
അബുദാബി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ ഇനി കൂടുതല്‍ വേഗത്തിലാകും. സെക്കന്റുകള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പാസഞ്ചര്‍ കോറിഡോര്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
പാസ്‌പോര്‍ട്ടോ ബോര്‍ഡിങ് പാസോ ഇല്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം എന്നതാണ് പ്രത്യേകത. 'അതിര്‍ത്തികളില്ലാതെ യാത്ര' പദ്ധതിയുടെ ഭാഗമായാണ് പുതിയ നവീകരണം.
ഒരേസമയം പത്ത് യാത്രക്കാര്‍ക്ക് ഒന്നിച്ച് എഐ ഇടനാഴിയിലൂടെ കടന്നു പോകാമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി അറിയിച്ചു.
പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസുമില്ലാതെ ഇടനാഴിയിലൂടെ കടന്നു പോകുമ്പോള്‍ യാത്രക്കാരെ എഐ തിരിച്ചറിഞ്ഞ് ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകും. ആകെ എടുക്കുന്ന സമയം വെറും പതിനാല് സെക്കന്റ് മാത്രം.
ഇതോടെ, പാസ്‌പോര്‍ട്ട് കൗണ്ടറുകള്‍, സ്മാര്‍ട്ട് ഗേറ്റ്, പരിശോധന തുടങ്ങിയ സമയമെടുക്കുന്ന നടപടിക്രമങ്ങള്‍ ഒഴിവാകും. അത്യാധുനിക സ്‌കാനിംഗ് സാങ്കേതികവിദ്യകള്‍, മുഖം തിരിച്ചറിയല്‍, സ്മാര്‍ട്ട് സെന്‍സറുകള്‍ എന്നിവ എഐ ഇടനാഴിയില്‍ ഒരുക്കിയിട്ടുണ്ട്.