അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലേക്ക് പ്രാങ്ക് കോൾ ചെയ്ത കുട്ടി അറസ്റ്റിൽ  Source: x/ ARAB TIMES - KUWAIT
PRAVASAM

ഇറാന്‍-ഇസ്രയേല്‍ സംഘർഷം; അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലേക്ക് പ്രാങ്ക് കോൾ ചെയ്ത കുട്ടി അറസ്റ്റിൽ

അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലേക്ക് മനഃപൂർവം വിളിക്കുകയും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു എന്നാരോപിച്ചാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

കുവൈറ്റിലെ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലേക്ക് പ്രാങ്ക് കോൾ ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലേക്ക് മനഃപൂർവം വിളിക്കുകയും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു എന്നാരോപിച്ചാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചതായി അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. അടിയന്തര നമ്പറിലേക്ക് തമാശ രൂപേണ വിളിച്ച് സുഹൃത്തുക്കളെ രസിപ്പിക്കുക എന്നതാണ് കുട്ടിയുടെ ലക്ഷ്യമെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ നമ്പറിലേക്ക് വിളിക്കുകയും അതിൻ്റെ രംഗങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുയും ചെയ്തതിൻ്റെ പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. സേവനങ്ങൾ ദുരുപയോഗ ചെയ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഗുരുതര നിയമലംഘനമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഇത്തരത്തിലുള്ള കോളുകൾ അടിയന്തര സേവനങ്ങളുടെ ദുരുപയോഗം, സുരക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കൽ, യഥാർഥ സംഭവങ്ങളിലേക്കുള്ള പ്രതികരണങ്ങൾ വൈകിപ്പിക്കൽ, എന്നിവയ്ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

അടിയന്തര ഹെൽപ്പ് ലൈനുകൾ തമാശകൾക്ക് വേണ്ടിയോ, സോഷ്യൽ മീഡിയ കണ്ടൻ്റുകൾക്ക് വേണ്ടിയോ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും, മന്ത്രാലയം അഭ്യർഥിച്ചു.

ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ നിലനിൽക്കേ എന്തെങ്കിലും തരത്തിലുള്ള നിയമ ലംഘന പ്രവർത്തനങ്ങളിലേർപ്പെട്ടാൽ കടുത്ത നിയമനടപടിക്ക് വിധേയരാകേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

SCROLL FOR NEXT