എന്‍ആര്‍ഐ-കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെങ്കിലും ഇന്ത്യയിലെ ബാങ്കിങ് സര്‍വീസുകള്‍ക്കും സിം കാര്‍ഡ് എടുക്കുന്നതിനും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യമായി വന്നേക്കാം. അടുത്തിടെ യുഎഇയിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) ഐഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രവേശന സമയത്ത് ബന്ധിപ്പിക്കുന്ന ഈ യുണീക് നമ്പര്‍ പ്രീ-പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള അവരുടെ അക്കാദമിക് യാത്ര ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നതാണ്. നിലവില്‍ 2026 മുതല്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സിബിഎസ്ഇ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളൂ.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള കുട്ടികളും മുതിര്‍ന്നവരുമായ എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയുണ്ട്. ഇന്ത്യയില്‍ ഉള്ളപ്പോള്‍ മാത്രമേ ആധാര്‍ എന്റോള്‍മെന്റ് നടത്താന്‍ സാധിക്കൂ. എന്റോള്‍മെന്റ് സമയത്ത് നിങ്ങളുടെ പാസ്‌പോര്‍ട്ട്, ഇന്ത്യന്‍ വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇതുസംബന്ധിച്ച പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം തയ്യാറാക്കാം.
എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ കാര്‍ഡിന് എങ്ങനെ എൻറോൾ ചെയ്യാം
ആധാര്‍ എൻറോൾമെന്റ് സെന്ററില്‍ നേരിട്ടെത്തി വേണം അപേക്ഷിക്കാന്‍
പേര്, ജനന തീയ്യതി എന്നിവയ്ക്ക് പുറമെ, ഇന്ത്യയിലെ മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ എന്നിവയും നിര്‍ബന്ധമാണ്.
ഫോട്ടോ, വിരലടയാളങ്ങള്‍, ഐറിസ് സ്‌കാന്‍ എന്നിവയും നിര്‍ബന്ധമാണ്.
പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും നിര്‍ബന്ധമാണ്.
കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിച്ചിരിക്കണം എന്ന നിയമം എന്‍ആര്‍ഐകള്‍ക്ക് ബാധകമല്ല.
ഇതിനൊപ്പം എന്‍ആര്‍ഐ എൻറോൾമെന്റ് ഫോമും നല്‍കണം
സാധാരണ ആധാര്‍ എൻറോൾമെന്റ് ഫോമില്‍ നിന്നും വ്യത്യസ്തമാണ് എന്‍ആര്‍ഐ എന്റോള്‍മെന്റ് ഫോം.
എൻറോൾമെന്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഒരു സ്ലിപ് ലഭിക്കും. ഈ സ്ലിപ്പിലൂടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനാകും.