരിച്ച്, വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർഥാടകർ സൗദി അറേബ്യയിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ ഉംറ വിസ റദ്ദാക്കപ്പെടും. അടുത്ത ആഴ്ച മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

തീർഥാടകർ സൗദിയിൽ എത്തിക്കഴിഞ്ഞാൽ മൂന്ന് മാസം (90 ദിവസം) വരെ രാജ്യത്ത് തങ്ങാമെന്നുള്ള നേരത്തെ നിലവിലുള്ള നിയമത്തിൽ മാറ്റമില്ല. വേനൽക്കാലം അവസാനിച്ചതിനാലും മക്കയിലെയും മദീനയിലെയും താപനില കുറഞ്ഞതിനാലും ഉംറ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. മുൻ സീസണുകളെ അപേക്ഷിച്ച് കേവലം അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർഥാടകരുടെ എണ്ണത്തിൽ ഈ വർഷം റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജൂൺ മാസത്തിൽ പുതിയ ഉംറ സീസൺ ആരംഭിച്ചത് മുതൽ വിദേശ തീർഥാടകർക്കായി നൽകിയ ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായാണ് മന്ത്രാലയം അറിയിക്കുന്നത്.

2023 മുതലാണ് ഉംറ തീർഥാടകർക്ക് ഹജ്ജ്, ഉംറ മന്ത്രാലയം കൂടുതൽ ഇളവുകൾ അനുവദിച്ചത്. ഉംറ വിസയിലുള്ളവർക്ക് ഏത് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും സൗദിയിലേക്ക് പ്രവേശിക്കാനും രാജ്യം വിടാനും അനുമതി നൽകിയിട്ടുണ്ട്. വിസ കാലാവധിക്കുള്ളിൽ തീർഥാടകർക്ക് സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവാദമുണ്ട്.

SCROLL FOR NEXT