PRAVASAM

സന്ദർശകർക്ക് സ്വാഗതം; ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തന സജ്ജമാകുന്നു

ആഴ്ചകളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷമാണ് ഗ്ലോബൽ വില്ലേജ് 20ന് വൈകുന്നേരം 5 മണി മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

ദുബായ്: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനസജ്ജമാകുന്നു. ആഴ്ചകളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷമാണ് ഗ്ലോബൽ വില്ലേജ് 20ന് വൈകുന്നേരം 5 മണി മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചത്. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ പുലർച്ചെ 12 വരെ തുറന്നിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്ലോബൽ വില്ലേജിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.  "ഞങ്ങളും നിങ്ങളെ മിസ് ചെയ്തു! ഗ്ലോബൽ വില്ലേജ് തിരിച്ചെത്തുന്നു! തിങ്കളാഴ്ച 20 മുതൽ വൈകുന്നേരം 5 മണിക്ക് നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യാൻ, ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല," എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്.

ദുബായ് ഹോൾഡിങ് എൻ്റർടൈൻമെൻ്റിൻ്റെ ഭാഗമായ ഗ്ലോബൽ വില്ലേജ്, വിനോദം, ഷോപ്പിങ്, ഡൈനിങ്, സാംസ്കാരിക അനുഭവങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും ജനപ്രിയമായ സീസണൽ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് ഇത്. 1997-ൽ ആരംഭിച്ചതിനുശേഷം, സീസൺ 29-ൽ ഒരു കോടി അഞ്ചു ലക്ഷം പേർ എത്തിയത് ഉൾപ്പെടെ, പത്ത് കോടിസന്ദർശകരെ ഗ്ലോബൽ വില്ലേജ് സ്വാഗതം ചെയ്തിട്ടുണ്ട്.

90-ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 സാംസ്കാരിക പവലിയനുകൾ, 3,500-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 250-ലധികം ഡൈനിങ് ഓപ്ഷനുകൾ, നൂറുകണക്കിന് തത്സമയ പ്രകടനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ അനുഭവമാണ് സീസൺ 30 വാഗ്ദാനം ചെയ്യുന്നത്. കാർണിവലിൽ 200-ലധികം റൈഡുകളും ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT